സാമ്പത്തികമാന്ദ്യം മാറിയിട്ടില്ല. സാങ്കേതികമായി മാന്ദ്യം കഴിഞ്ഞാലും ദുരിതം തുടരും. അതു കണക്കാക്കി സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. കേന്ദ്ര ബജറ്റ് അതിനുള്ള നടപടികളുടെ തുടക്കമാകണം.
നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയുടെ മൂന്നാമത്തെ ബജറ്റിനെ ഇങ്ങനെയൊരു പ്രതീക്ഷയോടെയാണു ജനങ്ങള്‍ കാത്തിരുന്നത്. നിര്‍മല സീതാരാമന്‍ 110 മിനിറ്റ് കൊണ്ടു വായിച്ചു തീര്‍ത്ത ബജറ്റ് പ്രസംഗത്തില്‍ ഈ പ്രതീക്ഷകള്‍ പലവട്ടം ആവര്‍ത്തിച്ചു പറഞ്ഞു.
വളര്‍ച്ച വേഗത്തിലാക്കാനുള്ള പദ്ധതികള്‍ക്കു പണമില്ലായ്മ തടസമാകരുതെന്ന് എല്ലാവരും മാസങ്ങളായി ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ തുടങ്ങിയ കാലം മുതലേ ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാന്‍ നടപടി വേണമെന്നു പറഞ്ഞു.
സര്‍വേയിലും പറഞ്ഞു
ബജറ്റിനുമുമ്പ് സാമ്പത്തികസര്‍വേയില്‍ ഇതെല്ലാം ശരിവയ്ക്കുന്ന സിദ്ധാന്തങ്ങളും അവതരിപ്പിച്ചു. കമ്മി പ്രശ്‌നമല്ല; കടമെടുത്തു വികസനം ഉണ്ടാക്കിയാല്‍ ആ വളര്‍ച്ചകൊണ്ടു കടം വീട്ടാം എന്നൊക്കെ വിശദീകരിച്ചു.
സര്‍വേയില്‍ പറഞ്ഞതുപോലെ ബജറ്റില്‍ ചെയ്തു. കമ്മി കൂട്ടി. ജിഡിപി (രാജ്യത്തെ വാര്‍ഷികസമ്പത്ത്)യുടെ 9.5 ശതമാനം എന്ന റിക്കാര്‍ഡിലേക്ക്. 18.49 ലക്ഷം കോടി രൂപ. മുമ്പൊരിക്കലും ഇത്ര വലിയ കമ്മി ഉണ്ടായിട്ടില്ല. ഏതാനും വര്‍ഷംമുമ്പ് മൊത്തം ബജറ്റ് വലുപ്പം ഇതിലും ചെറുതായിരുന്നു.
പറഞ്ഞു, നടന്നില്ല
കമ്മികൂട്ടി; കടം കൂട്ടി; മൊത്തം ബജറ്റ് വലുതാക്കി. പക്ഷേ, ജനങ്ങള്‍ ആഗ്രഹിച്ചതും ആവശ്യപ്പെട്ടതും ഉണ്ടായില്ല.
ബജറ്റ് വലുതാക്കുകയും (30.4 ലക്ഷം കോടിയില്‍നിന്ന് 34.3 ലക്ഷം കോടിയിലേക്ക്) സബ്‌സിഡിച്ചെലവ് 2.28 ലക്ഷം കോടിയില്‍നിന്ന് 5.96 ലക്ഷം കോടിയാക്കുകയും മൂലധനച്ചെലവ് വര്‍ധിപ്പിക്കുകയും ചെയ്തു. എന്നിട്ടും വിമര്‍ശനമോ എന്നു തോന്നാം.
പക്ഷേ, വിമര്‍ശനം ഒഴിവാക്കാനാവില്ല. കാരണം ബജറ്റ് വലുപ്പമോ ഭീമമായ കമ്മിയോ ജനങ്ങള്‍ ആഗ്രഹിച്ചതും ആവശ്യപ്പെടുന്നതുമായ കാര്യങ്ങളിലേക്കു നയിച്ചില്ല. മൂലധനച്ചെലവിന്റെ കാര്യമോ ഭക്ഷ്യ സബ് സിഡിയുടെ കാര്യമോ ആരോഗ്യകാര്യത്തിനുള്ള വകയിരുത്തലിന്റെ കാര്യമോ എടുത്താലും ഇതു ബോധ്യപ്പെടും.
മൂലധനച്ചെലവുവര്‍ധന എന്ന മായ
സാമ്പത്തികമാന്ദ്യത്തിനു നടുവിലും മൂലധനച്ചെലവ് വര്‍ധിപ്പിച്ചെന്നാണു ധനമന്ത്രിയുടെ അവകാശവാദം. ഇതു ചൂണ്ടിക്കാട്ടിയാണു ബജറ്റ്‌വളര്‍ച്ച കൂട്ടുമെന്നുള്ള ന്യായീകരണം. മൂലധനച്ചെലവാണു കൂട്ടുന്നതെന്നും അതുകൊണ്ട് ബജറ്റിന്റെ വലുപ്പം കൂട്ടലും കമ്മിയും വിലക്കയറ്റം വര്‍ധിപ്പിക്കില്ലെന്നും ഗവണ്മെന്റ് സെക്രട്ടറിമാര്‍ വരെ പറഞ്ഞു വച്ചു.
എന്നാല്‍, മൂലധനച്ചെലവ് കൂടിയെന്ന വാദം പൊള്ളയെന്ന് മുന്‍ ധനകാര്യ സെക്രട്ടറി എസ്.സി. ഗാര്‍ഗ് കഴിഞ്ഞ ദിവസം വിശദീകരിച്ചു. 2020-21 ലെ മൂലധനച്ചെലവ് ബജറ്റില്‍ പറഞ്ഞ 4.12 ലക്ഷം കോടിയില്‍ നിന്ന് 4.39 ലക്ഷം കോടിയാക്കിയെന്നും 2021-22 ല്‍ അത് 5.54 ലക്ഷം കോടിയാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
റവന്യു ചെലവുകളെ മൂലധനച്ചെലവുകളാക്കി കാണിക്കുകയാണ് മന്ത്രി ചെയ്തതെന്നു ഗാര്‍ഗ് ചൂണ്ടിക്കാട്ടി.
കണക്കിലെ കാര്യം
റെയില്‍വേ മൂലധനച്ചെലവിലെ യഥാര്‍ഥ കണക്ക് ഗാര്‍ഗ് വിവരിച്ചു. പുതിയ ലൈനുകള്‍ക്കു 12,000 കോടി പറഞ്ഞതില്‍ നടന്നതു 929 കോടി, ഗേജ്മാറ്റം 2250 കോടിക്കു പകരം 26 കോടി മാത്രം. പാളം പുതുക്കലിന് 10,599 കോടി വച്ചതില്‍ ഒരു പൈസയും ചെലവാക്കിയില്ല. എന്‍ജിനുകളും ബോഗികളും വാങ്ങാന്‍ 5787 കോടി വച്ചതില്‍ ചെലവാക്കുന്നത് 2004 കോടി മാത്രം.
റെയില്‍വേക്കു സര്‍വീസ് നിര്‍ത്തിവച്ചതു മൂലമുള്ള നഷ്ടം ഒഴിവാക്കാന്‍ 79,398 കോടി പ്രത്യേക വായ്പയായി കൊടുത്തു. ഇതും മൂലധനകണക്കിലാണു പെടുത്തിയത്. ശമ്പളവും പലിശയും നല്‍കാനുള്ള ഈ തുക കുറച്ചാല്‍ റെയില്‍വേയുടെ മൂലധനച്ചെലവ് 1.09 ലക്ഷം കോടി എന്നു പറഞ്ഞതു യഥാര്‍ഥത്തില്‍ 29,000 കോടി ആണെന്നു കാണാം: ഗാര്‍ഗ് ചൂണ്ടിക്കാട്ടി. അപ്പോള്‍ കേന്ദ്രം അവകാശപ്പെട്ട മൊത്തം മൂലധനച്ചെലവ് 4.39 ലക്ഷം കോടിയില്‍ നിന്ന് 3.6 ലക്ഷം കോടിയായി കുറയും. അതു മുന്‍വര്‍ഷങ്ങളിലേക്കാള്‍ കുറവാണ്.
അടുത്ത വര്‍ഷത്തെ മൂലധനച്ചെലവ് കാണിച്ചിരിക്കുന്നത് അമിതവരുമാന പ്രതീക്ഷയുടെ ബലത്തിലാണെന്നും ഗാര്‍ഗ് പറയുന്നു.
സബ്‌സിഡിയിലെ മറിമായം
ഭക്ഷ്യ സബ്‌സിഡിയുടെ കാര്യത്തിലുമുണ്ട് ഇങ്ങനെയൊരു മറുവശം.
കുറേ വര്‍ഷങ്ങളായി ഭക്ഷ്യ സബ്‌സിഡിയുടെ യഥാര്‍ഥ ചെല വ് ബജറ്റില്‍ പറഞ്ഞിരുന്നില്ല. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) യുടെ നഷ്ടത്തില്‍ ഒരു ഭാഗം മാത്രം സര്‍ക്കാര്‍ വഹിച്ചു. ബാക്കി ദേശീയ സമ്പാദ്യപദ്ധതിയില്‍നിന്നു വായ്പ എടുക്കാന്‍ നിര്‍ദേശിച്ചു.
ഒന്നുരണ്ടു വര്‍ഷം അതു കുഴപ്പമില്ലാതെ നീങ്ങി. ഈ വര്‍ഷം ദേശീയ സമ്പാദ്യപദ്ധതിക്കു പണവും പലിശയും നല്‍കേണ്ട സമയമായപ്പോള്‍ എഫ്‌സിഐയ്ക്കു പണമില്ല. സര്‍ക്കാര്‍ ബാധ്യത ഏറ്റെടുക്കേണ്ടിവന്നു. നാലു ലക്ഷം കോടിയോളം രൂപയാണു ബാധ്യത.
2022-23 ഓടെ എഫ്‌സിഐ ദേശീയ സമ്പാദ്യപദ്ധതിക്കു നല്‍കാനുള്ള ബാധ്യത തീര്‍ക്കും. നടപ്പുവര്‍ഷം 2.18 ലക്ഷം കോടിയുടെ ബാധ്യത തീര്‍ത്തു. നടപ്പുവര്‍ഷത്തെ മുഴുവന്‍ സബ്‌സിഡിയും നല്‍കി. അങ്ങനെ ഭക്ഷ്യ സബ്‌സിഡി ചെലവ് 1.16 ലക്ഷം കോടിയില്‍നിന്ന് 4.23 ലക്ഷം കോടിയായി.
ഇതേപോലെ രാസവള സബ്‌സിഡിയും കുടിശികയിട്ടു പോന്നു. കുടിശിക കിട്ടിയില്ലെങ്കില്‍ പല കമ്പനികളും പ്രശ്‌നത്തിലാകുമെന്നു വന്നു. അതിനാല്‍ രാസവള സബ്‌സിഡി ഇനത്തില്‍ ചെലവ് ഇരട്ടിച്ച് 1.34 ലക്ഷം കോടിയായി.
കൊവിഡിനെ പ്രതിയാക്കി
ബജറ്റ് ചെലവ് 30.4 ലക്ഷം കോടിയില്‍നിന്ന് 34.5 ലക്ഷം കോടിയായതിന്റെ പ്രധാന കാര്യങ്ങള്‍ ഇവയാണ്. വര്‍ധനയില്‍ ചെറിയ ഭാഗമേ കോവിഡിന്റെ ഫലമായുള്ളൂ.
കൊവിഡ് ദുരിതമകറ്റാന്‍ സൗജന്യ ഭക്ഷ്യധാന്യ വിതരണം, തൊഴിലുറപ്പു പണി വര്‍ധന, സ്ത്രീകളുടെ ജന്‍ ധന്‍ അക്കൗണ്ടുകളിലേക്കു തുക നല്‍കല്‍ എന്നിങ്ങനെയുള്ള സമാശ്വാസനടപടികള്‍ക്കായി വന്ന അധികച്ചെലവ് രണ്ടു ലക്ഷം കോടി പോലും വരില്ല
കോവിഡ് ഉണ്ടായില്ലെങ്കിലും സബ്‌സിഡി ചെലവുകള്‍ കൂടുമായിരുന്നു. കൊവിഡിന്റെ പേരില്‍ നടപ്പാക്കിയ ലോക്ക് ഡൗണ്‍ ഉത്പാദനവും സാമ്പത്തികപ്രവര്‍ത്തനങ്ങളും മുടക്കിയതു മൂലം ഗവണ്മെന്റിന്റെ വരവ് കുറഞ്ഞു. അതുമൂലം കമ്മി വളരെയധികം കൂടി.
പ്രതീക്ഷിച്ചു; കിട്ടിയില്ല
ആരോഗ്യരംഗത്തു ഗവണ്‍മെന്റ് വലിയ മൂലധനമുടക്കിന് തയ്യാറാകുമെന്ന് എല്ലാവരും കരുതി. പക്ഷേ, വിഹിതം കുറയ്ക്കുകയാണു ചെയ്തത്. ഇക്കൊല്ലത്തേതില്‍നിന്ന് 9.5 ശതമാനം കുറവ്.
തൊഴിലുറപ്പുപദ്ധതിക്ക് നടപ്പുവര്‍ഷം 1.15 ലക്ഷം കോടി ചെലവാക്കുന്നിടത്ത് അടുത്ത വര്‍ഷം 73,000 കോടി മാത്രം. ഭവനനിര്‍മാണത്തിനുള്ള പ്രധാനമന്ത്രി ആവാസ് യോജനയ്ക്കുള്ള വിഹിതം 30 ശതമാനം കുറച്ചു.
ഈ കടബാധ്യത എന്തുചെയ്യും?
ചുരുക്കമിതാണ്: കമ്മി കൂടി, കടം വര്‍ധിച്ചു, അതിന്റെ ഫലമോ?
ലോക്ക് ഡൗണുകള്‍മൂലം സാമ്പത്തികമാന്ദ്യത്തിലായ ഇക്കൊല്ലം കേന്ദ്രവും സംസ്ഥാനങ്ങളുംകൂടി വരുത്തിവയ്ക്കുന്ന അധിക കടം നമ്മെ എത്തിക്കുന്നത് എവിടെയാണ്? 2020 മാര്‍ച്ച് 31 നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം കടം ജിഡിപിയുടെ 76.7 ശതമാനം. ഈ മാര്‍ച്ച് 31 ന് അത് 93.3 ശതമാനമാകും. അടുത്ത വര്‍ഷം മാര്‍ച്ച് 31 ന് അതു 91.1 ശതമാനമായി കുറയുമെന്നാണു പ്രതീക്ഷ.
ഈ കടത്തിനു പലിശയുണ്ട്. കടം തിരിച്ചുകൊടുക്കുകയും വേണം. പലിശച്ചെലവ് അടുത്ത ധനകാര്യ വര്‍ഷം 8.1 ലക്ഷം കോടി രൂപയാകും. ആകെ ചെലവാകുന്ന 34.83 ലക്ഷം കോടിയുടെ 23.3 ശതമാനം.
കേന്ദ്രത്തിന്റെ മാത്രം പലിശച്ചെലവാണിത്. ഇതിന്റെ പകുതിയോളം (നാലു ലക്ഷം കോടി രൂപ) വരും സംസ്ഥാനങ്ങളുടെ പലിശച്ചെലവ്.
ഇതു തുടര്‍ന്നുപോകാന്‍ പറ്റുമോ? ചെലവിന്റെ നാലിലൊന്നു പലിശ എന്ന അവസ്ഥ ഒട്ടും ഭദ്രവുമല്ല. മറ്റൊരു മാന്ദ്യത്തെ അതിജീവിക്കാന്‍ കഴിയുന്ന അവസ്ഥയുമല്ല.
വിറ്റൊഴിയുന്നു
പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചാണ് ഇനി മുന്നോട്ടു പോവുക എന്നു ധനമന്ത്രി പ്രഖ്യാപിച്ചു. നാലു മേഖലകളില്‍ മാത്രം മതി പൊതുമേഖലയുടെ നിര്‍ണായക സാന്നിധ്യം എന്നാണ് മന്ത്രിയുടെയും ഗവണ്മെന്റിന്റെയും നയം.
എയര്‍ ഇന്ത്യ, ബിപിസിഎല്‍, കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ എന്നിവയ്ക്കു പിന്നാലെ പൊതു മേഖലയിലെ ഒരു ബാങ്കും ഒരു ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയും വില്‍ക്കും. എല്‍ഐസി യുടെ അഞ്ചു ശതമാനം ഓഹരി അടുത്ത വര്‍ഷം വില്‍ക്കും. ഭാവിയില്‍ ലൈഫ് ഇന്‍ഷ്വറന്‍സും തന്ത്രപ്രധാന മേഖലയല്ലെന്ന കാരണത്താല്‍ സ്വകാര്യവല്‍ക്കരിച്ചെന്നു വരും.