•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

വിദ്യാഭ്യാസത്തിനു വേണം 'ഫിന്‍ലന്‍ഡ് മാതൃക'

ലോകത്തിനുതന്നെ മാതൃകയാകുന്ന വിദ്യാഭ്യാസമ്പ്രദായമുള്ള ഫിന്‍ലന്‍ഡാണ് 2019 ലെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടുപ്രകാരം ഏറ്റവും സന്തോഷഭരിതമായ രാജ്യം. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസസമ്പ്രദായങ്ങളെ വിലയിരുത്തുന്നതിനായുള്ള ''പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് അസ്സസ്‌മെന്റ്'' (പിസ) പ്രകാരം സ്ഥിരമായി ഉന്നതനിലവാരം പുലര്‍ത്തുന്ന വികസിതരാജ്യങ്ങളില്‍ ഫിന്‍ലന്‍ഡ് ഉള്‍പ്പെടുന്നു. കേരളത്തിന്റെ ആറിലൊന്നു ജനസംഖ്യ മാത്രമുള്ള ഈ രാജ്യത്തെ അഴിമതിയുടെയും അക്രമത്തിന്റെയും കുറവും സാമൂഹികപിന്തുണയും ഉന്നതനിലവാരവും ആയുസും ലോകശ്രദ്ധ നേടുന്നതാണ്.
സമ്മര്‍ദ്ദരഹിതമായ ബാല്യം മക്കള്‍ക്കു നല്‍കുന്നതില്‍ അതീവശ്രദ്ധയുണ്ടിവിടെ. മൂന്നു വയസ്സുവരെ കുട്ടികളെ നോക്കുവാന്‍ അച്ഛനമ്മമാര്‍ക്കു ജോലിയില്‍നിന്ന് അവധിയെടുക്കാം. ഫിന്നിഷ് ഭാഷയില്‍ 'നവോള' എന്നു വിളിക്കുന്ന സവിശേഷസമ്പ്രദായത്തില്‍ പ്രത്യേകം പരിശീലനം നേടിയവരുടെ നിരീക്ഷണങ്ങളും പരിശീലനങ്ങളും വിലയിരുത്തലുകളും ഏഴു വയസ്സുവരെ ഉണ്ടാകും. ലോകത്ത് ഏറ്റവും വൈകി വിദ്യാഭ്യാസം തുടങ്ങുന്നത് ഫിന്‍ലന്‍ഡിലാണ്. ഏഴാംവയസ്സില്‍ മാത്രമാണ് കുട്ടികള്‍ അക്ഷരങ്ങളുടെ ലോകത്തു പ്രവേശിക്കുക. ഇതു പ്രാഥമികവിദ്യാഭ്യാസത്തിനു ബലമേറ്റുന്നു.
ഏഴുമുതല്‍ പതിനാറു വയസ്സുവരെ ഏകീകൃതരൂപമുള്ള പ്രീപ്രൈമറിവിദ്യാഭ്യാസം. അടിസ്ഥാനവിദ്യാഭ്യാസം കഴിഞ്ഞ് പൊതുവായതിലോ അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട പഠനശാഖകളിലോ അപ്പര്‍ സെക്കന്‍ഡറി മൂന്നു വര്‍ഷം ചെയ്യാം. ഇതിനുശേഷം സര്‍വ്വകലാശാലാബിരുദം.
വിഷയബന്ധിയായ പുസ്തകക്കെട്ടുകള്‍ക്കുപകരം ഭാവിയെ അഭിമുഖീകരിക്കാനുതകുന്ന തരത്തില്‍ പ്രശ്‌നാധിഷ്ഠിതപഠനമാണ് ഫിന്‍ലഡിലെ രീതി. നമ്മുടെ രാജ്യത്ത് ക്ലാസ്പരീക്ഷമുതല്‍ ടേമ്‌ലി എക്‌സാമിനേഷനും ഫൈനല്‍ എക്‌സാമിനേഷനും ഇതര മത്സരപ്പരീക്ഷകളും വരെ നടത്തി മക്കളുടെ ജീവിതത്തെ അതിസമ്മര്‍ദ്ദത്തിലാക്കുമ്പോള്‍, ഫിന്‍ലന്‍ഡില്‍ അടിസ്ഥാനവിദ്യാഭ്യാസത്തിനൊടുവില്‍ നടത്തുന്ന നാഷണല്‍ മെട്രിക്കുലേഷന്‍ പരീക്ഷ മാത്രമാണുള്ളത്. സര്‍ഗ്ഗാത്മകതയെ പോഷിപ്പിക്കുകയും പഠനരീതിയും പഠനഭാരം ലഘൂകരിക്കുകയും ചെയ്യുന്ന രീതി. തോല്‍ക്കുവാനും ജയിക്കുവാനുമെന്നതിനെക്കാള്‍ ഒന്നിച്ചുജീവിക്കുവാനുതകുന്ന സൗഹൃദഭാവം  മക്കളില്‍ വളര്‍ത്തുകയെന്നത് പഠനരീതിയില്‍ പ്രാധാന്യമര്‍ഹിക്കുന്നു.
അധ്യാപനം ഏറ്റവും ആദരണീയമായ തൊഴിലാണ് ഫിന്‍ലന്‍ഡില്‍. ഒരു പ്രഫസറുടെ ശമ്പളത്തെക്കാള്‍ കൂടുതലാണ് പ്രഥമാധ്യാപകരുടെ ശമ്പളമെന്നത് നമ്മെ അതിശയിപ്പിച്ചേക്കാം. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസപരിഷ്‌കാരങ്ങളിലും, നയരൂപീകരണത്തിലും, സിലബസും കരിക്കുലവും തയ്യാറാക്കുന്നതിലും, എന്തിനേറെ പാഠപുസ്തകസമിതിയില്‍വരെ ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയം ദര്‍ശിക്കാം. എന്നാല്‍, ഫിന്‍ലന്‍ഡില്‍ വിദ്യാഭ്യാസനയരൂപീകരണത്തിലും പാഠപുസ്തകസമിതിയിലും പാഠ്യപദ്ധതി തയ്യാറാക്കലിലും മൂല്യനിര്‍ണയത്തിലും അധ്യാപകര്‍ക്കാണ് മുന്‍ഗണന. മികച്ച സംവേദനക്ഷമതയും കാര്യക്ഷമതയും മികവുറ്റ പെരുമാറ്റവും തര്‍ക്കമറ്റ വിദ്യാഭ്യാസയോഗ്യതകളും അധ്യാപകതിരഞ്ഞെടുപ്പിലെയും നിയമനത്തിലെയും അടിസ്ഥാനവിലയിരുത്തലുകളാണ്. സാധാരണ പ്രൈമറി ക്ലാസ്സുകളില്‍ ഇരുപത്തിനാലു കുട്ടികള്‍ എന്നു നിജപ്പെടുത്തിയിരിക്കുന്നു. വിദ്യാര്‍ത്ഥികളുമായുള്ള സംവേദനക്ഷമതയ്ക്ക് അത് ആക്കംകൂട്ടുന്നു. അധ്യാപകര്‍ക്കു വിദ്യാര്‍ത്ഥികളുടെമേല്‍ നല്ല കരുതലും ശിക്ഷണാധികാരങ്ങളുമുണ്ട്. അടിസ്ഥാനപരമായി പഠനമുറികളില്‍ ഒരു അച്ചടക്കസാധ്യത തെളിയുന്നുവെന്നുള്ളത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ സുരക്ഷിതമാക്കുന്നതോടൊപ്പം സമൂഹത്തിന്റെ സാഹോദര്യഭാവവും മികവുറ്റതാക്കുന്നു.
ഇന്ത്യയിലേക്കു വരാം. പഠനങ്ങളും നിരീക്ഷണങ്ങളും നയപരിപാടികളും മാറിയാലും അടിസ്ഥാനാശയം മാറേണ്ടതില്ലേ? വിദ്യാഭ്യാസം വെറും സാങ്കേതികതയിലോ ശാസ്ത്രീയപഠനങ്ങളിലോ യോഗ്യതാരേഖ കരസ്ഥമാക്കുന്നതിലോ ഒതുങ്ങിയാല്‍ മതിയോ? 'വിദ്യാഭ്യാസം ഒരു നാണയമാണ്. അതിന്റെ ഒരുവശം പ്രവൃത്തിയെയും മറുവശം ജ്ഞാനത്തെയും കാണിക്കുന്നു' എന്നാണ് രവീന്ദ്രനാഥടാഗോര്‍ പറയുന്നത്. ഇതില്‍ ജ്ഞാനസമ്പാദനത്തില്‍ നമ്മുടെ വിദ്യാഭ്യാസനയങ്ങള്‍ മികവുറ്റതാകുമ്പോഴും പ്രവൃത്തി അഥവാ വിജ്ഞാനത്തിന്റെ പ്രായോഗികതയില്‍ വിജയം കാണുന്നുണ്ടോയെന്നു വിലയിരുത്തണം. ഫിന്‍ലന്‍ഡിലെ ജാതിവര്‍ഗങ്ങള്‍ക്കതീതമായ അവസരസമത്വങ്ങള്‍ നാം പഠനവിധേയമാക്കണം. മൂന്നുമുതല്‍ ആറു വരെ വയസ്സുള്ള മക്കളെ സ്‌കൂള്‍വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലെ 'അമിതഭാരം' നാമെന്താണു കാണാതെ പോകുന്നത്?
ജീവിതത്തിലേക്കുള്ള ഉറപ്പായ പരിശീലനമാകുന്നുണ്ടോ നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസമെന്നു വിലയിരുത്തണം. സാക്ഷരതയില്‍ മുന്നിലാകുന്നതു നല്ലതുതന്നെ. പക്ഷേ, നമ്മുടെ വിദ്യാഭ്യാസരേഖയുമായി പുറത്തേക്കിറങ്ങിയാല്‍ എവിടെയാണു തൊഴില്‍? ഇതരരാജ്യങ്ങളിലെത്തിയാലും നമ്മുടെ മക്കള്‍ക്കു മറ്റെന്തെങ്കിലും 'പ്രായോഗികവിദ്യാഭ്യാസം' ചെയ്താലല്ലേ പിടിച്ചുനില്ക്കാനാകുകയുള്ളൂ? വളരെ ലളിതവും ആയാസരഹിതവും ടെന്‍ഷന്‍ഫ്രീയുമായി ഇതരരാജ്യങ്ങളില്‍ വിദ്യാഭ്യാസം ചെയ്യുന്നവര്‍ക്ക് തൊഴിലുമുണ്ട് ജീവിതവുമുണ്ട്. ഇവിടെയെന്തുകൊണ്ട് വിദ്യാഭ്യാസം 'കാമ്പസില്‍' അവസാനിക്കുന്നു? ജീവിതത്തിന്റെ ആദ്യകാലങ്ങളിലാണ് മനുഷ്യന് അവസരങ്ങള്‍ ലഭിക്കേണ്ടത്.~ഈ അവസരങ്ങളിലേക്ക് നാളെയുടെ മക്കളെ കൂട്ടിക്കൊണ്ടുവരാനും വ്യക്തിക്കും കുടുംബത്തിനും രാജ്യത്തിനും വ്യക്തിത്വമികവ് ഉപയുക്തമാക്കാനും നമുക്കു സാധിക്കണം. ജീവിക്കാന്‍ ഉത്സാഹം നല്‍കുന്നതാകണം പഠനം. ഒപ്പം, പ്രതിസന്ധികളെ തരണംചെയ്യാനും വിദ്യാഭ്യാസത്തിലൂടെ സാധിക്കണം.
കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളാകാന്‍ അനുവദിക്കാത്ത സമ്മര്‍ദപഠനങ്ങളും പുസ്തകക്കൂമ്പാരങ്ങളും ആപത്താണ്. സന്തോഷഭരിതമായ മനുഷ്യസമൂഹത്തെ രൂപപ്പെടുത്തണമെങ്കില്‍ 'ടെന്‍ഷന്‍ ഫ്രീ' വിദ്യാഭ്യാസം ഉണ്ടാകണം. ഒപ്പം, പഠനവും ജോലിയുമെന്ന ആഗോളസങ്കല്പത്തിന്റെ സാധ്യതകള്‍ പ്രായോഗികവുമാകണം. പഠനംകൊണ്ട് സ്വജീവിതത്തെയും മറ്റുള്ളവരുടെ ജീവിതത്തെയും കൈപിടിച്ചുയര്‍ത്താന്‍ ഉതകുന്നതാകണം വിദ്യാഭ്യാസം. സഹകരണമനോഭാവത്തിലൂന്നിയ സമഗ്രവ്യക്തിത്വവികാസം വിദ്യാഭ്യാസകാലത്തു നേടിയെടുക്കാന്‍ പര്യാപ്തമായ വിദ്യാലയാന്തരീക്ഷം നമ്മുടെ നാട്ടില്‍ ഉണ്ടാകണമെന്നത് നയരൂപീകരണത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാകണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)