പാലാ : എസ്.എം.വൈ.എം. - കെ.സി.വൈ.എം. പാലാ രൂപതയുടെ 2020 പ്രവര്‍ത്തനവര്‍ഷസമാപന-വാര്‍ഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അല്‍ഫോന്‍സാ കോളജില്‍വച്ച് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തപ്പെട്ടു. രൂപതയിലെ എല്ലാ യൂണിറ്റുകളിലെയും കൗണ്‍സിലര്‍മാര്‍, ഫൊറോന ഭാരവാഹികള്‍, ബാച്ച് പ്രതിനിധികള്‍, ദേശത്ത് നസ്രാണി ഫോറം നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന യുവജന സിനഡോടെയായിരുന്നു തുടക്കം. തുടര്‍ന്നുനടന്ന വാര്‍ഷികസമ്മേളനം നവവൈദികരായ ഫാ. ജെയിംസ് ചൊവ്വേലിക്കുടിലില്‍, ഫാ. എബിന്‍ കുന്നത്ത് സി.എം.ഐ. എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബിബിന്‍ ചാമക്കാലായില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. സിറില്‍ തോമസ് തയ്യില്‍, വൈസ് പ്രസിഡന്റ് അമലു മുണ്ടനാട്ട്, ജനറല്‍ സെക്രട്ടറി മിജോയിന്‍ വലിയകാപ്പില്‍, ഡെപ്യൂട്ടി പ്രസിഡണ്ട് ഡിന്റോ ചെമ്പുളായില്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപത, ഫൊറോനാതലത്തില്‍ മികവു പുലര്‍ത്തിയ യൂണിറ്റുകള്‍, കലോത്സവജേതാക്കള്‍, കൊവിഡ് മൃതസംസ്‌കാരത്തില്‍ പങ്കെടുത്തവര്‍, വ്രതവാഗ്ദാനം നടത്തി സന്ന്യാസജീവിതത്തിലേക്കു പ്രവേശിച്ച യുവതികള്‍, ലോക്ഡൗണ്‍ കാലത്തെ ഗെയിമുകളില്‍ മികവുപുലര്‍ത്തിയവര്‍ എന്നിവര്‍ക്ക് ആദരവും സമ്മാനവും നല്‍കി. നവദമ്പതികള്‍ക്കും നവവൈദികര്‍ക്കും നവസന്ന്യാസിനികള്‍ക്കും യുവാക്കള്‍ ആശംസകള്‍ നേര്‍ന്നു.
നവസമൂഹത്തിന്റെ നിര്‍മിതിയും ദൈവരാജ്യപ്രഘോഷണവും എന്ന ദൗത്യം യാതൊരു കുറവും കൂടാതെ, കാലഘട്ടത്തിന്റെ വെല്ലുവിളികളെ ജാഗ്രതയോടെ തിരിച്ചറിഞ്ഞു പൂര്‍ത്തിയാക്കാന്‍ യുവാക്കള്‍ക്ക് സാധിക്കണമെന്ന് ഫാ. സിറില്‍ തയ്യില്‍ അഭിപ്രായപ്പെട്ടു. യുവാക്കള്‍ നേരിടുന്ന നിരവധി വിഷയങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് നടത്തപ്പെട്ട സിനഡില്‍ മരിയസദനത്തിലെ കൊവിഡ് രോഗികള്‍ക്കുള്ള സഹായം സ്വരൂപിക്കാന്‍ തീരുമാനിച്ചു. കാലാവധി പൂര്‍ത്തിയാക്കിയ സമിതിയും പുതിയ സമിതിയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു. കൊവിഡ് കാലത്തും സജീവമായി പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ ഗവണ്മെന്റ് ജോലി, പഠനം, കൃഷി, സാമൂഹികപ്രതിബദ്ധത, സമുദായബോധം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുള്ളവരാകാന്‍ ബിഷപ് പറഞ്ഞു.