•  18 Apr 2024
  •  ദീപം 57
  •  നാളം 6
ശ്രേഷ്ഠമലയാളം

ഗ്രന്ഥലോകവും ഗ്രന്ഥാലോകവും

ഗ്രഥനം ചെയ്യപ്പെട്ടത് (കൂട്ടിക്കെട്ടിയത്) എന്നു നിരുക്ത്യര്‍ത്ഥമുള്ള ശബ്ദമാണ് ഗ്രന്ഥം എന്നത്. ''ഗൃന്ഥം'' ''ഗ്രന്ധം'' എന്നിവ ഉച്ചാരണവൈകല്യംമൂലം പ്രചരിച്ചുപോയ അപരൂപങ്ങളാണ്. അവയെ പാടേ വര്‍ജിക്കണം. പുസ്തകം എന്നാണല്ലോ ഗ്രന്ഥത്തിന്റെ രൂഢിയായിത്തീര്‍ന്ന അര്‍ത്ഥം. സംസ്‌കൃതം എഴുതാന്‍ തെന്നിന്ത്യയില്‍ ഉപയോഗിച്ചുപോന്നതും തമിഴ് ലിപികളുടെ വടിവിലുള്ളതുമായ ലിപിസമ്പ്രദായത്തിനും ഗ്രന്ഥം അഥവാ ഗ്രന്ഥാക്ഷരം (ഗ്രന്ഥലിപി) എന്നു പറഞ്ഞുവരുന്നു. ഇന്നത്തെ മലയാള അക്ഷരങ്ങള്‍ക്ക് ഗ്രന്ഥലിപികളോട് (ആര്യ എഴുത്ത്) ആണ് കടപ്പാടുള്ളത്. കൂടാതെ, എഴുതിയ താളിയോലക്കെട്ട്, ഗ്രന്ഥഭാഗം, അദ്ധ്യായം, സിക്കുകാരുടെ മതഗ്രന്ഥം, ധനം, അനുഷ്ടുപ്പുവൃത്തത്തിലുള്ള ശ്ലോകം തുടങ്ങിയ വിവക്ഷിതങ്ങളിലും ഗ്രന്ഥസംജ്ഞ പ്രയോഗിക്കാറുണ്ട്.
ഗ്രന്ഥത്തോട് ലോകം, ആലോകം എന്നീ വിശേഷ്യങ്ങള്‍ ചേര്‍ത്ത് സമസ്തപദങ്ങള്‍ സൃഷ്ടിക്കാം. ഗ്രന്ഥ + ലോകം = ഗ്രന്ഥലോകം; ഗ്രന്ഥ + ആലോകം = ഗ്രന്ഥാലോകം. ഗ്രന്ഥലോകം എന്നിടത്ത് സംഹിതയും ഗ്രന്ഥാലോകം എന്നിടത്ത് സവര്‍ണദീര്‍ഘവും സംഭവിക്കുന്നു. ''ഗ്രന്ഥ + ലോകം (സമൂഹം) ഗ്രന്ഥലോകം. ഗ്രന്ഥ + ആലോകം (കാഴ്ച, നോട്ടം) ഗ്രന്ഥാലോകം''* എന്നിങ്ങനെ വേണമെന്ന് 'നല്ലഭാഷ'കാരനും രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രന്ഥത്തോട് കാരന്‍/കാരി, കര്‍ത്താവ്/കര്‍ത്ത്രി ചേര്‍ത്താല്‍ പുല്ലിംഗ - സ്ത്രീലിംഗ രൂപങ്ങള്‍ ഉണ്ടാവും. ഗ്രന്ഥകാരന്‍/ഗ്രന്ഥകാരി, ഗ്രന്ഥകര്‍ത്താവ്/ഗ്രന്ഥകര്‍ത്ത്രി എന്നിങ്ങനെ ശരിയായ രൂപങ്ങള്‍. പുസ്തകം എഴുതുന്ന ആള്‍ എന്നര്‍ത്ഥം. ഗ്രന്ഥകൃത്ത് എന്ന പദവും ഗ്രന്ഥകാരന്‍/കാരി എന്നീ അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കാം.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രം ഗ്രന്ഥലോകമല്ല; ഗ്രന്ഥാലോ കമാണ്. അതതുകാലത്തു  പുറത്തിറങ്ങുന്ന ഗ്രന്ഥങ്ങളെപ്പറ്റിയുള്ള കാഴ്ചയോ നോട്ടമോ ഒക്കെയാണല്ലോ 'ഗ്രന്ഥാലോകം' എന്ന മുഖപത്രത്തിന്റെ ധര്‍മ്മം.
* രാമചന്ദ്രന്‍നായര്‍, പന്മന, നല്ല ഭാഷ, ഡി.സി. ബുക്‌സ്, കോട്ടയം, 2014, പുറം - 460

 

Login log record inserted successfully!