അണയുന്നരികത്തു ഞാന്‍ ക്ഷമാ-
പണമോടിന്നു മദീയ തൂലികേ,
ദിനമേറെ വിഷാദപൂര്‍ണയായ്
തനിയേ നീ കഴിയേണ്ടിവന്നുപോയ്.
ഒരു ജോലി നടത്തിയിട്ടു നി-
ന്നരികേയെത്തണമെന്നുറയ്ക്കിലും
പരമാര്‍ത്ഥമുരച്ചിടട്ടെ, മുന്‍
സ്ഥിതിയില്‍ താന്‍ തുടരേണ്ടിവന്നു ഞാന്‍.
ഒരു ജോലി കഴിഞ്ഞു പിന്നതിന്‍
പിറകോരോന്നുമണഞ്ഞു ജോലികള്‍.
അവസാനമെഴാതെയാഴി ത-
ന്നലകള്‍ തീരമടുത്തിടുന്നപോല്‍.
ഇനിയും ഗതിയേവമെങ്കില്‍ മോ-
ഹനമീ വാസന നഷ്ടമായിടാം.
വനമായ് തിരിയുന്നു ദീര്‍ഘനാള്‍
ജനസഞ്ചാരമെഴാത്ത പാതകള്‍.
മമ ജീവിതയാത്രയിങ്കലെ-
സ്സമയം സര്‍വ്വവുമാത്മമിത്രമേ,
തവ സൗഹൃദമാസ്വദിച്ചിടാ-
നിടയാകില്‍ ചരിതാര്‍ത്ഥനായി ഞാന്‍.
ഉടലിന്നു കരുത്തെഴുമ്പൊഴും
വടിതന്‍ താങ്ങൊടു നീങ്ങിടുമ്പൊഴും
ഒടുവില്‍ ബലമറ്റു ശയ്യമേ-
ലടിയുമ്പോഴുമെനിക്കു നീ സഖി.
ഉലകിന്‍ രമണീയകാഴ്ചകള്‍
പലതും ഞാന്‍ പ്രിയമോടു കാണവേ
തുലനത്തിനതീതയായി നീ
വിലസും വാസ്തവമോര്‍ത്തുപോയിടും.
പുലര്‍കാല വിഹംഗഗീതിയും
ശലഭശ്രേണികള്‍ തന്‍ സ്വനങ്ങളും
കുളിര്‍കാറ്റു ചരിക്കെ മോദമോ-
ടിളകും ഭൂരുഹ വാദ്യഘോഷവും.
മലര്‍വാടികള്‍, ശുദ്ധശീതളം
ജലമേന്തുന്ന സരോവരാദികള്‍,
ഒളിയേറുമിവറ്റയൊന്നുമുള്‍-
ക്കുളിരേകില്ല നിനക്കു തുല്യമായ്.
ശ്രുതിമോഹനമായ ഗാനമോ,
ഹൃദയാഹ്ലാദക വാഗ്വിലാസമോ,
അഥവാ രസപുഷ്ടമാകുമ-
ക്കഥയോ ഹൃത്സുഖമേവമേകുമോ?
വിവിധാര്‍ത്ഥ രസാദി പൂര്‍ണ സല്‍-
ക്കവിതാ മാധുരിയാസ്വദിക്കുകില്‍
ഭുവിവാസ വിലാപയാത്രയില്‍
തുവരാതേതൊരു കണ്ണുനീരെഴാം?
ഇതി നിന്‍ ഗുണപാടവാദികള്‍
ചിതമോടെണ്ണിടുവാന്‍ ശ്രമിക്കുകില്‍
അതിനന്ത്യമെഴില്ല, വര്‍ണ്ണന
മതി, നീ വര്‍ണ്ണനകള്‍ക്കതീതയാം.
പരിചേറിന നൂറു പൂക്കള്‍ ഭാ-
സുരമീ വല്ലരി ചൂടി മേല്ക്കുമേല്‍
പരിവൃദ്ധി ലഭിച്ചു വാഴുവാന്‍
വരമേകട്ടെ സദാ കവീശ്വരി.