•  25 Apr 2024
  •  ദീപം 57
  •  നാളം 7
പ്രണയ പാഠാവലി

ആണാകലും പെണ്ണാകലും

  • ''കരയാതെ കാര്യം പറയെടീ...'' എന്ന് അക്ഷമനാകുന്നവന്‍ അറിയണം ആ മിഴിനീരിന്റെ ഉറവക്കണ്ണോളം നിങ്ങള്‍ ചെല്ലേണ്ടതുണ്ടെന്ന്. അവളൊന്നു പൊട്ടിത്തെറിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നത്, ആസുരതയുടെ പത്മവ്യൂഹം തീര്‍ത്താണോ? അതവളുടെ അഹത്തെ നിര്‍മലീകരിക്കുമായിരുന്നില്ലേ? കപടപക്വതയുടെ ചായംതേച്ച് മുഖം മിനുക്കി, അവളുടെ കൊഞ്ചല്‍മൊഴിക്കു നേരേ കാതടച്ചതു നീതിയാണോ?

''പെണ്ണാകല്‍'' പുരുഷനിലും ''ആണാകല്‍'' സ്ത്രീയിലും വികാസം പ്രാപിക്കേണ്ട ഒരു പുരോഗമനധര്‍മമാണ്. അതിന് അസ്തിത്വപ്രതിസന്ധിയുമായി ബന്ധമൊന്നുമില്ല. വൈശിഷ്ട്യങ്ങളെ പങ്കാളിയില്‍നിന്നു കൈക്കൊണ്ട് വ്യക്തിത്വം പുഷ്‌കലമാക്കുക. കുടുംബത്തിന്റെ ക്ഷേമൈശ്വര്യങ്ങള്‍ കാംക്ഷിക്കുന്നവര്‍, പരസ്പരമുള്ള ഈ ആദാനപ്രദാനങ്ങള്‍ ഒരു സര്‍ഗക്രിയയാക്കി മാറ്റുന്നു. എളിമയും ശുഭാപ്തിവിശ്വാസവും ഇതിനു പ്രചോദനമായി നിലകൊള്ളുകയും ചെയ്യുന്നു.
ഹൃദയങ്ങളുടെ വായനയില്‍നിന്നാണ് ഈ പ്രക്രിയ പ്രോദ്ഘാടനം ചെയ്യപ്പെടുക. സ്വാത്മവായന പരിമിതികളെ തിരിച്ചറിയാന്‍ സഹായിക്കുന്നു. അതേസമയം, അപരാധ്യയനമാകട്ടെ, തന്നിലേക്കാനയിക്കപ്പെടേണ്ട നിറസ്രോതസ്സുകളെ തേടിപ്പിടിക്കുന്നു.
മനുഷ്യനില്‍ ഒരു വികാരപ്രപഞ്ചംതന്നെ ചേര്‍ന്നിരിക്കുന്നു. അതില്‍ ഭാവാത്മകമായ വാത്സല്യം, സന്തോഷം, നിഷേധാത്മകമായ ക്ഷോഭം, ശോകം, ചാപല്യസൂചകങ്ങളായ കൊഞ്ചല്‍, ശൃംഗാരം ഇതൊക്കെ സ്ഥാനം പിടിച്ചിട്ടുണ്ടാവും. എന്നാല്‍ മാതൃകാപരമായ, വസ്തുതാബോധമുള്ള ഒരു കുടുംബജീവിതത്തില്‍ ഇത്തരം വികാരഗണന സാധുവാകുന്നില്ല.
സ്വത്വങ്ങള്‍ പരസ്പരം ഊടും പാവും തീര്‍ക്കുന്നത് യുക്തിയുടെ തറിയിന്മേലല്ല. വികാരങ്ങളുടെ പശിമകൂടി അതിനാവശ്യമാണ്. അലകളൊഴിഞ്ഞ പ്രശാന്തമായ വൈകാരികതയുടെ ഓളപ്പരപ്പില്‍ ഞൊടിനേരത്തേക്കുയരുന്ന ഒരു നെടുവീര്‍പ്പല്ലേ യുക്തി? യുക്തിവാദിയായ പുരുഷന്‍ സ്വയം  ചോദിക്കേണ്ട ചോദ്യമാണിത്. അപ്പോള്‍ സദ്വികാരങ്ങളെ ആഗിരണം ചെയ്ത്, നിഷേധാത്മകങ്ങളായവയെ വിസര്‍ജിക്കുന്നതുകൊണ്ട് എല്ലാം യുക്തിഭദ്രമാകുന്നില്ല എന്നു വരുന്നു.
ഇവിടെയാണ് വൈകാരികസംവേദനത്വം എന്ന സിദ്ധിക്ക് ഇടം കിട്ടേണ്ടത്. നൈസര്‍ഗികമായി അവള്‍ അതിന്റെ ഗര്‍ഭഗൃഹമാണ്. വൈകാരികതയുടെ ഉച്ചനീചത്വങ്ങള്‍ കിടമത്സരത്തിലേര്‍പ്പെട്ടാലും വിദൂരത്തിലല്ലാതെ അവള്‍ക്കൊരു ആശാബിംബമുണ്ട്; പ്രണയം! പ്രണയത്തിന്റെ മോതിരവളയത്തില്‍ വൈകാരികതയുടെ അംഗുലീതാളങ്ങള്‍ ചിട്ടപ്പെടുത്താന്‍ അവളെയാരും പഠിപ്പിക്കേണ്ട. തളര്‍ച്ചയില്‍ തിരിവെട്ടമേകി, വിജയത്തില്‍ തിലകം ചാര്‍ത്തി, സമ്മര്‍ദങ്ങളില്‍ നിസ്സംഗതയുടെ തടയണതീര്‍ത്ത് അവള്‍ എത്തും. നിങ്ങളുടെ ചപലമോഹങ്ങള്‍ക്കു ചിറകുകള്‍ തുന്നുമ്പോള്‍ അതിശയിക്കേണ്ട. ഒന്നേ അവള്‍ തിരികെ ആവശ്യപ്പെടുന്നുള്ളൂ: രസമുള്ള വൈകാരികദോലനങ്ങളോടുള്ള സഹാനുഭൂതി, അതു മാത്രം. പെണ്ണാകല്‍ചടങ്ങിനു പുരുഷന്‍ അഭ്യസിക്കേണ്ട ആദ്യപാഠമാണത്.
'കരയാതെ കാര്യം പറയെടീ...' എന്ന് അക്ഷമനാകുന്നവന്‍ അറിയണം ആ മിഴിനീരിന്റെ ഉറവക്കണ്ണോളം നിങ്ങള്‍ ചെല്ലേണ്ടതുണ്ടെന്ന്. അവളൊന്നു പൊട്ടിത്തെറിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നത്, ആസുരതയുടെ പത്മവ്യൂഹം തീര്‍ത്താണോ? അതവളുടെ അഹത്തെ നിര്‍മലീകരിക്കുമായിരുന്നില്ലേ? കപടപക്വതയുടെ ചായംതേച്ച് മുഖം മിനുക്കി, അവളുടെ കൊഞ്ചല്‍മൊഴിക്കു നേരേ കാതടച്ചതു നീതിയാണോ?
അവനു വൈകാരികസംവേദനത്വമുണ്ടാകട്ടെ... കുടുംബത്തിലും സമൂഹത്തിലും അവന്‍ സ്വീകാര്യനാകും.
അവളുടേത് കൂട്ടുത്തരവാദിത്വമുള്ള ഈഗോയാണ്. സ്വസമൂഹത്തിന്റെ ഉന്നതിക്കും ഐശ്വര്യത്തിനുമുള്ള ജാഗ്രത അതിലുണ്ട്. ഭര്‍ത്താവും മക്കളുമടങ്ങുന്ന വേദിയിലാണ് അവള്‍ വില കണ്ടെത്തുക. ഒറ്റയ്ക്കു വീരവാദം പറയുന്നവന്‍, സ്വസമൂഹത്തിന്റെ ബാനറില്‍ മേനി പറയട്ടെ. കുടുംബാംഗങ്ങളുടെ സംഘാതത്തിലെ ഒരു കണ്ണിയാണ് താനുമെന്നറിയുമ്പോള്‍, അവനില്‍ സ്‌ത്രൈണതയുടെ തുടിതാളം മുഴങ്ങുകയായി.
നിസ്സാരമെന്നോ ചെറുതെന്നോ പഴയതെന്നോ ഭേദമില്ലാതെ എല്ലാക്കാര്യങ്ങളിലും അവള്‍ക്കു കണ്ണുണ്ട്, ആലോചനയുണ്ട്; വീട്ടിലും വീട്ടിലുള്ളവരുടെ കാര്യത്തിലും. ആസ്തിയുടെയും ആഭിജാത്യത്തിന്റെയും പിന്നാലെ പരക്കം പായുമ്പോള്‍ അവഗണിക്കേണ്ടതല്ല കൊച്ചുകാര്യങ്ങള്‍. അവളുടെ കഥയും കഥയില്ലായ്മയും അവന്റെ മുന്‍ഗണനാപട്ടികയിലുണ്ടാകണം. സ്വസമൂഹത്തിന്റെ ഓരോ ശ്വാസവും അവന്റെതുംകൂടിയാണ്. ഈ തിരിച്ചറിവ് പൗരുഷത്തിന്റെ ശിലാസ്തംഭങ്ങളെ ഉരുക്കിവാര്‍ക്കുന്നു. തനിച്ചു സുഖിക്കുകയെന്ന മനോഭാവം മുളയിലേ നുള്ളണം. സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ ഒരുമിച്ചാകട്ടെ. അവള്‍ അതേറ്റവും ഇഷ്ടപ്പെടുന്നു. പങ്കാളിയെ ഒഴിവാക്കിയുള്ള ഉല്ലാസയാത്രകള്‍, എന്തു ന്യായം പറഞ്ഞായാലും, അവള്‍ക്കു നൊമ്പരമാകും. പുകവലി, മദ്യപാനം, മറ്റു ലഹരിവസ്തുക്കളോടുള്ള താത്പര്യം ഇതൊക്കെ അനാരോഗ്യകരമാണെന്നു മാത്രമല്ല, സ്വാര്‍ത്ഥസുഖപരത എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണു കൊണ്ടുപോകുന്നത്. സന്തോഷങ്ങള്‍ കുടുംബത്തിലെല്ലാവര്‍ക്കും വിരുന്നാകട്ടെ. ഒരേ മേശയില്‍, ഭക്ഷണം കഴിച്ചുകൊണ്ട് ഈ പാഠം പ്രായോഗികമാക്കിത്തുടങ്ങാവുന്നതേയുള്ളൂ.
ഒടുവില്‍, സെക്‌സിനെക്കുറിച്ചൊരു വാക്ക് - പ്രണയിച്ചു സെക്‌സിലെത്തുക. നിങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന വൈകാരിക അടുപ്പത്തെ പറിച്ചെറിയാന്‍, പിന്നെ ആര്‍ക്കാണു സാധിക്കുക? പ്രണയത്തിന്റെമേല്‍ അവള്‍ നല്‍കുന്ന അമൂല്യമായ സമ്പത്താണ് സെക്‌സ് എന്നു കരുതിയാലും തെറ്റില്ല.

 


 

 

Login log record inserted successfully!