•  25 Apr 2024
  •  ദീപം 57
  •  നാളം 7
പ്രണയ പാഠാവലി

പ്രേമാഭിഷേകം എത്രത്തോളം?

പ്രണയികളായ ഒട്ടുമിക്ക പുരുഷന്മാര്‍ക്കും ഒരു സ്വപ്നമേയുള്ളൂ: തനിക്ക് ഏറ്റവും അഭികാമ്യയായ ഇവളെ കല്യാണം കഴിക്കണം. നല്ലൊരു കുടുംബമായി ജീവിക്കണം. എങ്കിലും, ഈ നന്മകണ്ടുകൊണ്ട്, മുഴുവന്‍ പേരെയും നല്ലവരായി ഗണിക്കാന്‍ പറ്റില്ല. ചെറിയൊരു ശതമാനം പ്രശ്‌നക്കാരായി കാണപ്പെടുന്നു. അവര്‍ പ്രണയത്തിന് അന്ത്യം കുറിക്കുന്നത്, വഞ്ചന പുറത്തെടുത്തുകൊണ്ടാണ്. ബാക്കിയുള്ളവര്‍ ഭര്‍ത്തൃവേഷംകെട്ടി കുടുംബജീവിതത്തിലേക്കു പ്രവേശിക്കും. പിന്നീടാണ് ആട്ടിന്‍തോലഴിഞ്ഞു വീഴുക.
അതായത്, വ്യാജപ്രണയമാണ് കുഴപ്പക്കാരന്‍. എങ്ങനെയാണ് പ്രണയം വ്യാജമാണോ നിര്‍വ്യാജമാണോ എന്നറിയുക? അതല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം, രണ്ടും നല്‍കുന്ന അനുഭൂതി ഒന്നായിട്ടാണ് മസ്തിഷ്‌കം കണക്കാക്കുക. അത് ശാരീരിക - മാനസികതലങ്ങളിലായി വിന്യസിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, അനുഭൂതിയുടെ ആത്മീയതലം വ്യത്യസ്തമാണ്. അവിടെ കാരുണ്യവും നീതിയും വിവേകവുമാണ് പ്രണയത്തെ പ്രോസസ് ചെയ്യുക. അതിന് ചതിക്കുഴികളെക്കുറിച്ചു നല്ല ബോധ്യമുണ്ട്.
കേവലം, ശാരീരിക - മാനസികതലങ്ങളില്‍ പരിമിതപ്പെടുന്ന പ്രണയാനുഭൂതി ഒരു ലഹരിയാണ്. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചാലുണ്ടാകുന്ന അവസ്ഥപോലെയാണത്. ലഹരി പിടിച്ചാല്‍ നമുക്ക് ചില മിഥ്യാധാരണകള്‍ ഉണ്ടാകും. താന്‍ ആഗ്രഹിച്ചതൊക്കെ നേടിയെന്നോ മോഹിച്ചതുപോലെ ആയിത്തീര്‍ന്നെന്നോ ഒക്കെയുള്ള തോന്നലുകള്‍! യാഥാര്‍ത്ഥ്യവുമായി അതിനു പുലബന്ധംപോലുമില്ല. ''നിന്നെയല്ലാതെ ലോകത്ത് വേറൊരാളെയും എനിക്ക് ഇഷ്ടപ്പെടാനാകില്ല, നിന്നെ സ്വന്തമാക്കാന്‍ ഞാന്‍ എന്തും ചെയ്യും തുടങ്ങിയ ഭ്രമകല്പനകള്‍ അവളില്‍ ലഹരി പകരാം. ഇത്തരമൊരു നാടകത്തിനു പിന്നില്‍ സ്വാര്‍ത്ഥതാത്പര്യങ്ങളോ വഞ്ചനയോ ഇല്ലെന്നു പറയാനാകില്ല. എന്നാല്‍, ആ നിമിഷത്തില്‍ അവള്‍ക്കുണ്ടാകുക തഥ്യാബോധമാണ്. അങ്ങനെ മറഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ കാണാതെ പോകുന്നു. അതുകൊണ്ട് അവയെ മുന്‍കൂട്ടി കാണാന്‍ ശ്രമിക്കുകതന്നെ വേണം. വിവാഹപൂര്‍വപ്രണയകാലത്ത് ലൈംഗികാഭിമുഖ്യങ്ങള്‍ മറനീക്കി വരാം. അതൊക്കെ കല്യാണം കഴിഞ്ഞു മാത്രം മതിയെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്ന പെണ്‍കുട്ടിക്കു മുമ്പില്‍ ഒരു സെന്റിമെന്റ്‌സ് കടന്നുവരുന്നു: ''എന്നെ വിശ്വാസമില്ലല്ലേ?'' അതേത്തുടര്‍ന്ന് ദിവസങ്ങളോളം അവന്‍ മിണ്ടാതിരുന്നുകളയും. അവന്റെ ചൊരിഞ്ഞ പ്രേമാഭിഷേകം നഷ്ടപ്പെടുമോ എന്നോര്‍ത്ത് അവള്‍ക്ക് വേവലാതിയും. അങ്ങനെ കടുത്ത തീരുമാനങ്ങളില്‍ അയവു വരുത്തുകയും മനസ്സില്ലാമനസ്സോടെ ചിലതൊക്കെ സമ്മതിക്കേണ്ടിയും വരുന്നു. ഓര്‍ക്കുക; ഉഭയസമ്മതലൈംഗികത ഒരാളുടെ നിര്‍ബന്ധബുദ്ധിയിലൂടെയല്ല സംഭവിക്കേണ്ടത്. ഇന്ന് നിങ്ങളുടെ നിലപാടിനെയും വൈകാരികതയെയും പക്വതയോടെ കാണാത്ത വ്യക്തി, എങ്ങനെയായിരിക്കും ഭാവിജീവിതത്തില്‍ പെരുമാറുക? സ്വന്തമായി ആലോചിച്ചു ശരിയായ തീരുമാനമെടുക്കാനും അതില്‍ ഉറച്ചുനില്ക്കാനും എതിരായി വരുന്ന പ്രവണതകളെ നേരിടാനും കഴിയണം. 'നോ' എന്നു പറയേണ്ടിടത്ത് 'നോ' പറയാനുള്ള ആര്‍ജവം ശീലിക്കണം. ഇല്ലെങ്കില്‍ ഓരോ ദിവസവും പുതിയ പുതിയ കെണികളില്‍ച്ചെന്ന് തലവച്ചു കൊടുക്കേണ്ടി വരും. ഇത് സെക്‌സുമായി ബന്ധപ്പെട്ടു മാത്രം കാണേണ്ടതല്ല. വിദ്യാഭ്യാസം, ജോലി, വിദേശയാത്ര, മക്കള്‍ തുടങ്ങിയ സംഗതികളിലൊക്കെ നിലപാടുകള്‍ നിര്‍ണായകമാണ്.
കയ്‌പേറിയ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അവയെ നിസ്സാരവത്കരിക്കുകയോ കേള്‍ക്കാന്‍ അസഹിഷ്ണുത കാണിക്കുകയോ ചെയ്യുന്ന ആണ്‍കുട്ടിയുടെ വ്യക്തിത്വത്തെ അളക്കേണ്ടതായുണ്ട്. അത് ആത്മവിശ്വാസത്തിന്റെ സൂചനയായി തെറ്റിദ്ധരിക്കപ്പെടാം. യാഥാര്‍ത്ഥ്യങ്ങളെ പ്രായോഗികമായി നേരിടാനുള്ള പക്വതയില്ലാത്തവന്‍ ജീവിതം ദുരിതപൂര്‍ണമാക്കില്ലേ? വളരെ നിസ്സാരമായ ചില അഭിനിവേശങ്ങളായിരിക്കാം ഒരു പെണ്‍കുട്ടിയില്‍ ആകൃഷ്ടനാകുന്നതിനു പിന്നില്‍. ബാഹ്യസൗന്ദര്യം ഒന്നാമതു നില്‍ക്കുന്നു. നോട്ടം, നടത്തം, മൂക്ക്, ചിരി ഇതൊക്കെ ഒരുവനെ, അനുരാഗപരവശനാക്കിയെന്നിരിക്കും. തന്നെ വളരെയധികം സ്വാധീനിച്ച സ്ത്രീവ്യക്തിത്വങ്ങളുമായുള്ള സാമ്യം (അമ്മ, സഹോദരി, കസിന്‍...) ഒരു  പെണ്‍കുട്ടിയെത്തന്നെ പിന്‍തുടരാന്‍ അവനെ നിര്‍ബന്ധിതനാക്കാം. (തുടരും)

 

Login log record inserted successfully!