•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

അക്രമവാസന വളര്‍ത്തുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍

ത്തര്‍ പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ ഒരു സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്ത വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. തലയിലും നെഞ്ചിലും വയറിലുമായി മൂന്ന് തവണ വെടിയേറ്റ വിദ്യാര്‍ഥി തത്ക്ഷണം മരിച്ചു. ക്ലാസ് മുറിയില്‍ ഇരിക്കുന്ന സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തര്‍ക്കത്തിനൊടുവില്‍ വിദ്യാര്‍ഥി വീട്ടില്‍ പോയി അമ്മാവന്റെ തോക്കെടുത്ത് വന്നാണ് സഹപാഠിയെ വെടിവെച്ചത്. കരസേനയിലെ ഉദ്യോഗസ്ഥനായ അമ്മാവന്‍ ലീവിന് വീട്ടില്‍ വന്നതായിരുന്നു. വെടിവെച്ച വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് മറ്റൊരു നാടന്‍ തോക്കും പോലീസ് കണ്ടെടുക്കുകയുണ്ടായി. 
ഓണ്‍ലൈന്‍ ഗെയിമില്‍ തോല്‍പ്പിച്ചതിന്റെ വൈരാഗ്യം കൊലയില്‍..
മധ്യപ്രദേശില്‍ ഈയിടെ പത്ത് വയസ്സുകാരിയെ പതിനൊന്നുകാരന്‍ കൊലപ്പെടുത്തിയത് ഓണ്‍ലൈന്‍ ഗെയിമില്‍ തന്നെ തോല്‍പ്പിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു. ലിവര്‍പൂളില്‍ പതിനഞ്ചുകാരനായ വിദ്യാര്‍ഥി വ്യാജ തോക്ക് കാട്ടി ഭയപ്പെടുത്തി ബേങ്ക് കൊള്ളയടിച്ച സംഭവത്തില്‍, പ്രതിയെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ തനിക്കിതിന് പ്രചോദനമായത് വീഡിയോ ഗെയിമാണെന്നാണ് മൊഴി നല്‍കിയത്. തങ്ങള്‍ കാണുന്ന വീഡിയോ ഗെയിമുകളിലെയും സിനിമകളിലെയും സീരിയലുകളിലെയും ശത്രുസംഹാരത്തിന്റെയും കവര്‍ച്ചകളുടെയും അനുകരണമാണ് കൗമാരക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 
യു.പിയുടെ ക്രിമിനല്‍ ബാക്ക്ഗ്രൗണ്ട്
അക്രമവും ഗുണ്ടായിസവും തോക്ക് പ്രയോഗവും കൊലപാതകവും യു പിയില്‍ പുതുമയല്ല. സംസ്ഥാനത്തെ പോലീസ് സേനയുടെ കൈയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തോക്കുകളും വെടിത്തിരകളും യു പിയിലെ പൗരന്മാരുടെ കൈവശമുണ്ട്. സംസ്ഥാനത്തെ ജനസംഖ്യ ഏകദേശം 20 കോടിയാണെന്നാണ് സെന്‍സസ് പറയുന്നത്. ഇതില്‍ 11 ലക്ഷത്തോളം സാധാരണക്കാരുടെ കൈയില്‍ തോക്കുകളുണ്ടെന്നാണ് സംസ്ഥാനത്തെ പോലീസിന്റെ കണക്ക്. പോലീസിന്റെ അറിവില്‍പ്പെടാത്തത് വേറെയുമുണ്ടാകാം. അതേസമയം കൈയില്‍ തോക്കുള്ള പോലീസുകാരുടെ എണ്ണം പരമാവധി 2.31 ലക്ഷമാണ്. തോക്കേന്തിയ പൊതുജനത്തിന്റെ എണ്ണത്തില്‍ യു പിയാണ് ഇന്ത്യയില്‍ ഒന്നാമത്. രാജ്യത്തെ സാധാരണക്കാരന്റെ കൈവശമുള്ള തോക്കുകളിലെ മൂന്നിലൊന്നും ഇവിടെയാണുള്ളത്. ഇവയില്‍ ലൈസന്‍സുള്ളവ വളരെ കുറവും.
വളര്‍ന്നു വരുന്ന ക്രിമിനല്‍ സ്വഭാവം
ഗുണ്ടാസംഘങ്ങളിലും ക്രിമിനലുകളിലും സംഘ്പരിവാര്‍ പ്രവര്‍ത്തകരിലും കണ്ടുവരുന്ന തോക്ക് സംസ്‌കാരം കുട്ടികളിലേക്കും പടര്‍ന്നു പിടിച്ചിരിക്കുന്നുവെന്നാണ് സ്‌കൂളില്‍ നടന്ന സംഭവം വ്യക്തമാക്കുന്നത്. പുതുതലമുറയില്‍ നല്ലൊരു ശതമാനത്തിലും ക്രിമിനല്‍ സ്വഭാവം വളര്‍ന്നു വരികയാണെന്നാണ് വര്‍ധിച്ചു വരുന്ന കുട്ടിക്കുറ്റവാളികളുടെ എണ്ണം നല്‍കുന്ന മുന്നറിയിപ്പ്. ഇന്ത്യയില്‍ 2002ല്‍ വിവിധ കേസുകളില്‍ അറസ്റ്റിലായത് 18,560 കുട്ടിക്കുറ്റവാളികളെങ്കില്‍ 2012ല്‍ അത് 27,963 ആയി ഉയര്‍ന്നു. ഇതില്‍ 66.5 ശതമാനവും 16നും 18നും ഇടയില്‍ വയസ്സുള്ളവരാണ്. സമീപ കാലത്ത് കുട്ടിക്കുറ്റവാളികളുടെ എണ്ണം പൂര്‍വോപരി വര്‍ധിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സ്ഥിരമായി ഓണ്‍ലൈന്‍ സൈറ്റുകളും ടി വിയും കാണുന്ന കുട്ടി
വളര്‍ന്നു വരുന്ന സാഹചര്യങ്ങളാണ് വലിയൊരളവോളം കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ടി വി, ഇന്റര്‍നെറ്റ് എന്നിവ ഇല്ലാത്ത കുടുംബങ്ങള്‍ ഇന്ന് കുറവാണ്. കുടുതല്‍ സമയം ടി വിയും ഓണ്‍ലൈന്‍ സൈറ്റുകളും കാണുന്ന കുട്ടികളില്‍ കുറ്റവാസന വര്‍ധിക്കുമെന്നാണ് യു കെയിലെ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ നടത്തിയ പഠനം കാണിക്കുന്നത്. സ്ഥിരമായി ഓണ്‍ലൈന്‍ സൈറ്റുകളും ടി വിയും കാണുന്ന കുട്ടി പത്തോ പതിനഞ്ചോ വയസ്സാകുമ്പോഴേക്ക് സിനിമയില്‍ നിന്നും സീരിയലുകളില്‍ നിന്നും മറ്റുമായി ശരാശരി 8,000 കൊലപാതകങ്ങളും പതിനായിരത്തോളം മറ്റ് കുറ്റകൃത്യങ്ങളും കണ്ടിരിക്കുമെന്നും പഠനം വിലയിരുത്തുന്നു. 
പ്രതിവിധി
11,014 കുട്ടികളെയും മാതാക്കളെയും പങ്കാളിയാക്കി നടത്തിയ സര്‍വേയില്‍ അഞ്ച് വയസ്സുള്ള കുട്ടികളെ പഠനവിധേയമാക്കിയതില്‍ ഏഴ് വയസ്സോടെ അവര്‍ വഴക്കുണ്ടാക്കാനും മോഷ്ടിക്കാനുമുള്ള സാധ്യത ഏറിയതായി കണ്ടെത്തി. ഇവരെല്ലാം സ്ഥിരമായി ടി വിയും കമ്പ്യൂട്ടറും വീഡിയോ ഗെയിമും
ഉപയോഗിക്കുന്നവരായിരുന്നു. കുട്ടികള്‍ ടി വി കാണുന്ന സമയം പരമാവധി രണ്ട് മണിക്കൂറില്‍ താഴെയായി ചുരുക്കുകയും സിനിമയും സീരിയലുകളും ഒഴിവാക്കി വിദ്യാഭ്യാസ പരിപാടികള്‍ മാത്രം കാണിക്കുകയാണ് ഇതിന് പ്രതിവിധിയെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ എം ആര്‍ സിയിലെ പ്രധാന ശാസ്ത്രജ്ഞ ഡോ. അലിസണ്‍ പാര്‍ക്സ് നിര്‍ദേശിക്കുന്നത്.
അക്രമവാസന വളര്‍ത്തുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍
ഇന്ന് ഇളംപ്രായക്കാരായ കുട്ടികളും കൗമാരക്കാരും കൂടുതല്‍ സമയം ചെലവിടുന്നത് ഓണ്‍ലൈന്‍ ഗെയിമുകളിലാണ്. അക്രമവാസന വളര്‍ത്തുന്നതില്‍ ഇതിന് വലിയൊരു പങ്കുണ്ട്. എതിരാളിയെ വെടിവെച്ചു കൊല്ലുകയും കാര്‍റൈസിംഗില്‍ എതിരെ വരുന്ന വാഹനങ്ങളെ കനാലിലേക്ക് ചാടിച്ചും ഇടിച്ചു തെറിപ്പിച്ചും വിജയം ആഘോഷിക്കുകയും ചെയ്യുന്ന ഗെയിമുകളാണ് മിക്ക കുട്ടികളും കളിക്കുന്നത്. തന്റെ എതിരാളിയെ ഏതുവിധേനയും തകര്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്യണമെന്ന ചിന്ത കുട്ടികളില്‍ അങ്കുരിക്കാന്‍ ഇതിടയാക്കുന്നു. സാങ്കേതികവിദ്യയുടെ വളര്‍ച്ച സമൂഹത്തില്‍ ധാരാളം ഗുണഫലങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കുട്ടികള്‍ ഇതിനെ മറ്റെന്തിനേക്കാളും കൂടുതലായി ദുരുപയോഗം ചെയ്യുകയാണ്. ഇതവരുടെ സ്വഭാവ വൈകല്യത്തിനിടയാക്കുന്നു.
പരിഹാര മാര്‍ഗം
കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റത്തിനും കുട്ടികളുടെ സ്വഭാവദൂഷ്യത്തിന് വലിയൊരു പങ്കുണ്ട്. അണുകുടുംബത്തിലേക്ക് വഴിമാറിയതോടെ മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും സാന്നിധ്യമില്ലാതെയായി. തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ ഉദ്യോഗസ്ഥരോ മറ്റ് ജോലിക്കു പോകുന്നവരോ ആയ മാതാപിതാക്കള്‍ക്ക് കുട്ടികളെ ശ്രദ്ധിക്കാനും അവര്‍ക്ക് നല്ല കാര്യങ്ങള്‍ ശീലിപ്പിക്കാനും സമയമില്ല. പിന്നെ അവര്‍ കണ്ടുപഠിക്കുന്നത് സുഹൃത്തുക്കളില്‍ നിന്നാണ്. ചീത്തസ്വഭാവക്കാരുമായാണ് കൂട്ടുകെട്ടെങ്കില്‍ സ്വഭാവം മോശമാകാന്‍ മറ്റൊന്നും വേണ്ടല്ലോ. മാതാപിതാക്കളും അധ്യാപകരും കുട്ടികളെ സ്ഥിരമായി നിരീക്ഷിച്ച്, അവരുടെ മാനസികാവസ്ഥയും കൗമാരത്തിന്റെ സവിശേഷതകളും കണ്ടറിഞ്ഞ്, തെറ്റുകള്‍ കണ്ടാല്‍ സ്നേഹത്തിന്റെ ഭാഷയിലൂടെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് ഇതിനുള്ള പരിഹാര മാര്‍ഗം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)