അമേരിക്കയിലെ അരിസോണയില്‍ സ്ഥിതി ചെയ്യുന്ന, ചരിത്രാതീതകാലത്തോളം പഴക്കമുണ്ടെന്ന് (17 ദശലക്ഷം വര്‍ഷം) പഠനങ്ങള്‍ തെളിയിച്ച, പ്രകൃതിയില്‍ രൂപംകൊണ്ട വളരെ വലിയൊരു വിള്ളലാണ് (ഗര്‍ത്തം) ഗ്രാന്റ് കാന്യന്‍. വര്‍ഷങ്ങളോളം അറിയപ്പെടാതിരുന്ന ഈ സ്ഥലം സ്‌പെയിനില്‍നിന്നുള്ള ഗ്രേസിയ ലോപ്പന്‍സ് ഡേ എന്ന ഗവേഷകനാണ് ആദ്യമായി കണ്ടെത്തിയത്. 1217262 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഇതിന്റെ ഇരുവശവും തൊട്ടുരുമ്മി കോളറാഡോ നദി ഒഴുകുന്നു.
ആയിരത്തിയഞ്ഞൂറോളം മീറ്ററില്‍ (6000 അടി) കൂടുതല്‍ താഴ്ചയുള്ള ഗ്രാന്റ് കാന്യന്‍ വിള്ളലുകള്‍ ഒരു അദ്ഭുതപ്രതിഭാസം തന്നെ. പാറകള്‍ ചെത്തിമിനുക്കി ചിട്ടയോടുകൂടി അടുക്കിവച്ചിരിക്കുന്നതുപോലെ ലക്ഷം മൈലുകള്‍ ദൂരത്തില്‍ പ്രകൃതി ഒരുക്കിയ ഒരു മനോഹരകാഴ്ച. ഗ്രാന്റ് കാന്യന്‍ താഴ്‌വര 500 മീറ്റര്‍ മുതല്‍ 30 കിലോമീറ്റര്‍വരെ നമുക്കു കാണാനാകും. പീഠഭൂമികള്‍, നിരപ്പുപ്രദേശങ്ങള്‍, കൊടുംവനങ്ങള്‍, മരുഭൂമികള്‍, പുഴകള്‍, നിരവധി വെള്ളച്ചാട്ടങ്ങള്‍, അരുവികള്‍ എന്നിവയാല്‍ സമ്പന്നമാണ് ഗ്രാന്‍ഡ് കാന്യന്‍. 1979 ല്‍ യുനെസ്‌കോയുടെ ലോക ഹെറിറ്റേജ് ലിസ്റ്റില്‍ സ്ഥാനം പിടിച്ച ഗ്രാന്റ്കാന്യന്‍ നാഷണല്‍ പാര്‍ക്ക്, ലോകപ്രശസ്തമായ 'മെക്കന്നാസ് ഗോള്‍ഡ്' എന്ന ചലച്ചിത്രത്തിനുവേണ്ടി ഗ്രാന്റ് കാന്യനോടനുബന്ധിച്ച് 1919-ല്‍ സ്ഥാപിതമായതാണ്.
ദശലക്ഷം വര്‍ഷങ്ങളിലൂടെ പീഠഭൂമിക്കുണ്ടായ വ്യതിയാനങ്ങളും കോളറാഡോ നദിയുടെയും അതിന്റെ പോഷകനദികളുടെയും തുടര്‍ച്ചയായിട്ടുള്ള മണ്ണൊലിപ്പുമാണ് ഗ്രാന്റ് കാന്യന്‍ എന്ന പ്രകൃതിപ്രതിഭാസം രൂപപ്പെടുന്നതിനു പിന്നിലെന്ന രണ്ടഭിപ്രായങ്ങള്‍ ഭൗമശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഭൂമിയില്‍ ഉണ്ടാകാവുന്നതില്‍, ഏറ്റവും വലിയ വിള്ളലുകളാണ് ഇവിടെ രൂപംകൊണ്ടിരിക്കുന്നത്. വലിയ കാറ്റടിക്കുമ്പോള്‍ ദ്രവിച്ചുനില്‍ക്കുന്നതുപോലുള്ള പാറകളില്‍നിന്ന് പൊടിപടലങ്ങള്‍ ഉയരുന്നതു കാണാം. നിരവധി നിറങ്ങളില്‍ ഉയര്‍ന്നുനില്‍ക്കുന്ന മലകളുടെ അദ്ഭുതക്കാഴ്ച നേരില്‍ കണ്ടെങ്കിലേ ബോധ്യമാകൂ. അറിയപ്പെടാത്ത നിഗൂഢരഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗര്‍ത്തങ്ങളെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ ഇപ്പോഴും തുടരുന്നു. അരിസോണയില്‍നിന്നു നാലുപേര്‍ക്കു കയറാവുന്ന എക്കോസ്റ്റാര്‍ ഹെലികോപ്ടറില്‍ 40 മിനിറ്റ് സഞ്ചരിച്ച് ഗ്രാന്റ് കാന്യന്‍ പര്‍വതഗര്‍ത്തത്തിലെത്താം.
അശ്രദ്ധയും നോട്ടക്കുറവുംമൂലം 1870 മുതല്‍ ആയിരത്തിലധികം പേര്‍ ഇവിടത്തെ ആഴമുള്ള മരണക്കുഴിയിലകപ്പെട്ട് മരണം ഏറ്റുവാങ്ങിയിട്ടുണ്ട്. പ്യൂബ്ലോ എന്ന ജനത ഗ്രാന്റ് കാന്യനെ ഒരു പവിത്രഭൂമിയായി കരുതുകയും അവിടേക്കു തീര്‍ത്ഥാടനം നടത്തുകയും ചെയ്യുമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന തിയോഡോര്‍ റൂസ്‌വെല്‍റ്റ്, ഗ്രാന്റ് കാന്യന്‍ പ്രദേശത്തിന്റെ സംരക്ഷണകാര്യങ്ങളില്‍ വളരെ ഉത്സാഹിച്ചിരുന്നു. നിരവധി തവണ അദ്ദേഹമിതു സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഉയരം കൂടുന്തോറും ഇവിടത്തെ കാലാവസ്ഥയ്ക്കു മാറ്റം സംഭവിക്കുന്നു സമുദ്രനിരപ്പില്‍നിന്ന് 7000 അടിയോളം ഉയരത്തിലാണ് മലയുടെ മുകള്‍ഭാഗം. നോര്‍ത്ത് ഭാഗത്ത് 8000 അടി ഉയരമാകയാല്‍ വര്‍ഷത്തില്‍ എല്ലാ സമയങ്ങളിലും മഞ്ഞുനിറഞ്ഞ കാലാവസ്ഥയായിരിക്കുമിവിടെ.
ഓസ്‌ട്രേലിയായിലെ ക്യാപേര്‍ടീ എന്ന താഴ്‌വരയ്ക്ക് ഗ്രാന്റ് കാന്യനെക്കാള്‍ ഒരു കിലോമീറ്ററോളം വീതിയും നേപ്പാളിലെ കാളിഗണ്ഡകി താഴ്‌വരയ്ക്ക് ഗ്രാന്‍ഡ് കാന്യനെക്കാള്‍ ആഴവുമുണ്ട്; എന്നാല്‍, വീതി കുറവാണ്. എന്നിരുന്നാലും വര്‍ണ്ണവൈവിധ്യമാര്‍ന്ന പ്രകൃതിഭംഗിയാണ് ഗ്രാന്റ് കാന്യനെ ലോകത്തിലെ പ്രശസ്തമാക്കുന്നത്.