•  25 Apr 2024
  •  ദീപം 57
  •  നാളം 7
പ്രണയ പാഠാവലി

വൈകാരികതയുടെ രീതിശാസ്ത്രം

പ്രണയം അതിന്റെ സമസ്തദളങ്ങളോടുംകൂടി സജ്ജമാകുമ്പോള്‍ പ്രണയിയും പ്രണയിനിയും അന്യോന്യം ആകര്‍ഷിക്കപ്പെടുകയായി. അവര്‍ ഒന്നായി മാറുന്നു.  സ്ത്രീക്കും പുരുഷനും ഒന്നുപോലെ ബാധകമായ കാര്യമാണിത്. എന്നാല്‍, രതിജന്യമായ സന്തോഷം ഇരുവര്‍ക്കും വ്യത്യസ്തമായ ഉള്‍ക്കാഴ്ചയാണ്, അനുഭൂതിയാണ്.
പുരുഷലൈംഗികതയെക്കുറിച്ചാകാം ആദ്യാന്വേഷണം.
കാരുണ്യം, കരുതല്‍, അംഗീകാരം, വിശ്വസ്തത, സാമീപ്യം, ലൈംഗികത എന്നിങ്ങനെയാകുന്നു കുടുംബകേന്ദ്രീകൃത, ധര്‍മാനുസാരിയായ ലൈംഗികതയിലേക്കുള്ള വികാസക്രമം. പ്രണയദളങ്ങളില്‍ സാമീപ്യമാണ് ലൈംഗികതയിലേക്കുള്ള പാലം ഇപ്രകാരം വിശദീകരണത്തിനു വേണ്ടിവരുന്ന താത്ത്വികഭാരമൊന്നും റിയാലിറ്റിക്കില്ല. ആണിന് ഇക്കാര്യത്തില്‍ കുറുക്കുവഴികളുണ്ട്. അയാളുടെ രതിസാക്ഷാത്കാരത്തിന് പ്രണയം അവശ്യഘടകമേയല്ല!
ഇന്ദ്രിയോദ്ദീപനം സാധ്യമാകുന്നത്, ഒട്ടുംതന്നെ അസാധാരണത്വം അവകാശപ്പെടാനില്ലാത്ത പ്രേരകങ്ങളിലൂടെയാകാം. കാഴ്ച, കേള്‍വി, ഗന്ധം, സ്പര്‍ശം, ഓര്‍മ, ഭാവന ഇതൊക്കെ രതിയുടെ നിഴലേല്‍ക്കുന്ന മാത്രയില്‍ ഉണര്‍ത്തുപാട്ടാകുന്നു.
ഇവിടെ പ്രണയം ഓപ്ഷണലാകുന്നതു കാണാം. വേണമെങ്കില്‍ അതിന് ഐന്ദ്രികതയുമായി ചേര്‍ന്നുപോകാം. ഇല്ലെങ്കിലും വിരോധമൊന്നുമില്ല. എങ്ങനെയാണെങ്കിലും വൈകാരികതയുടെ തടിത്പ്രവാഹങ്ങള്‍ രതിസാഗരത്തില്‍ എത്തിച്ചേര്‍ന്നിരിക്കും; ഊനമില്ലാത്ത സംതൃപ്തിയോടെ. സെക്‌സിനുവേണ്ടി മാത്രം സ്ത്രീകളെ ലക്ഷ്യമിടുന്ന പുരുഷന്മാര്‍ ഒരു പുതിയ സംഭവമൊന്നുമല്ല. മാന്യതയുടെ മൂടുപടത്തിനുള്ളിലും അത്തരം നീചജന്മങ്ങള്‍ പതിയിരിപ്പില്ലേ എന്ന് അന്വേഷിക്കുന്നു നല്ലതാണ്. എന്നാല്‍, 'വിഷയാസക്തി'യോടെ ആണുങ്ങള്‍ക്കുവേണ്ടി വലവിരിക്കുന്ന സ്ത്രീകളോ? അത്തരമൊരു സ്ഥിതിവിവരക്കണക്കിന് സാധ്യതയോ സാധുതയോ ഉണ്ടോ? അന്വേഷണം, ഒരു കാലത്ത് പൈങ്കിളിവാരികകള്‍ക്ക് ചൂടും ചൂരും പകര്‍ന്ന പ്രേതകഥകളിലെ, യക്ഷിക്കഥാപാത്രങ്ങളില്‍ ചെന്നെത്താനാണ് സാധ്യത. യക്ഷികള്‍ക്കു വേണ്ടത് പുരുഷനെയാണല്ലോ. 
ആണിന്റെ ലൈംഗികപ്രതികരണങ്ങള്‍ ഏറെക്കുറെ ഹ്രസ്വവും അതേസമയം തീക്ഷ്ണവുമായ ഒരു സ്ഫുലിംഗം കണക്കേയാണെന്നു പറയാം. അതിന് ജീവശാസ്ത്രപരമായ കാരണങ്ങളുണ്ട്. പുരുഷപ്രത്യുത്പാദനവ്യൂഹത്തിന്റെ ധര്‍മം, അണ്ഡത്തിലേക്കു ബീജത്തെ വിക്ഷേപിക്കുകയാണല്ലോ. അത് സ്ഖലനമെന്ന മുഖാന്തരത്തോടു കൂടിയതാകുന്നു. സ്ഖലനപര്യന്തമാണ് അയാളുടെ ലൈംഗികപ്രതികരണങ്ങള്‍ അഥവാ ലൈംഗികസ്വത്വബോധത്തിന്റെ അസ്തമയം. ഉദായസ്തമയങ്ങള്‍ക്കിടയില്‍, തന്റെകൂടി ഭാഗധേയത്തില്‍ ഉരുവംകൊള്ളുന്ന ഒരു ശിശുവിന്റെ ഓമനമുഖം അയാള്‍ക്കു സങ്കല്പിക്കാനാവുമോ?
സ്ഖലനം നാഡീവ്യവസ്ഥയുടെ ഒരു റിഫ്‌ളക്‌സ് ധര്‍മമാണ്. ചുമ, തുമ്മല്‍ തുടങ്ങിയ ശാരീരികപ്രതികരണങ്ങള്‍പോലെ. സ്ഖലനാനുബന്ധിയായ സന്തോഷം അയാളെ വല്ലാതെ മോഹിപ്പിക്കുന്നു. രതിപൂര്‍വലീലകള്‍ ഈ മോഹസാക്ഷാത്കാരത്തിലേക്ക് തിരതല്ലിയൊഴുകുന്ന ചിറ്റോളങ്ങളും. രതിപൂര്‍വ്വലീലകളാകട്ടെ, ഭാവനയുടെ ശിഖരങ്ങളില്‍നിന്നും മുളയെടുക്കുന്നു. പുരുഷ കാല്പനികതയില്‍ അന്തര്‍ലീനമായിരിക്കുന്ന ലക്ഷ്യങ്ങള്‍ നിരവധിയാണ്. അത് കേവലം സന്താനോത്പാദനത്തില്‍ പരിമിതപ്പെടുന്നതല്ല. ലൈംഗികാഭിമുഖ്യം സൃഷ്ടിക്കുന്ന ആവേഗങ്ങള്‍ വൈവിധ്യമുള്ളവയാകുന്നു: സ്‌നേഹം പങ്കുവയ്ക്കല്‍, പ്രകടിപ്പിക്കല്‍, വൈകാരിക അടുപ്പം, സന്താനനിവൃത്തി എന്നിവ ലൈംഗികതയ്ക്കുള്ള അങ്ങേയറ്റം മാതൃകാപരവും ആദര്‍ശനിഷ്ഠവുമായ പ്രചോദനങ്ങളാണ്. എന്നാല്‍, തമസ്‌കരിക്കപ്പെട്ടതും ഒരു ദേശത്തിന്റെ സാംസ്‌കാരികാപചയം തുറന്നുകാട്ടുന്നതുമായ ഉള്‍പ്രേരണകളെ കണ്ടില്ലെന്നുവയ്ക്കാന്‍ കഴിയില്ല. അധിനിവേശം, പ്രതികാരം, ചതി, സ്വാര്‍ത്ഥത, സുഖലോലുപത എന്നിവ ഈ കരിമ്പട്ടികയില്‍പ്പെടുന്നു. ചിലര്‍ക്ക് ആത്മസംഘര്‍ഷത്തില്‍നിന്നു കരകയറാനുള്ള കച്ചിത്തുരുമ്പായും സെക്‌സ് മാറുന്നു. കടുത്ത അപകര്‍ഷത, ഭയം, ഉത്കണ്ഠ ഇവയ്ക്ക് താത്കാലിക വിരാമമിടാന്‍ അവര്‍ക്കായേക്കാം. കൗതുകം, ജിജ്ഞാസ ഇവ സെക്‌സില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ പ്രചോദനമാകാം. അതുപോലെതന്നെയാണ് പുതുമയ്ക്കുവേണ്ടിയുള്ള അഭിനിവേശവും. ഇവര്‍ ഒരിടത്തുതന്നെ ഒതുങ്ങിക്കൂടത്തക്കവിധം ചിട്ടയും അടക്കവുമുള്ളവരാകണമെന്നില്ല.
ഒരു കാര്യം വ്യക്തമാകുന്നു. നാണയത്തിന്റെ ഇരുവശങ്ങള്‍പോലെയാകുന്നില്ല പുരുഷനിലെ പ്രണയ-രതി മേളനം. വെറുക്കുന്ന സ്ത്രീയുടെ ലൈംഗികത ആസ്വദിക്കാനും അയാള്‍ക്കു സാധിക്കും. ലൈംഗികാതിക്രമങ്ങളുടെ പിറവി ഇങ്ങനെയാണല്ലോ. 
സ്‌നേഹം, പങ്കിടല്‍, സന്താനോത്പാദനം തുടങ്ങിയ ഉദാത്ത പ്രേരണകള്‍ മാറ്റി നിറുത്തിയാല്‍ ബാക്കിയുള്ളതെല്ലാംതന്നെ മാനവീയതയില്‍നിന്നുള്ള അപഭ്രംശങ്ങളാണ്. അല്ലെങ്കില്‍, കലയുടെയും സാഹിത്യത്തിന്റെയും ഹിംസാത്മകരാഷ്ട്രീയത്തിന്റെയും ഭൂമികയില്‍ മഹത്ത്വീകരിക്കപ്പെട്ടു കൂടായ്കയുമില്ല. എങ്ങനെയായാലും വ്യക്തിത്വവികാസത്തിന്റെ ധന്യമായ അവസ്ഥകളില്‍ ഏല്‍ക്കേണ്ടിവന്ന പരിക്കുകള്‍ ഇത്തരം വ്യതിയാനങ്ങള്‍ക്കു കാരണമായിട്ടുണ്ട്.
പുരുഷലൈംഗിക പ്രതികരണം, ഏറെക്കുറെ 'ഖണ്ഡിത'മാണെന്നു പറയാം. കാലസൂചികയില്‍ അതിന് നൈരന്തര്യം അവകാശപ്പെടാനില്ല. അതൊരു വികാസക്രമത്തിന്റെ ഭാഗവുമല്ല. ഉദയാസ്തമയങ്ങള്‍ക്കിടയില്‍ ചിതറിവീഴുന്ന ചില ഖണ്ഡങ്ങള്‍; അത്രമാത്രം. ദീര്‍ഘകാലാനുസന്ധിയും, മാനവീയതയെ പ്രതിഫലിപ്പിക്കുന്നതുമായ, ഒരു സ്വത്വബോധത്തെ അവതരിപ്പിക്കാന്‍, ഇനിയും കാലമേറെ വേണ്ടിവരും.
ദാമ്പത്യജീവിതത്തില്‍, രതികര്‍മം പ്രദാനം ചെയ്യുന്ന താത്കാലികാനുഭൂതി അവന്റെ സ്വപ്നങ്ങള്‍ക്ക് കിന്നരം മീട്ടുന്നു... വികീര്‍ണ്ണതയോ അദൈ്വതത്തിലെത്തിക്കുന്നു... സന്മാര്‍ഗ്ഗ - നൈതികാഹ്വാനങ്ങള്‍ക്ക് അവന്‍ സമ്മതം മൂളുന്നു; ശ്രമകരമാണെങ്കില്‍കൂടി. എന്നാല്‍, പ്രണയമാകട്ടെ, അവന്റെ ഉദ്യമങ്ങളെ ഊഞ്ഞാലാട്ടുകതന്നെ ചെയ്യും. കുതിച്ചുപായുന്ന മോഹാശ്വങ്ങളെ തളയ്ക്കാന്‍ അപ്പോഴാണു കഴിയുക.
പ്രണയം വിഭക്തമായിരിക്കെ, കേവലം ഐന്ദ്രികതയെ ഉപാസിക്കുന്നവന്റെ രീതിശാസ്ത്രം മറ്റൊന്നാണ്. സമാഗമങ്ങള്‍ മാത്രമാണ് അജണ്ട. സ്ഥലകാലനിഷ്ഠകളോ, വ്യവസ്ഥാപിതമായ തയ്യാറെടുപ്പുകളോ അവനെ അലട്ടുന്നില്ല. ഹൃദയങ്ങളുടെ ലയം, ആര്‍ക്കാണ് നിര്‍ബന്ധം! കാലങ്ങളായി കൊണ്ടുനടക്കുന്ന, ലാവണ്യത്തിന്റെ വാര്‍പ്പുമാതൃകകള്‍പോലും വലിച്ചെറിഞ്ഞ്, കണ്ടതിനെയൊക്കെ ആശ്ലേഷിക്കാന്‍ കഴിയുന്നതതുകൊണ്ടല്ലേ?
ഇനി പങ്കാളിതന്നെയും വേണമെന്ന് ആര്‍ക്കാണു ശാഠ്യം? ഇല്ലെങ്കില്‍ വേണ്ട; ഉള്ളതുകൊണ്ടോണംപോലെ. വേണ്ടതൊക്കെ കാല്പനികതയില്‍ സ്ഫുടം ചെയ്‌തെടുക്കാന്‍ വശമുള്ളവനാണവന്‍. രതികാമനയുടെ ശരവേഗങ്ങളെ ആവാഹിച്ചിരുത്തുവാന്‍ സജീവവും ഒപ്പം നിര്‍ജീവവുമായ ഉപാധികള്‍ മതിയാവോളമുണ്ട്. 'വ്യതിയാനങ്ങള്‍' എന്നു വിളിച്ച് അധിക്ഷേപിച്ചാലും അതത്ര മോശമാണെന്നു കരുതാന്‍ അവനു സാധിക്കാറില്ല. ഫാന്റസിയുടെ നയനാനന്ദകരമായ ശില്പചാരുതയ്ക്കു മുമ്പില്‍ ആത്മപൂജ നടത്തുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു.
സ്ത്രീപുരുഷബന്ധത്തെ, ലാഘവബുദ്ധിയോടെ, അല്ലെങ്കില്‍ സോപാധികമായി കാണാന്‍ പുരുഷനെ പ്രേരിപ്പിക്കുന്നതെന്തായിരിക്കും സന്താനോത്പാദനത്തിനുള്ള, ലൈംഗികബന്ധത്തില്‍ താന്‍ വെറുമൊരു നിമിത്തം മാത്രമായിപ്പോകുമെന്നു തോന്നിയതുകൊണ്ടോ? ബീജ - അണ്ഡ സംയോഗത്തിന്റെ ഉത്പന്നമായ ഭ്രൂണംപോലും കായികമായും മാനസികമായും അന്യവത്കരിക്കപ്പെടുന്നല്ലോ എന്നോര്‍ത്തിട്ടോ?

 

Login log record inserted successfully!