•  18 Apr 2024
  •  ദീപം 57
  •  നാളം 6
സിനിമ

വംശീയതയുടെ തിരുമുറിവുമായി രണ്ടു സിനിമകള്‍

വംശീയതയും അടിച്ചമര്‍ത്തലുകളും അതിലുള്ള ചൂഷണങ്ങളും ലോകമെമ്പാടും കണ്ടുവരുന്നതും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഒരു അവസ്ഥയാണ്. അതിന് ആഴത്തില്‍ പടര്‍ന്ന വേരുകളുണ്ട്. മര്‍ദനവും നിരാകരണവും നിഷ്‌കാസനവുമൊക്കെ മേല്‍ക്കോയ്മക്കാരുടെ ആധിപത്യമുറപ്പിക്കലിന്റെ അഭ്യാസമുറകളാണ്. ഉണര്‍ത്തുപാട്ടുകളായ സാമൂഹികപരിഷ്‌കരണങ്ങളും പ്രസ്ഥാനമുന്നേറ്റങ്ങളുംകൊണ്ട്, ചങ്ങല പൊട്ടിച്ച അധഃസ്ഥിതവിമോചനങ്ങള്‍ ഏറെയുണ്ടായെങ്കിലും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇപ്പോഴും ഇരുള്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം മറക്കുക വയ്യ. ഇത്തരമൊരു ഓര്‍മപ്പെടുത്തലും, അനാവരണം ചെയ്യപ്പെടുന്ന സത്യങ്ങളുമായി കടന്നുവരുന്ന സിനിമകളും മറ്റു കലാരൂപങ്ങളും നമ്മെ വേദനിപ്പിക്കാനും മനുഷ്യന്റെ ജീവിതാവകാശങ്ങളെ നിഷേധിക്കുന്ന അവസ്ഥകള്‍ക്കെതിരേ ചിന്തിക്കാനും പ്രേരണ നല്‍കുന്നു. ഇത്തരം ഇതിവൃത്തവുമായിറങ്ങിയ ജയ് ഭീം എന്ന തമിഴ് ചിത്രം അദ്ഭുതപ്പെടുത്തുന്ന സ്വീകാര്യതയോടെ ഏവരും കാണുകയും ഏറ്റുപറയുകയും ചെയ്യുമ്പോള്‍ ഉന്നതമായ സാമൂഹികനന്മയാണ് ഒപ്പമുയരുന്നത്.
ഈ സന്ദര്‍ഭത്തോടു ചേര്‍ത്തുവയ്ക്കാന്‍, ഓസ്‌കര്‍ അവാര്‍ഡ് നേടിയ ഒരു ഹ്രസ്വചിത്രവും തെളിഞ്ഞുവരുന്നു.
Black Life Matters എന്നു കേള്‍ക്കുമ്പോള്‍ All Life Matters എന്നു തര്‍ക്കുത്തരം പറയുന്നവര്‍ കാണേണ്ട സിനിമയാണ് Two Distant Strangers.   നെറ്റ്ഫ്‌ളിക്‌സില്‍ വന്ന മുപ്പത്തിരണ്ടു മിനിറ്റുള്ള ഈ സിനിമ കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കറില്‍ Best Live Action Short Film  അവാര്‍ഡ് നേടിയതാണ്.   
എന്തു ചെയ്താലും എങ്ങനെ ചെയ്താലും ഏതു വഴി സ്വീകരിച്ചാലും ആഫ്രിക്കന്‍ വംശജന്റെ അന്ത്യം ഒന്നുതന്നെയെന്നു സമര്‍ത്ഥിക്കുന്ന ഈ സിനിമ വളരെയൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നതു കണ്ടില്ല. ഇതില്‍ ഏറ്റവും ശക്തവും കാഴ്ചക്കാരെ പിടിച്ചുലയ്ക്കുന്നതും സിനിമയുടെ അവസാനം, പോലീസിനാല്‍ കൊല്ലപ്പെട്ട ആഫ്രിക്കന്‍ വംശജരുടെ പേരും പ്രായവും വെടിയേറ്റപ്പോള്‍ അവരെന്തു ചെയ്യുകയായിരുന്നുവെന്നും കാണിക്കുന്ന ലിസ്റ്റാണ്.      
വെള്ളക്കാരല്ലാത്തവരോടുള്ള അമേരിക്കന്‍  പോലീസിന്റെ  ക്രൂരതയ്‌ക്കെതിരേ  കോളിന്‍ കാപ്പര്‍നിക്ക്  പ്രതിഷേധിച്ചത്  2016 ലെ NFL-  കളി തുടങ്ങുന്നതിനുമുമ്പ്  അമേരിക്കയുടെ ദേശീയഗാനം ആലപിച്ചപ്പോള്‍ മുട്ടുകുത്തി നിന്നു കൊണ്ടായിരുന്നു. ഇപ്പോള്‍ Colin in black and white   എന്ന മിനി സീരിസ് നെറ്റ്ഫ്‌ളിക്‌സില്‍ വന്നിട്ടുണ്ട്. വെള്ളക്കാരായ മാതാപിതാക്കളുടെ ഒപ്പമുള്ള പ്രിവിലേജ്ഡ് ജീവിതത്തിലും ചുറ്റുമുള്ള  വംശവെറി ഒരു കൗമാരക്കാരന്‍ തിരിച്ചറിയുന്നത് ഇതില്‍ കാണാം.
ഇന്ന് പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയാണ് ജയ് ഭീം. ഈ സിനിമ മനസ്സിനെ വല്ലാതെ പൊള്ളിക്കുന്നു. നേരം പോക്കിനായി കണ്ടിട്ടു ലാഘവത്തോടെ ഉപേക്ഷിച്ചു പോകാന്‍ കഴിയാത്തത്ര അസ്വസ്ഥതകള്‍ പകരുന്ന ചലച്ചിത്രം.  ഇത് വെറും കഥയല്ല, നടന്ന സംഭവങ്ങളുടെ ആവിഷ്‌കാരമാണ് എന്നറിയുമ്പോള്‍ ആ പൊള്ളലിനു നീറ്റലേറുന്നു. ഇരുളര്‍ ഗോത്രത്തില്‍പ്പെട്ട കുറച്ചുപേരുടെ കഥമാത്രമല്ല ഇതെന്ന് എല്ലാവര്‍ക്കും അറിയാം. സിനിമ തുടങ്ങുന്നതുതന്നെ പോലീസ്‌വാനില്‍ വന്നിറങ്ങുന്നവരുടെ ജാതി ചോദിച്ചുകൊണ്ട്, അവരില്‍ എത്ര കുറ്റങ്ങള്‍ കെട്ടിവയ്ക്കാമെന്നു വിലപേശുന്ന പോലീസുകാരിലൂടെയാണ്. അങ്ങനെ പോലീസ് പിടിച്ച് സ്റ്റേഷനിലേക്കു കൊണ്ടു പോവുകയും ഒരിക്കലും തിരിച്ചുവരാതിരിക്കുകയൂം ചെയ്യുന്നവരുടെ എണ്ണം വളരെക്കൂടുതലാണ്. പഠിപ്പും പണവും ആള്‍ബലവുമില്ലാത്ത ഗോത്രവര്‍ക്കാരുടെ നേര്‍ക്കാണ് മര്‍ദകരുടെ ഈ വേട്ടയാടല്‍.  
പൗരന്മാരെ സംരക്ഷിക്കേണ്ട പോലീസുകാര്‍തന്നെ നിരപരാധികള്‍ക്ക്  നീതി നിഷേധിക്കുകയും അവരെ നിര്‍ദയം പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നത് ഇന്ത്യയില്‍ മാത്രമല്ല സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ ഇന്നും നീതി നിഷേധങ്ങള്‍ക്കെതിരേ  ആഫ്രിക്കന്‍വംശജര്‍ സമരം ചെയ്യുന്നു. Black Lives Matter  എന്ന സ്ലോഗന്‍ ആ സമരത്തില്‍നിന്ന് ഉണ്ടായതാണ്. കറുത്തവന്റെ ജീവനു വിലകല്പിക്കാത്ത ഒരു സമൂഹത്തെ ഉണര്‍ത്തുന്നതിനുള്ള നിലവിളിയാണത്.  
ജാതിയിലും നിറത്തിലും പണത്തിലും പഠിപ്പിലും താഴെ നില്‍ക്കുന്നവര്‍, അവര്‍ക്കു മുകളില്‍ സ്ഥാനം കിട്ടിയവരാല്‍ വേട്ടയാടപ്പെടുന്നു. സമൂഹമനഃസാക്ഷിയെ ലജ്ജിപ്പിക്കുന്ന പ്രവൃത്തികള്‍ ചൂണ്ടിക്കാട്ടുന്ന ഇത്തരം സിനിമകള്‍ ഉള്‍ക്കൊണ്ട് സഹജീവികളോടുള്ള നിലപാടും മനോഭാവവും മേല്‍ത്തട്ടില്‍ സ്ഥാനം കിട്ടിയവര്‍ മാറ്റുമെന്നു പ്രതീക്ഷിക്കാം.
പ്രതിബദ്ധതയുള്ള സാമൂഹികപരിഷ്‌കര്‍ത്താക്കളാണ് ഉത്തരവാദിത്വമുള്ള കലാപ്രവര്‍ത്തകര്‍. ഏറ്റവും വേഗത്തില്‍ പടരുന്ന നന്മയുടെ സന്ദേശങ്ങള്‍ക്ക് മികച്ച മാധ്യമമാണ് സിനിമ. ജയ് ഭീം ചരിത്രാവബോധവും ഒപ്പം നിലവിലെ തിന്മകള്‍ക്കെതിരായ പ്രതിരോധവും പകരുന്നു. ഇന്ത്യയുടെ ഇതര ദേശങ്ങളെക്കാള്‍, കേരളം മെച്ചപ്പെട്ടതെന്ന് അഭിമാനിക്കുമ്പോഴും ഭക്ഷണം മോഷ്ടിച്ചുവെന്ന പേരില്‍, വിശന്നു തളര്‍ന്ന ഒരുവനെ അടിച്ചു കൊന്നവരാണ് നാം എന്നോര്‍ക്കേണ്ടതുണ്ട്. മലയാള സിനിമ ദളിത്‌വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പുറകോട്ടാണ് എന്ന പ്രസ്താവനയ്‌ക്കെതിരേ സംവിധായകനായ ഡോ.  ബിജു പറഞ്ഞത് അത്തരം സിനിമകള്‍, മലയാളി കാണാതെ തമസ്‌കരിക്കുന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ജാതീയമായ അവഗണനകള്‍ക്കും പീഡനങ്ങള്‍ക്കുമെതിരേ ഒരു പെണ്‍കുട്ടി ഒറ്റയ്ക്കു സമരം ചെയ്യുന്ന യാഥാര്‍ത്ഥ്യവും നമ്മുടെ കണ്‍മുന്നിലുണ്ട്.
തമിഴ്‌നാട്ടിലെ ഇരുളവിഭാഗത്തിന്റെ ഇരുട്ടുവീണ ജീവിത ചിത്രമാണ് ജയ് ഭീം. മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ ജീവിതാനുഭവങ്ങളാണ് സിനിമയ്ക്ക് ആധാരം. എഴുത്തും സംവിധാനവും ടി.ജെ. ജ്ഞാനവേല്‍. സൂര്യയുടെ തേജസ്സാര്‍ന്ന അഭിനയമികവ് ചിത്രത്തെ ഗംഭീരമാക്കി. മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമയില്‍ വന്ന ലിജോമോള്‍ക്ക് ഇത്ര മികച്ചൊരു വേഷം നല്‍കാന്‍ തമിഴകത്തിന്റെ വകതിരിവ് വേണ്ടിവന്നു. പ്രേക്ഷകരുടെ ഉള്ളുപൊള്ളിക്കുന്ന രാജാക്കണ്ണ്  എന്ന നായകനു സമാനമായ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച കെ. മണികണ്ഠനും പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. സിനിമയിലെ മലയാളിസാന്നിധ്യം ശ്രദ്ധേയമാണ്. പ്രകാശ്‌രാജ്, രജീഷ വിജയന്‍, കെ. മണികണ്ഠന്‍ തുടങ്ങിയ അഭിനേതാക്കളുടെ നിര ജയ് ഭീം എന്ന ചിത്രത്തിന്റെ ഇതിവൃത്തത്തോടൊപ്പംചേര്‍ന്ന് ഉയര്‍ന്ന അഭിനയവൈഭവം പുലര്‍ത്തി.
ഭാഷയേതായാലും ഭൂഗോളത്തിന്റെ ഏതു ഭാഗത്തായാലും മനുഷ്യാവകാശധ്വംസനങ്ങളും അടിച്ചമര്‍ത്തലുകളും തുടരുന്നു. നില്‍ക്കാതെയുള്ള പോരാട്ടമുന്നേറ്റങ്ങള്‍കൊണ്ടേ വിജയം കാണൂ; വേര്‍തിരിവുകള്‍ അകന്നുപോകുന്നു എന്ന പരമാര്‍ത്ഥത്തെ തുറന്നുകാട്ടുന്ന ഇത്തരം സിനിമകള്‍ യഥാര്‍ത്ഥ നവോത്ഥാനം ലക്ഷ്യമിടുന്നു.

 

Login log record inserted successfully!