•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

തൂലികാസൗഹൃദം

വാരികയുടെ പേജില്‍ തൂലികാസുഹൃത്തുക്കള്‍ക്കുവേണ്ടി ഒരു പുതിയ കോളം.
ബിരുദധാരിയായ ഒരു ചെറുപ്പക്കാരന്‍ തൂലികാസുഹൃത്തുക്കളെ തേടിക്കൊണ്ടു പരസ്യം ചെയ്തപ്പോള്‍ വെറുമൊരു കൗതുകത്തിനുവേണ്ടി ഗോപികയും വാരികയില്‍ കണ്ട വിലാസത്തില്‍ ഒരു കത്തയച്ചു.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയും നഗരത്തിലെ പ്രശസ്തമായ വനിതാഹോസ്റ്റലിലെ അന്തേവാസിയുമാണ് ഗോപിക. അവളുടെ ഡാഡിയും മമ്മിയും ഗള്‍ഫില്‍ ജോലി നോക്കുന്നു. നാട്ടില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന മകള്‍ക്ക് ആവശ്യമുള്ളതെന്തും ആ മാതാപിതാക്കള്‍ യഥാസമയം എത്തിക്കുന്നു. പണത്തിനു പണം, വസ്ത്രങ്ങള്‍ക്കു വസ്ത്രം, പിന്നെയെന്ത് ആവശ്യപ്പെട്ടാലും അവയൊക്കെയും...
എങ്കിലും ഉള്ളിന്റെയുള്ളില്‍ എപ്പോഴും ഒരു ഒറ്റപ്പെട്ട ബോധം അവളെ വേട്ടയാടൂന്നു. ഒന്നു മനസ്സുതുറക്കാന്‍ ഒരു സഹോദരനോ സഹോദരിയോ ഇല്ല. അച്ഛനമ്മമാരാണെങ്കില്‍ വിദേശത്ത്. പിന്നെ ആകെയുള്ള ആശ്രയം ചില കൂട്ടുകാരികള്‍ മാത്രം. അവരോടൊപ്പം സമയം കിട്ടുമ്പോഴൊക്കെ അവള്‍ അടിച്ചുപൊളിക്കും. 
അങ്ങനെയുള്ള ജീവിതത്തിനിടയ്ക്കാണ് അവള്‍ തൂലികാസൗഹൃദം തേടിയ അജ്ഞാതചെറുപ്പക്കാരനു കത്തയച്ചത്. പിന്നെ അവള്‍ ആ കാര്യമേ മറന്നു.
അങ്ങനെയിരിക്കേ ഒരു ദിവസം അപ്രതീക്ഷിതമായി അവളുടെ വിലാസമുള്ള ഒരു കത്ത് ഹോസ്റ്റലില്‍ എത്തി. ഗോപികയ്ക്ക് അധികം കത്തുകള്‍ വരാറുള്ളതല്ല.
എല്ലാവരും ടെലിഫോണിലൂടെയാണ് സമ്പര്‍ക്കം. അതിനാല്‍ ആകാംക്ഷയോടെയാണ് അവള്‍ കത്ത് പൊട്ടിച്ചത്. കത്തെഴുതിയ ആളുടെ പേരാണ് ആദ്യം നോക്കിയത്: വിനോദ്. 
ആ പേരു കണ്ടിട്ടും അവള്‍ക്ക് ആളെ പിടികിട്ടിയില്ല. ആകാംക്ഷ വര്‍ദ്ധിക്കുകയും ചെയ്തു. പക്ഷേ, കത്തിലെ ആദ്യവാചകം വായിച്ചപ്പോള്‍ത്തന്നെ അവള്‍ക്ക് ആളെ മനസ്സിലായി, താന്‍ വാരികയില്‍ പരസ്യം കണ്ട് തൂലികാസൗഹൃദം തേടി കത്തയച്ച ആള്‍.
കൗതുകത്തോടെ അവള്‍ ആ കത്ത് വായിച്ചു. അതില്‍ വിനോദ് തന്നെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ എഴുതിയിരുന്നു. കോട്ടയത്തുള്ള ഒരു മ്യൂസിക് ട്രൂപ്പിലെ ഗിറ്റാറിസ്റ്റാണ് വിനോദ്. എന്നെങ്കിലും പ്രോഗ്രാം അവതരിപ്പിക്കുവാന്‍ തൃശൂരില്‍ വരുമ്പോള്‍ തമ്മില്‍ കാണാമെന്നും അവന്‍ എഴുതിയിരുന്നു. അതുവരെ കത്തുകളിലൂടെയുള്ള ബന്ധം തുടരാമെന്നും സൗകര്യപ്പെടുമെങ്കില്‍ തന്റെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും അവന്‍ എഴുതിയിരുന്നു.
കത്തു വായിച്ചതും ഗോപികയ്ക്ക് ഉത്സാഹമായി. വല്ലപ്പോഴും ഒരു കത്ത് അയയ്ക്കുന്നതും അതിനു മറുപടി വരുന്നതുമൊക്കെ ഒരു രസംതന്നെ. അവള്‍ വിനോദിന്റെ അഡ്രസ്സില്‍ അന്നുതന്നെ ആ കത്തിന് മറുപടി അയച്ചു. അത് ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു. കത്തിടപാടിലൂടെ ആരംഭിച്ച ബന്ധം പിന്നെ ടെലിഫോണിലൂടെ തുടര്‍ന്നു. രണ്ടുപേരുടേയും മൊബൈല്‍ ഫോണുകള്‍ നിരന്തരം ചിലച്ചു. ഇരുവരും ഫോട്ടോകള്‍ പരസ്പരം കൈമാറി. അതോടെ നേരിട്ട് തമ്മില്‍ കാണാനുള്ള ആഗ്രഹം കലശലായി.
ആയിടയ്ക്ക് തൃശ്ശൂരില്‍ വിനോദിന്റെ മ്യൂസിക് ട്രൂപ്പിന്റെ ഒരു പ്രോഗ്രാം. അതിന് മൂന്നു പേര്‍ക്കു കാണാവുന്ന കോംപ്ലിമെന്ററി പാസ് ഗോപികയുടെ വിലാസത്തില്‍ തപാലില്‍ എത്തി. കൂടാതെ, തീര്‍ച്ചയായും എത്തിയിരിക്കണമെന്ന് ടെലിഫോണിലൂടെയുള്ള വിനോദിന്റെ ക്ഷണവും. ഗോപികയ്ക്ക് ആഹ്ലാദമായി. പ്രോഗ്രാമിന് ഏറ്റവുമടുത്ത രണ്ടു കൂട്ടുകാരികളോടൊപ്പം ഹാളിന്റെ മുന്‍നിരയില്‍ത്തന്നെ അവള്‍ സ്ഥാനം പിടിച്ചിരുന്നു.
പ്രോഗ്രാം ആരംഭിച്ചു. വിനോദ് ഗിറ്റാറിസ്റ്റ് മാത്രമല്ല ഒരു ഗായകന്‍കൂടിയാണെന്ന് അവള്‍ മനസ്സിലാക്കിയത് അപ്പോഴാണ്.
അവന്റെ ഓരോ അവതരണത്തിനും അവളുടെ കൈയടി പ്രോത്സാഹനമായി ഉണ്ടായിരുന്നു.
പ്രോഗ്രാമിന്റെ ഇടവേളയില്‍ അവള്‍ കൂട്ടുകാരികളോടൊപ്പം സ്റ്റേജിന്റെ പിന്നാമ്പുറത്തേക്കു ചെന്ന് വിനോദുമായി നേരിട്ടു പരിചയപ്പെട്ടു. ആ കൂടിക്കാഴ്ച അവര്‍ക്കിരുവര്‍ക്കും ഏറെ ആഹ്ലാദകരമായിരുന്നു. എങ്കിലും കൂട്ടുകാരികളുടെ സാന്നിധ്യത്തില്‍ അവരുടെ സംഭാഷണത്തിനു പരിമിതികളുണ്ടായിരുന്നു.
ആ രാത്രി അവള്‍ ഉറങ്ങാതെ കിടന്നു. അവളുടെ മനസ്സു നിറയെ വിനോദെന്ന ഗായകന്റെ രൂപമായിരുന്നു. അവനെ ഒരിക്കല്‍ക്കൂടി നേരിട്ടു കാണാന്‍, അവന്റെ പാട്ട് ഒരിക്കല്‍ക്കൂടി കേള്‍ക്കാന്‍ അവള്‍ കൊതിച്ചു.
പിറ്റേന്ന് ഞായറാഴ്ച. വിശ്രമദിനത്തിന്റെ ആലസ്യത്തില്‍ കഴിയവേ, പലവട്ടം വിനോദിന്റെ രൂപം അവളുടെ മനസിലേക്കു കടന്നുവന്നു. അപ്പോഴതാ അവളുടെ മൊബൈല്‍ ഫോണ്‍ ചിലയ്ക്കുന്നു. അതിന്റെ മറുതലയ്ക്കല്‍ വിനോദ്.
വിനോദ് നഗരംവിട്ട് പോയിട്ടില്ല. ഇന്നുകൂടി ഇവിടെ തങ്ങിയിട്ട് നാളെ മുതല്‍ മലബാര്‍ പ്രോഗ്രാമിനു പുറപ്പെടുകയാണത്രേ.  സമയമുണ്ടെങ്കില്‍ നേരിട്ടു സംസാരിക്കാന്‍ എത്താന്‍ അവന്‍ അവളെ ക്ഷണിച്ചു. മറ്റൊന്നും ചിന്തിക്കാതെ, 'ഉടനെ വരാം' എന്നവള്‍ മറുപടി നല്‍കി.
ഡോക്ടറെ കാണണമെന്നു വാര്‍ഡനോടു നുണ പറഞ്ഞ് അവള്‍ ഹോസ്റ്റലിനു പുറത്തു ചാടി. കൂട്ടുകാരികളെപ്പോലും ഒഴിവാക്കി.
ഹോട്ടല്‍ റൂമില്‍ വിനോദ് അവള്‍ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. കുറെനേരം ആഹ്ലാദപൂര്‍വ്വമുള്ള കുശലാന്വേഷണങ്ങള്‍, പിന്നെ ഗോപികയ്ക്കുവേണ്ടി കരുതിവച്ചിരുന്ന കൂള്‍ഡ്രിംഗ്‌സ് അവന്‍ അവള്‍ക്കു നല്‍കി.
അതോടെ തലചുറ്റുന്നതുപോലെയും താനൊരു മായിക ലോകത്തേക്കു പറന്നുയരുന്നതുപോലെയും ഗോപികയ്ക്കു തോന്നി. തന്റെ മേനിയില്‍ കൈവെക്കുന്ന പുരുഷനെ തട്ടിമാറ്റാന്‍ അവള്‍ക്കു കരുത്തില്ലാതായി.
മണിക്കൂറുകള്‍ക്കുശേഷം തലയും കുമ്പിട്ട് അവള്‍ ആ ഹോട്ടലിന്റെ പടിയിറങ്ങി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)