•  2 May 2024
  •  ദീപം 57
  •  നാളം 8
സിനിമ

അടിയോടടി - അജഗജാന്തരം!

കൊവിഡ്കാലമായതിനാല്‍ ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും പെരുക്കവും ആളനക്കവും ഇല്ലായിരുന്നെങ്കിലും ഈ വര്‍ഷം പലയിടത്തും ആള്‍ക്കൂട്ടവും താലപ്പൊലിയും ചെണ്ടമേളവും കൊടിതോരണങ്ങളും തകര്‍ത്തുതിമിര്‍ത്തു. അതുപോലെ സിനിമയില്‍ കൊടിയേറിയ പൊടിപൂരമാണ് അജഗജാന്തരം. നല്ല നാടന്‍ കൂട്ടത്തല്ലിന്റെ തകര്‍ത്താടിയ പൂരം. കൊവിഡ് കാലത്തിനുമുമ്പ് ഷൂട്ടിങ് തീര്‍ന്നെങ്കിലും ഇപ്പോഴാണു സിനിമ പ്രേക്ഷകരിലേക്കെത്തിയത്.
'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ടിനു പാപ്പച്ചന്റെ രണ്ടാമത്തെ സംരംഭമാണ് അജഗജാന്തരം.
കഥയെന്നു പറയാന്‍ പ്രത്യേകിച്ച് ഒരുപാടൊന്നുമില്ലെങ്കിലും ഒരു രാത്രിയിലെ പൂരപ്പറമ്പും ആനയെഴുന്നള്ളിപ്പും അടിയല്ലാതൊരു പണീമില്ലാത്ത നാട്ടിലെ ചെറുപ്പക്കാരുടെ ചേരിതിരിഞ്ഞ പൊരിഞ്ഞ തല്ലും ഉത്സവമായിക്കാണാം സിനിമ തീരുംവരെ. സത്യം പറഞ്ഞാല്‍ ഈ അടി മടുക്കുകയേയില്ല. ഇടയിലൂടെയെത്തുന്ന കാഴ്ചകളും കെങ്കേമം. ക്യാമറയ്ക്കും അതിനു നിഴലും വെളിച്ചവുമൊരുക്കിയവര്‍ക്കും അഭിമാനിക്കാം. നായികയില്ലെന്നതു ദോഷമേയല്ല ഇപ്പോഴത്തെ സിനിമയ്‌ക്കൊന്നും. പക്ഷേ, ഇതിലൊരു കല്യാണപ്പെണ്ണുണ്ട്. അപാരം; നോക്കിയിരുന്നുപോകും പ്രകടനം.
കിച്ചു ടെല്ലസിന്റെ കഥയ്ക്കു തിരക്കഥയൊരുക്കാന്‍ അദ്ദേഹത്തോടൊപ്പം വിനീത് വിശ്വവും ചേര്‍ന്നിരിക്കുന്നു.
നാളുകള്‍ക്കുശേഷം നാട്ടിലെ പൂരത്തിന് ആനയെത്തുന്നതാണു കഥ. ആനപ്പാപ്പാന്‍ അമ്പി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കിച്ചു ടെല്ലസ് തന്നെ. പുറകെ അമ്പിയുടെ സുഹൃത്തായ ലാലി (ആന്റണി പെപ്പേ) എത്തുന്നതോടെ അടിമുഴക്കം കേട്ടുതുടങ്ങുന്നു. ചൊറിയാന്‍ വരുന്നവരെ മാന്തുന്ന പ്രകൃതക്കാരനായ ലാലി നാട്ടുകാരായ യുവാക്കളുമായി അടിയുണ്ടാക്കുന്നിടത്തു ബഹളം തുടങ്ങുന്നു. കണ്ണന്റെ (അര്‍ജുന്‍ അശോകന്‍) കൂട്ടത്തിലെ സുധി കോപ്പയുടെ കഥാപാത്രവുമായി കോര്‍ത്ത് അയാളെ നെഞ്ചില്‍ ചവിട്ടിത്താഴെയിടുന്നു ലാലി. തന്നെ തല്ലിയവനെ തിരിച്ചു തല്ലണമെന്ന സുധിയുടെ   വാശിയില്‍ ലീഡര്‍ കണ്ണനും കൂട്ടരും ലാലിയെ തല്ലാനെത്തുന്നു. ഒരു വശത്ത് ആനയും അമ്പിയും ലാലിയും. മറ്റുഭാഗത്ത് കണ്ണനും കൂട്ടരും. ആനയ്ക്കു ചുറ്റും ഉഗ്രനടി നടക്കുന്ന സീന്‍ രസകരവും സത്യസന്ധമെന്നു ഫീല്‍ ഉണ്ടാക്കുന്നതുമാണ്. ഇങ്ങനെ അടിച്ചും അടിമേടിച്ചും പൂരം കൊഴുപ്പിക്കുന്നവര്‍ ഒരു വശത്ത്.
ഒടുവില്‍, കണ്ണന്റെ ടീമൊരുക്കുന്ന കുരുക്കില്‍ വീഴാതെ കുതറിയോടുകയാണ് അമ്പിയും ലാലിയും.
ഉത്സവം ആഘോഷിച്ചു നീങ്ങുന്ന മനുഷ്യരുടെയും അമ്പലക്കാഴ്ചകളുടെയും ദൃശ്യങ്ങള്‍ തല്ലുമഹോത്സവത്തോടു കൂടിക്കലര്‍ന്ന് കാഴ്ചയ്ക്കു പകിട്ടു കൂട്ടുന്നു. രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി, കാണുന്നവര്‍ക്കു മുഷിപ്പില്ലാതെ ആസ്വദിച്ചുതീര്‍ക്കാവുന്ന സിനിമ. ഇതിനിടയില്‍ വൈകിയെത്തിയതിന് അമ്പലക്കമ്മറ്റിക്കാര്‍ പിടിച്ചുവച്ച നാടകസംഘം വേറേ. ജാഫര്‍ ഇടുക്കിയുടെ കമ്മറ്റി പ്രസിഡന്റും കലക്കിയെന്നു പറയാം.
നാടന്‍ കഥാപാത്രങ്ങള്‍ക്കിണങ്ങിയ ഒട്ടേറെ ഭാവങ്ങള്‍ അര്‍ജുന്‍ അശോകന്റെ ചേഷ്ടകളില്‍ വിരിയുന്നുണ്ട്.  ഇനിയും ഒരു പാട് സിനിമകളില്‍ ഹരിശ്രീ അശോകന്റെ മകന്‍ എത്തുമെന്നതു തീര്‍ച്ചയാണ്.
അവസാനരംഗത്തു കടന്നുവരുന്ന ചെമ്പന്‍ വിനോദും സിനിമയുടെ വശീകരണമാകുന്നു.
അങ്കമാലി ഡയറീസ് എന്ന സിനിമ ഇഷ്ടപ്പെട്ടാസ്വദിച്ച പ്രേക്ഷകര്‍ക്ക് അജഗജാന്തരവും ഉഗ്രനൊരു വിരുന്നാവും.
ഗജം സിനിമയിലുണ്ട്. അജം ആ ഉത്സവരാത്രിയിലെവിടെയും കണ്ടില്ല. ഇപ്പോഴത്തെ സിനിമാപ്പേരുകളൊക്കെ എത്ര അര്‍ത്ഥശൂന്യമാണെങ്കിലും പുതുതലമുറ അതിനെയങ്ങേറ്റുവാങ്ങുമെന്നത് ഉറപ്പാണ്. സിനിമാപ്രവര്‍ത്തകര്‍ അതു നന്നായി മനസ്സിലാക്കിയിരിക്കുന്നു.
എന്തായാലും, കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണ, അസ്സല്‍ തല്ലുകലാരൂപം ദേഹത്തു പൊടി പോലുമേല്‍ക്കാതെ പ്രേക്ഷകര്‍ക്കു കണ്ടുരസിക്കാം എന്ന മേന്മയടങ്ങിയ മുഴുവന്‍സമയ എന്റര്‍ടെയിനറാണ് അജഗജാന്തരം.
ഓരോ കഥാപാത്രവും കാണികളുടെ ഉള്ളില്‍ ഇടം പിടിക്കും. സാബുവിന്റെ കച്ചംബര്‍ ദാസ്, രാജേഷ് ശര്‍മയുടെ നാടകനടന്‍ തുടങ്ങി ന്യൂജനറേഷന്‍ സിനിമാമുഖങ്ങള്‍ ഏറെയുണ്ടീ ചിത്രത്തില്‍. നായകന്റെ പിന്നാലെയല്ലാതെ നീങ്ങുന്ന ക്യാമറയിലൂടെ ഉത്സവപ്പറമ്പിലെ കെട്ടുകാഴ്ചകളും ലൈറ്റിങ്ങും വെടിക്കെട്ടും കച്ചവടക്കാരും ആള്‍ക്കൂട്ടവുമെല്ലാം ചേര്‍ന്ന് ഒരു വിഷ്വല്‍ വിരുന്നുതന്നെയാണ് അജഗജാന്തരം. ജിന്റോ എന്ന ഛായാഗ്രാഹകന്റെ കഴിവിന്റെ ഉണര്‍വാണ് ചിത്രത്തിന്റെ മനോഹാരിതയെന്നു പറയാം. ശബ്ദവിന്യാസങ്ങളും ഗംഭീരം. നെയ്‌ശേരി പാര്‍ത്ഥന്‍ എന്ന ആന ചിത്രത്തിനു കൊമ്പെടുപ്പു കൂട്ടുന്നു.

 

Login log record inserted successfully!