നോമ്പ് എന്ന വാക്ക് തമിഴ് ഭാഷയിലെ നോയമ്പ് എന്ന പദത്തില്‍നിന്ന് ഉണ്ടായതാണ് (നോയ് = സഹനം + അന്‍പ് = സ്‌നേഹം). സ്‌നേഹത്തോടെയുള്ള സഹനം എന്നാണ് അര്‍ത്ഥം. ഈ അര്‍ത്ഥത്തില്‍ എറ്റവും വലിയ നോയമ്പ് നോക്കിയത് ഈശോമിശിഹാതന്നെയാണ്. മനുഷ്യകുലത്തോടുള്ള തന്റെ സ്‌നേഹത്തെപ്രതി സഹനം ഏറ്റെടുത്ത്, മനുഷ്യകുലത്തെ വിശുദ്ധീകരിച്ചു വീണ്ടെടുത്തത് മിശിഹായാണ്. ഉപവാസവും പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും പരിത്യാഗപ്രവര്‍ത്തനങ്ങളുമെല്ലാം സ്‌നേഹത്തോടെയുള്ള ഈ സഹനത്തിന്റെ ഭാഗമാണ്.
പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും ആത്മനിയന്ത്രണത്തിലൂടെയും മനുഷ്യന്‍ കൂടുതല്‍ ദൈവോന്മുഖനായി, ദൈവത്തോടുകൂടെ വസിക്കുക എന്നതാണ് ഉപവാസം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പാപംമൂലം നഷ്ടമായ പറുദീസായുടെ അനുഭവത്തിലേക്കുള്ള തിരിച്ചുവരവാണ് നോമ്പുകാലത്തിലൂടെ യാഥാര്‍ത്ഥ്യമാകേണ്ടത്. പറുദീസാനുഭവം ദൈവത്തോടുകൂടെയായിരിക്കുക എന്നതാണ്. പറുദീസാനുഭവം നഷ്ടപ്പെട്ട മനുഷ്യകുലത്തിന് മിശിഹായിലൂടെ അതു വീണ്ടും ലഭിച്ചു. സഭാപിതാവായ മാര്‍ അപ്രേം എഴുതിയിരിക്കുന്നത് ആദിപാപം ആദാമിന്റെ ഭക്ഷണപ്രിയംമൂലം വന്നുവെങ്കില്‍, മിശിഹാ തന്റെ ഉപവാസത്താല്‍ ആദാമിന്റെ പാപം സുഖപ്പെടുത്തി എന്നാണ്. മിശിഹായിലൂടെ ലഭിച്ച പറുദീസാനുഭവത്തില്‍ കൂടുതല്‍ ആഴപ്പെടുന്നതിനുള്ള അവസരമാണ് നോമ്പുകാലം. ഈശോമിശിഹായുടെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവുമടങ്ങുന്ന പെസഹാരഹസ്യങ്ങളെ ധ്യാനിക്കുന്നതിനൊപ്പം മനുഷ്യന്റെ പാപവും അതിന്റെ അനന്തരഫലങ്ങളും നോമ്പുകാലത്തെ നമ്മുടെ ധ്യാനത്തിനു വിഷയമാകുന്നു.
വിശുദ്ധഗ്രന്ഥത്തില്‍, പഴയനിയമകാലംമുതല്‍ പ്രാര്‍ത്ഥനയും ഉപവാസവുമായി ഒരു നിശ്ചിതകാലം ചെലവഴിച്ചിരുന്ന ജനതയെ കാണാന്‍ സാധിക്കും. ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടുള്ള ഉപവാസം രൂപപ്പെടുന്നത് വിലാപത്തിനുള്ള അനുഷ്ഠാനവിധിയോട് അനുബന്ധിച്ചാണ് (1 സാമു. 31,13; 2 സാമു.1,12). അനിയന്ത്രിതമായ കോപം, അഹങ്കാരം, ദുഃഖം എന്നിവയില്‍നിന്ന് വിടുതല്‍ നേടുന്നതിനായി ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിച്ചിരുന്നതായി വിശുദ്ധഗ്രന്ഥത്തില്‍ കാണാന്‍ സാധിക്കും (1 സാമു. 1,7; 1 രാജാ. 21, 14). അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ബാഹ്യപ്രകടനമായി ചാക്കുടുത്ത്, ചാരം പൂശി ഉപവാസം അനുഷ്ഠിച്ചിരുന്നു (2 സാമു. 12,22; യോന 3). യുദ്ധമോ യുദ്ധഭീഷണിയോ ഉണ്ടാകുന്ന അവസരത്തില്‍ ഇസ്രായേല്‍ ഉപവസിച്ചിരുന്നതായി വിശുദ്ധഗ്രന്ഥത്തില്‍ കാണാന്‍ സാധിക്കും (2 ന്യായ. 20,26, 1 സാമു. 7,6). ദാവീദ് തന്റെ മകന്റെ സുഖപ്രാപ്തിക്കായി ഉപവസിച്ചു പ്രാര്‍ത്ഥിക്കുന്നുണ്ട് (2 സാമു. 12,16). രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് സങ്കീര്‍ത്തനങ്ങള്‍ പഠിപ്പിക്കുന്നു (സങ്കീ. 35,13). ദുഃഖത്തിന്റെ അവസരത്തില്‍ ദാവീദും അനുചരന്മാരും ഉപവാസം അനുഷ്ഠിച്ചിരുന്നു (2 സാമു. 1,12). ആസന്നമായ അപകടത്തില്‍നിന്നു രക്ഷ നേടുന്നതിന് രാജാക്കന്മാര്‍ രാജ്യം മുഴുവനിലും ഉപവാസം പ്രഖ്യാപിച്ചിരുന്നു (2 ദിന. 20,3; ജറ. 36,9; നെഹ. 1,14). ദുരിതങ്ങളും മഹാമാരികളും അവസാനിക്കുന്നതിനായും തങ്ങളുടെ പാപങ്ങളെക്കുറിച്ചുള്ള അനുതാപത്തിന്റെ ബാഹ്യ അടയാളമായും ഇസ്രായേല്‍ക്കാര്‍ ഉപവാസമനുഷ്ഠിച്ചിരുന്നു (1 രാജാ. 21,9; നെഹ. 9,1-3). ദൈവികവെളിപാടുകള്‍ സ്വീകരിക്കുന്നതിനൊരുക്കമായും (പുറ. 34,28; നിയ. 9,9; ദാനി. 9,3;10,3; 1 സാമു. 28,20) അവര്‍ ഇപ്രകാരം ചെയ്തിരുന്നു.
പ്രാര്‍ത്ഥന ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗമാണ് ഉപവാസമെന്ന് പുതിയ നിയമം പഠിപ്പിക്കുന്നു. പുതിയ നിയമത്തില്‍ ഉപവാസവും പ്രാര്‍ത്ഥനയുമായി ദിനരാത്രങ്ങള്‍ ചെലവഴിക്കുന്ന ഈശോയെ കാണുന്നു. ബാഹ്യമായ അനുഷ്ഠാനങ്ങളെക്കാള്‍ ആന്തരികതയ്ക്കാണ് അവിടുന്ന് പ്രാധാന്യം നല്കിയത് (മത്താ. 6,16; മര്‍ക്കോ. 9, 29). ദൈവപിതാവില്‍നിന്ന് അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയാണ് ഉപവസിക്കേണ്ടത്. ദുഷ്ടശക്തികളെ പുറത്താക്കുന്നതിനുള്ള മാര്‍ഗം ഉപവാസവും പ്രാര്‍ത്ഥനയുമാണെന്ന് മിശിഹാ പറയുന്നുണ്ട് (മര്‍ക്കോ 9,29).
ശ്ലൈഹികസഭയുടെ ജീവിതത്തിന്റെ ഭാഗമായും ചില പ്രത്യേക അവസരങ്ങളില്‍ ഉപവസിച്ചിരുന്നതായി കാണാന്‍ സാധിക്കും (2 കോറി. 6,5; 11,27; അപ്പ. 13,3; 14,23; 27,9). ആദിമക്രൈസ്തവര്‍ ഈശോയുടെയും ശ്ലീഹന്മാരുടെയും മാതൃകയനുസരിച്ച് ഉപവസിച്ചിരുന്നു. മാമ്മോദീസായ്ക്ക് ഒരുക്കമായി അത് സ്വീകരിക്കുന്നവരും നല്കുന്നവരും ഉപവസിച്ചിരുന്ന രീതി ആദിമസഭയില്‍ ഉണ്ടായിരുന്നതായി ഡിഡാക്കേ എന്ന പുസ്തകം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പീഡാനുഭവആഴ്ചയില്‍ ഉപവസിക്കുന്ന രീതി രണ്ടാംനൂറ്റാണ്ടുമുതല്‍ നിലവിലിരുന്നതായി സഭാപിതാക്കന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതാണ് സഭയില്‍ വലിയനോമ്പായി വളര്‍ന്നത്.
ഉപവാസം പാപത്തിന്റെ വശീകരണത്തില്‍നിന്ന് നമ്മെ വിടുവിച്ച് അനുതാപത്തിലേക്കു നയിക്കുന്നു. ക്രൈസ്തവന് എല്ലാ സമയത്തും ഉപവസിക്കുന്നതിനു സ്വാതന്ത്ര്യമുണ്ട്. അത് അനുഷ്ഠാനങ്ങള്‍ കൂട്ടുന്നതിനല്ല, ആത്മനിയന്ത്രണം നേടുന്നതിനാണ്. ശരീരംകൊണ്ടും ആത്മാവുകൊണ്ടും ഉപവസിക്കണം. ഉപവാസം ദൈവതിരുമുമ്പില്‍ വലിയ വിലയുള്ള നിധിയാണ്. അത് തിന്മയ്‌ക്കെതിരേയുള്ള വലിയ ആയുധമാണ്. ഹൃദയപരിശുദ്ധിയില്ലെങ്കില്‍ ഉപവാസം സ്വീകാര്യമല്ല. ദൈവസന്നിധിയിലേക്ക് നമ്മുടെ ചിന്തകളെ ഉയര്‍ത്തുന്നതിനും റൂഹാദ്ഖുദ്ശായുടെ ഫലങ്ങള്‍ സ്വീകരിക്കുന്നതിനും പ്രലോഭനങ്ങള്‍ക്കെതിരേ പൊരുതുന്നതിനും ഉപവാസം ആവശ്യമത്രേ. ഉപ്പ് മാംസത്തെ കേടുകൂടാതെ സംരക്ഷിക്കുന്നതുപോലെ ഉപവാസം വഴി നമ്മില്‍ പുണ്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. ദാനധര്‍മം അനുധാവനം ചെയ്യുന്നില്ലെങ്കില്‍ ഉപവാസം സ്വര്‍ഗത്തിലേക്കുയരില്ല; ഉപവാസം പ്രാര്‍ത്ഥനയുടെ സഹോദരിയാണ്. ഉപവാസം ആത്മാവിനെ സ്വര്‍ഗീയഭക്ഷണത്തിലേക്കുയര്‍ത്തുന്നു. ഉപവാസം മറ്റു പുണ്യങ്ങളുടെ അടിസ്ഥാനമാണ്. ഇപ്രകാരം പലവിധത്തില്‍ നോമ്പിനെയും ഉപവാസത്തെയും സഭാപിതാക്കന്മാര്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. തോമസ് അക്വീനാസ് പറയുന്നു: ''ജീവന്റെ പുസ്തകം വായിച്ചുകൊണ്ട് നിരന്തരം പ്രാര്‍ത്ഥിക്കുവിന്‍. ഈ പുസ്തകം ദൈവമനുഷ്യനായ ഈശോമിശിഹായാണ്. ആ ജീവിതം ദാരിദ്ര്യവും സഹനവും അനുസരണയുംകൊണ്ട് നിറഞ്ഞതായിരുന്നു. അവന്റെ സഹനത്തെയും മരണത്തെയുംകുറിച്ച് ധ്യാനിക്കുക. ഇത് പൂര്‍ണമായും ഹൃദയത്തില്‍നിന്ന് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും കൃത്യമായും വ്യക്തമായും അധരങ്ങളില്‍നിന്നെങ്കിലും ചെയ്യുക. കാരണം, അധരങ്ങള്‍ നിരന്തരം സംസാരിക്കുമ്പോള്‍ ഹൃദയത്തിന് ഉണര്‍വ്വും ചൂടും ലഭിക്കും.''
നോമ്പാചരണങ്ങള്‍ വളരെ കാര്‍ക്കശ്യത്തോടെ അനുഷ്ഠിച്ചിരുന്നവരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍. അതിപുരാതനമായ കാലംമുതല്‍ മാര്‍ത്തോമാനസ്രാണികള്‍ കൃത്യമായും കര്‍ക്കശമായും നോമ്പും ഉപവാസവും ആചരിച്ചിരുന്നു. പ്രധാനപ്പെട്ട എല്ലാ തിരുനാളുകള്‍ക്കും ഒരുക്കമായി നോമ്പുകാലം ഉണ്ടായിരുന്നു. ആണ്ടുവട്ടത്തില്‍ 225-ഓളം ദിവസങ്ങളില്‍ നോമ്പും ഉപവാസവുമാചരിച്ചിരുന്നു. വിശുദ്ധ നോമ്പുകാലം എന്നു വിളിച്ചിരുന്ന വലിയ നോമ്പുകാലമായിരുന്നു ഏറ്റവും പ്രാധാന്യത്തോടെ ആചരിച്ചിരുന്നത്. പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ദാനധര്‍മത്തിനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും വളരെ പ്രാധാന്യം നല്കിയിരുന്നു. വിശ്വാസചൈതന്യത്തില്‍ ജീവിച്ചിരുന്ന മാര്‍ത്തോമ്മാനസ്രാണികള്‍ക്ക് നവീകരണത്തിന്റെയും വിശുദ്ധീകരണത്തിന്റെയും അവസരമായിരുന്നു നോമ്പുകാലം. പൗരാണികകാലങ്ങളില്‍ കഠിനമായ ചിട്ടക്രമങ്ങളാണ് ഉണ്ടായിരുന്നത്. ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക, മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുക, പള്ളിയില്‍ കൂടുതല്‍ സമയം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക എന്നിവ പ്രധാനപ്പെട്ടവയായിരുന്നു. നോമ്പു ലംഘിക്കുന്നത് വലിയ തെറ്റായാണ് കരുതിയിരുന്നത് എന്ന് ആദരണീയനായ ചരിത്രപണ്ഡിതന്‍ പ്ലാസിഡച്ചന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നാം ആരംഭിക്കുന്ന നോമ്പുകാലം ദൈവവചനത്തിലധിഷ്ഠിതമായിരിക്കണം; സഭാപാരമ്പര്യത്തിനും നമ്മുടെ പൂര്‍വികര്‍ കാണിച്ചുതന്നിട്ടുള്ള തീക്ഷ്ണതയ്ക്കും അനുസരിച്ചായിരിക്കണം. നോമ്പുകാലം നമുക്ക് വീണ്ടും ജനിക്കുന്നതിനും മിശിഹായെ കൂടുതല്‍ അനുഭവിക്കുന്നതിനും സ്വന്തം കുരിശെടുത്തുകൊണ്ട് മിശിഹായെ അനുകരിക്കുന്നതിനുമുള്ള അവസരമാണ്. ദൈവവചനം കൂടുതല്‍ വായിക്കുന്നതിനും ധ്യാനിക്കുന്നതിനും ദൈവവചനമനുസരിച്ച് അനുദിനജീവിതത്തെ ക്രമീകരിക്കുന്നതിനും നമുക്കു സാധിക്കണം. വിശുദ്ധ കുമ്പസാരം നടത്തി വേണ്ടത്ര ഒരുക്കത്തോടെ നോമ്പുകാലത്തേക്കു പ്രവേശിക്കുന്നത് ഉത്തമമാണ്. നമ്മുടെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ വലിയ ജനപങ്കാളിത്തം സാധ്യമാകുന്നില്ലെങ്കിലും സാധിക്കുന്നവിധത്തില്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുവാന്‍ നാം എല്ലാവരും ശ്രദ്ധിക്കണം. തിരുക്കര്‍മങ്ങളുടെ സമയത്തല്ലാതെയാണെങ്കിലും ദൈവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനും കൂടുതല്‍ പ്രാര്‍ത്ഥനാരൂപിയില്‍ വളരുന്നതിനും ഈ നോമ്പുകാലം നമ്മെ സഹായിക്കണം. കുടുംബാംഗങ്ങള്‍ എല്ലാവരും ഒന്നുചേര്‍ന്ന് കുടുംബപ്രാര്‍ത്ഥനകള്‍ നിഷ്ഠയോടെ അര്‍പ്പിക്കുകയും ദൈവവചനം വായിച്ചു ധ്യാനിക്കുകയും വേണം. ദൈവവചനത്തിനും ദൈവത്തിന്റെ സ്വരത്തിനും സവിശേഷപ്രാധാന്യം കൊടുക്കുവാനുള്ള അവസരമാണ് നോമ്പുകാലം. സെല്‍ഫോണുകളുമായുള്ള ബന്ധം നിയന്ത്രിച്ച് ദൈവവചനവുമായുളള ബന്ധം സ്ഥാപിക്കുവാനുള്ള അവസരമാണിത്. അനാവശ്യവാക്കുകളും വ്യര്‍ത്ഥസംഭാഷണങ്ങളും കിംവദന്തികളും പരദൂഷണങ്ങളും വെടിയുന്നതിനും കര്‍ത്താവിനോടു കൂടുതല്‍ സംഭാഷണം നടത്തുന്നതിനുമുള്ള സമയമാണ് നോമ്പുകാലം.
മരുഭൂമിയുടെ ഏകാന്തതയിലാണ് മിശിഹാ പ്രാര്‍ത്ഥിച്ചൊരുങ്ങിയതും പ്രലോഭനങ്ങളെ അതിജീവിച്ചതും. നോമ്പിലൂടെ നാം മരുഭൂമിയിലേക്കു കടക്കുകയാണ്. മരുഭൂമിയില്‍ വച്ച് കൂടൂതല്‍ വ്യക്തത ലഭിക്കും. നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. നമ്മെ ശല്യപ്പെടുത്തുന്ന, ശ്രദ്ധ വ്യതിചലിപ്പിക്കുന്ന പലതും മരുഭൂമിയില്‍ ലഭിക്കില്ല. ലൗകികകാര്യങ്ങള്‍ക്കുവേണ്ടിയാണ് പലപ്പോഴും നാം ജീവിതം പാഴാക്കുന്നത്. മരുഭൂമിയില്‍വച്ച് ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി നാം ഏറ്റുമുട്ടുന്നു. അരൂപി നമ്മെയും മരുഭൂമിയിലേക്കു നയിക്കട്ടെ. അവിടെ ആര്‍ഭാടങ്ങള്‍ അപ്രത്യക്ഷമാകും. ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ കഴിയും. ഭക്ഷണപാനീയങ്ങളെക്കുറിച്ചുളള വ്യഗ്രതകള്‍ കുറയും. നമുക്ക് അല്പം വിശന്നും ദാഹിച്ചും ഈ നോമ്പുകാലം, മരുഭൂമിവാസം ഫലപ്രദമാക്കാം. ആരവങ്ങളില്‍നിന്നും ബഹളങ്ങളില്‍നിന്നും മനസ്സിനെയും ശരീരത്തെയും മാറ്റിനിറുത്തി ശാന്തതയോടും പരസ്‌നേഹചൈതന്യത്തോടും ജീവിതത്തെ ക്രമപ്പെടുത്താന്‍ പരിശ്രമിക്കാം.