•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവിത

കൊവിഡിനോടു പൊരുതാം

  • പ്രഫ. എ.ടി. ഏബ്രഹാം വാളനാട്ട്‌
  • 18 March , 2021

ഭൂലോകമെങ്ങുമതി ഭീതി വിതച്ചു നീളേ-
യാളിജ്ജ്വലിച്ചു പടരുന്നൊരു ഘോരവഹ്നി.
ചേലേറുമിദ്ധരണിയാകവെ യീ മഹാഗ്നി-
യാലേ വരണ്ടു മുരടിച്ചു വിവര്‍ണയായി.

പാരാകെ മര്‍ത്ത്യരതിഭീകരമീ വിപത്താല്‍
തീരാത്ത വേദനയിലാണ്ടു വലഞ്ഞിടുന്നു.
ഈ രോദനത്തിനിനിയെന്നവസാന? മെന്നാ-
ണാരായ്‌വതാരു മതിതീവ്ര നിരാശയോടേ.

നേരോര്‍ക്കില്‍ ഭൂവിതിലെ മാനുഷവാസകാലം
ധാരാളമായ് സഹനമാര്‍ന്നതുതന്നെ, യെന്നാല്‍
വാരാര്‍ന്നൊരീ ഭുവനസൃഷ്ടി മഹാ രഹസ്യ-
സാരം ഗ്രഹിക്കിലഴലൊക്കെ വെടിഞ്ഞിടും നാം.

ഭൂവില്‍ മനുഷ്യനഖിലം ശുഭമായ് ഭവിക്കാ-
നാവി,ല്ലെഴും സഹനമേറെയു, മെന്നിരിക്കെ
ഈ വിശ്വചക്ര ബഹുദീര്‍ഘഗതിക്കിടയ്ക്കി-
ക്കൊവിഡ് വിപത്തു നിയതം ചെറുതൊന്നു മാത്രം.

ദൈര്‍ഘ്യം കുറഞ്ഞീടിലുമീയിഹലോകയാത്രാ-
മദ്ധ്യേ നമുക്കു സഹചാരികളായനേകം
ദുഃഖങ്ങളെത്തു,മവ നീക്കുവതിന്നൊരാള്‍ക്കു-
മൊക്കില്ല, നമ്മളവ പേറുകതന്നെ വേണം.

ദാരിദ്ര്യപീഡകള്‍, നിരന്തരമായി വിട്ടു-
മാറാത്ത രോഗദുരിതങ്ങള്‍ പലേ തരങ്ങള്‍,
തീരാതെഴും പ്രകൃതി സൃഷ്ടവിപത്തുകള്‍, പി-
ന്നോരോതരം മനുജനിര്‍മിതപീഡനങ്ങള്‍.

ചൊല്ലീടിലിങ്ങനെയെഴുന്നഴലേറെ,യെന്നാ-
ലെല്ലാറ്റിലും വലുതു മൃത്യു തരുന്ന ദുഃഖം.
നല്ലാത്മബന്ധുതയിലാം പ്രിയ ലോകര്‍ പെട്ടെ-
ന്നില്ലാതെയാവതിലെ ദുഃഖമവര്‍ണ്യമല്ലേ?

നന്നേ തിളക്കമൊടെയിന്നലെ നമ്മോടൊപ്പം
ഒന്നിച്ചു ചേര്‍ന്നു വിഹരിച്ചവരാമനേകര്‍
ഇന്നില്ല നമ്മുടെ യിട,യ്ക്കവര്‍ പോയ് മറഞ്ഞൂ
കണ്‍മുമ്പില്‍ നിന്നു നിനയാ നിമിഷത്തില്‍ വേഗം

വന്നീടുമിങ്ങനെ ജഗത്തില്‍ വിടാതെ കൊണ്ടൊ-
ന്നൊന്നായ് വിപത്തുകള്‍ തുടര്‍ന്നുമനേകമേവം.
എന്നാലുമാശ വെടിയാതെ സുധീരരായ് നാം
മുന്നേറണം, മനുജ ധര്‍മമതാണു പാരില്‍.

ഈ വര്‍ണമുഗ്ദ്ധ ഭുവനത്തൊടു യാത്ര ചൊന്നു
പോവുന്നതാകുയാര്‍ക്കുമെഴാവ,തെന്നാല്‍
ആവുന്നപോല്‍ പരനു നന്മകള്‍ ചെയ്തു വേഗം
പൂവിന്‍ സമം പിരിയില്‍ നൂനമതല്ലി ഭാഗ്യം?

ചിന്തിച്ചിടുന്നു പലരും ഭുവി നീണ്ടൊരായു-
സ്സുണ്ടാകുമെങ്കിലതു മുന്തിയ ഭാഗ്യമെന്ന്.
എന്തുള്ളു കാര്യമിതില്‍? ജീവിതദൈര്‍ഘ്യമല്ലാ,
സന്തുഷ്ട ജീവിതമതാണു വിശിഷ്ടമേറെ.

പ്രത്യാശയോടെ തുടരാ,മതു മാത്രമന്ത്യം
ലക്ഷ്യത്തിലെത്തുവതിനുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗം
നിത്യേന നേരിടുവതാം സഹനങ്ങളെല്ലാം
ഭക്ത്യാ വരിക്ക വഴിയാന്തരശക്തി നേടാം.

കൊവിഡ് ദുരന്തമിനി നീളുവതെത്ര നാളെ-
ന്നാവില്ലൊരാള്‍ക്കുമറിയാന്‍, നരരല്ലയോ നാം
ഈ വേദനയ്ക്കറുതി താമസമെന്നിയേയു-
ണ്ടാവാന്‍ പരാപരനനുഗ്രഹമേകിടട്ടെ.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)