പാലാ: മയക്കുമരുന്നിന്റെ വര്‍ധിച്ചുവരുന്ന ഉപയോഗം കണക്കിലെടുത്ത് ലഹരിക്കെതിരേ പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. - കെ.സി.വൈ.എം. ജാഗ്രതാസമിതി രൂപീകരിച്ചു. ജാഗ്രതാസമിതിയുടെ രൂപീകരണത്തോടനുബന്ധിച്ച് യുവജനപ്രസ്ഥാനം നേതൃത്വം നല്‍കുന്ന മഹാലഹരിവിരുദ്ധ കാമ്പയിന്‍ ''ഡ്രഗ് ഫ്രീ യൂത്ത്'' ന് തുടക്കമായി. കൗണ്‍സലിങ്, ബോധവത്കരണസെമിനാറുകള്‍, വീഡിയോ ചലഞ്ച്, സായാഹ്നക്കൂട്ടായ്മകള്‍, കലാ-കായികമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കാമ്പയിന്‍ തുടര്‍ദിവസങ്ങളില്‍ ഫൊറോനകളിലും യൂണിറ്റുകളിലുമായി നടത്തപ്പെടും.
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്‍കിയ മുന്നറിയിപ്പ് ഒരു പ്രവാചക ശബ്ദമായിരുന്നുവെന്നും സമൂഹം മുഴുവന്‍ ലഹരിവിപത്തിനെതിരേ ഒന്നിച്ചുനിന്നു പോരാടണമെന്നും യോഗം ആഹ്വാനം ചെയ്തു. എസ്.എം.വൈ.എം. - കെ.സി.വൈ.എം. പാലാ രൂപത പ്രസിഡന്റ് അന്‍വിന്‍ സോണി ഓടച്ചുവട്ടില്‍ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ജനറല്‍ സെക്രട്ടറി റോബിന്‍ റ്റി. ജോസ് താന്നിമല, വൈസ് പ്രസിഡന്റ് ബില്‍നാ സിബി, ജോസഫ് തോമസ്, ജോയിന്റ് ഡയറക്ടര്‍ സി. നവീന സി.എം.സി., ബെന്നിസണ്‍ സണ്ണി, എഡ്വിന്‍ ജെയ്‌സ്, നിഖില്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.