•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മെത്രാഭിഷേക രജതജൂബിലി വര്‍ഷത്തിലേക്ക്

കാക്കനാട്: സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ മെത്രാഭിഷേകരജതജൂബിലി ആഘോഷങ്ങള്‍ക്കു ലളിതമായ തുടക്കം. സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിലെ ചാപ്പലില്‍ ഫെബ്രുവരി രണ്ടിന് രാവിലെ കര്‍ദിനാള്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലും കൂരിയായില്‍ സേവനം ചെയ്യുന്ന വൈദികരും സഭയുടെ വലിയ ഇടയനോടൊപ്പം വി. കുര്‍ബാനയില്‍ പങ്കുചേര്‍ന്നു സഭയ്ക്കും സമൂഹത്തിനും വലിയപിതാവിന്റെ മേല്‍പ്പട്ടശുശ്രൂഷയിലൂടെ ലഭിച്ച അനുഗ്രഹങ്ങള്‍ക്കു നന്ദി പറഞ്ഞു. സഭാകാര്യാലയത്തില്‍ ശുശ്രൂഷചെയ്യുന്ന സമര്‍പ്പിതരും അല്മായ ശുശ്രൂഷകരും വി. കുര്‍ബാനയില്‍ പങ്കെടുത്തു. വി. കുര്‍ബാനയ്ക്കുശേഷം കൂരിയാബിഷപ്പിന്റെ നേതൃത്വത്തില്‍ വലിയപിതാവിന് ജൂബിലിവര്‍ഷാരംഭത്തിന്റെ ആശംസകള്‍ നേര്‍ന്നു.
1996 ല്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തക്കല രൂപത സ്ഥാപിച്ചപ്പോള്‍ പുതിയ രൂപതയുടെ മെത്രാനായി നിയമിച്ചത് ചങ്ങനാശ്ശേരി അതിരൂപതയുടെ അന്നത്തെ വികാരി ജനറാളായിരുന്ന ഫാ. ജോര്‍ജ് ആലഞ്ചേരിയെയാണ്. 1997 ഫെബ്രുവരി 2-ാം തീയതി മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്തായില്‍നിന്നു മെത്രാന്‍ പട്ടം സ്വീകരിച്ചു. സ്ഥാനാരോഹണകര്‍മ്മത്തിനു നേതൃത്വം നല്‍കിയത് മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവായിരുന്നു.
തമിഴ്ഭാഷ പഠിച്ചു തമിഴ്മക്കളുടെ ഹൃദയത്തില്‍ ഇടംപിടിച്ചു പുതിയ രൂപതയ്ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയ ബിഷപ് ജോര്‍ജ് ആലഞ്ചേരി പതിന്നാലുവര്‍ഷം തക്കലയില്‍ ഇടയശുശ്രൂഷ ചെയ്തു. മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവ് കാലം ചെയ്തതിനെ തുടര്‍ന്നു സമ്മേളിച്ച സീറോ മലബാര്‍ സഭയുടെ മെത്രാന്‍സിനഡ് സീറോ മലബാര്‍ സഭയെ നയിക്കാനുള്ള നിയോഗം ഭരമേല്പിച്ചതു തക്കലയുടെ ബിഷപ്പായിരുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആയിരുന്നു. 2011 മെയ് 29 ന് സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമേറ്റെടുത്തു.
പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2012 ഫെബ്രുവരി 18 ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനെ കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തി. 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തിരഞ്ഞെടുത്ത കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ പങ്കെടുത്തു. മെത്രാന്‍പട്ടസ്വീകരണത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ്, കേരള ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ ചെയര്‍മാന്‍ എന്നീ നിലകളിലും കേരളസഭയില്‍ നേതൃത്വം നല്‍കിവരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)