പ്രശസ്ത സാഹിത്യകാരനും ആധുനികമലയാളനാടകപ്രസ്ഥാനത്തിന്റെ പ്രധാനാചാര്യനുമായ പ്രഫ. ഓംചേരി എന്‍.എന്‍. പിള്ളയ്ക്ക് 2020 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. അദ്ദേഹത്തിന്റെ ''ആകസ്മികം'' എന്ന ഓര്‍മക്കുറിപ്പുകളാണ് അവാര്‍ഡിനര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
1972 ല്‍ ഓംചേരിയുടെ 'പ്രളയം' എന്ന നാടകത്തിന് കേരളസാഹിത്യഅക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. കവിത, നാടകം, ഗദ്യം തുടങ്ങി മലയാളസാഹിത്യത്തിന്റെ സമസ്തമേഖലകളിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്.
വൈക്കം സ്വദേശിയായ ഓംചേരി ഡല്‍ഹിയിലാണ് സ്ഥിരതാമസം. ആകാശവാണിയിലെ മലയാളവാര്‍ത്താവിഭാഗം ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍, ബനാറസ് ഹിന്ദു സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.
കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ 'പ്രളയം', 'ചെരുപ്പു കടിക്കില്ല', 'വെളിച്ചം നിങ്ങളുടേതാകുന്നു' എന്നിങ്ങനെ ഒമ്പതു ദീര്‍ഘനാടകങ്ങളും എണ്‍പതോളം ഏകാങ്കനാടകങ്ങളും പ്രളയം, തേവരുടെ ആന, കള്ളന്‍ കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു എന്നീ നോവലുകളും നിരവധി ചെറുകഥകളും ഓംചേരിയുടേതായി കൈരളിക്കു ലഭിച്ചിട്ടുണ്ട്.