•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ന്യൂനപക്ഷവിവേചനത്തില്‍ ഹൈക്കോടതി ഇടപെടല്‍: നാലുമാസത്തിനകം നടപടി വേണമെന്ന് ഉത്തരവ്

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആനുകൂല്യങ്ങളും പദ്ധതികളും ന്യൂനപക്ഷവിഭാഗങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടു കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ നിവേദനം സര്‍ക്കാര്‍ പരിഗണിച്ചു നാലു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഈ ആവശ്യമുന്നയിച്ചു കഴിഞ്ഞ നവംബര്‍ 25 നു സര്‍ക്കാരിനു നല്‍കിയ നിവേദനം പരിഗണിച്ചില്ലെന്നു വ്യക്തമാക്കി നല്‍കിയ ഹര്‍ജി പരിഗണിച്ചാണു ജസ്റ്റീസ് പി.വി. ആശയുടെ ഉത്തരവ്.
2011 ലെ സെന്‍സസ്പ്രകാരം സംസ്ഥാനത്തു മുസ്ലിംകള്‍ 26.56 ശതമാനവും ക്രിസ്ത്യാനികള്‍ 18.38 ശതമാനവും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ 0.34 ശതമാനവുമാണ്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങളുടെ 40.9 ശതമാനത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ 80:20 എന്ന തോതിലാണ് മുസ്ലിം വിഭാഗത്തിനും മറ്റുള്ളവര്‍ക്കുമായി ഇപ്പോള്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ന്യൂനപക്ഷക്ഷേമവകുപ്പിനു കീഴിലുള്ള 17 സെന്ററുകളില്‍ 16 എണ്ണവും 28 സബ് സെന്ററുകളില്‍ മുഴുവനും മുസ്ലിം വിഭാഗത്തിനുകീഴിലുള്ള ഓര്‍ഗനൈസേഷനുകളുമായി ബന്ധപ്പെട്ടാണുള്ളത്. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അധികാര ദുര്‍വിനിയോഗം നടത്തിയാണ് ആനുകൂല്യങ്ങളും പദ്ധതികളും ഒരു വിഭാഗത്തിനു മാത്രം കൂടുതല്‍ നല്‍കുന്നതെന്നും ഇതു ക്രിസ്ത്യന്‍ ന്യൂനപക്ഷവിഭാഗങ്ങളടക്കമുള്ളവരോടുള്ള അനീതിയാണെന്നും ഹര്‍ജിയില്‍ കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു.
2014 ല്‍ നിലവില്‍വന്ന കേരള ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങളും സാമൂഹികപദ്ധതികളും അനുവദിക്കുമ്പോള്‍ ജനസംഖ്യയ്ക്കാനുപാതികമായി നല്‍കണമെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, നിയമം പ്രാബല്യത്തില്‍ വന്നിട്ടും അതിനുമുമ്പുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെ കൂടുതലായി പരിഗണിക്കുന്നു. നിയമം നിലവില്‍ വരുന്നതിനു മുമ്പുള്ള ഉത്തരവുകള്‍ അസാധുവായതായി പ്രഖ്യാപിക്കണം. ഇതുസംബന്ധിച്ചു നിരവധിതവണ നിവേദനം സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കു കിട്ടേണ്ട ആനുകൂല്യങ്ങളുടെ ഭൂരിഭാഗവും ഒരു വിഭാഗത്തിനു മാത്രം നല്‍കുന്ന ന്യൂനപക്ഷ കമ്മീഷനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)