•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

ഇടവം

മേടം കഴിഞ്ഞശേഷം വരുന്ന മലയാളമാസമാണ് ഇടവം. രാശിചക്രത്തിലെ രണ്ടാം രാശിയാണത് (ജ്യോതിഷത്തില്‍ പന്ത്രണ്ടു രാശികളാണുള്ളത്). മലയാളമാസങ്ങളില്‍ പത്താമത്തേതാണ് ഇടവം (മലബാറിലെ നടപ്പനുസരിച്ച് ഒമ്പതാമത്തേത്). ഋഷഭം(കാള) എന്ന സംസ്‌കൃതശബ്ദത്തിന്റെ രൂപാന്തരമാണ് ഇടവം. (ഋഷഭം ങ്ക ഇടവം). രൂപം കാളയുടേതുപോലെയാകയാലാണ് ദ്വിതീയരാശിക്ക് ഋഷഭം എന്ന പേര്‍ സിദ്ധിച്ചത്. ഇടവം, വാമൊഴിയില്‍ ഇടപം എന്നോ എടവം എന്നോ ആകാറുണ്ട്. ഇടവപ്പാതിക്ക് (ഇടവമാസത്തിന്റെ മദ്ധ്യത്തോട് അടുത്തു തുടങ്ങുന്ന മഴക്കാലം) എടവപ്പാതി എന്നു വ്യവഹരിക്കാറുണ്ടല്ലോ. ഇടപം, എടവം എന്നിവയെ പരിനിഷ്ഠിത ശബ്ദങ്ങളായി വ്യാകരണം കണക്കാക്കുന്നില്ല.
വിവിധ ജനസഞ്ചയങ്ങളില്‍ ഉള്‍പ്പെടുന്ന ഭാഷയ്ക്ക് രൂപാന്തരങ്ങള്‍ ഉണ്ടാകാം. ഉച്ചാരണത്തില്‍ സംഭവിക്കുന്ന മാറ്റമാണ് അവയില്‍ പ്രധാനം. സംസാരവേളകളില്‍, വര്‍ണ്ണങ്ങള്‍ ദുഷിക്കുമ്പോഴാണ് വര്‍ണ്ണവികാരങ്ങള്‍ സംഭവിക്കുന്നത്. ഉദാസീനത വര്‍ണ്ണമാറ്റങ്ങളുടെ അടിസ്ഥാനകാരണങ്ങളില്‍ ഒന്നായി വ്യാകരണം ഗണിക്കുന്നു. പ്രയത്‌നലഘൂകരണം ഓരോ വര്‍ണ്ണമാറ്റവും ലക്ഷ്യം വയ്ക്കുന്നുണ്ട്. ''പദാദിയില്‍ കേവലമായോ വ്യഞ്ജനത്തിനു പരമായോ ഇകാരം വന്നാല്‍ അത് എകാരമായി മാറും''* അങ്ങനെ, ഇല - എല; ഇടം - എടം; വില - വെല; പിട - പെട; ഇടക്കൊച്ചി - എടക്കൊച്ചി; ഇലഞ്ഞി - എലഞ്ഞി എന്നിങ്ങനെ വാമൊഴിയില്‍ രൂപം മാറുന്നു. ഇവയെപ്പോലെ ഇടവം, എടവമായി പരിണമിച്ചു. ശുദ്ധമായ ഇകാരം ഉച്ചരിക്കുന്നതിനെക്കാള്‍ എളുപ്പമാണ് എകാരം ഉച്ചരിക്കാന്‍. ഇകാരം മദ്ധ്യപ്രയത്‌നസ്വരവും എകാരം ലഘുപ്രയത്‌നസ്വരവുമാണ്. ഇതാവാം മേല്‍ക്കാണിച്ച വര്‍ണ്ണവികാരങ്ങളുടെ ഹേതു.
ഭാഷയുടെ ജീവനായ ഉച്ചാരണം നിലനില്ക്കുന്നതുതന്നെ വാമൊഴിയിലാണ്. വര്‍ണ്ണമാറ്റങ്ങള്‍ അതതുകാലത്തെ സംഭാഷണസ്വരൂപങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ വാമൊഴിഭേദങ്ങളെ എഴുത്തിലേക്കു പ്രവേശിപ്പിക്കാന്‍ വ്യാകരണം അനുവദിക്കുന്നില്ല. അങ്ങനെ ചെയ്താല്‍ മലയാളം അക്ഷരോച്ചാരണഭാഷ അല്ലെന്നു സമ്മതിക്കേണ്ടിവരും. വസ്തുത അങ്ങനെയല്ലല്ലോ! 
* ആന്റണി, ടി.പി., പ്രൊഫ., മലയാളവ്യാകരണപഠനം, പ്രണത ബുക്‌സ്, കൊച്ചി, 2015, പുറം - 37.

 

Login log record inserted successfully!