•  10 Apr 2025
  •  ദീപം 58
  •  നാളം 6
പ്രാദേശികം

ബൈബിള്‍ ടാബ്ലോയുടെ സ്മരണയില്‍ ബാബു പാലാ

ജൂബിലിത്തിരുനാള്‍ എന്ന വാക്കുകേട്ടാല്‍ മാത്രം മതി, പാലാക്കാരുടെ മനസ്സില്‍ ഒരു വര്‍ണപ്രപഞ്ചം വിരിയുകയായി. അതില്‍ വാദ്യമേളങ്ങളുണ്ട്; കൊടിതോരണങ്ങളുണ്ട്, ദീപാലങ്കാരങ്ങളുണ്ട്. സര്‍വ്വോപരി, തങ്ങളുടെ അമ്മയായ  പരിശുദ്ധ ദൈവമാതാവിനെ തോളിലേറ്റി, വര്‍ണക്കുടകളുടെയും പൊന്‍-വെള്ളിക്കുരിശുകളുടെയുമൊക്കെ  അകമ്പടിയോടെയുള്ള പട്ടണപ്രദക്ഷിണമുണ്ട്. പാലാ ജൂബിലിത്തിരുനാളിലെ ഒരു പ്രധാന മത്സരയിനമാണ് ടാബ്ലോ. ബൈബിള്‍വിഷയങ്ങള്‍  പ്രമേയമാക്കിയുള്ള നിശ്ചലദൃശ്യം. കഴിഞ്ഞ മുപ്പതു വര്‍ഷമായി ഈ ടാബ്ലോമത്സരത്തിലെ സജീവസാന്നിധ്യമാണ് ബാബു പാലാ എന്ന വെളുത്തേടത്തുപറമ്പില്‍ ബാബു.
1983 ല്‍ ഈശോയുടെ ജ്ഞാനസ്‌നാനത്തെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ബൈബിള്‍ ടാബ്ലോയുടെ തുടക്കം.  മുപ്പതു വര്‍ഷവും വിജയം കരസ്ഥമാക്കിയ ബാബുവും ടീമും കഴിഞ്ഞ 25 വര്‍ഷം തുടര്‍ച്ചയായി ഒന്നാം സ്ഥാനവും ട്രോഫിയും ക്യാഷ് അവാര്‍ഡും നിലനിര്‍ത്തിപ്പോരുന്നു.
ഓരോ വര്‍ഷവും പഴയനിയമവും പുതിയനിയമവും മാറിമാറി അവലംബിച്ചുകൊണ്ട് പ്രമേയം വ്യത്യസ്തമാക്കുവാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു. ഒരു മത്സരം കഴിയുമ്പോള്‍ത്തന്നെ അടുത്ത വര്‍ഷത്തെ തീം മനസ്സില്‍ ഉരുത്തിരിഞ്ഞിരിക്കും.
മാതാവിനോടുള്ള ഭക്തിയാല്‍ 101 ദിവസം നോമ്പെടുത്താണ് ഓരോ മത്സരത്തിനും ഒരുങ്ങുന്നത്. ഒരു തവണ യേശുവിനെ അവതരിപ്പിക്കുന്നതിനായി മുന്നൂറു ദിവസം നോമ്പുനോറ്റ് ദീക്ഷ എടുക്കുകയുണ്ടായി. മൂന്നുതവണ മരണവക്ത്രത്തില്‍നിന്നു രക്ഷപ്പെടുത്തിയത് കുരിശുപള്ളിമാതാവാണെന്നു ബാബു ഉറച്ചുവിശ്വസിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ ടാബ്ലോ മത്സരം നിലച്ചത് ബാബുവിന്റെ ഒരു സ്വകാര്യദുഃഖമാണ്. കൊവിഡ് കാലഘട്ടത്തില്‍ യു ട്യൂബില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'മിഴിനീര്‍പ്പൂവ്' എന്ന ടെലിഫിലിം ബാബു സംവിധാനം ചെയ്യുകയുണ്ടായി.
പാലാ അമലോദ്ഭവത്തിരുനാളിനോടനുബന്ധിച്ച് ബാബു പാലാ പരിശുദ്ധ മാതാവിനെക്കുറിച്ചു നിര്‍മിച്ച 'പാലാ തന്‍ അമ്മ' എന്ന വീഡിയോ സോങ് പാലാ രൂപതമെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പില്‍, സന്തോഷ് മരിയസദനം, സന്മനസ്സ് ജോര്‍ജ് എന്നിവര്‍ ബാബു പാലായ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു. നിഖില്‍ സെബാസ്റ്റ്യന്‍, അജേഷ്  എന്നിവര്‍ സന്നിഹിതരായിരുന്നു.
പാലാ സെന്റ് ജോര്‍ജ് ളാലം പുത്തന്‍പള്ളി ഇടവകാംഗമാണ് ബാബു. പി.റ്റി. ആന്റണി, പൊന്നമ്മ ആന്റണി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ ബിനു. മക്കള്‍: അഖില്‍ ബാബു, അജയ് ബാബു, അന്നു മരിയ ബാബു.


ജോസഫ് കുമ്പുക്കന്‍  

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)