•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കഥ

ഡിസംബര്‍ മുപ്പത്തിയൊന്നിന് സംഭവിച്ചത്

  • നിഷ ആന്റണി
  • 28 January , 2021

രംഗം 1
ഇന്റന്‍സീവ് ട്രോമാ കെയര്‍ യൂണിറ്റിനുള്ളില്‍  സ്റ്റാഫ് നേഴ്‌സിന്റെ മുന്നിലിരുന്ന് ഭര്‍ത്താവിന്റെ ഡയാലിസിസിനുവേണ്ടിയുള്ള സമ്മതപത്രം ഒപ്പിടുമ്പോള്‍ ജനനിയുടെ നെഞ്ചില്‍നിന്ന് പിരിമുറുകി പൊട്ടാന്‍ തക്കവണ്ണം ഒരു തണുത്ത തേങ്ങല്‍ പുറപ്പെട്ടു. അത് കരച്ചിലിന്റെ വക്കോളമെത്തിയപ്പോള്‍ മാസ്‌ക്  അതിന്റെ  ശബ്ദതരംഗങ്ങളെ തടഞ്ഞുനിര്‍ത്തി. വൈഫ് ഓഫ്  ഗൗതം എന്നെഴുതി ഒപ്പിട്ടശേഷം, സമ്മതപത്രം മടക്കിനല്‍കിയപ്പോള്‍ ഔദ്യോഗികരേഖകളില്‍ മാത്രം തനിക്കു കിട്ടുന്ന അംഗീകാരത്തിന് അജീര്‍ണ്ണം ബാധിച്ചതുപോലെ തോന്നി.
''നിങ്ങള്‍ എത്രയും പെട്ടെന്ന് ഈ മരുന്ന് വാങ്ങിച്ചു വരൂ. എന്നാലേ ഡയാലിസിസ് തുടങ്ങുകയുള്ളൂ...''
ഇമകളടച്ച് കണ്ണീരൊതുക്കാനുള്ള ശ്രമത്തിനിടയില്‍ അദ്ദേഹത്തിന്റെ എ.റ്റി.എം. കാര്‍ഡുമായി പുറത്തേക്കിറങ്ങി. ആശുപത്രിയുടെ വലതു ഭാഗത്തായുള്ള എ.റ്റി.എം. കൗണ്ടറിനുമുന്നിലേക്കു നടക്കുമ്പോള്‍  ക്രിസ്മസ് കഴിഞ്ഞ്  വെയിലേറ്റ് വാടിയ പുല്‍ക്കൂടിനുള്ളിലിരുന്ന് ഉണ്ണിയേശു ജനനിയെ നോക്കി ചിരിച്ചു.  എ.റ്റി.എം. കൗണ്ടറിനു മുന്നിലെ നീണ്ട വരിയില്‍ അവസാനം നിന്ന ആളുടെ അടുത്തേക്ക് ജനനി നടന്നു. 
''മോനേ, ഈ കാര്‍ഡീന്ന് പൈസ ഒന്നെട്ത്ത് തരാമോ? എനിക്കറിഞ്ഞൂടാഞ്ഞിട്ടാണ്...''
''ചേച്ചി നമ്പര്‍ പറഞ്ഞോളൂ...''
ജനനിയില്‍നിന്ന് അജ്ഞത വീണ്ടും ഉറയൂരി. നനവുമാറാത്ത കണ്‍പീലികള്‍ കണ്ടിട്ടാവണം ചെറുപ്പക്കാരന്‍ പറഞ്ഞു:
''ചേച്ചി വിഷമിക്കണ്ട.. പിന്‍ നമ്പര്‍ ചോദിച്ച് വന്നോളൂ. ഞാനിവിടെയുണ്ടാവും.''
ഒരുപക്ഷേ, മകള്‍ക്കറിയാമായിരിക്കും. ഫോണില്‍ മകളെ വിളിച്ചന്വേഷിച്ചപ്പോള്‍ അച്ഛന്റെ ഫോണില്‍ സേവ് ചെയ്തിട്ടുണ്ട്  അമ്മ നോക്കൂ എന്നു പറഞ്ഞതോടെ ജനനിയുടെ അജ്ഞത ഒന്നുകൂടി പത്തിവിടര്‍ത്തി. ആശുപത്രിക്കുള്ളിലേക്കു തിരികെ നടക്കുമ്പോള്‍ ജനനി ഗൗതമിനെക്കുറിച്ചോര്‍ത്തു.
ഗൗതമിന്റെ പിറവിയും ജീവിതവും ഉയരങ്ങളിലായിരുന്നു. ഇരുപത്തിനാലു മണിക്കൂറും അതിലധികവും ശരീരത്തിലെ അവയവങ്ങള്‍ക്ക് അമിതാദ്ധ്വാനം  നല്‍കി  ബിസിനസും, സൗഹൃദങ്ങളുമായി അദ്ദേഹം നടന്നപ്പോള്‍  ഒപ്പമെത്താന്‍വേണ്ടി താന്‍ കിതച്ചു. അടുക്കളയും കിടപ്പുമുറിയുമായി ജീവിതമൊതുങ്ങിയപ്പോള്‍ ആത്മാവിന് എന്തൊക്കെയോ നഷ്ടപ്പെട്ടുപോകുന്നതറിഞ്ഞ്  നിശ്ശബ്ദയായി നൊമ്പരപ്പെട്ടു.
ഗൗതം സുമുഖനായിരുന്നു. ധനവാനായിരുന്നു. സമര്‍ത്ഥനായിരുന്നു, പ്രശസ്തനായിരുന്നു. വിജയിക്കാനായി പിറന്നവനായിരുന്നു... പക്ഷേ, തനിക്കാരുമായിരുന്നില്ല.
പെട്ടെന്നൊരു ദിവസം കിഡ്‌നി പണിമുടക്കിയപ്പോള്‍ ഗൗതമിന് വെറുതേയിരിക്കാന്‍ ധാരാളം സമയം ലഭിച്ചു. അയാള്‍ ആശുപത്രിയില്‍  കിടന്നു കൊണ്ട്, ജനനിയെ കാണണമെന്നാവശ്യപ്പെട്ടു. മലമൂത്രവിസര്‍ജ്യങ്ങളും, കഫത്തിന്റെ പൂപ്പലുകളും വൃത്തിയാക്കാനൊരാളെക്കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് അക്കാലത്തുമാത്രം  ഗൗതം തിരിച്ചറിഞ്ഞു.  വില കൊടുത്തു വാങ്ങിക്കാന്‍  സാധിക്കാത്ത ഒരപൂര്‍വ്വ വസ്തുവായി ജനനിയുടെ  സ്‌നേഹം അയാള്‍ക്കു മുന്നില്‍  മറഞ്ഞുനിന്നു. അവള്‍ നടന്ന് ഡയാലിസിസ് യൂണിറ്റിനുമുന്നിലെത്തി.
കോളിങ് ബെല്‍ അമര്‍ത്തിയപ്പോള്‍  രണ്ടു വാതിലുകളുടെ വിടവില്‍ ഡോക്ടറുടെ മുഖം പ്രത്യക്ഷപ്പെട്ടു.
''എന്താണ്?''
''ഡോക്ടര്‍, ഞാന്‍ ഗൗതമിന്റെ ഭാര്യയാണ്. എനിക്ക് അദ്ദേഹത്തെ ഒന്നു കാണണം.''
''കാര്യം പറയൂ...''
''പൈസ എട്ക്കണങ്കില്  കാര്‍ഡിന്റെ പിന്‍ നമ്പര്‍ എനിക്കറിയില്ല.''
അവളുടെ നിസ്സഹായവസ്ഥ നൂറു ശതമാനത്തിലെത്തിയിരുന്നതുകൊണ്ട് ഡോക്ടര്‍ അകത്തേക്കു കയറ്റി.
''വരൂ,''
അകത്തേക്കു നടക്കുമ്പോള്‍ ജനനിയുടെ കാലുകള്‍ തണുത്തിരുന്നു. മുറിക്കുള്ളില്‍ ഡെറ്റോളിന്റെ ഗന്ധത്തെക്കാള്‍ അധികമായി സാനിറ്റൈസറിന്റെ ഗന്ധം നിറഞ്ഞുനിന്നു. അന്യഗ്രഹപേടകത്തിലെന്ന പോലെ ജനനി ഗൗതമിന്റെ അടുക്കലേക്കു  നടന്നു.
അയാള്‍ക്കപ്പോള്‍ അവളുടെ അജ്ഞതയെ വിമര്‍ശിക്കാന്‍ തോന്നിയില്ല.. ഗൗതം പിന്‍ നമ്പര്‍ പറഞ്ഞു കൊടുത്തു. പുതുരക്തം ഊറ്റിക്കുടിക്കുവാന്‍വേണ്ടി തയ്യാറെടുത്തിരുന്ന അയാളുടെ കൈകള്‍ സാവധാനം ജനനിയുടെ കൈകളുടെമേല്‍ സ്പര്‍ശിച്ചു. ജലം പുരണ്ട കണ്ണുകളോടെ ഗൗതം  അവളുടെ കൈകള്‍ക്കു മീതെ തന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് ഫോണിന്റെ സ്‌ക്രീനില്‍ പാറ്റേണ്‍ ലോക്ക് മാറ്റുന്നതെങ്ങനെയെന്നു കാണിച്ചുകൊടുത്തു. ഒരേയൊരു നിമിഷം അയാളുടെ കണ്ണുകളിലേക്കു ജനനി നോക്കി...
''ജനനീ...''
വാക്കുകള്‍ വേദനകൊണ്ടു മുറിഞ്ഞതുപോലെ അയാളുടെ ചുണ്ടിലിരുന്ന് വ്രണപ്പെട്ടു. അയാള്‍ക്കധികമൊന്നും സംസാരിക്കാന്‍ സാധിച്ചില്ല.  അവരുടെ ഓരോ ചലനങ്ങളും ശ്രദ്ധിച്ചുകൊണ്ടിരുന്ന ഡോക്ടര്‍ പറഞ്ഞു.
''സമയം അവസാനിച്ചിരിക്കുന്നു.''
രംഗം 2
ഡയാലിസിസ് യൂണിറ്റില്‍നിന്നിറങ്ങി  പി.പി.ഇ. കിറ്റ് വേസ്റ്റ് ബിന്നില്‍ നിക്ഷേപിച്ചശേഷം ഡോ. ഗൗരിശങ്കര്‍ കൈയും മുഖവും കഴുകി വസ്ത്രം മാറി.  പുറത്ത് തണുപ്പ് വര്‍ദ്ധിക്കുന്നു. നാളെ പുതുവര്‍ഷമാണ്.. ഇന്നിനി ക്ലബിലേക്കില്ല. നേരേ വീട്ടിലേക്കു പോണം... പോകുന്നവഴി പാതയോരത്ത്  കാര്‍ നിര്‍ത്തി ഫോണ്‍ ഒന്ന്  ഫോര്‍മാറ്റ് ചെയ്തു. മഞ്ഞവെളിച്ചമുള്ള ഗരാജില്‍  കാര്‍ നിര്‍ത്തുന്ന ശബ്ദം കേട്ടപ്പോള്‍ ഭാര്യ സംഗീത മുറ്റത്തേക്ക് ഓടിയിറങ്ങി വന്നു.
''ഗൗരിയേട്ടന്‍ പോണില്ലേ ക്ലബില്...?''
''പോണുണ്ട്. നമ്മളൊരുമിച്ചു മാത്രം. അതിനുമുമ്പ് നിനക്കൊരു കാര്യം പറഞ്ഞുതരാമെന്നോര്‍ത്തു. ഇവിടെ വാ.''
തന്റെ അരികിലെ സീറ്റിലേക്കു കയറിയിരുന്ന സംഗീതയുടെ നേര്‍ത്ത വിരലുകള്‍ കൈയിലെടുത്തു ചുംബിച്ചശേഷം ഡോ. ഗൗരിശങ്കര്‍ താന്‍ കെട്ടിയുണ്ടാക്കിയ പാറ്റേണ്‍ ലോക്ക് അവളുടെ വിരലുകള്‍ ഉപയോഗിച്ച് അഴിപ്പിച്ചു. സംഗീതയുടെ മുഖം മാറുന്നതും കണ്ണ് ജലാര്‍ദ്രമാവുന്നതും അയാള്‍ കണ്ടു.
''ഈ ഫോണിന്റെ ലോക്ക് മാറ്റിയപോലെ ഏട്ടന്റെ മനസ്സിന്റെ ലോക്കും മാറ്റ്വോ?''
ചോദ്യത്തിനുത്തരമായി ഡോ. ഗൗരിശങ്കര്‍ സംഗീതയെ ചേര്‍ത്തുപിടിച്ച്  കാതില്‍ പറഞ്ഞു: 
''ഹാപ്പി ന്യൂ ഇയര്‍.''

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)