•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ഋഷിതുല്യനായ ഇടയശ്രേഷ്ഠന്‍

  • ഷാജി മാലിപ്പാറ
  • 25 February , 2021

സീറോ മലബാര്‍ സഭയുടെ ആദ്യത്തെ മേജര്‍ ആര്‍ച്ചുബിഷപ്പും കേരളസഭയിലെ രണ്ടാമത്തെ കര്‍ദിനാളുമായിരുന്ന മാര്‍ ആന്റണി പടിയറ പിതാവിന്റെ ജന്മശതാബ്ദിവര്‍ഷമാണിത്. അദ്ദേഹത്തെക്കുറിച്ച് ഒരു അനുസ്മരണം.

വര്‍ഷം 1994. സ്ഥലം എറണാകുളം ഡര്‍ബാര്‍ഹാള്‍ ഗ്രൗണ്ട്. മദ്യവിരുദ്ധസമിതിയുടെ സന്ദേശറാലിയുടെ സമാപനസമ്മേളനം. ഉദ്ഘാടകന്‍ മാര്‍ ആന്റണി പടിയറ. മുഖ്യാതിഥി നിത്യചൈതന്യയതി. പിതാവ് പ്രസംഗിക്കാന്‍ വന്നുനിന്നത് ഇന്നുമോര്‍ക്കുന്നു. സാന്താക്ലോസിന്റെതുപോലുള്ള നീണ്ടï വെള്ളത്താടി. അതിനിടയിലൂടെ തെളിഞ്ഞുകാണുന്ന ചെറുപുഞ്ചിരി. ചിതറിവീഴുന്ന ഒരു ചെറുവാക്ക്. പിന്നെയൊരല്പം ഇടവേള. വീണ്ടും ഒരു വാക്ക്. അങ്ങനെയങ്ങനെ മര്‍മരംപോലെ പൊഴിയുന്ന സംസാരം. സ്വതഃസിദ്ധമായ നര്‍മബോധവും ഹൃദയലാളിത്യവും ഒന്നുചേരുമ്പോള്‍ ശ്രോതാക്കള്‍ക്കത് ഹൃദ്യമായ അനുഭൂതിയായി മാറും. ഗരിമയാര്‍ന്ന തത്ത്വങ്ങളൊന്നും ഉദ്‌ഘോഷിക്കാനല്ല, ഹൃദയത്തില്‍നിന്നൂറിവരുന്ന കൊച്ചുകാര്യങ്ങള്‍ പതിഞ്ഞ സ്വരത്തില്‍ പങ്കുവയ്ക്കാനാണിഷ്ടം. എന്നാല്‍, അന്നു സംഭവിച്ചത് മറ്റൊന്നാണ്. പ്രസംഗപീഠത്തിനരികില്‍ അദ്ദേഹം
നിശ്ചലനായി നില്‍ക്കുകയാണ്. നിമിഷങ്ങള്‍ കൊഴിഞ്ഞുവീണിട്ടും ആ അധരങ്ങളില്‍നിന്ന് വാക്കുകള്‍ പൊഴിഞ്ഞുവീഴുന്നില്ല. സദസ്സാകട്ടെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നു. അദ്ദേഹം പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പിടിയിലായിരുന്നു. 
ഏറെനേരം കഴിഞ്ഞ് പതിഞ്ഞ സ്വരത്തില്‍ പിതാവ് സംസാരിച്ചുതുടങ്ങി. അവസാനിക്കുംവരെ ആ പ്രസംഗം മര്‍മരം പോലെയായിരുന്നു. അതിനിടയിലും സദസ്സില്‍ ചിരിയുടെ അലകളുയര്‍ത്താന്‍ നര്‍മം വിതറുന്ന ആ പ്രസംഗകനു കഴിഞ്ഞു. മദ്യക്കുപ്പിയില്‍ കീടങ്ങളെ ഇട്ടുവച്ച്, അവ ചത്തുപോകുന്ന രംഗം കാട്ടിക്കൊï് മദ്യപരെ ബോധവത്കരിക്കുന്ന ഒരാള്‍. അതു കേട്ടിരുന്ന മദ്യപരില്‍ ഒരാള്‍ തനിക്കു ലഭിച്ച ഗുണപാഠം പങ്കുവച്ചത് ഇപ്രകാരം:  നാം മദ്യം കഴിച്ചാല്‍ നമ്മുടെ വയറ്റിലുള്ള കീടങ്ങളൊക്കെ വേഗംചത്തുപൊയ്‌ക്കൊള്ളും! അതീവശ്രദ്ധയോടെ കാതുകൂര്‍പ്പിച്ചിരുന്നാണ് അന്നത്തെ സദസ്സ് എന്നത്തെയുംപോലെ പിതാവിന്റെ ഈ നര്‍മം ആസ്വദിച്ചത്. 
കേരളസഭയിലെ രണ്ടാമത്തെ കര്‍ദ്ദിനാള്‍, സീറോമലബാര്‍സഭയുടെ പ്രഥമ മേജര്‍ ആര്‍ച്ചുബിഷപ്, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവി കൈവന്ന നാളുകളിലെ സഭാസാരഥി എന്നീ നിലകളിലൊക്കെ സഭാചരിത്രത്തില്‍ ശ്രദ്ധേയസ്ഥാനമലങ്കരിക്കുന്ന വ്യക്തിയാണ് മാര്‍ ആന്റണി പടിയറ. ചങ്ങനാശേരി അതിരൂപതയിലെ മണിമല ഇടവകയില്‍ പടിയറ കുരുവിള ആന്റണി - അന്നമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകനായി 1921 ഫെബ്രുവരി 11 നാണ് ജനനം. മണിമല ഗവ. സ്‌കൂള്‍, സെന്റ് ജോര്‍ജ് മിഡില്‍ സ്‌കൂള്‍, ചങ്ങനാശേരി എസ്. ബി. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്‌സ് റീജണല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1945 ഡിസംബര്‍ 19 ന് കോയമ്പത്തൂര്‍ രൂപതയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ചു. കുറച്ചുനാള്‍ ഇടവകസേവനം നടത്തിയ അദ്ദേഹം മൈനര്‍ സെമിനാരി റെക്ടറായും റീജണല്‍ സെമിനാരിയിലെ പ്രഫസറായും സേവനം ചെയ്തു.
വൈദികജീവിതത്തിന്റെ പത്താംവര്‍ഷത്തില്‍, 1955 ജൂലൈ മൂന്നിന് ഊട്ടി രൂപതയുടെ മെത്രാനായി മാര്‍പാപ്പ അദ്ദേഹത്തെ നിയമിച്ചു. ആ വര്‍ഷം ഒക്‌ടോബര്‍ 16 ന് മെത്രാഭിഷേകം നടക്കുമ്പോള്‍ അദ്ദേഹം ഭാരതകത്തോലിക്കാസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ബിഷപ്പാവുകയായിരുന്നു, തന്റെ 34-ാം വയസില്‍. ഒന്നരപ്പതിറ്റാണ്ട് അവിടെ അജപാലനം നിര്‍വഹിച്ച ബിഷപ് ആന്റണി പടിയറ 1970 ജൂണ്‍ 14 ന് ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായി. അങ്ങനെ,  ലത്തീന്‍സഭയുടെ കീഴില്‍ വൈദികവിദ്യാര്‍ത്ഥിയായും വൈദികനായും മെത്രാനായും സംവത്സരങ്ങള്‍ ചെലവഴിച്ച അദ്ദേഹം തന്റെ മാതൃസഭയിലേക്കും മാതൃരൂപതയിലേക്കും തിരിച്ചെത്തി. അടുത്ത ഒന്നരപ്പതിറ്റാണ്ട് ചങ്ങനാശേരിയായിരുന്നു അദ്ദേഹത്തിന്റെ കര്‍മ്മഭൂമി.
1985 ഏപ്രില്‍ 23 ന് മാര്‍ ആന്റണി പടിയറ എറണാകുളം അതിരൂപതയുടെ മെത്രാപ്പോലീത്തയായി ചുമതലയേറ്റു. അപ്പോള്‍ കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ സ്ഥാനത്യാഗം ചെയ്തിട്ട് ഒരു വര്‍ഷം കഴിഞ്ഞിരുന്നു. 1923 ഡിസംബര്‍ 21 ന് മാര്‍പാപ്പ സീറോ മലബാര്‍ ഹൈരാര്‍ക്കി സ്ഥാപിച്ചതോടെ പ്രഥമ അതിരൂപതയായി ഉയര്‍ത്തപ്പെട്ട എറണാകുളത്തേക്ക് എത്തിയ മാര്‍ പടിയറ സൗമ്യമായ പെരുമാറ്റംമൂലം ഏവരുടെയും സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങി. 1988 ജൂണ്‍ 28 ന് അദ്ദേഹം കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1992 ഡിസംബര്‍ 16 ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സീറോമലബാര്‍സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായി ഉയര്‍ത്തുകയും എറണാകുളം അതിരൂപത മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഭദ്രാസനമായി നിശ്ചയിക്കുകയും ചെയ്തു. അതേ രേഖയില്‍ത്തന്നെ അതിരൂപതയുടെ പേര് എറണാകുളം അങ്കമാലി എന്നാക്കി മാറ്റി. അങ്ങനെ പടിയറപ്പിതാവ് സീറോ മലബാര്‍സഭയുടെ ആദ്യത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായിത്തീര്‍ന്നു.
സുഹൃദ്ബന്ധങ്ങളാല്‍ സമ്പന്നനായിരുന്ന അദ്ദേഹത്തിന്റെ, നര്‍മത്തില്‍ പൊതിഞ്ഞ വാക്കും പ്രവൃത്തിയും ഏവരെയും ആകര്‍ഷിച്ചിരുന്നു. സെമിനാരി അധ്യാപകനും ധ്യാനഗുരുവുമൊക്കെയായി ശോഭിച്ചിട്ടുള്ള അദ്ദേഹം ആത്മീയതയുടെ ആര്‍ദ്രഭാവങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. വാര്‍ദ്ധക്യത്തില്‍ രോഗബാധിതനായ അദ്ദേഹം 1996 നവംബര്‍ 11 ന് സ്ഥാനത്യാഗം ചെയ്ത് കാക്കനാട്ടുള്ള പ്രകൃതിചികിത്സാകേന്ദ്രത്തില്‍ വിശ്രമജീവിതം നയിച്ചു. 2000 മാര്‍ച്ച് 23 ന് ആയിരുന്നു ദേഹവിയോഗം. പിറ്റേന്ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ അദ്ദേഹത്തെ സംസ്‌കരിച്ചു. 
എക്കാലവും ഗാന്ധിയന്‍മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച, പത്തു ഭാഷകളില്‍ പ്രാവീണ്യമുള്ള പണ്ഡിതനായ കര്‍ദിനാള്‍ പടിയറയെ 1998 ല്‍ പത്മശ്രീപുരസ്‌കാരം നല്‍കി രാഷ്ട്രം ആദരിച്ചു. അദ്ദേഹത്തിന്റെ ഫലിതസമ്പന്നതയെ ഉദാഹരിച്ചുകൊണ്ട് 'പടിയറഫലിതങ്ങള്‍' എന്ന പേരില്‍ ഒരു പുസ്തകം എഴുതപ്പെട്ടിട്ടുണ്ട്. ഫലിതസമ്രാട്ടായ ക്രിസോസ്തം തിരുമേനിയെക്കുറിച്ചുള്ള ഒരു ആദരലിഖിതത്തില്‍ യശഃശരീരനായ  ഡോ. ഡി. ബാബുപോള്‍, കര്‍ദിനാള്‍ പടിയറയെക്കുറിച്ചു നടത്തുന്ന ഒരു പരാമര്‍ശം ഇവിടെ ഉദ്ധരിക്കാം: 
''അന്തസ്സുറ്റതും സന്ദേശം ഉള്‍ക്കൊള്ളുന്നതും സ്വാഭാവികവുമായ ഫലിതം വേറേ കേട്ടിട്ടുള്ളത് കര്‍ദ്ദിനാള്‍ പടിയറ തിരുമേനിയുടെ മുഖത്തുനിന്നുമാത്രമാണ്.''
പാര്‍ക്കിന്‍സോണിസത്തിന്റെ പ്രാരബ്ധങ്ങള്‍ സമ്മാനിച്ച നിസ്സഹായതയില്‍പ്പോലും ആ പിതാവിന്റെ നര്‍മബോധത്തിന് അടങ്ങിക്കഴിയാനായില്ല. കാതുകൂര്‍പ്പിച്ചിരുന്നാലേ ഗ്രഹിക്കാമായിരുന്നുള്ളൂ എങ്കിലും എല്ലാവരും കാതുകൂര്‍പ്പിക്കുമായിരുന്നു. ആ പരേതാത്മാവിന്റെ നര്‍മബോധത്തിന് ആദരാഞ്ജലി എന്ന രൂപത്തില്‍ ഒരു കഥ കുറിച്ചുകൊള്ളട്ടെ: 
ഇടവകസന്ദര്‍ശനത്തിനെത്തുന്ന മെത്രാനെ അനാവശ്യമായ ആര്‍ഭാടങ്ങളോടെ സ്വീകരിക്കുന്ന രീതി കത്തോലിക്കാസഭയിലുള്ളത് അവസാനിപ്പിക്കണമെന്നു മോഹിച്ച ആളായിരുന്നു കര്‍ദിനാള്‍. അദ്ദേഹം പറഞ്ഞു: ''ഞാന്‍ ഇടവകസന്ദര്‍ശനം നിര്‍ത്താന്‍ പോവുകയാണ്. കഴിഞ്ഞ കൊല്ലം എന്നെ ആഘോഷമായി വരവേറ്റ ഒരു ഇടവകയുടെ കണക്ക് പരിശോധിച്ചതോടെയാണ് ഈ ചിന്ത ഉദിച്ചിട്ടുള്ളത്. അവരുടെ കണക്കില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത്, കര്‍ദിനാളിനെ വെടിവച്ചുകൊണ്ടുവരാന്‍ ചെലവ് രൂപ രണ്ടായിരം എന്നാണ്!''
ഭാരതസഭയില്‍ ഏറ്റവും ചെറിയ പ്രായത്തില്‍ മെത്രാന്‍പദവിയിലേക്കുയര്‍ന്ന മാര്‍ പടിയറ, രണ്ടു സഭകളില്‍ മേല്‍പ്പട്ടശുശ്രൂഷ ചെയ്തു. സീറോ മലബാര്‍സഭയിലാകട്ടെ, അന്നുണ്ടായിരുന്ന രണ്ട് അതിരൂപതകളുടെയും സാരഥ്യം വഹിച്ചു. കേരളസഭയിലെ രണ്ടാമത്തെ കര്‍ദിനാളായി ഉയര്‍ത്തപ്പെട്ട അദ്ദേഹം, സീറോ മലബാര്‍സഭയുടെ അമരക്കാരനാവുകയും ചെയ്തു. ആരാധനക്രമവിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്ന അക്കാലത്ത് പുതിയ കുര്‍ബാനക്രമം നടപ്പിലാക്കുന്നതില്‍ അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്ന ക്ലേശങ്ങള്‍ ഒട്ടും ചെറുതായിരുന്നില്ല. എന്നാല്‍, നര്‍മഭാഷിയും ബുദ്ധിശാലിയുമായിരുന്ന സ്മര്യപുരുഷന്‍ ഈ സിദ്ധിവിശേഷങ്ങള്‍ കര്‍മരംഗത്ത് ഫലപ്രദമായി വിനിയോഗിച്ചു. അങ്ങനെ, സംഘര്‍ഷഭരിതമായി മാറുമായിരുന്ന പല സന്ദര്‍ഭങ്ങളുടെയും ഗതിമാറ്റിവിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഒരിക്കല്‍, വൈദികസമ്മേളനത്തില്‍ ഉയര്‍ന്ന തീക്ഷ്ണമായ വിമര്‍ശനങ്ങളെല്ലാം ശാന്തതയോടെ കേട്ടിരുന്ന അദ്ദേഹം ഒടുവില്‍ മറുപടി പറഞ്ഞതിങ്ങനെ: ''നിങ്ങള്‍ പലതും വിളിച്ചുപറഞ്ഞു. പക്ഷേ, ഞാന്‍ സ്പീക്കറിനു പിന്നിലായതിനാല്‍ എനിക്കൊന്നും വ്യക്തമായില്ല.'' പറഞ്ഞ ആളുകളോടു താന്‍ നേരിട്ടു ചോദിച്ചു മനസ്സിലാക്കിക്കൊള്ളാം എന്നുകൂടി പറഞ്ഞതോടെ എല്ലാവരും തകര്‍ത്തുചിരിക്കുകയാണു ചെയ്തത്. 
പടിയറപ്പിതാവിന്റെ കാലത്ത് കേരളത്തില്‍ ഒരേയൊരു കര്‍ദിനാളേയുള്ളൂ. അദ്ദേഹം സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമാണ്. ആ നിലയ്ക്ക് കേരളത്തിലുടനീളം സഞ്ചരിച്ച് നാനാതരം പരിപാടികളില്‍ പങ്കെടുക്കാന്‍ പിതാവ് ഉത്സാഹം കാണിച്ചിരുന്നു. എറണാകുളം - അങ്കമാലി അതിരൂപത സ്ഥാനികരൂപതയായി ഉള്ളപ്പോഴും സഭയെയും നാടിനെയും സമഗ്രതയോടെ സമീപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. 'ഇദം ന മമ' എന്ന ഭാരതീയദര്‍ശനം സ്വജീവിതത്തില്‍ പാലിച്ചുപോന്നതിനാല്‍ മാന്യതയും സൗമ്യതയും കൈവിടാതെ സദാപി ചരിക്കുവാന്‍ ഈ ആത്മീയാചാര്യനു കഴിഞ്ഞു.
മര്‍മരംപോലെ മനുഷ്യരോടു സംസാരിച്ച മഹാനുഭാവനാണ് മാര്‍ ആന്റണി പടിയറ. പതിയെപ്പറയുന്നതിന്റെ ശക്തിയും യുക്തിയും തിരിച്ചറിഞ്ഞ ഋഷിതുല്യനാണ് പടിയറപ്പിതാവ്. നൂറ്റാണ്ടുമുമ്പ് മണിമലയില്‍ പിറന്ന് കത്തോലിക്കാസഭയുടെ മണിമുത്തായി മാറിയ മഹാനാണ് കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)