നമ്മുടെ മക്കളെ സംരക്ഷിക്കേണ്ടതിന്റെ പ്രധാന ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കുതന്നെയാണ്. രണ്ടാമതായി അദ്ധ്യാപകര്‍ക്കും അതോടൊപ്പം സമൂഹത്തിനും. ജയിക്കാന്‍ മാത്രമല്ല തോല്ക്കാനും നമ്മുടെ മക്കള്‍ പഠിക്കണം. ഇല്ലായ്മകളും വല്ലായ്മകളും പോരായ്മകളും അതിന്റെ രുചിയും അവരറിഞ്ഞു വളരട്ടെ. കുടുംബമാണ് പ്രഥമ വിദ്യാലയം. അവരിലേക്കു നാം എറിയുന്ന വിത്തുകള്‍ ഗുണമേന്മയുള്ളതാവട്ടെ.
ഏതാനും വര്‍ഷംമുമ്പു നടന്ന ഒരു സംഭവമാണ്.
മകന്റെ സ്‌കൂളിലെ പി.റ്റി.എ. മീറ്റിംഗില്‍ പങ്കെടുക്കുവാനാണ് ഉച്ചകഴിഞ്ഞ് ലീവെടുക്കാമെന്നു തീരുമാനിച്ചത്. ലീവ് ആപ്ലിക്കേഷനുമായി പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തിയപ്പോഴാണ് അദ്ദേഹം ഒരു വലിയ ഫയലെടുത്തു നീട്ടിക്കൊണ്ട് 'ടീച്ചറിനെ ഒരു വലിയ ഉത്തരവാദിത്വം ഏല്പിക്കുകയാണ്. വിശദമായി പഠിച്ച് റിപ്പോര്‍ട്ടു തയ്യാറാക്കണം' എന്നാവശ്യപ്പെട്ടത്. ആമുഖമായി ഇത്രമാത്രം പറഞ്ഞു; ''ഇക്കഴിഞ്ഞ യൂണിവഴ്‌സിറ്റി പരീക്ഷയില്‍ നമ്മുടെ കോളജില്‍ പരീക്ഷയെഴുതിയ 16 കുട്ടികള്‍ കോപ്പിയടിച്ചതായി കണെ്ടത്തിയിട്ടുണ്ട്. രണ്ടു കുട്ടികള്‍ ഈ കോളജിലെതന്നെ വിദ്യാര്‍ത്ഥികളാണ്. 14 പേര്‍ വിവിധ പാരലല്‍ കോളജുകളില്‍നിന്നെത്തിയ പ്രൈവറ്റ് സ്റ്റുഡന്‍സാണ്. റിക്കാര്‍ഡുകളെല്ലാം ഫയലിലുണ്ട്. പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിക്കണം.''
ഫയല്‍ തുറന്നുനോക്കി കാര്യങ്ങള്‍ വിശദമായി പഠിച്ചപ്പോഴാണ് വളരെ ബുദ്ധിമുട്ടും ഗൗരവവുമുള്ള ഒരു ജോലിയാണല്ലോ പ്രിന്‍സിപ്പല്‍ ഏല്പിച്ചിരിക്കുന്നതെന്നു മനസ്സിലായത്. മേല്പറഞ്ഞ 16 കുട്ടികള്‍ക്കും രജിസ്റ്റേര്‍ഡ് നോട്ടീസയച്ച് നിശ്ചിതദിവസം കോളജിലെത്താന്‍ ആവശ്യപ്പെടണം. കോപ്പിയടി കണെ്ടത്തിയ അധ്യാപകന്റെ (ഇന്‍വിജിലേറ്റര്‍) മൊഴിയെടുക്കണം. കോപ്പിയടിക്കാനുപയോഗിച്ച വസ്തുക്കള്‍, രേഖകള്‍, പരിശോധിക്കണം (ലിഖിതങ്ങള്‍, ഹാള്‍ ടിക്കറ്റിലെ മാര്‍ക്കുകള്‍, പിറകിലെഴുതിയത്, പേപ്പര്‍ കട്ടിംഗ്‌സ്). ഇതെല്ലാം ആരോപണവിധേയനായ വിദ്യാര്‍ത്ഥിയെ കാണിച്ച് തെറ്റു സ്ഥിരീകരിക്കണം. ഇതിന്റെയെല്ലാം വെളിച്ചത്തില്‍ ഓരോ വിദ്യാര്‍ത്ഥിയെയും സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി യൂണിവേഴ്‌സിറ്റിക്കയയ്ക്കണം.
മേല്പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാമായി പ്രിന്‍സിപ്പല്‍ ഒരു ഓഫീസ്മുറിതന്നെ വിട്ടുതന്നു. 16 കുട്ടികളും രജിസ്റ്റേര്‍ഡ് ലെറ്ററിന്‍പ്രകാരം നിശ്ചിതദിവസങ്ങളില്‍ കോളജിലെത്തി. 13 ആണ്‍കുട്ടികളും 3 പെണ്‍കുട്ടികളും. പല വിദ്യാര്‍ത്ഥികളും യാതൊരു കൂസലുമില്ലാതെയാണ് ചോദ്യങ്ങള്‍ക്കുത്തരം നല്കിയത്. ചുരുക്കം ചിലര്‍ക്ക് ഭാവിയെക്കുറിച്ച് ഉത്കണ്ഠയുണ്ടായിരുന്നു. ചെയ്ത പ്രവൃത്തി തെറ്റായിപ്പോയി, രക്ഷിക്കണം എന്നപേക്ഷിച്ചവരും ഉണ്ടായിരുന്നു. തങ്ങള്‍ കോപ്പിയടിക്കുവാനുപയോഗിച്ച രേഖകള്‍ അവരെ കാണിക്കുകയും ഇന്‍വിജിലേറ്ററുടെ സാന്നിദ്ധ്യത്തില്‍ അവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
വിവരശേഖരണത്തിനുശേഷം രണ്ടു ദിവസം കഴിഞ്ഞാവാം റിപ്പോര്‍ട്ടു തയ്യാറാക്കല്‍ എന്നു തീരുമാനിച്ചു. ആ ഞായറാഴ്ചയാണ് അപരിചിതനായ ഒരാള്‍ എന്നെ അന്വേഷിച്ച് ഞങ്ങളുടെ ഭവനത്തിലെത്തിയത്. ഭര്‍ത്താവും ഞാനും അയാളെ അകത്തു വിളിച്ചിരുത്തി ആഗമനോദ്ദേശ്യം ആരാഞ്ഞു. ഒരു നിമിഷം മൗനം പാലിച്ചശേഷം നിറഞ്ഞ കണ്ണുകളോടെ അയാള്‍ പറഞ്ഞു: ''ടീച്ചര്‍, കോപ്പിയടിച്ചവരുടെ ലിസ്റ്റില്‍ എന്റെ മകനും ഉണ്ടായിരുന്നു. അവന്‍ ചെയ്തത് വലിയ ഒരു തെറ്റാണെന്ന് ഞങ്ങളും അവനും മനസ്സിലാക്കുന്നു. വേണ്ട സമയത്തു വേണ്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഞങ്ങള്‍ നല്‍കാതിരുന്നതുകൊണ്ടാണല്ലോ ഒരു പരിധിവരെ അവനീ തെറ്റിലേക്കു പോയത്. ടീച്ചറിനു ഞങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കാനാവുമോ?''
ആ പിതാവിനോട് എന്തുത്തരം പറയും എന്നറിയാതെ ഞാന്‍ വിഷമിച്ചു. ഇവിടെ വികാരങ്ങളല്ലല്ലോ നിയമങ്ങള്‍ക്കു വിധേയമായിട്ടുവേണേ്ട നാം പ്രവര്‍ത്തിക്കുവാന്‍. ഭര്‍ത്താവും കോളജദ്ധ്യാപകനാണ്. അദ്ദേഹത്തോടും അഭിപ്രായം ആരാഞ്ഞു. ഒരുത്തരം കണെ്ടത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. പിരിമുറുക്കത്തിനൊരയവു വരുത്താന്‍ ഞാനദ്ദേഹത്തോടൊരു ചോദ്യം ചോദിച്ചു: ''ആട്ടെ, മകനെങ്ങനാണ് കോപ്പിയടിച്ച വിവരം വീട്ടിലറിയിച്ചത്?'' ''ഒരാഴ്ച കഴിഞ്ഞാണ് അവന്‍ വീട്ടില്‍ വിവരമറിയിച്ചത്. ഒരു കൂട്ടുകാരന്‍ വഴി. കേട്ടപ്പോള്‍ ഇടിമിന്നലേറ്റതുപോലെയായി. സത്യത്തില്‍ ഒരു മണിക്കൂര്‍ നേരം എനിക്കു സംസാരിക്കുവാന്‍ പോലും കഴിഞ്ഞില്ല. എങ്കിലും സംയമനം പാലിച്ച് ഭാര്യയോട് ഒരു വിധത്തില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. അവനെ വഴക്കു പറയണ്ട, നമ്മള്‍ വിഷമിക്കുന്നതാണ് അവന്റെ ഏറ്റവും വലിയ ദുഃഖമെന്ന് കൂട്ടുകാരന്‍ പറഞ്ഞിരുന്നു. ടീച്ചര്‍, ഞാനവന്റെ മുറിയില്‍ ചെന്നപ്പോള്‍ അവന്‍ കമിഴ്ന്നു കിടന്നു കരയുകയായിരുന്നു. സാവധാനം ഞാനവന്റെ അരികിലിരുന്ന്, തോളില്‍ തടവി. ഒരു പൊട്ടിക്കരച്ചിലോടെ അവനെന്റെ മടിയിലേക്കു വീണു. പിന്നെ ഞാനൊന്നും മിണ്ടിയില്ല. അവന്റെ അമ്മയോടു ഭക്ഷണം കൊടുക്കുവാന്‍ പറഞ്ഞു. കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ ഞങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞു.'' ഒരു പ്രതികൂലസാഹചര്യത്തില്‍ എത്ര സമചിത്തതയോടെയാണ് ആ പിതാവ് കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്നോര്‍ത്ത് അദ്ദേഹത്തോട് എനിക്കു ബഹുമാനം തോന്നി. നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് എനിക്കു പറ്റുന്ന എന്തു സഹായവും നിങ്ങള്‍ക്കുണ്ടാവും എന്നുറപ്പുകൊടുത്തുകൊണ്ട് ഞങ്ങളയാളെ യാത്രയാക്കി.
മേല്പറഞ്ഞ വിദ്യാര്‍ത്ഥിയെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ടുണ്ടാക്കി. കോപ്പിയടിച്ചു എന്ന കുറ്റം തെളിഞ്ഞിട്ടുണ്ട്. ഇന്‍വിജിലേറ്റര്‍ പറഞ്ഞതും രേഖകളുമെല്ലാം പിന്‍ ചെയ്തു. എന്നാല്‍, റിപ്പോര്‍ട്ടിനൊപ്പം വ്യക്തിപരമായ ഒരു കുറിപ്പും ഞാന്‍ തയ്യാറാക്കി. കുട്ടിയെപ്പറ്റി അന്വേഷിച്ചപ്പോള്‍ ഇതിനുമുമ്പ് മറ്റു കുറ്റകൃത്യങ്ങളിലൊന്നും ഉള്‍പ്പെട്ടിട്ടില്ല എന്നും; കോളജിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ സജീവപ്രവര്‍ത്തകനാണെന്നും സാധിക്കുമെങ്കില്‍ ഏറ്റവും കുറഞ്ഞ ശിക്ഷാനടപടികളേ എടുക്കാവൂ എന്നുമുള്ള ഒരു റെക്കമെന്റേഷന്‍. എന്റെ നോട്ടുകൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമെന്നു കരുതിയില്ല. എങ്കിലും ദിവസങ്ങള്‍ക്കുശേഷം യൂണിവേഴ്‌സിറ്റി എടുത്ത ശിക്ഷാനടപടിയില്‍ 15 പേര്‍ക്കും 3 പ്രാവശ്യം പരീക്ഷ എഴുതുവാനുള്ള യോഗ്യത തടഞ്ഞപ്പോള്‍ ഈ വിദ്യാര്‍ത്ഥിക്കു മാത്രം ഒരു ചാന്‍സാണ് നഷ്ടപ്പെട്ടത്. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഈ വിദ്യാര്‍ത്ഥിയുടെ പിതാവിനെ അവിചാരിതമായി കാണുവാനിടയായി. അയാള്‍ എന്റരുകില്‍ ഓടിവന്നു. മകനെന്തു ചെയ്യുന്നു എന്നു ചോദിച്ചപ്പോള്‍, 'ടീച്ചര്‍ അവന്‍ പഠിച്ചു മിടുക്കനായി ഉയര്‍ന്ന ഡിഗ്രിയൊക്കെയെടുത്ത് വലിയ ഒരു കമ്പനിയിലെ ഉയര്‍ന്ന പദവിയിലാണ്, ഞങ്ങള്‍ അപ്പനെയും അമ്മയെയും കുടുംബത്തെയും ഭംഗിയായി സംരക്ഷിക്കുകയും ചെയ്യുന്നു' ടീച്ചറിനെ ഞങ്ങള്‍ ഓര്‍ക്കാറുണെ്ടന്നും പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് മാധ്യമങ്ങളിലൊക്കെ നിറഞ്ഞുനിന്നിരുന്നത്, ഒരു കോപ്പിയടി വിവാദമായിരുന്നല്ലോ. ഈ മേഖലയില്‍ മേല്പറഞ്ഞ രീതിയിലുള്ള ആധികാരികത ഉള്ളതുകൊണ്ട് എല്ലാം ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. പഞ്ചായത്ത് ഇലക്ഷന്‍ വരുന്നതുകൊണ്ടാവാം ചില രാഷ്ട്രീയപാര്‍ട്ടികളൊക്കെ ഈ സംഭവത്തെ നുണകൊണ്ടു പര്‍വ്വതീകരിച്ചുകാണിച്ചത്. കോപ്പിയടിച്ചു പിടിക്കപ്പെട്ട ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഏവര്‍ക്കും വളരെ ദുഃഖമുണ്ടാക്കിയ ഒരു കാര്യം തന്നെ. പ്രത്യേകിച്ചും ആ കുടുംബത്തിന്. എന്നാല്‍, കോപ്പിയടിച്ചു എന്ന ഒന്നാമത്തെ തെറ്റിനെയും ആത്മഹത്യ എന്ന അതിലും വലിയ തെറ്റിനെയും എന്തിനിത്രയും വാഴ്ത്തിസ്തുതിക്കുന്നു എന്നു മനസ്സിലാവുന്നില്ല. ചാനല്‍ ചര്‍ച്ചകളും സോഷ്യല്‍ മീഡിയായുമൊക്കെ വളരെയധികം ശ്രദ്ധിക്കുന്ന നമ്മുടെ വിദ്യാര്‍ത്ഥിസമൂഹത്തിന് എന്തു സന്ദേശമാണിതു നല്കുന്നത്? കോപ്പിയടിച്ചാല്‍ അതു പിടിക്കാന്‍ പാടില്ലെന്നോ; എല്ലാത്തിനും പ്രതിവിധി ആത്മഹത്യ ആണെന്നോ? ഇത്രയധികം ഗ്ലോറിഫൈ ചെയ്യപ്പെടേണ്ട കാര്യമാണോ ആ പെണ്‍കുട്ടി ചെയ്തത്? പിതാവിനെ സംബന്ധിച്ചിടത്തോളം മകള്‍ നഷ്ടപ്പെട്ട വേദനയില്‍ വളരെ വൈകാരികമായി പ്രതികരിച്ചാലും അദ്ഭുതപ്പെടാനില്ല. ചില രാഷ്ട്രീയക്കാര്‍ക്കും യൂണിവേഴ്‌സിറ്റി നിയമങ്ങളെക്കുറിച്ച് അറിവുണ്ടാകണമെന്നില്ല. എന്നാല്‍ നല്ല വിദ്യാഭ്യാസമുള്ള, യൂണിവേഴ്‌സിറ്റിനിയമങ്ങളെക്കുറിച്ചും പരീക്ഷാസമ്പ്രദായങ്ങളെക്കുറിച്ചുമൊക്കെ അറിവുള്ള ചില വ്യക്തികളുടെ പ്രതികരണങ്ങള്‍ കേട്ടപ്പോള്‍, ഇവരൊക്കെ വെള്ളരിക്കാപ്പട്ടണത്തിലാണോ ജീവിക്കുന്നതെന്നു തോന്നിപ്പോയി. അല്ലറചില്ലറ വോട്ടിനുവേണ്ടിയുള്ള നുണപറച്ചില്‍.
കോപ്പിയടി ആരോപിക്കപ്പെട്ട ആ പെണ്‍കുട്ടിക്ക് എന്തെല്ലാം ഓപ്ഷന്‍സ് മുമ്പിലുണ്ടായിരുന്നു. തേര്‍ഡ് ബികോം - അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി - 20 വയസ്സ് തീര്‍ച്ചയായും ഉണ്ടാവും. ഒരു യുവതിയായിക്കഴിഞ്ഞു. പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നു പറഞ്ഞിരുന്നു. അങ്ങനെ ചെയ്തില്ല. യൂണിവേഴ്‌സിറ്റി കോളജിന്റെ മേല്‍ ചുമത്തിയിരിക്കുന്ന ഏറ്റവും വലിയ കുറ്റം, ആ വിദ്യാര്‍ത്ഥിനിയെ അരമണിക്കൂര്‍ ഹാളില്‍ ഇരുത്തി എന്നുള്ളതാണ്. എന്റെ അറിവിന്റെ പരിധിയില്‍ നിന്നുകൊണ്ടു ഞാനെഴുതുകയാണ്. അടുത്തദിവസംമുതല്‍ പരീക്ഷകള്‍ തുടര്‍ന്നെഴുതണമെങ്കില്‍ അങ്ങനെയൊരു തീരുമാനം എടുക്കണമായിരുന്നു. വിദ്യാര്‍ത്ഥിനിക്ക് അന്നത്തെ പരീക്ഷ നഷ്ടപ്പെടും. തോറ്റതായി കണക്കാക്കപ്പെടും. ബാക്കി പരീക്ഷകള്‍ എഴുതിയശേഷം, അടുത്ത ചാന്‍സില്‍ മുകളില്‍ പറഞ്ഞ പേപ്പറിന്റെ പരീക്ഷ ഒന്നുകൂടി എഴുതി വിജയിക്കുകയും ചെയ്യാം. കോപ്പിയടിക്കേസില്‍ ഉള്‍പ്പെടുകയുമില്ല. സത്യത്തില്‍ ഇതാവാം ആ പ്രിന്‍സിപ്പല്‍ ചിന്തിച്ചത്. ഒരു പെണ്‍കുട്ടിയല്ലേ, അവസാന വര്‍ഷ പരീക്ഷയുമാണ്. പരീക്ഷ തുടങ്ങിക്കഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞേ വിദ്യാര്‍ത്ഥികളെ പുറത്തുവിടാന്‍ പാടുള്ളൂ. പ്രിന്‍സിപ്പലിന്റെ അനുകമ്പയും ഔദാര്യവും സര്‍വ്വോപരി മനുഷ്യത്വവും അദ്ദേഹത്തിനുതന്നെ വിനയായി.
എത്രയോ വര്‍ഷം ഇന്‍വിജിലേറ്ററായുള്ള അനുഭവം എനിക്കുണ്ട്. കോപ്പിയടി പിടിച്ചുകഴിഞ്ഞാല്‍ - ചിലപ്പോള്‍ സ്‌ക്വാഡാകാം, ചിലപ്പോള്‍ എക്‌സാമിനര്‍ തന്നെയാവാം - അവരെ ഡോക്യുമെന്റ്‌സ് എല്ലാം വാങ്ങി പുറത്താക്കും. എന്തെങ്കിലും അസുഖമോ, ശാരീരികബുദ്ധിമുട്ടുകളോ ഉള്ള വിദ്യാര്‍ത്ഥികളെ വളരെ ഉത്തരവാദിത്വത്തോടെ ശ്രദ്ധിക്കാറുമുണ്ട്. കോപ്പിയടിക്കാന്‍ വിരുതുകാട്ടുന്ന ഒരു വിദ്യാര്‍ത്ഥി സാധാരണ ഇതുപോലൊരു ദുരന്തം വരുത്തിവയ്ക്കാറുമില്ല. ഹാളില്‍ കുറച്ചുസമയം വെറുതെയിരുത്തിയതുകൊണ്ടാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നു ചിലര്‍ വാദിക്കുന്നു. സത്യത്തില്‍, വീട്ടില്‍ ചെല്ലുമ്പോള്‍ എന്തു പറയും? അപ്പനും അമ്മയും വഴക്കു പറയില്ലേ എന്നായിരിക്കില്ലേ ആ കുട്ടി ചിന്തിച്ചത്. ആ ഭയമായിരിക്കില്ലേ ഇതുപോലൊരു പ്രവൃത്തിയിലേക്ക് ആ കുട്ടിയെ നയിച്ചത്. ഏതു സാഹചര്യത്തിലും തന്റെ പേരന്റ്‌സ് തനിക്കു തുണയായി ഉണ്ടാകും എന്നു ബോദ്ധ്യമുണ്ടായിരുന്നെങ്കില്‍ ആ കുട്ടി ആത്മഹത്യ ചെയ്യുമായിരുന്നു എന്നു ഞാന്‍ കരുതുന്നില്ല. പിന്നെ പഠിപ്പിച്ച അദ്ധ്യാപകരും കൂട്ടുകാരും നാട്ടുകാരും തന്നെക്കുറിച്ച് എന്തു വിചാരിക്കും എന്നും കരുതിയിരിക്കും.
ആദ്യം നമ്മള്‍ കണ്ട കോപ്പിയടിക്കേസില്‍ - ആ മകന്‍ ചെയ്തതും പേരന്റ്‌സ് അവന്റെ കൂടെ നിന്നതും തെറ്റുതിരുത്തി, ശിക്ഷ ഏറ്റുവാങ്ങി, കൂടുതല്‍ കരുത്തോടെ ജീവിതത്തില്‍ ഉയരുന്നതും നാം കണ്ടു. നമ്മള്‍ കുട്ടികള്‍ക്കു കാണിച്ചുകൊടുക്കേണ്ട മാതൃകകള്‍ ഇങ്ങനെയുള്ളവയല്ലേ. ചാനലുകള്‍ രണ്ടു ദിവസം കഴിയുമ്പോള്‍ പുതുമകള്‍ തേടിപ്പോകും. നമ്മുടെ മക്കളെ സംരക്ഷിക്കേണ്ടതിന്റെ പ്രധാന ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കുതന്നെയാണ്. രണ്ടാമതായി അദ്ധ്യാപകര്‍ക്കും അതോടൊപ്പം സമൂഹത്തിനും. ജയിക്കാന്‍ മാത്രമല്ല തോല്ക്കാനും നമ്മുടെ മക്കള്‍ പഠിക്കണം. ഇല്ലായ്മകളും വല്ലായ്മകളും പോരായ്മകളും അതിന്റെ രുചിയും അവരറിഞ്ഞു വളരട്ടെ. കുടുംബമാണ് പ്രഥമ വിദ്യാലയം. അവരിലേക്കു നാം എറിയുന്ന വിത്തുകള്‍ ഗുണമേന്മയുള്ളതാവട്ടെ. യുനെസ്‌കോ പറയുന്നതുപോലെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ മൂന്നാണ്: ഒന്നാമതായി അറിവു സമ്പാദിക്കണം. രണ്ടാമത് അറിവിനോടൊപ്പം സ്വഭാവരൂപീകരണം നടക്കണം. മൂന്നാമത് മികച്ച അറിവും സ്വഭാവസവിശേഷതയും ചേര്‍ന്ന് അവനില്‍ രൂപാന്തരീകരണം ഉണ്ടാവണം.