•  2 May 2024
  •  ദീപം 57
  •  നാളം 8
ലക്ഷദ്വീപ് വിശേഷങ്ങള്‍

കൊച്ചിയിലേക്കുള്ള മടക്കയാത്ര

   എം.വി. കവരത്തി എന്ന  കപ്പല്‍ കവരത്തി ദ്വീപിനു മൂന്നു കിലോമീറ്റര്‍ അകലെ നങ്കൂരമിട്ടുകിടക്കുകയാണ്. അവിടെനിന്നു കപ്പലില്‍ കയറാനുള്ള യാത്രികരെ ഫൈബര്‍ ബോട്ടുകളില്‍ എത്തിച്ചുകൊണ്ടിരിക്കുന്നു. നൂറുകണക്കിനു വിദ്യാര്‍ത്ഥികളും വിദേശികളും ഇക്കൂട്ടത്തിലുണ്ട്.
കപ്പലിന്റെ രണ്ടാം നിലയിലെയും നാലാം നിലയിലെയും കാന്റീനുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. ഞങ്ങള്‍ രണ്ടാംനിലയിലെ  കാന്റീനില്‍നിന്നു ഭക്ഷണം കഴിച്ചു. കപ്പല്‍ വീണ്ടും യാത്രയായി. മലകള്‍പോലുള്ള തിരകളെ ദൂരെയെറിഞ്ഞ് ഭീമാകാരമായ ആ കപ്പല്‍ കുതിക്കുകയാണ്. കപ്പലിനു ചുറ്റും വെള്ളിച്ചങ്ങലകള്‍ അഴിഞ്ഞുവീഴുന്നു.
രാത്രിഭക്ഷണം ഏഴരയ്ക്കുമുമ്പു കഴിച്ചു. ഉച്ചയ്ക്കുള്ള വിഭവങ്ങള്‍തന്നെ. ഞങ്ങള്‍ ഏഴിന് പോയി ചിക്കന്‍ബിരിയാണി കഴിച്ചു. നേരം ഇരുണ്ടു. കാഴ്ചകളൊക്കെ ഇരുളില്‍ മുങ്ങി. കപ്പലിലെ നൂറായിരം വെളിച്ചങ്ങളും നിഴലുകളും കടലില്‍ നൃത്തം ചെയ്തു. ഭീമാകാരങ്ങളായ ഡ്രാഗണുകളും കടല്‍
ഭൂതങ്ങളും വായ്പിളര്‍ന്നു നില്ക്കുന്നതുപോലെ. അതിനെയൊക്കെ വിഴുങ്ങിക്കൊണ്ട് കപ്പല്‍ മുന്നോട്ടു കുതിച്ചു.
കപ്പലില്‍ മൂന്നു തരത്തിലുള്ള സീറ്റിങ് അറേഞ്ചുമെന്റാണുള്ളത്. ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ്, ബങ്ക്, അയ്യായിരം രൂപയിലധികം ടിക്കറ്റ് ചാര്‍ജുള്ള  ഫസ്റ്റ് ക്ലാസ് സീറ്റുകള്‍ വിദേശടൂറിസ്റ്റുകളെ  ഉദ്ദേശിച്ചുള്ളതാണ്. മൂവായിരത്തിലധികം രൂപ ടിക്കറ്റ് നിരക്കുള്ള സെക്കന്‍ഡ് ക്ലാസ് ഉത്തരേന്ത്യക്കാരെയും കേന്ദ്ര ഒഫിഷ്യല്‍സിനെയും ലാക്കാക്കിയുള്ളതാണ്. ബങ്ക് എന്നു പറഞ്ഞാല്‍ ഡോര്‍മിറ്ററിയാണ്. ആയിരം രൂപയിലധികം ടിക്കറ്റ് ചാര്‍ജ്. മലയാളികളെയും ലക്ഷദ്വീപുനിവാസികളെയും ഉള്‍പ്പെടെ തെക്കേ ഇന്ത്യക്കാരായ യാത്രികരെയും വിദ്യാര്‍ത്ഥികളെയുമൊക്കെ ഉദ്ദേശിച്ചാണ് ബങ്കുകള്‍. ട്രെയിനിലെ സെക്കന്‍ഡ് ക്ലാസ് ബര്‍ത്തിന്റെ സൗകര്യമാണതിനുള്ളത്. ടൂറിസ്റ്റുകളായ ഞങ്ങള്‍ക്കും ബങ്കുകളിലായിരുന്നു കപ്പലില്‍ ഇടം.
ഞാന്‍ ലക്ഷദ്വീപ് ചിന്തകളില്‍ ആണ്ടുപോയി. ദ്വീപില്‍ ജനവാസമാരംഭിക്കുന്നതിനു വളരെമുമ്പേ ഇന്ത്യാവന്‍കരയിലുള്ളവര്‍ പല ആവശ്യങ്ങള്‍ക്കായി ദ്വീപില്‍ എത്തിയിരുന്നു. കടല്‍യാത്രയ്ക്കിടയില്‍ കടല്‍ക്ഷോഭമുണ്ടാകുമ്പോള്‍ രക്ഷാകേന്ദ്രം തേടിയും കടല്‍വിഭവങ്ങള്‍ ശേഖരിക്കാനുമൊക്കെ കേരളതീരത്തുള്ളവര്‍ ദ്വീപില്‍ വന്നിരുന്നു. ലക്ഷദ്വീപുകളെക്കുറിച്ചുള്ള ഏറ്റവും പഴയ പരാമര്‍ശം 'വയലൂര്‍ ശാസനം' എന്ന പുരാതനരേഖയിലാണുള്ളത്. ആറ്, ഏഴ് നൂറ്റാണ്ടുകളില്‍ പല്ലവരാജാവായ നരസിംഹവര്‍മന്‍ രണ്ടാമന്റെ അധീനതയിലായിരുന്നു ലക്ഷദ്വീപ് എന്നാണു കാണുന്നത്. 15-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ വന്നതോടെ ദ്വീപുനിവാസികളുടെ ജീവിതം ദുരിതമയമായി. 1545 ല്‍ അവരെ കോലത്തിരി ആക്രമിച്ചു തോല്പിച്ചു. 1799 ല്‍ ടിപ്പുവിനെ പരാജയപ്പെടുത്തി അധികാരങ്ങളൊക്കെ ഈസ്റ്റിന്ത്യാ കമ്പനി ഏറ്റെടുത്തു. ഇതോടെ ലക്ഷദ്വീപ് ബ്രിട്ടീഷിന്ത്യയുടെ ഭാഗമായിത്തീര്‍ന്നു.
രാവിലെ അഞ്ചരയോടെ വെള്ളിവെളിച്ചത്തിന്റെ കതിരുകള്‍ കപ്പലിന്റെ ഇടനാഴിയിലൂടെ വിരുന്നുവന്നു. ടീബ്രേക്കിനൊന്നും പോയില്ല. എങ്ങനെയും കരയിലിറങ്ങിയാല്‍ മതിയെന്നായിരുന്നു. യാത്രികരൊക്കെ ട്രോളിബാഗും ഉരുട്ടിക്കൊണ്ട് കപ്പലിന്റെ സൈഡില്‍ ബാരിക്കേഡിനരികെ സ്ഥാനംപിടിച്ചു. ദൂരെ ഐലന്‍ഡിലെ ഉയരംകൂടിയ കെട്ടിടങ്ങളുടെ മുഖം കാണാം.
കപ്പല്‍ വാര്‍ഫിനോടടു
ക്കുന്നു. കപ്പലിലെ സന്നദ്ധസേന സജ്ജമായിക്കഴിഞ്ഞു. റോപ് വേയില്‍ അവര്‍ താഴേക്കിറങ്ങുകയാണ്. ലാഡറും ഫൈബര്‍ ബ്രിഡ്ജുമൊക്കെ ത്വരിതഗതിയില്‍ ക്രമീകരിക്കുകയാണ്. നാലു ലൈഫ്‌ബോട്ടുകള്‍ കപ്പലിന്റെ വശങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്. എല്ലാ ഡെക്കിലുമുള്ള യാത്രികര്‍ താഴത്തെ ഡെക്കിലേക്കിറങ്ങിവരികയാണ്. എല്ലാവര്‍ക്കും ആദ്യമിറങ്ങാനുള്ള മനസ്സുണ്ട്. യാത്രികര്‍ ഓരോരുത്തരായി ഐലന്റിലെ മണ്ണിലേക്കിറങ്ങി, ഞങ്ങളും. കപ്പല്‍യാത്രികര്‍ തിരക്കുപിടിച്ചു കൂടൊഴിഞ്ഞുപോകുന്നത് കപ്പല്‍ ജോലിക്കാര്‍ ബാല്‍ക്കണിയിലെ ബാരിക്കേഡില്‍ പിടിച്ചു സാകൂതം നോക്കിനിന്നു. യാത്രികരില്‍ ചിലര്‍ കൈവീശി ബൈ പറയുന്നുണ്ട്.
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെയും ഷിപ്പ് ടെര്‍മിനലിന്റെയും ഉദ്യോഗസ്ഥരും ജോലിക്കാരും അവരുടെ ഡ്യൂട്ടികളില്‍ വ്യാപൃതരായിക്കഴിഞ്ഞു. ട്രോളി വലിച്ചുകൊണ്ട് ഞങ്ങളും നിരത്തിലേക്കിറങ്ങി. ഞങ്ങളുടെ വാഹനം കാത്തു കിടന്നിരുന്നു. ആര്‍പ്പൂക്കരയിലേക്കും ചേര്‍പ്പുങ്കലിലേക്കും പാലായിലേക്കും പൂഞ്ഞാറിലേക്കും കോട്ടയ്ക്കലിലേക്കും നിലമ്പൂര്‍ക്കും കണ്ണൂര്‍ക്കുമൊക്കെ പോകാന്‍. നിലമ്പൂര്‍ക്കു കൊണ്ടുപോകാന്‍ സുരേന്ദ്രന്റെ കൈവശം ലക്ഷദ്വീപില്‍നിന്നു കൊണ്ടുവന്ന തെങ്ങിന്‍തൈയുണ്ടായിരുന്നു. തിരുവനന്തപുരം നാലാഞ്ചിറയിലേക്കു കൊണ്ടുപോകാന്‍ ജിമ്മിയുടെ കൈവശം അഗത്തിയില്‍നിന്നുള്ള രണ്ട് അലങ്കാരമത്സ്യങ്ങളും. ഒരാഴ്ച നീണ്ട ലക്ഷദ്വീപുയാത്ര ഇവിടെ അവസാനിക്കുന്നു.

 

Login log record inserted successfully!