•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

ദൃശ്യവിരുന്നൊരുക്കി കോട്ടപ്പാറ

വെള്ള രോമക്കുപ്പായങ്ങള്‍ ധരിച്ചപോലെ മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന മലനിരകള്‍, മനസ്സിലും ശരീരത്തിലും തഴുകിയെത്തുന്ന കുളിര്‍ക്കാറ്റ്. അങ്ങു ദൂരെ കീഴുക്കാംതൂക്കായി കിടക്കുന്ന മലനിരകള്‍, മേഘങ്ങള്‍ മണ്ണിലേക്കിറങ്ങി വന്നതുപോലെ കുന്നിന്‍ ചെരുവുകള്‍ക്കു താഴെ നയനമനോഹരമായ കാഴ്ചകള്‍... കേള്‍ക്കുമ്പോള്‍ത്തന്നെ മനസ് അങ്ങോട്ട് ഓടിച്ചെല്ലാന്‍ കൊതിക്കുന്നുണ്ടാവും. അത്തരമൊരു ദൃശ്യവിരുന്നൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്ന കോട്ടപ്പാറയുടെ വിശേഷങ്ങളിലൂടെയാണ് ഇന്ന് ചുറ്റുവട്ടം നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. 
ഇടുക്കി ജില്ലയിലാണ് കോട്ടപ്പാറ സ്ഥിതി ചെയ്യുന്നത്. മീശപ്പുലിമലയിലെ കാഴ്ചകളെക്കാള്‍ ഒരുപടി മുകളിലാണ് കോട്ടപ്പാറയെന്ന് ഇരുസ്ഥലങ്ങളും സന്ദര്‍ശിച്ചവര്‍ക്കു മനസ്സിലാകും. മഹാപ്രളയത്തിനുശേഷമാണ് കോട്ടപ്പാറയുടെ മനോഹാരിതയെക്കുറിച്ച് പുറംലോകമറിയുന്നത്. ലോക് ഡൗണിനുമുമ്പുവരെ ദിനംപ്രതി മുന്നൂറിലധികം വരെപേര്‍ ഇവിടെയെത്തിയിരുന്നു. എന്നാല്‍, കൊവിഡ് വ്യാപനഭീതിയെത്തുടര്‍ന്ന് സഞ്ചാരികളില്ലാതായി. കൊവിഡ്‌നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതും വിനോദസഞ്ചാരമേഖലകള്‍ തുറന്നു കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായതുമാണ്  കോട്ടപ്പാറയുടെ പുതുവര്‍ഷപ്രതീക്ഷകള്‍ക്കു വെളിച്ചമായത്. തലേദിവസംതന്നെയെത്തി പുലര്‍ച്ചെമുതല്‍ കോട്ടപ്പാറയുടെ ദൃശ്യഭംഗി ആസ്വദിക്കുന്നവരാണ് കൂടുതല്‍.
ചൂടുചായയും ചെറുകടിയും ലഭിക്കുന്ന ഏതാനും മാടക്കടകള്‍ സഞ്ചാരികളെ കാത്ത് ഇപ്പോള്‍ കോട്ടപ്പാറയിലുണ്ട്. ഹോട്ടലുകള്‍, താഴെ വണ്ണപ്പുറം ടൗണിലേയുള്ളൂ.
ദൃശ്യവിരുന്നൊരുക്കി കോട്ടപ്പാറ
മലനിരകളാല്‍ ചുറ്റപ്പെട്ട് മഞ്ഞില്‍ കുളിച്ചു കിടക്കുന്ന കോട്ടപ്പാറയുടെ ദൃശ്യഭംഗി ആരെയും വിസ്മയിപ്പിക്കുന്നതാണ്. തിരമാലകള്‍പോലെ പരന്നുകിടക്കുന്ന കോടമഞ്ഞും, വ്യൂ പോയിന്റുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പുലര്‍ച്ചെമാത്രം ദൃശ്യമാകുന്ന ഒന്നാണ് കോട്ടപ്പാറയില്‍നിന്നു മഞ്ഞ് വിട്ടുമാറുന്ന കാഴ്ച. രാവിലെ ഏഴുമണിയോടെ കിഴക്ക് സൂര്യബിംബം പ്രത്യക്ഷപ്പെടുന്നതോടെ മലനിരകളെ മൂടിക്കിടക്കുന്ന മഞ്ഞ് അലിഞ്ഞില്ലാതാകും. മഞ്ഞുമാറുന്നതോടെ താഴെ വണ്ണപ്പുറം, കാളിയാര്‍ പട്ടണങ്ങളുടെ മനോഹരദൃശ്യങ്ങള്‍ തെളിയും. വിദൂരതയില്‍നിന്നുള്ള ആ കാഴ്ച ആരുടെയും മനം കവരുന്നതാണ്. അല്പം മാറി പല അടരുകളായി കണ്ണെത്താദൂരത്തോളം ഇടുക്കി മലനിരകളും. കുടുംബവുമൊത്തൊരു യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കോട്ടപ്പാറയെന്ന് സഞ്ചാരികള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു.
സിനിമ ഷൂട്ടിംഗ് ലോക്കേഷന്‍ 
സിനിമ ഷൂട്ടിംഗ് ലോക്കേഷനായി കോട്ടപ്പാറ ഉയര്‍ന്നതോടെയാണ് ഈ മേഖല സഞ്ചാരികള്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയത്. ഇപ്പോള്‍ കല്യാണ വീഡിയോ, ആല്‍ബം ഷൂട്ടിംഗ് എന്നിവയും കോട്ടപ്പാറ കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. സിനിമാ നടന്മാരടക്കമുള്ള സെലിബ്രിറ്റികള്‍ തങ്ങളുടെ യാത്രക്കുറിപ്പുകളില്‍ കോട്ടപ്പാറയെക്കുറിച്ചു പരാമര്‍ശിക്കുന്നതും കോട്ടപ്പാറയെന്ന വിനോദ സഞ്ചാരകേന്ദ്രത്തിന്റെ ഖ്യാതി ഉയര്‍ത്തി.  
കോട്ടപ്പാറയിലേക്കുള്ള വഴി
വണ്ണപ്പുറം ടൗണില്‍നിന്നു മുള്ളരിങ്ങാട്ടേക്കുള്ള പാതയില്‍ ആറു ഹെയര്‍പിന്‍ വളവുകള്‍കയറിവേണം കോട്ടപ്പാറയിലെത്താന്‍. എറണാകുളം ജില്ലാ അതിര്‍ത്തിയായ ഞാറക്കാടുനിന്ന് എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോട്ടപ്പാറയിലെത്താം. കോതമംഗലം ടൗണില്‍നിന്ന് 28 കിലോമീറ്ററും മൂവാറ്റുപുഴനിന്ന് 30 കിലോമീറ്ററുമാണ് ദൂരം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)