•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

ചങ്ക്

ന്യഭാഷാപദങ്ങള്‍ മലയാളമാക്കുമ്പോള്‍ രൂപവും അര്‍ത്ഥവും മാറിപ്പോകാറുണ്ട്. കാലംകൊണ്ടാണ് പല വികാരങ്ങളും സംഭവിക്കുന്നത്. സംസ്‌കൃതത്തിലെ ശംഖിന്റെ രൂപാന്തരമാണ് മലയാളത്തിലെ ചങ്ക് (ശംഖം - ശംഖ് - ചങ്ക്) സമുദ്രത്തില്‍നിന്നുകിട്ടുന്ന ഒരു വസ്തുവാണ് ശംഖം അഥവാ ശംഖ് (Conch Shell). ക്ഷേത്രത്തിലെ ചടങ്ങുകളിലും മറ്റു ചില കര്‍മ്മങ്ങളിലും മംഗളവാദ്യമായും ചിലതരം വേളകളിലെ വാദ്യങ്ങളില്‍ ഒന്നായും ശംഖ് ഉപയോഗിക്കുന്നു (ഒരറ്റത്തു ദ്വാരമുണ്ടാക്കി അതിലൂടെ ഊതുമ്പോള്‍ മുഴക്കമുള്ള ഒരുതരം നാദം പുറപ്പെടും). യുദ്ധാരംഭം കുറിക്കാനും പണ്ട് ശംഖനാദം മുഴക്കിയിരുന്നു.
ശംഖിന്റെ തദ്ഭവമായ ചങ്കിന് മലയാളത്തില്‍ ഹൃദയം എന്നാണ് പ്രസിദ്ധമായ അര്‍ത്ഥം. കൂടാതെ കഴുത്ത്, തൊണ്ട, നെഞ്ച് തുടങ്ങിയ വിവക്ഷിതങ്ങളും ചങ്ക് എന്ന പദത്തിനുണ്ട്. ചങ്ക് + ഊറ്റമാണ് ചങ്കൂറ്റമാകുന്നത്. ചങ്കുറപ്പാണ് ചങ്കൂറ്റം. ശംഖുപുഷ്പം മലയാളത്തില്‍ ചങ്കുപുഷ്പവുമാകും. എന്നാല്‍, ഹൃദയത്തിന് ശംഖ് എന്ന് ആരും പറയില്ല. ശംഖിന്റെ രൂപവും അര്‍ത്ഥവും കാലംകൊണ്ട് മാറി എന്നു സാരം. ദേഷ്യം (കോപം), ദ്വേഷം (വെറുപ്പ്), അരത്തം (കുരുതി), രക്തം (blood), ശമ്പളം (salary ), ശംബളം (പൊതിച്ചോറ്) മുതലായവ കാലംകൊണ്ട് രൂപവും അര്‍ത്ഥവും മാറിപ്പോയ വാക്കുകളാണ്. 
ഇരട്ടച്ചങ്ക്, ചങ്ക്‌സ്, ചങ്ക്‌ബ്രോ, ചങ്കാണ് പാലാ തുടങ്ങിയ പ്രയോഗങ്ങളിലെ ചങ്ക് ഹൃദയവുമായി ബന്ധപ്പെട്ടവയാണല്ലോ. ഒന്നിനോടുള്ള ഇഷ്ടം കൂടുമ്പോള്‍, അവയെ ചങ്ക് എന്നു വിശേഷിപ്പിക്കുന്ന പ്രവണത ഇപ്പോള്‍ സാധാരണമായിരിക്കുന്നു. ശംഖ് (conch) ചങ്ക് (heart} ആയപ്പോളത് ഹൃദയമായി എന്നു ചുരുക്കം. ഹൃദയം എന്നെഴുതുമ്പോള്‍ ലിപിവിന്യാസത്തിലും അല്പം ശ്രദ്ധ വേണം. ''ഹൃദയത്തെ 'ഹ്‌റുദയം' ആക്കുന്നത് ശരിയല്ല. കൂട്ടക്ഷരമേ പിരിച്ചെഴുതാവൂ. നെഹ്രുവിനെ നെഹ്‌റു ആക്കാം. നെഹൃ ശരിയല്ല. ഋകാര ചിഹ്നം പുതിയ ലിപിയിലും ഉള്ളപ്പോള്‍ പകരം 'റ' ഉപയോഗിക്കേണ്ട ആവശ്യമില്ല.'' *എന്ന് സി.വി. വാസുദേവഭട്ടതിരി വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
*വാസുദേവഭട്ടതിരി, സി.വി., നല്ല മലയാളം, ഇംപ്രിന്റ്, കൊല്ലം, 1992, പുറം - 133

 

Login log record inserted successfully!