•  2 May 2024
  •  ദീപം 57
  •  നാളം 8
സിനിമ

ഭൂതകാലം

നുഷ്യന്റെ അടിസ്ഥാനവികാരങ്ങളിലൊന്നാണ് ഭയം. അനാദിയായ കാലംമുതല്‍ ഭയമെന്ന അവസ്ഥ മനുഷ്യനോടൊപ്പമുണ്ട്. അവന് അപ്രാപ്യമോ കീഴടക്കാന്‍ പറ്റാത്തതോ ആയ എതിരാളികള്‍, അധികാരസ്ഥാനങ്ങള്‍, ഭൂഭാഗങ്ങള്‍, കാട് എന്നിവമുതല്‍ ഇരുട്ടും ഏകാന്തതയുമെല്ലാം ചിലപ്പോള്‍ മനുഷ്യനില്‍ ഭയം വിതയ്ക്കുന്നു. മനുഷ്യന്‍ പുരോഗതിയുടെ പല ഘട്ടങ്ങളില്‍ എത്തിനില്‍ക്കുമ്പോളും ഭയത്തിന്റെ പുതിയ മേഖലകള്‍ ഉണ്ടാകുണ്ട്.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ ഭൂതകാലം ഇത്തരം വഴികളിലൂടെയാണു സഞ്ചരിക്കുന്നത്. മാനസികമായ ചില പ്രശ്‌നങ്ങള്‍ നേരിടുന്ന അമ്മയുടെയും ബി.ഫാം കോഴ്‌സ് കഴിഞ്ഞിട്ടും ജോലിയൊന്നുമാകാത്ത നിരാശയുമായി കഴിയുന്ന മകന്റെയും ജീവിതത്തില്‍ കിടപ്പുരോഗിയായ അമ്മൂമ്മയുടെ മരണത്തോടെ സംഭവിക്കുന്ന അസ്വാഭാവികമായ രംഗസംവിധാനങ്ങളിലൂടെ ചിത്രം ആരംഭിക്കുന്നു. വിനുവിന്റെ അമ്മ ആശ വര്‍ഷങ്ങളായി വിഷാദരോഗത്തിന്റെ പിടിയിലാണ്. അവരുടെ പ്രശ്‌നങ്ങള്‍ ഡോക്ടറോടുള്ള തുറന്നുപറച്ചിലിലൂടെ തുടക്കത്തില്‍ പ്രേക്ഷകര്‍ക്കും നല്ലൊരളവില്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ആശയുടെ അമ്മയ്ക്കും സമാനപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നു പറയുന്നു. മദ്യവും പുകവലിയും പതിവാക്കിയ വിനുവിന്റെ ഭൂതകാലത്തെക്കുറിച്ചും കാണികളില്‍ സംശയങ്ങള്‍ ഉണ്ടാക്കുന്നത് ഇവര്‍ താമസിക്കുന്ന വീടിന്റെ ചരിത്രമാണ്. അമാനുഷികതയില്‍ വിശ്വസിക്കുന്നവര്‍ക്കും ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഒരുപോലെ തൃപ്തിയേകുന്ന ഈ ചിത്രം ക്ലൈമാക്‌സില്‍ ഞെട്ടിക്കുമെന്നതില്‍ തര്‍ക്കമില്ല.
രണ്ടു മനുഷ്യരുടെ വ്യക്തിപരമായ അന്തഃസംഘര്‍ഷങ്ങളും അകല്‍ച്ചകളും പറഞ്ഞുകൊണ്ട് സിനിമ പതിയെപ്പതിയെ അവര്‍ ഇരുവരും  നേരിടേണ്ടിവരുന്ന പൊതുവായതും ഭീതിജനകവുമായ സംഭവങ്ങളിലേക്കു കടക്കുകയാണ്. അടുത്ത കൂട്ടുകാരില്ലാത്ത വിനുവിന്റെ രാത്രിജീവിതത്തിനിടയില്‍ സംഭവിക്കുന്ന പേടിപ്പെടുത്തുന്നതും ദുരൂഹവുമായ സംഭവങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും അവര്‍ രണ്ടു പേരുമല്ലാതെ മറ്റാരുടെയൊക്കെയോ ചില സാന്നിധ്യങ്ങള്‍കൂടി അവിടെയുണ്ടെന്ന് അവന്‍ മനസ്സിലാക്കുന്നു. എന്നാല്‍, ഇത്തരം വിചിത്രാനുഭവങ്ങളെ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനോ വിശദീകരിക്കുന്നതിനോ വിനുവിനു സാധിക്കുന്നില്ല. നിത്യജീവിതത്തില്‍ അയാള്‍ നേരിടുന്ന മാനുഷികമായ പ്രതിസന്ധികള്‍ക്കൊപ്പം ഇത്തരം പുതിയ അനുഭവങ്ങള്‍ അയാളെ നിലവിട്ട ഒരു മനുഷ്യനാക്കി മാറ്റുന്നു. ഇതേ അനുഭവങ്ങള്‍തന്നെയാണ് അയാളുടെ അമ്മയും അനുഭവിക്കുന്നത്. അംഗന്‍വാടി റ്റീച്ചറായ ആശയുടെ തുച്ഛവരുമാനത്തിലാണ് അവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. അതിന്റെ പിരിമുറുക്കത്തിനിടയില്‍ തൊഴില്‍രഹിതനായ മകന്റെ നിരുത്തരവാദിത്വപരമായ പെരുമാറ്റങ്ങളും കൂടിയാവുമ്പോള്‍ പുതിയ പ്രതിസന്ധി അവര്‍ക്കു നേരിടേണ്ടി വരുന്നു.
ഒറ്റമുറിയുടെ പരിമിതിക്കകത്തു നിന്നുകൊണ്ടാണ് സിനിമ വികസിക്കൂന്നത്. ഹൊറര്‍ സിനിമകളുടെ പരിമിതിയും സാധ്യതകളുമാണ് അടച്ചുപൂട്ടപ്പെട്ട ഇത്തരം സ്ഥലങ്ങളിലെ ചിത്രീകരണങ്ങള്‍. മങ്ങിയ വെളിച്ചം, നിറമില്ലാത്ത ചുമരുകള്‍, കഥാപാത്രങ്ങളുടെ അന്തഃസംഘര്‍ഷങ്ങള്‍, നിരാശ എന്നിവയെല്ലാം പ്രേക്ഷകനിലേക്കു കൃത്യമായി സംവേദനം ചെയ്യാന്‍ ഈ പശ്ചാത്തലങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്.  ചുരുക്കം കഥാപാത്രങ്ങളുള്ള ചിത്രത്തില്‍ വീട്ടിനുള്ളിലെ ദൃശ്യങ്ങളാണ് കൂടുതല്‍ നേരവും കാണാനുള്ളത്.  കാഴ്ചക്കാര്‍ക്ക് ഇതുമായി പൊരുത്തപ്പെടാന്‍ കുറച്ചു സമയമെടുക്കുമെങ്കിലും ബോറടിപ്പിക്കുന്നില്ല. ടൈറ്റിലും ചെറിയ ശബ്ദങ്ങളും നിശ്ശബ്ദതയും കഥാപാത്രങ്ങളുടെ മാനസികാവസ്ഥയും കൂട്ടത്തിലൊരാളുടെ മരണവും എല്ലാം പ്രേക്ഷകരിലും പതിയെ മാറ്റങ്ങള്‍ വരുത്തും. സിനിമ ക്രിയേറ്റു ചെയ്യുന്ന മൂഡിലേക്കു പ്രേക്ഷകരെ എത്തിക്കാന്‍ അനുയോജ്യമായ സാഹചര്യം ഒരുക്കിയെടുക്കാനും ക്ലൈമാക്‌സില്‍ സംതൃപ്തി നല്‍കാനും കഴിഞ്ഞതിലൂടെ സംവിധായകന്‍ തന്റെ സംരംഭത്തെ വിജയപ്പിച്ചിരിക്കുന്നു.
ഹൊറര്‍ സിനിമകളുടെ സ്ഥിരം ഘടകങ്ങളായ അതിഭീകരശബ്ദങ്ങള്‍, കഥാഗതിയുടെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ചോരയിറ്റു വീഴുന്ന ദംഷ്ട്രകളുമായി പ്രത്യക്ഷപ്പെടുന്ന ഭീകരസത്വം, മന്ത്രവാദത്തിന്റെ പശ്ചാത്തലം, മഴ, കൊടുങ്കാറ്റ് ഇവയുടെയൊന്നും സാന്നിധ്യമില്ലാതെതന്നെ പ്രേക്ഷകമനസ്സില്‍ ഭീതിയുടെ സൂക്ഷ്മമാപിനികള്‍ ഉയര്‍ത്താന്‍ കഥാപരിസരമായ, നിറമില്ലാത്ത ചുമരുകളോടുകൂടിയ വീടിനു കഴിയുന്നുണ്ട്.
രേവതി, ഷെയിന്‍ നിഗം എന്നിവരുടെ പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. ഒന്നേമുക്കാല്‍ മണിക്കൂറില്‍ ഭൂരിഭാഗം സമയവും നമ്മള്‍ ഇവരെത്തന്നെയാണു കണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ പ്രകടനം വളരെയധികം നിര്‍ണായകമായിരുന്നു. അതിനനുസരിച്ച് രണ്ടുപേരും തകര്‍ത്ത് അഭിനയിച്ചിട്ടുമുണ്ട്.
വ്യക്തിയുടെ മാനസികസമ്മര്‍ദങ്ങളെ/പ്രശ്‌നങ്ങളെ ഭ്രാന്ത് എന്ന ഒറ്റക്കുറ്റിയിലേക്കു തളച്ചിടുന്ന പരമ്പരാഗതമായ പ്രവണതയ്ക്കു വലിയ പ്രോത്സാഹനം നല്‍കാതെ ഒരു മാനസികാരോഗ്യവിദഗ്ധന്റെ സഹായം തേടാന്‍ പ്രേരിപ്പിക്കുന്ന ചില മനുഷ്യരെക്കൂടി സിനിമയില്‍ കാണാം. സൈക്കോളജിസ്റ്റായി വരുന്ന സൈജു കുറുപ്പും ജെയിംസ് ഏലിയ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വല്‍സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മകല എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. രാഹുല്‍ സദാശിവനും ശ്രീകുമാര്‍ ശ്രേയസ്സും ചേര്‍ന്നൊരുക്കിയ തിരക്കഥയാണു ചിത്രത്തിന്റെ കാതല്‍. ഷെഹ്‌നാദ് ജലാലിന്റെ ഛായാഗ്രഹണം സിനിമയുടെ ഉദ്വേഗജനതയെ പ്രേക്ഷകരിലേക്കു കൃത്യമായി സന്നിവേശിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. ഭീതിയുടെയും ആകാംക്ഷയുടെയും  സംവേദനങ്ങള്‍ ദൃശ്യങ്ങളിലൂടെ മാത്രമല്ല പശ്ചാത്തലസംഗീതത്തിലൂടെ പകരാന്‍ ഗോപി സുന്ദറിനും കഴിഞ്ഞു. എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് ഷഫീഖ് മുഹമ്മദാണ്. സിനിമയിലെ ഏകഗാനം ഷെയ്ന്‍ നിഗം എഴുതി ആലപിച്ചിരിക്കുന്നു.

 

Login log record inserted successfully!