•  25 Apr 2024
  •  ദീപം 57
  •  നാളം 7
പ്രണയ പാഠാവലി

ആഭിമുഖ്യങ്ങള്‍ അസ്വാഭാവികമാകുമ്പോള്‍

ന്തുഷ്ടമായ കുടുംബജീവിതത്തിന് പ്രണയം എത്രത്തോളം അനിവാര്യമാണെന്നു കാണുകയുണ്ടായി. ജീവശാസ്ത്രപരമായ ഈ ധാരയില്‍, അപഭ്രംശങ്ങള്‍ കടന്നുകൂടിയാല്‍ എന്താവും സ്ഥിതി? പറഞ്ഞറിയിക്കാനാവാത്ത ദുര്യോഗംതന്നെയാണത്. വൈകാരികമായ ഇഴയടുപ്പത്തിനുംകൂടിയുള്ള ഉപാധിയാണല്ലോ സെക്‌സ്. അതിലുണ്ടാകുന്ന താളപ്പിഴകള്‍, ദാമ്പത്യജീവിതത്തെ ഉലച്ചുകളയുന്നു.
തീണ്ടലും തൊടീലുമുള്ളതും അതേസമയം, മോഹിപ്പിക്കുന്ന ഒന്നുമായിട്ടാണ് സെക്‌സ് മിക്ക സംസ്‌കാരങ്ങളിലും അവതരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍പോലും ഈ കാര്യത്തില്‍ തുറവുണ്ടാകുന്നില്ല. നിഷിദ്ധമായ, പേരുദോഷമുണ്ടാക്കുന്ന എന്തോ ഒരു ഭയം വിട്ടുമാറാതെ നില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ വേണം ലൈംഗികവ്യതിയാനങ്ങളെ കണക്കിലെടുക്കുവാന്‍. പങ്കാളിയില്‍ പ്രകടമാകുന്ന അസ്വാഭാവികമായ, അസ്വീകാര്യമായ, ചിലപ്പോള്‍ ജുഗുപ്‌സയുണ്ടാക്കുന്ന പ്രവണതകളാണിവ. അതുകൊണ്ട്, ലൈംഗികാഭിമുഖ്യങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ അഭിമുഖീകരിക്കുക.
അസ്വാഭാവികതകളെ, സ്വാഭാവികതയിലേക്കു തിരികെക്കൊണ്ടുവരാനുള്ള ക്രിയാത്മകമായ മാര്‍ഗങ്ങള്‍ ആരായുക. ദാമ്പത്യജീവിതം, സമാധാനപൂര്‍ണമാക്കാന്‍ അതേയുള്ളൂ വഴി.
ലൈംഗികാവബോധത്തിലെ വ്യതിയാനങ്ങള്‍
തന്റെ ലിംഗപരമായ ബോധ്യത്തിലുള്ള വ്യതിയാനമാണിത്. പുരുഷനായ വ്യക്തി തന്നില്‍ സ്ത്രീത്വത്തെ കണ്ടെത്തുന്നു. അയാള്‍ക്ക് പുരുഷനായി തുടരുക അസാധ്യമായിത്തീരുന്ന അവസ്ഥ. ഒരുതരം അസ്തിത്വപ്രതിസന്ധി. സ്ത്രീസ്വത്വത്തിലും ഈ പരകായപ്രവേശം ഉണ്ടാകാം.
പാരാഫീലിയ
അസാധാരണമായ ഉറവിടങ്ങളാണ് ഇത്തരക്കാരില്‍ ലൈംഗികോദ്ദീപനമുണ്ടാക്കുന്നത്. സ്വാഭാവികബന്ധത്തിലാകട്ടെ എതിര്‍ലിംഗത്തില്‍പ്പെട്ടയാളോടായിരിക്കണമല്ലോ ആകര്‍ഷണം തോന്നുക. 
ഫെറ്റിഷിസം, എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ ഉപയോഗിക്കുന്ന വസ്തുക്കളോടുള്ള താത്പര്യമാണ്. ചെരുപ്പ്, വസ്ത്രങ്ങള്‍ ഇവയില്‍നിന്നൊക്കെ ഇവര്‍ പ്രചോദിതരാകുന്നു. ട്രാന്‍സ്‌വെസ്റ്റിസമാകട്ടെ, എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ വസ്ത്രം ധരിച്ച് സായുജ്യം നേടലാണ്.
മൃഗങ്ങളോടും വിസര്‍ജ്യത്തോടും മൃതദേഹത്തോടുപോലും അഭിനിവേശമുള്ളവരുണ്ട്.
സ്വന്തം നഗ്നത മറ്റുള്ളവര്‍ക്കുമുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നത് എക്‌സിബിഷനിസം എന്ന വ്യതിയാനമാകുന്നു.
വോയൂറിസം, ഒളിഞ്ഞുനോക്കലാണ്. കുളിസീന്‍കാഴ്ചയുമായി ബന്ധപ്പെട്ടുള്ള കഥകള്‍ ഉദാഹരണം.
ഫ്രോട്ടിയുറിസം, അനുവാദമില്ലാതെ സ്ത്രീശരീരത്തില്‍ സ്പര്‍ശിക്കലാണ്. ആള്‍ക്കൂട്ടത്തിലും തിരക്കുള്ള വാഹനത്തിലുമൊക്കെ ഇത്തരം വൈകൃതങ്ങള്‍ അരങ്ങേറാം. ലൈംഗികാഭിമുഖ്യംകുട്ടികള്‍ക്കു നേര്‍ക്കാകുമ്പോള്‍ അത് പിഡോഫീലിയ എന്നറിയപ്പെടുന്നു. 
പാരാഫീലിയ ഗ്രൂപ്പില്‍, ഗുരുതരമായിത്തീരാവുന്ന രണ്ടു വ്യതിയാനങ്ങള്‍കൂടിയുണ്ട്. സാഡിസവും മസോക്കിസവും. കായികമായോ മാനസികമായോ പങ്കാളിയാല്‍ പീഡിപ്പിക്കപ്പടുന്നതാണ് മസോക്കിസം. അതാണവരുടെ ഉത്തേജനം. കഠിനമായ അധിക്ഷേപം ചിലര്‍ക്കു ഹരമായി മാറും.
ഇതിന്റെ വിപരീതദിശയിലുള്ള പ്രവണതയാണ് സാഡിസം. പങ്കാളിയെ പീഡിപ്പിക്കുന്നതിലൂടെ - ശാരീരികമായോ മാനസികമായോ - ഇവര്‍ക്ക് ലൈംഗികോത്തേജനം സാധ്യമാകുന്നു.
പാരാഫീലിയ ഉള്ള വ്യക്തിയോടൊപ്പം കഴിഞ്ഞുകൂടുക ബീഭത്സമായ ഒരനുഭവമായിരിക്കും. അവരുടെ ആത്മസംഘര്‍ഷം വിവരണാതീതമാണ്. പങ്കാളി കാട്ടിക്കൂട്ടുന്ന അനൗചിത്യങ്ങള്‍ ഒരു വശത്ത്. മറുവശത്ത് അതുണ്ടാക്കുന്ന സാമൂഹികപ്രശ്‌നങ്ങള്‍.
സെക്ഷ്വല്‍ ഡിസ്ഫങ്ഷന്‍
ലൈംഗികബന്ധത്തോടു താത്പര്യമില്ലാത്ത അവസ്ഥയാണ് ഒന്ന്. അതിനു പല കാരണങ്ങളുണ്ടാകാം. പണ്ടുണ്ടായ ലൈംഗികദുരനുഭവങ്ങള്‍, ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍, ചില രോഗങ്ങള്‍ എന്നിങ്ങനെ. ചിലരില്‍ ലൈംഗികത വെറുക്കപ്പെടേണ്ടതാണെന്നോ പാപമാണെന്നോ ഒക്കെയുള്ള തെറ്റായ അവബോധം കയറിക്കൂടാം. അതും താത്പര്യക്കുറവിനു കാരണമാകാം. പ്രായമായാല്‍ ലൈംഗികത ഒഴിവാക്കപ്പെടേണ്ടതാണെന്ന വാദവും ഇതില്‍പ്പെടുന്നു.
രതിജന്യമായ സന്തോഷം അനുഭവവേദ്യമാകാത്ത അവസ്ഥകളും ഉണ്ടാകാറുണ്ട്. നേരേ വിപരീതമായി അമിതമായ ലൈംഗികാസക്തിയുള്ളവരുമുണ്ട്.
ചിലര്‍ക്കാകട്ടെ ഉദ്ധാരണശേഷി, രതിമൂര്‍ച്ഛ ഇവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണുള്ളത്. പലതിനും മനഃശാസ്ത്രപരമായ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. രതികര്‍മത്തെക്കുറിച്ച് അറിവില്ലായ്മ, പ്രകടനമികവിനെക്കുറിച്ചുള്ള ഉത്കണ്ഠ, ദാമ്പത്യബന്ധത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്മ, മൂഡ് ഡിസോര്‍ഡര്‍പോലുള്ള മനോരോഗങ്ങള്‍, ശാരീരികക്ഷീണം, ലൈംഗികരോഗത്തെക്കുറിച്ചോ, ഗര്‍ഭധാരണസാധ്യതയെക്കുറിച്ചോ ഉള്ള ആശങ്ക, സ്വകാര്യതയില്ലായ്മ, ബാല്യകാലത്തുണ്ടായ ദുരുപയോഗം, അപകര്‍ഷത  തുടങ്ങി ഒട്ടനവധി കാരണങ്ങള്‍ കണ്ടെത്താനാകും.
മനഃശാസ്ത്രനിദാനമല്ലാതെ, ശാരീരികരോഗങ്ങളും സെക്ഷ്വല്‍ ഡിസ്ഫങ്ഷന്‍സുണ്ടാക്കാം. പ്രമേഹം, ഹോര്‍മോണ്‍ അപാകതകള്‍ (തൈറോയ്ഡ് രോഗങ്ങള്‍), നാഡീവ്യവസ്ഥയുടെ തകരാറുകള്‍ എന്നിവ ഇതില്‍പ്പെടുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഇതേ സാഹചര്യങ്ങളിലേക്കു നയിക്കാം.
ഒരു കാര്യം മാത്രമാണ് എടുത്തുപറയാനുള്ളത്. ഇത്തരം വ്യതിയാനങ്ങള്‍ തനിക്കുണ്ടോ എന്നു സ്വയം പഠിക്കുക. ഉണ്ടെങ്കില്‍ വിവാഹജീവിതത്തിലേക്കു കടക്കുംമുമ്പ് രണ്ടുവട്ടമാലോചിക്കുക. തന്റെ ആഭിമുഖ്യങ്ങള്‍ അസ്വാഭാവികമാണെന്നു തിരിച്ചറിയുക. എന്നാല്‍, അതോടനുബന്ധിച്ചുള്ള ഇന്ദ്രിയാനുഭൂതി അവരെ വഴിതെറ്റിക്കുകയാണു പതിവ്. 
കുടുംബത്തിലെ വിട്ടൊഴിയാത്ത കലഹങ്ങള്‍, മര്‍ദനം, നശീകരണപ്രവര്‍ത്തനങ്ങള്‍, എന്തിന്, കൊലപാതകത്തിന്റെവരെ പിന്നില്‍, സാഡിസംപോലെയുള്ള വ്യതിയാനങ്ങളോ പാരനോയിയപോലെയുള്ള മാനസികവിഭ്രാന്തിയോ ആയിക്കൂടെന്നില്ല. നരകതുല്യമായ ജീവിതമോ വിവാഹമോചനമോ ഒക്കെയാവാം ഇതിന്റെ പരിണതി.
വ്യതിയാനങ്ങള്‍ക്ക് വിദഗ്ധചികിത്സകള്‍ ലഭ്യമാണ്; മനഃശാസ്ത്രചികിത്സയും ഒപ്പം ഔഷധങ്ങള്‍ നല്കുന്ന സൈക്യാട്രിക് ചികിത്സയും.

 

Login log record inserted successfully!