•  28 Mar 2024
  •  ദീപം 57
  •  നാളം 4
ലക്ഷദ്വീപ് വിശേഷങ്ങള്‍

മനം കവരുന്ന മ്യൂസിയം കാഴ്ചകള്‍

ക്ഷദ്വീപുയാത്രയുടെ ആദ്യദിവസം ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ രണ്ടു വാഹനങ്ങളിലായി കാഴ്ചകള്‍ കാണാന്‍ പുറപ്പെട്ടു. രണ്ടോ മൂന്നോ മീറ്റര്‍ മാത്രം വീതിയുള്ള കോണ്‍ക്രീറ്റ് റോഡ്. എയര്‍പോര്‍ട്ടുമുതല്‍ ലഗൂണ്‍ ബീച്ച് വരെ നീണ്ടുപോകുന്ന പാത. ഇരുവശത്തും കടല്‍ കാണാം. അത്ര വീതിയേ കരയ്ക്കുള്ളൂ.
ലക്ഷദ്വീപസമൂഹത്തില്‍ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള ദ്വീപാണ് അഗത്തി. അതുകൊണ്ടുതന്നെ ഇന്ത്യന്‍ യൂണിയന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയായി അഗത്തിദ്വീപിനെ കാണാം. കൊച്ചി തീരത്തുനിന്ന് 459 കി. മീറ്ററാണ് അഗത്തിയിലേക്കുള്ള ദൂരം.
അഗത്തിക്കൊരു വിശേഷണമുണ്ട്. ലക്ഷദ്വീപുകളുടെ കവാടം എന്നാണ് അത് അറിയപ്പെടുക. കാരണം, അഗത്തിയിലാണല്ലോ ലക്ഷദ്വീപ് വിമാനത്താവളമുള്ളത്. കവരത്തിദ്വീപിനു പടിഞ്ഞാറായാണ് അഗത്തിയുടെ സ്ഥാനം. കേരളത്തിലേതിനു സമാനമായൊരു കാലാവസ്ഥയാണിവിടെയുള്ളത്. മാര്‍ച്ചുമുതല്‍ മേയ് വരെയാണ് ഇവിടെ വേനല്‍ക്കാലം.
കണ്ണഞ്ചിപ്പിക്കുന്ന വര്‍ണമത്സ്യങ്ങളുടെ വന്‍സമ്പത്ത് അഗത്തിയിലെ ലഗൂണില്‍ കാണാം. മിനിക്കോയ് പോലെ ധാരാളം മത്സ്യബന്ധനം നടക്കുന്ന ദ്വീപാണിത്. ദ്വീപ് നിവാസികളുടെ പ്രധാന വരുമാനമാര്‍ഗവും മീന്‍പിടിത്തംതന്നെ. കയര്‍, കൊപ്രാ വ്യാപാരവും ഇതര വരുമാനമാര്‍ഗങ്ങളാണ്. വര്‍ഷകാലത്ത് മോശം കാലാവസ്ഥയായതിനാല്‍ ലഗൂണുകള്‍ക്കപ്പുറം മത്സ്യബന്ധനം നടത്താന്‍ അനുവാദമില്ല. റിസോര്‍ട്ടുകളും ജലവിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ബങ്കാരം, കവരത്തി മുതലായ പ്രധാന ദ്വീപുകളിലേക്കുള്ള വിമാനസര്‍വീസ് അഗത്തിയിലാണവസാനിക്കുക. രണ്ടു ദ്വീപുകളിലേക്കും ഇവിടെനിന്നു ഹെലികോപ്ടര്‍ സൗകര്യമുണ്ട്. ആ രണ്ടു ദ്വീപിലും ഹെലിപാഡുള്ളതിനാല്‍ വിദേശടൂറിസ്റ്റുകള്‍ക്കു പ്രയോജനപ്പെടുന്നു.
ഞങ്ങള്‍ അഗത്തിയുടെ ഹൃദയഭാഗമായ ഒരങ്ങാടിയിലെത്തി. അവിടെ വീതികുറഞ്ഞ വഴിക്കിരുവശവുമായി കുറെയേറെ കടകളുണ്ട്. പലചരക്കും സ്റ്റേഷനറിയും ചായപ്പീടികയും മൊബൈല്‍ റീചാര്‍ജിങ് കടയുമൊക്കെ. അഗത്തി ഹോസ്പിറ്റലും കാനറാ ബാങ്കും അവിടെയാണ്. ഇനി അവിടെയുള്ള ലാന്‍ഡ്മാര്‍ക്ക് സ്ഥാപനം മ്യൂസിയംതന്നെ. മ്യൂസിയം ചുറ്റിനടന്നുകാണാന്‍ കുറെ സമയമെടുക്കും.
ലക്ഷദ്വീപില്‍ പലയിടത്തുനിന്നും ബുദ്ധപ്രതിമകള്‍ കിട്ടിയിട്ടുണ്ട്. പഴയ കാലത്തു ശ്രീലങ്കയില്‍ ബുദ്ധമതം പ്രചരിപ്പിക്കാന്‍പോയ അശോകചക്രവര്‍ത്തിയുടെ മകളുടെ സംഘത്തില്‍പ്പെട്ടവര്‍ വഴിതെറ്റി ലക്ഷദ്വീപിലെത്തിയതായും ഐതിഹ്യമുണ്ട്.
അപ്രകാരം മിനിക്കോയ്ദ്വീപില്‍നിന്നു കണ്ടെടുക്കപ്പെട്ട ശ്രീബുദ്ധന്റെ പ്രതിമ മ്യൂസിയത്തില്‍ യാത്രികരുടെ ശ്രദ്ധാകേന്ദ്രമായി. ടൂര്‍ സംഘാടകന്‍ മുരളീധരനും ഞാനും ശ്രീബുദ്ധനരികേനിന്നൊരു മൊബൈല്‍ ചിത്രമെടുത്തു. പണ്ട് ബംഗാരദ്വീപിനടുത്തു മുങ്ങിപ്പോയ കപ്പലിന്റെ ഘടികാരവും ചില അവശിഷ്ടങ്ങളും കാണാനായി. എ.ഡി. 1880 ലാണ് ആ സംഭവം.
ആന്ത്രോത്ത്ദ്വീപില്‍നിന്നു കുഴിച്ചെടുത്ത ശ്രീബുദ്ധപ്രതിമയുടെ അവശിഷ്ടങ്ങള്‍, കളിമണ്‍കലശങ്ങള്‍ (ഏകദേശം 150 വര്‍ഷംമുമ്പ് ലക്ഷദ്വീപുകളിലെ വീടുകളില്‍ ഭക്ഷണസാധനങ്ങളും ധാന്യങ്ങളും സൂക്ഷിക്കാന്‍ ഉപയോഗത്തിലിരുന്നത്), ഏകദേശം 100 വര്‍ഷം പഴക്കമുള്ള കളിമണ്‍ കുപ്പി (ആംസ്റ്റര്‍ഡാമില്‍ നിര്‍മിച്ചത്), മീസാന്‍കല്ല് (അറബി അക്ഷരങ്ങളും കൊത്തുപണികളുമുള്ളത്), അഗത്തിദ്വീപില്‍നിന്നു ശേഖരിച്ച പ്രാചീന കപ്പി, എട്ടാംനൂറ്റാണ്ടിലെ റ്റോംബ് സ്റ്റോണ്‍, പഴയ സംഗീതോപകരണങ്ങള്‍ തുടങ്ങി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കള്‍ ഓരോന്നിലേക്കും ഞാന്‍ ശ്രദ്ധ തിരിക്കുകയായിരുന്നു.
തിമിംഗലത്തിന്റെ നട്ടെല്ല് കശേരു, മിനിക്കോയിലെ ഒരു നാവികന്റെ വീട്ടില്‍നിന്നു ലഭിച്ച സ്പ്രിങ്ങുകൊണ്ടു പ്രവര്‍ത്തിക്കുന്ന ഘടികാരം, മിനിക്കോയ് ദ്വീപിലെ സ്ത്രീകള്‍ കയര്‍ പിരിക്കുമ്പോഴും കുഞ്ഞിനെ മുലയൂട്ടുമ്പോഴും ഉപയോഗിക്കുന്ന കൊരണ്ടി, പഴയകാലത്തെ  ആട്ടുകട്ടില്‍, ചിരവ, ഇതര വീട്ടുപകരണങ്ങള്‍ എന്നിവയും കണ്ണിനു വിരുന്നേകുന്നു.
ഞങ്ങള്‍ മ്യൂസിയത്തിലെ കാഴ്ചകള്‍ മതിയാക്കി പുറത്തേക്കിറങ്ങി. ഇനി ടീ ബ്രേക്ക്. ഒരു മുസ്ലീം പയ്യനും ബാപ്പയും കൂടി നടത്തുന്ന ചായക്കട. മലബാറിലെ സാധാരണവീടിന്റെ മാതൃകയിലുള്ള ചായപ്പീടിക. ചായയും കടിയും (പഴംെപാരി) കേരളസ്റ്റൈലില്‍ത്തന്നെ.  അടുത്ത കടയില്‍ നല്ല നാടന്‍ ഏത്തപ്പഴം. കിലോയ്ക്ക് 50 രൂപ. അതുവാങ്ങി ഓരോന്നു കഴിക്കാതിരുന്നില്ല. കേരളത്തില്‍നിന്നു കപ്പല്‍യാത്ര ചെയ്തുവന്ന പഴം.
പിന്നെ ഞങ്ങള്‍ ഡീസല്‍ വൈദ്യുതിനിലയം കാണാന്‍ പോയി. അഗത്തിയിലെ വൈദ്യുതിയുപയോഗം ഇവിടെനിന്നാണു സാധിക്കുന്നത്. വൈദ്യുതിച്ചാര്‍ജ് കേരളത്തിലുള്ളതിനെക്കാള്‍ കൂടുതലാണെന്നു മാത്രം. 
അഗത്തിദ്വീപു കാഴ്ചകള്‍ ഇവിടെ തീരുന്നില്ല.

 

Login log record inserted successfully!