നിനച്ചിരിക്കാതെ
ജറുസലേംപട്ടണത്തിനടുത്ത് ഒരു കൊച്ചുഗ്രാമത്തിലാണ് നിക്കളാവൂസ് താമസിച്ചിരുന്നത്. പിതാവ് സഖറിയാസ്. ഒരു മരപ്പണിക്കാരനായിരുന്നു സഖറിയാസ്. അമ്മ; സാറാ. അങ്ങനെ ഒരു കൊച്ചുകുടുംബം.
സമര്‍ഥനായ ഒരു ആശാരിയായിരുന്നു സഖറിയാസ്. അയാള്‍ നിത്യവും ജോലിക്കുപോകും. ജോലി ചെയ്തുകിട്ടുന്ന വരുമാനംകൊണ്ട് ആ കുടുംബം അല്ലലറിയാതെ കഴിഞ്ഞുപോന്നു.
ഒരുദിവസം ജോലി കഴിഞ്ഞെത്തിയ സഖറിയാസ് വല്ലാതെ പരവശനായിരുന്നു. ക്ഷീണഭാവം കണ്ടപ്പോള്‍ സാറാ വന്നന്വേഷിച്ചു: ''എന്താ, എന്തുപറ്റി? മുഖം വല്ലാതെ വാടിയിരിക്കുന്നല്ലോ.''
''ഓ, സാരമില്ല. ചെറിയൊരു പനി.'' എന്നു പറഞ്ഞിട്ട് സഖറിയ നേരേ കട്ടിലില്‍ കയറിക്കിടന്നു.
സാറ ചിന്തിച്ചു, ഇതു പതിവുള്ളതല്ലല്ലോ. അവള്‍ അടുത്തുചെന്ന് നെറ്റിയില്‍ കൈ വെച്ചു നോക്കി. ഹൊ! പെട്ടെന്ന് സാറ കൈവലിച്ചു. തീ പോലത്തെ പനി. അവള്‍ക്കാകെ പരിഭ്രമമായി.
സാറ ഉടനേ മുറ്റത്തേക്കിറങ്ങി. പറമ്പില്‍നിന്ന് ചില നാടന്‍മരുന്നുകള്‍ പറിച്ചെടുത്ത് തിളപ്പിച്ച് ചെറുചൂടോടെ സഖറിയായ്ക്ക് കുടിക്കാന്‍ കൊടുത്തു.
''നേരം വെളുക്കട്ടെ. ഏതെങ്കിലുമൊരു വൈദ്യനെ വിളിച്ചുകാണിക്കണം.'' അവള്‍ മനസ്സിലുറച്ചു.
പക്ഷേ, അന്നത്തേതോടെ ആ കുടുംബത്തില്‍നിന്ന് ഐശ്വര്യം വിട്ടകലുകയായിരുന്നുവെന്ന് അവള്‍ മനസ്സിലാക്കിയില്ല.
ഒരു കൈ സഹായം
പിറ്റേന്ന് ഉറക്കമുണര്‍ന്ന സഖറിയാസിന് കിടക്കയില്‍നിന്ന് എഴുന്നേല്ക്കാനാവുന്നില്ല. അയാള്‍ കഴിയുന്നത്ര ശ്രമിച്ചുനോക്കി. പക്ഷേ, തളര്‍വാതം സഖറിയാസിന്റെ നാഡികളെ തളര്‍ത്തിക്കളഞ്ഞു. പിന്നീടൊരിക്കലും സഖറിയാസ് കട്ടിലില്‍നിന്ന് എണീറ്റിട്ടില്ല.
സഖറിയാസ് വീണപ്പോള്‍ ആ കുടുംബത്തില്‍ തീ പുകയാതായി. സാറായുടെ മനംനൊന്തു. താനെന്തുചെയ്യും? രോഗിയായ ഭര്‍ത്താവിനെ ശുശ്രൂഷിക്കണം. മരുന്നും ഭക്ഷണവും കണ്ടെത്തണം. ബാലനായ നിക്കളാവൂസ്. അവനെ അല്ലലറിയിക്കാതെ വളര്‍ത്തണം.
സാറ അയല്‍വീടുകളില്‍ ജോലിക്കു പോകാന്‍ തുടങ്ങി. അതുകൊണ്ടു കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടുമാത്രം കുടുംബം നിരങ്ങിനീങ്ങണം.
അച്ഛന്റെ രോഗത്തിന്റെ ഗൗരവവും അമ്മയുടെ കഷ്ടപ്പാടും നിക്കളാവൂസും മനസ്സിലാക്കുന്നുണ്ടായിരുന്നു. ഒരുദിവസം അവന്‍ അമ്മയോടു പറഞ്ഞു: ''ഞാന്‍ ലാസര്‍ മുതലാളിയുടെ ആടുകളെ മേയ്ക്കാന്‍ പോകുന്നു. ലാസര്‍ മുതലാളി എനിക്കു കൂലി തരും നമുക്കൊരാശ്വാസമാകുമല്ലോ.''
സാറ മകനെ സൂക്ഷിച്ചുനോക്കി. അവന്റെ കണ്ണുകളില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ തിളക്കം. ആ അമ്മ അവനെ തടഞ്ഞില്ല.
അപ്പം അപ്പം ബാര്‍ലിയപ്പം
അടുത്തദിവസംമുതല്‍ നിക്കളാവൂസ് ലാസര്‍ മുതലാളിയുടെ ആടുകെളയും തെളിച്ച് അടുത്തുള്ള മലഞ്ചെരിവുകളിലെ പുല്‍മേടുകളിലേക്കു പോയിത്തുടങ്ങി. ലാസര്‍ മുതലാളി കൊടുക്കുന്ന കൂലി അമ്മയെ ഏല്പിക്കും. ആ പതിവ് അങ്ങനെ തുടര്‍ന്നു.
ഒരുദിവസം നിക്കളാവൂസ് ആടുമേയ്ക്കലും കഴിഞ്ഞു വന്നത് കയ്യില്‍ ഒരു പൊതിയുമായിട്ടായിരുന്നു. പൊതി അമ്മയെ ഏല്പിച്ചിട്ട് അവന്‍ പറഞ്ഞു: ''ഇത് കുറച്ചു ബാര്‍ലിമാവാണ്. ഈ മാവുകൊണ്ട് അമ്മ രാവിലെ ബാര്‍ലിയപ്പം ഉണ്ടാക്കിത്തരണം. ഞാന്‍ അപ്പക്കച്ചവടം തുടങ്ങാന്‍ പോകുന്നു. എന്നും രാവിലെ അപ്പക്കച്ചവടം കഴിഞ്ഞു വന്നിട്ടേ ആടുമേയ്ക്കാന്‍ പോകുന്നുള്ളൂ.''
പിറ്റേന്നുമുതല്‍ നിക്കളാവൂസ് അതിരാവിലെ അപ്പവുമായി കച്ചവടത്തിനു പോകും. പിന്നെ പതിവുപോലെ ആടുമേയ്ക്കാനും.
സാറ എന്നും അതിരാവിലെ അപ്പം ഉണ്ടാക്കും. നിക്കളാവൂസ് അപ്പക്കുട്ടയുമായി വീടുകള്‍തോറും കൊണ്ടുനടന്ന് വില്ക്കും. രുചികരമായ അവന്റെ ബാര്‍ലിയപ്പം ഒന്നില്ലാതെ പെട്ടെന്നുതന്നെ വിറ്റുതീരും. നിക്കളാവൂസ് ഒഴിഞ്ഞ കുട്ടയുമായി തിരിച്ചെത്തുമ്പോഴും സൂര്യന്‍ പച്ചക്കുന്നുകളില്‍ എത്തിയിട്ടേ ഉണ്ടാവുള്ളൂ. പിന്നീട് അവന്‍ ആടുകളുമായി താഴ്‌വാരത്തേക്കു പോകും.
തനിക്കുതാന്‍ പോന്നവന്‍
ഒരുദിവസം ആടുകള്‍ മരത്തണലില്‍ വിശ്രമിക്കുമ്പോള്‍ നിക്കളാവൂസ് അടുത്തുള്ള തടാകക്കരയിലേക്കു നടന്നു. കരയിലിരുന്ന് അവന്‍ തടാകത്തിലേക്കു നോക്കി. തെളിനീര്‍ നിറഞ്ഞ തടാകം. വെള്ളത്തില്‍ നിറയെ മത്സ്യങ്ങള്‍ തലങ്ങും വിലങ്ങും പായുന്നു. ആ കാഴ്ച നോക്കി അവനങ്ങനെ ഇരുന്നു കുറെനേരം. പെട്ടെന്ന് ഒരാശയം അവന്റെ മനസ്സില്‍ തെളിഞ്ഞു.
ദിവസവും കുറെ മീനുകള്‍ പിടിക്കണം. നന്നായി പാകം ചെയ്ത് അപ്പത്തിനൊപ്പം മീനും വില്ക്കാം. അപ്പവും മീനും!
തന്റെ കുടുംബത്തിന് ഒരു ആദായമാര്‍ഗം തുറന്നുകിട്ടിയതിലുള്ള സന്തോഷം ആ ബാലന്റെ മുഖത്ത് കാണാമായിരുന്നു.
പിറ്റേന്നുമുതല്‍ നിക്കളാവൂസ് ആടുകളുമായി പോകുമ്പോള്‍ കൈയില്‍ ഒരു വലയുംകൂടി കരുതി. ആടുകള്‍ വിശ്രമിക്കുമ്പോള്‍ അവന്‍ തടാകത്തില്‍ വലവീശും. കുറെ മീനുകള്‍ അവന്റെ വലയില്‍ കുടുങ്ങും.
നിക്കളാവൂസ് ശാരീരികമായും മാനസികമായും വളര്‍ന്നു. അവന്റെ മനസ്സില്‍ പുത്തന്‍ ആശയങ്ങള്‍ കടന്നുവന്നു. അവന്റെ അമ്മ അന്യവീടുകളില്‍ ജോലിക്കു പോകുന്നത് അവനെ വേദനിപ്പിച്ചു. ഇനിയും അമ്മ വീട്ടുവേലയ്ക്കു പോകണ്ട. അവന്‍ ഒരു തീരുമാനമെടുത്തു. തനിക്കുതാന്‍ പോന്നവനായ താന്‍ ഇനി കൂടുതല്‍ അധ്വാനിക്കും. തന്റെ അധ്വാനഫലംകൊണ്ട് തന്റെ കുടുംബം പുലര്‍ത്തും. കരുത്തുറ്റ ശരീരത്തിലെ കരുത്തുറ്റ മനസ്സിന്റെ ഉറച്ച തീരുമാനം.
പിറ്റേന്ന് നിക്കളാവൂസ് ഇരട്ടി ബാര്‍ലിമാവു കൊണ്ടുവന്നു, കൂടുതല്‍ മീനും.
അവന്‍ കണ്ടു, ആ ദിവ്യതേജസ്സ്
ഒരു ദിവസം നിക്കളാവൂസ് കച്ചവടം കഴിഞ്ഞു മടങ്ങുകയായിരുന്നു. ഏതാനും അപ്പവും മീനും അവന്റെ കുട്ടയില്‍ ബാക്കിയുണ്ടായിരുന്നു.
വീട്ടിലെത്താനുള്ള തിടുക്കമുണ്ടായിരുന്നു അവന്. അതിനിടയിലും ബാക്കിവന്ന അപ്പവും മീനും വില്ക്കാനും അവന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
വിജനമായ മലഞ്ചെരിവിലൂടെ മുന്നോട്ടു നീങ്ങുമ്പോള്‍ അല്പം അകലെ ~ഒരു ജനക്കൂട്ടം. നിക്കളാവൂസ് തെല്ലിട നിന്നു. അവന് അതിശയം തോന്നി. ഇതിനുമുമ്പൊരിക്കലും ഇങ്ങനെയൊരു ജനക്കൂട്ടത്തെ ഈ താഴ്‌വരയില്‍ കണ്ടിട്ടില്ല. അവനില്‍ ആകാംക്ഷ നിറഞ്ഞു. നിക്കളാവൂസ് ജനക്കൂട്ടത്തിനടുത്തേക്കു നടന്നു.
ജനക്കൂട്ടത്തിനടുത്തെത്തിയപ്പോള്‍ കണ്ട കാഴ്ച അവനെ അദ്ഭുതപ്പെടുത്തി. ആള്‍ക്കൂട്ടത്തില്‍ സാധാരണക്കാരെപ്പോലെതന്നെ; രോഗികള്‍, കുരുടര്‍, ബധിരര്‍, മൂകര്‍ തുടങ്ങിയവരും ധാരാളം. പലവിധ വേദനകളും യാതനകളും അനുഭവിക്കുന്നവര്‍.
ജനക്കൂട്ടത്തിനിടയിലായി അല്പം ഉയര്‍ന്ന ഒരു പാറമേല്‍ ഒരു മനുഷ്യന്‍ ഇരിക്കുന്നു. ആ കണ്ണുകളിലേക്ക് അവന്‍ നോക്കി. എന്തൊരു തീക്ഷ്ണത! എന്തു തിളക്കം! എന്തു ചൈതന്യം! ആ മുഖത്തുനിന്നു വഴിയുന്ന ദിവ്യതേജസ്സ്! ഇമവെട്ടാതെ അവന്‍ നോക്കിനിന്നു. ദൈവികത്വം തുളുമ്പുന്ന മുഖം. കരുണാപൂര്‍വം മാടിവിളിക്കുന്ന കണ്ണുകള്‍.
നമ്മുടെ വിമോചകന്‍
രോഗികളും മുടന്തരും അന്ധരുമെല്ലാം ആ ദിവ്യരൂപത്തിനടുത്തേക്കു നീങ്ങുന്നു. അവരുടെ ദേഹത്തു കൈ വെച്ചുകൊണ്ട് ആ ദിവ്യസ്വരൂപന്‍ കണ്ണുകളുയര്‍ത്തി പ്രാര്‍ഥിക്കുന്നു. എന്തദ്ഭുതം! ആ നിമിഷം തന്നെ അതു സംഭവിക്കുന്നു. കുഷ്ഠരോഗം വിട്ടുമാറുന്നു! മുടന്തന്‍ അവന്റെ ഊന്നുവടിയും ഉപേക്ഷിച്ച് സുഖമായി നടന്നുപോകുന്നു! മൂകന്‍ സംസാരിക്കുന്നു! അന്ധത മാറുന്നു!
നിക്കളാവൂസ് സ്വയം മറന്നങ്ങനെ നിന്നുപോയി. ജനക്കൂട്ടത്തിന്റെ മര്‍മരം കേട്ടാണവനുണര്‍ന്നത്. ''യേശു... യേശു... യേശു...''
അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍
നിക്കളാവൂസ് പെട്ടെന്ന് മുന്നോട്ടു കുതിച്ചു. ജനക്കൂട്ടത്തിനിടയിലേക്ക് ഒരു ചാട്ടുളിപോലെ അവന്‍ പാഞ്ഞുകയറി. അവന്‍ ആ ദിവ്യപുരുഷന്റെ സമീപത്തെത്തി. ആ മുഖത്തേക്കു നോക്കിക്കൊണ്ടുനിന്നു; ഇമവെട്ടാതെ.
തന്റെ പിതാവിനെക്കുറിച്ചുള്ള ചിന്തകള്‍ ഈ സമയത്ത് അവന്റെ മനസില്‍ നുരപൊട്ടാന്‍ തുടങ്ങിയിരുന്നു. പിതാവിനെ ഈ ദിവ്യപുരുഷന്റെയടുത്തു കൊണ്ടുവരാന്‍ കഴിഞ്ഞെങ്കില്‍ എന്നായി അവന്റെ ചിന്ത.
ശിഷ്യന്മാര്‍ ഈ സമയം യേശുവിനടുത്തേക്കു വരുന്നത് നിക്കളാവൂസ് കണ്ടു. അവര്‍ യേശുവിനോടു പറഞ്ഞു: ''ഇത് ഒരു വിജനപ്രദേശമാണല്ലോ. സമയവും വൈകിയിരിക്കുന്നു. അടുത്തുള്ള നാട്ടിന്‍പുറങ്ങളിലോ ചെറുപട്ടണങ്ങളിലോ ചെന്ന് എന്തെങ്കിലും വാങ്ങി ഭക്ഷിക്കുന്നതിന് ഈ ജനങ്ങളെ പറഞ്ഞയയ്ക്കുക.''
യേശുക്രിസ്തു ശിഷ്യന്മാരെ നോക്കി അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങി ആ ചുണ്ടുകള്‍ മെല്ലെ വിടര്‍ന്നു, അദ്ദേഹം പറഞ്ഞു: ''അവര്‍ പോകണമെന്നില്ല. നിങ്ങള്‍തന്നെ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍.''
ഇതുകേട്ടു ശിഷ്യന്മാര്‍ പരസ്പരം നോക്കി. അവര്‍ക്കൊരെത്തും പിടിയും കിട്ടിയില്ല. അയ്യായിരത്തോളം വരുന്ന ഈ ജനക്കൂട്ടത്തിന് എങ്ങനെയാണ് ഭക്ഷണം കൊടുക്കുക? എങ്ങനെ? എങ്ങനെ?
അഞ്ചപ്പവും രണ്ടു മീനും
യേശുവിന്റെ ദിവ്യതേജസ്സില്‍ മനസ്സൂന്നിനില്ക്കുന്ന നിക്കളാവൂസിനെ യേശുവിന്റെ ശിഷ്യന്മാര്‍ അപ്പോഴാണ് കണ്ടത്. നിക്കളാവൂസിന്റെ അപ്പക്കുട്ടയില്‍ ശേഷിച്ചിരുന്ന അപ്പവും മീനും അവരുടെ കണ്ണില്‍പ്പെട്ടു. അവരിലൊരാള്‍ യേശുവിനോടു പറഞ്ഞു: ''ഗുരോ, അഞ്ചു ബാര്‍ലിയപ്പവും രണ്ടു മീനും ഈ ബാലന്റെ കുട്ടയിലുണ്ട്. എന്നാല്‍, ഈ ജനങ്ങള്‍ക്ക് ഇതെന്താകാനാണ്?''
ഉടനേ, ജനങ്ങളെ ഇരുത്തുവാന്‍ യേശു ശിഷ്യന്മാരോടു പറഞ്ഞു. ശിഷ്യന്മാര്‍ നിക്കളാവൂസിന്റെ കൈയില്‍നിന്ന് അപ്പവും മീനും വാങ്ങി യേശുവിന്റെ അടുത്തേക്കു നീക്കിവച്ചു.
യേശു ഉടനേ കുട്ടയില്‍നിന്ന് അപ്പവും മീനുമെടുത്ത് ആശീര്‍വദിച്ച് എന്നിട്ടു മുറിച്ചു വിളമ്പുവാന്‍ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു.
ശിഷ്യന്മാര്‍, ആശീര്‍വദിച്ച അപ്പവും മീനുമെടുത്ത് മുറിച്ചു വിളമ്പുവാന്‍ തുടങ്ങി. അതിശയംതന്നെ വിളമ്പുംതോറും അപ്പവും മീനും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അവിടെക്കൂടിയിരുന്ന ജനങ്ങള്‍ മതിയാവോളം അപ്പവും മീനും ഭക്ഷിച്ചു തൃപ്തരായി. എന്നിട്ടും അപ്പക്കഷണങ്ങളും മീനും നിരവധി കുട്ടകള്‍ നിറയെ ബാക്കിയായി.
നന്മയ്ക്കുണ്ടേ സമ്മാനം
നിക്കളാവൂസ് വിടര്‍ന്ന മിഴികളുമായി നിശ്‌ചേതനായി നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ആരോ അവന്റെ തലയില്‍ തലോടുന്നതായിത്തോന്നി അവന്‍ പരിസരബോധം വീണ്ടെടുത്തു.
യേശു അവന്റെ മൂര്‍ദ്ധാവില്‍ തലോടുന്നു. അല്പനേരത്തേക്ക് അവന്‍ സ്വര്‍ഗീയാനന്ദം അനുഭവിക്കുകയായിരുന്നു.
അല്പസമയം കഴിഞ്ഞ് യേശു ശിഷ്യന്മാരോടൊത്ത് അവിടെനിന്നു നടന്നുനീങ്ങി.
പിന്നെ നിക്കളാവൂസ് ഓടുകയായിരുന്നു, വീട്ടിലേക്ക്. എന്തെന്തദ്ഭുതങ്ങള്‍! എല്ലാം മാതാപിതാക്കളോടു വിശദമായി പറയണം.
ശ്വാസംവിടാതെ അവന്‍ ഓടി വീട്ടുമുറ്റത്തെത്തി. അവിടെ കണ്ട കാഴ്ച! നിക്കളാവൂസിന് അവന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
തളര്‍വാതം പിടിച്ച് വര്‍ഷങ്ങളായി കിടപ്പിലായിരുന്ന അവന്റെ പിതാവ് മുറ്റത്തു നില്‍ക്കുന്നു. സഖറിയാസിന്റെ തളര്‍വാതം പൂര്‍ണമായും സുഖപ്പെട്ടിരിക്കുന്നു.
സഖറിയാസ് നിക്കളാവൂസിനെ വാരിപ്പുണര്‍ന്നു പിതൃവാത്സല്യം അണപൊട്ടിയൊഴുകി. അവരുടെ ഹൃദയങ്ങളില്‍നിന്ന് നിറഞ്ഞ നന്ദി പരന്നൊഴുകി. അവര്‍ ഒന്നു ചേര്‍ന്ന് ദൈവത്തെ സ്തുതിച്ചു.