•  23 Sep 2021
  •  ദീപം 54
  •  നാളം 25
ലക്ഷദ്വീപ് വിശേഷങ്ങള്‍

നീലജലാശയത്തില്‍ നീന്തും നീര്‍പ്പക്ഷികള്‍

ക്ഷദ്വീപുകളിലെ ഏറ്റവും ദൃശ്യസുന്ദരമായ ദ്വീപാണ് ബംഗാരം. ഒരു കണ്ണീര്‍ത്തുള്ളിയുടെ രൂപമാണ് ബംഗാരദ്വീപിനുള്ളത്. ശാന്തമായ, തെളിഞ്ഞ നീലക്കടല്‍. ലഗൂണുകള്‍ ഇവിടം സഞ്ചാരികളുടെ സ്വര്‍ഗമാക്കിത്തീര്‍ക്കുന്നു. ഇവിടെ നൂറില്‍ താഴെ ആളുകള്‍ മാത്രമേ താമസമുള്ളൂ. അവരൊക്കെ സ്വകാര്യകമ്പനികള്‍ ഏര്‍പ്പാടാക്കിയവരാണ്. അതിനാല്‍, ജനവാസമുള്ള ദ്വീപുകളുടെ കൂട്ടത്തില്‍ ബംഗാരംദ്വീപിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
ഞങ്ങള്‍ സാവകാശം ബംഗാരം ദ്വീപിന്റെ തീരത്തുകൂടി നടന്നു. ഇതിനിടയില്‍ സംഘത്തിലെ മദ്യപാനശീലമുള്ളവരുടെ മനസ്സിളികി. അവര്‍ റിസോര്‍ട്ടിലെ വിദേശികള്‍ക്കുള്ള ബാറില്‍ വിദേശമദ്യത്തിനായി വിഫലശ്രമം നടത്തിനോക്കാതിരുന്നില്ല. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ സീനിയര്‍ സെക്ഷന്‍ ഹെഡ് ആയി റിട്ടയര്‍ ചെയ്ത സുരേന്ദ്രന്‍ പറഞ്ഞു: ''നീരാ കിട്ടും. ഇവിടുത്തെ കള്ളാണല്ലോ നീരാ...''
അതുകേട്ട് സന്തോഷിച്ചവര്‍ക്കു നിരാശരാകേണ്ടിവന്നു. നീരാ ലഭ്യമല്ല. സീസണില്‍ മാത്രമേ ഇവിടെ നീരാ ചെത്തുള്ളൂ. ആലപ്പുഴ ജില്ലയിലെ ചിലയിടങ്ങളിലൂടെ നടക്കുന്ന പ്രതീതി! പഞ്ചാരമണലിലൂടെയുള്ള നടപ്പ്! അര്‍ത്തുങ്കലിലൂടെയോ മുഹമ്മയിലൂടെയോ നടക്കുമ്പോലെ. ഭൂപ്രകൃതിയും ഏതാണ്ട് അതേമാതിരിയുണ്ട്. തെങ്ങും കമുകും വാഴയും ഒതളവും ഇതര ചെടികളുമൊക്കെക്കാണാം.
തൊഴിലാളികള്‍ ഓലമേഞ്ഞ വീടുകളില്‍ അലസരായിരിക്കുന്നു. അവരുടെ കോഴികള്‍ കൊത്തിപ്പെറുക്കി നടക്കുന്നു. ലക്ഷദ്വീപില്‍ കാക്കയും പട്ടിയും പാമ്പുമൊന്നുമില്ലെന്നാണു പറച്ചില്‍. തിരിച്ചുപോരുന്നതുവരെ ഞങ്ങള്‍ അവറ്റയൊന്നിനെയും കണ്ടതുമില്ല. സീസണായാല്‍ ചെത്തുതൊഴിലാളികള്‍ക്കു വിശ്രമമില്ല. പക്ഷേ, നീരാ കുടിക്കാന്‍ കൊള്ളില്ലത്രേ. ചെത്തുതെങ്ങുകളില്‍ നിറയെ എലി ശല്യമാണ്. എലിയെ പിടിക്കാന്‍ ജോലിക്കാര്‍ യഥേഷ്ടം വിഷം വയ്ക്കുന്നു. മനസ്സുറപ്പിച്ചു കുടിക്കാനാവില്ല. വിഷം കലര്‍ന്നിട്ടുണ്ടാവും. അതുകൊണ്ട് ചക്കരനിര്‍മാണത്തിനാണ് നീര പൊതുവേ ഉപയോഗിക്കുന്നത്.
ഞങ്ങള്‍ ബംഗാരം ദ്വീപിന്റെ ഉള്‍ത്തുടിപ്പുകള്‍ പുല്‍കി നടന്നു. പുതുവത്സരം ആഘോഷിച്ചതിന്റെ തനി നാടന്‍ ലക്ഷദ്വീപുകാഴ്ചകള്‍!... മനോഹരമായി ഓലമേഞ്ഞുണ്ടാക്കിയ കമാനങ്ങള്‍! ചിരട്ടകള്‍കൊണ്ടുള്ള ഇംഗ്ലീഷ് ആല്‍ഫാബെറ്റ്‌സിലെ വെല്‍കം കാഴ്ച!
മുന്‍കാലങ്ങളില്‍ ലക്ഷദ്വീപില്‍ കടല്‍ക്കൊള്ളക്കാരുടെ ശല്യം രൂക്ഷമായിരുന്നു. ചക്രവാളപ്പരപ്പിലെങ്ങാനും ഒരു തോണി കണ്ടാല്‍ കാണുന്നയാള്‍ ഉറക്കെക്കൂവും. അതു കേള്‍ക്കുന്നവര്‍ ഏറ്റുകൂവും. വിനാഴികകള്‍ക്കുള്ളില്‍ ദ്വീപ് മുഴുവന്‍ വിവരമറിയും. വിലപ്പിടിപ്പുള്ള വസ്തുക്കള്‍ ഒളിച്ചുവച്ചു കരുതലോടെയിരിക്കാനുള്ള സൈറണ്‍ ആയിരുന്നത്രേ ഇമ്മാതിരി കൂവല്‍! ലക്ഷദ്വീപിലെ പണ്ടത്തെ വീടുകള്‍ക്കു ജനാലകളില്ലായിരുന്നുപോലും! കൊള്ളക്കാര്‍ അതിലൂടെ വിലപ്പിടിപ്പുള്ള വസ്തുക്കള്‍ കണ്ടുപിടിക്കാതിരിക്കാനാണ് വീടുകള്‍ക്കു ജാലകങ്ങള്‍ വയ്ക്കാതിരുന്നത്.
ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ് അങ്ങനെയാവുന്നത് 1956 ലാണ്. രാഷ്ട്രപതി നിയമിക്കുന്ന അഡ്മിനിസ്‌ട്രേറ്ററാണ് ഭരണാധികാരി. ദ്വീപസമൂഹത്തിലെ എല്ലാ ദ്വീപുകളും ചേര്‍ന്ന് ഒരൊറ്റ ജില്ലയായാണ് പരിഗണിക്കുക. നേരത്തേ നാലു താലൂക്കുകളിലായി തിരിച്ചിരുന്ന ദ്വീപുകളെ ഇന്നിപ്പോള്‍ പത്ത് ഉപജില്ലകളായി വിഭജിച്ചിരിക്കുന്നു. മിനിക്കോയ്, അഗത്തി എന്നിവ ഒഴികെയുള്ള ദ്വീപുകളില്‍ സബ്ഡിവിഷണല്‍ ഓഫീസറാണ് ഭരണം. മിനിക്കോയിയും അഗത്തിയും ഡപ്യൂട്ടി കളക്ടറുടെ അധികാരത്തിനു കീഴിലാണ്. തലസ്ഥാനമായ കവരത്തിയിലാണ് ഭരണകേന്ദ്രമായ സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് സംവിധാനം ലക്ഷദ്വീപിലില്ല. ഒരു ലോക്‌സഭാ എം.പി. സ്ഥാനം ലക്ഷദ്വീപിനുണ്ട്. ലക്ഷദ്വീപില്‍ പോലീസ്‌സേനയുടെ മേധാവിത്വവും അഡ്മിനിസ്‌ട്രേറ്റര്‍ക്കുതന്നെ. കരസേനാ വിഭാഗമായ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനും ലക്ഷദ്വീപിലുണ്ട്.  കേരള ഹൈക്കോടതിയുടെ അധികാരപരിധിയിലാണ് ലക്ഷദ്വീപുകള്‍. ഇന്ത്യയും ലക്ഷദ്വീപുകളും ബന്ധിപ്പിച്ചു കപ്പലുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. 1982 ല്‍ ആദ്യമായി വിമാനസര്‍വീസ് തുടങ്ങി. അഗത്തിയില്‍നിന്ന് കവരത്തിയിലേക്കും ബംഗാരത്തേക്കും ഹെലികോപ്റ്റര്‍ സര്‍വീസുകളുണ്ട്.
ബംഗാരതീരത്തുകൂടിയുള്ള ഞങ്ങളുടെ നടപ്പ് എതിര്‍ദിശയിലെത്തി. വളര്‍ന്നുനില്ക്കുന്ന പുല്ലുകളും കൈതപ്പടര്‍പ്പുമുള്ള വിജനതീരമാണിവിടം. ഇവിടെ കടല്‍ ശുഷ്‌കമാകുന്നു. നീന്തിപ്പോകാവുന്ന ദൂരത്തൊരു തുരുത്തുകാഴ്ച! ആ തുരുത്തിനുള്ളില്‍  ഒരു നീലജലാശയം. അതിനപ്പുറം തിളങ്ങുന്ന വെള്ളിമണല്‍ത്തീരം. അവിടെ പറന്നു കളിക്കുന്ന ആയിരമായിരം നീര്‍പ്പക്ഷികള്‍. വെളുത്തതും കറുത്തതും. നവദമ്പതികളായ സായ്പും മദാമ്മയും നീന്തല്‍വസ്ത്രം ധരിച്ച് അങ്ങോട്ടെത്തി. അവര്‍ കൈകോര്‍ത്തുപിടിച്ചു വെള്ളം തട്ടിത്തെറിപ്പിച്ചു രസിച്ചു. നീര്‍പ്പക്ഷികള്‍ നീലപ്പരപ്പില്‍നിന്നു നീലാകാശത്തേക്കു പറന്നു. അവരും. മദാമ്മയുടെ സ്വര്‍ണമുടിയും സായ്പിന്റെ കറുത്തമുടിയും അന്തരീക്ഷത്തില്‍ പറന്നു കയറി. ബംഗാരത്തിന്റെ ഇക്കരെ ചേതോഹരമായ അതേ കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ നില്ക്കുകയാണ്. മൊബൈല്‍ ക്യാമറയുടെ മിഴികള്‍ ചിമ്മിയടയുന്നുണ്ട്.
ഞങ്ങള്‍ക്കിനി തിണ്ണക്കര ദ്വീപിലേക്കു പോകേണ്ട നേരമായി. ബംഗാരത്തിന്റെ മെയിന്‍ ബീച്ചില്‍നിന്നാല്‍ തിണ്ണക്കരദ്വീപു കാണാം. പതിനഞ്ചു മിനിറ്റു കപ്പല്‍ യാത്രകൊണ്ട് അവിടെയെത്തി. ഭരണപരമായി, ബംഗാരത്തിന്റെ ഭാഗമാണത്. ആള്‍പ്പാര്‍പ്പില്ലാത്ത കുഞ്ഞനൊരു ദ്വീപ്. ടൂറിസ്റ്റുകള്‍ക്കു താമസിക്കാന്‍ അവിടെ ടെന്റുകളുണ്ട്. ഓലമേഞ്ഞ കോട്ടേജും  പകലും രാത്രിയും പ്രവര്‍ത്തിക്കുന്ന കാന്റീനുണ്ട്. ബംഗാരം ബീച്ചിന്റെ തീരങ്ങള്‍ ആഴമേറിയതെങ്കില്‍ തിണ്ണക്കരയുടേത് ആഴം തീരെ കുറഞ്ഞതാണ്. അതുകൊണ്ടുതന്നെ ജലവിനോദങ്ങള്‍ക്ക് ഏറെ അനുയോജ്യം. അവിടെ ചാരുകസേരകളും സണ്‍ബാത് സൗകര്യങ്ങളും നേര്‍ക്കാഴ്ചയാവുന്നു. സീബാത്തിനും വഞ്ചിതുഴയലിനും ഇതര ജലവിനോദങ്ങള്‍ക്കും മതിയായ സൗകര്യങ്ങള്‍.
ഞങ്ങള്‍ ഒരു മണിക്കൂറോളം കടല്‍ക്കുളി പാസ്സാക്കി. വഞ്ചി തുഴഞ്ഞു. വഞ്ചിയുടെ മറ്റേയറ്റത്ത് തുഴയുമായി ലൈഫ് ഗാര്‍ഡുണ്ടെന്നു മാത്രം. തിണ്ണക്കര ഉല്ലാസവേള മതിയാക്കി മടക്കയാത്ര. നല്ല വിശപ്പ്. ഉച്ചഭക്ഷണം ലഘുഭക്ഷണമായി കപ്പലില്‍ തന്നു. ഗ്രീന്‍ ടീയും. മടക്കയാത്രയില്‍ ഓളം വെട്ടുന്ന കടല്‍ക്കാഴ്ചകള്‍! പവിഴപ്പുറ്റുകളുടെ കാണാക്കാഴ്ചകള്‍ ഞങ്ങളെ മാടിവിളിച്ചു. വിസ്മയങ്ങളുടെ പറുദീസ തുറന്നപ്പോള്‍ കപ്പല്‍ നങ്കുരമിട്ടു.