റഷ്യയിലെ ചരിത്രപ്രസിദ്ധമായ ചുവന്ന ചതുര (റെഡ് സ്‌ക്വയര്‍)ത്തില്‍ സ്ഥിതിചെയ്യുന്ന സെന്റ്ബേസില്‍സ് കത്തീഡ്രല്‍ ഒരു അപൂര്‍വസൃഷ്ടിയാണ്. പകരംവയ്ക്കാനില്ലാത്ത ഒരു നിര്‍മിതി. പതിനേഴാംനൂറ്റാണ്ടില്‍ റഷ്യയിലെ വാസ്തുശില്പകലാശൈലി തീക്ഷ്ണമായ നിറസങ്കലനങ്ങള്‍കൊണ്ടു പ്രശസ്തമായിരുന്നു. ഒറ്റനോട്ടത്തില്‍ ഒരു യക്ഷിക്കഥയിലെ മാന്ത്രികക്കൊട്ടാരംപോലെ തോന്നിക്കുന്ന ഈ ദേവാലയം റെഡ് സ്‌ക്വയര്‍ പട്ടണത്തിന്റെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. വശ്യമായ നിറങ്ങളും താഴികക്കുടങ്ങളും മധ്യകാല റഷ്യന്‍ വാസ്തുശില്പകലാവൈദഗ്ദ്ധ്യം വിളിച്ചോതുന്നവയാണ്. വെളിപാടു പുസ്തകത്തിലെ സ്വര്‍ഗീയനഗരം - ദ ഹെവന്‍ലി സിറ്റി-എന്ന ആശയം ശരിവയ്ക്കുന്ന ഒരു നിര്‍മിതിയാണിത്. മോസ്‌കോയുടെ സിംബലാണ് കത്തീഡ്രല്‍ ഓഫ് വാസ്ലി ദി ബ്ലെസ്ഡ് എന്ന ഈ ചര്‍ച്ച്.
1438-1552 കാലഘട്ടത്തില്‍ വോള്‍ഗ-ബള്‍ഗേറിയന്‍ അധിനിവേശത്തില്‍നിന്ന് റഷ്യയിലെ കസാന്‍ഖാനേറ്റ് തിരിച്ചുപിടിച്ചതിന്റെ സ്മരണാര്‍ത്ഥം പ്രശസ്തനായ സാര്‍ ചക്രവര്‍ത്തി ഇവാന്‍ ദി ടെറിബിളിന്റെ നേതൃത്വത്തിലാണ് ഈ ദേവാലയം പൂര്‍ത്തീകരിക്കുന്നത്. 1551-'61 കാലഘട്ടത്തിലാണ് ഇതിന്റെ നിര്‍മിതി. റെഡ് സ്‌ക്വയറില്‍ ഇതിന്റെ അടുത്തുതന്നെ റഷ്യന്‍ പ്രസിഡണ്ടിന്റെ വസതിയായ ക്രെംലിന്‍ കൊട്ടാരവുമുണ്ട്. കൊത്തുപണികളും വര്‍ണ്ണങ്ങളും ചേര്‍ന്ന ഒരു അപൂര്‍വ്വവശ്യത. ഇതിന്റെ ശില്പികള്‍ പോസ്‌നിക് യകോവ്‌ലെവും ഇവാന്‍ ബര്‍മയുമാണ്.
പത്തു ചെറിയ പള്ളികള്‍ പരസ്പരം ബന്ധിപ്പിച്ച് ഗാലറിയും ഇടനാഴികളും അടങ്ങുന്ന ഒരു പള്ളിസമുച്ചയമാണ് ഈ ദേവാലയം. ഓരോ ചാപ്പലിനു മുകളിലും ഉള്ളിയുടെ ആകൃതിയിലുള്ള മകുടങ്ങള്‍ കാണാം. പതിനേഴാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും റഷ്യന്‍ ശില്പകലയില്‍ ഉണ്ടായിരുന്ന ബൈസന്‍ടൈന്‍ മോസ്‌കോ ബറോക്ക് എന്ന ശൈലിയാണ് ഈ നിര്‍മിതിക്ക് ഉപയോഗിച്ചിരിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പടിഞ്ഞാറന്‍ യൂറോപ്യന്‍ ഫറോക്ക് ശൈലിയിലുള്ള വാസ്തുശില്പകലയും പാരമ്പര്യ റഷ്യന്‍ വാസ്തുകലയും ചേര്‍ന്ന് പുതിയൊരു രീതി നിലവില്‍വന്നിരുന്നു - അതാണ് മസ്‌കോവിറ്റ് ബറോക്ക്. സെന്റ് ബേസില്‍ കത്തീഡ്രല്‍ റഷ്യന്‍ മസ്‌കോവിറ്റ് ശൈലിയുടെ മകുടോദാഹരണമാണ്. ഉള്ളിയുടെ ആകൃതിയിലുള്ള താഴികക്കുടങ്ങള്‍ റഷ്യന്‍ വാസ്തുശില്പവിദ്യയുടെ സവിശേഷതയാണ്.
ക്രെംലിനഭിമുഖമായി നോക്കുമ്പോള്‍ സമതുലനമായ ഒരു രൂപമാണ് ഈ കത്തീഡ്രലിനുള്ളത്. ഒരു ഒറ്റക്കല്‍ സ്മാരകംപോലെ അത്യുജ്ജ്വലമായ ഒരു സൃഷ്ടി. എന്നാല്‍, കൃത്യമായ ഒരു രൂപഘടന ഇതിനില്ല. വശങ്ങളിലുള്ള ചെറിയ പള്ളികളുടെ ക്രമീകരണവും വ്യക്തമായ അനുപാതത്തിലല്ല. നടുക്കുള്ള ദേവാലയം കിഴക്കുവശത്തെ ഗായകസംഘം ഇരിക്കുന്ന ഭാഗത്തെക്കൂടി ഉള്‍ക്കൊണ്ട് പടിഞ്ഞാറേക്കു തിരിഞ്ഞിരിക്കുന്നു. ബാഹ്യഭാഗം വളരെ ആകര്‍ഷകമാണ്. വര്‍ണാഭമായ ഒരു രൂപകല്പന. ഇതിന്റെ നിര്‍മാണത്തിന് 200 വര്‍ഷങ്ങള്‍ക്കുശേഷമാണ് തീവ്രമായ നിറസംയോജനങ്ങള്‍ നടന്നത്. ആദ്യകാലങ്ങളില്‍ വെളുത്ത നിറമുള്ള ദേവാലയത്തിന് സ്വര്‍ണനിറമുള്ള താഴികക്കുടങ്ങളാണ് ഉണ്ടായിരുന്നത്.
ഒന്‍പതു താഴികക്കുടങ്ങളുണ്ട്. ഇതില്‍ എട്ടെണ്ണം കസാന്‍ ആക്രമണങ്ങളെ സൂചിപ്പിക്കുന്നു. പത്താമത്തെ ദേവാലയം കൂട്ടിച്ചേര്‍ത്തത് 1558 ലാണ്. പിന്നീട് ഹിസ്റ്റോറിക്കല്‍ മ്യൂസിയത്തിന്റെ ഭാഗമായി ഇതു സംരക്ഷിക്കപ്പെട്ടു.
അനുഗൃഹീതനായ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പുരോഹിതന്‍ ബേസിലിന്റെ പേരിലാണ് ഈ കത്തീഡ്രല്‍ അറിയപ്പെടുന്നത്. ഇദ്ദേഹം 1547 ലെ മോസ്‌കോയ്ക്കു നാശം വിതച്ച അഗ്നിബാധ പ്രവചിച്ചിരുന്നു. ദരിദ്രനായി ജീവിച്ച, സ്വന്തമായി വീടില്ലാത്ത, കാലാവസ്ഥയ്ക്കനുസൃതമായ കുപ്പായങ്ങളും ഷൂസും ധരിക്കാത്ത പുരോഹിതന്‍. അദ്ദേഹം അന്തരിച്ചപ്പോള്‍ ഔദ്യോഗികബഹുമതികളോടെ നടന്ന ശവസംസ്‌കാരച്ചടങ്ങില്‍ ഇവാന്‍ ദി ടെറിബിള്‍ ശവമഞ്ചവാഹകരില്‍ ഒരുവനായി ഉണ്ടായിരുന്നു. 1588 ല്‍ ബേസിലിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം പത്താമത്തെ ചര്‍ച്ചില്‍ അടക്കംചെയ്തിരിക്കുന്നു.
മോസ്‌കോയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന സെന്റ് ബേസില്‍സ് ദേവാലയം ഒന്നിലധികം പ്രാവശ്യം അപകടഭീഷണി നേരിട്ടിട്ടുണ്ട്. 1812 ല്‍ ഫ്രഞ്ച് സൈന്യം മോസ്‌കോയില്‍നിന്നു പിന്‍വാങ്ങിയപ്പോള്‍ ദേവാലയം തകര്‍ക്കാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. 1929 സോവിയറ്റ് അധികാരികള്‍ പള്ളിയിലെ മണികള്‍ ഉരുക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഒരെണ്ണം മാത്രം പതിനാറാം നൂറ്റാണ്ടിലെ വിശുദ്ധ നാദം ഇപ്പോഴും പ്രവഹിപ്പിക്കുന്നു.
1560 ല്‍ നിര്‍മാണം പൂര്‍ത്തിയായ ദേവാലയം 1923 മുതല്‍ മ്യൂസിയമാണ്. 1929 ല്‍ സ്റ്റേറ്റ് ഹിസ്റ്റോറിക്കല്‍ മ്യൂസിയത്തിന്റെ ഭാഗമായി. 1990-കളില്‍ മതപരമായ ചടങ്ങുകള്‍ക്കായി ഇതു തുറന്നുകൊടുത്തു. 1990 ല്‍ യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഈ ദേവാലയം ഇടംനേടി. 2010 മുതല്‍ ജൂലൈ 12 ന് ദേവാലയത്തിന്റെ ബര്‍ത്ത് ആനിവേഴ്‌സറി നടത്തുന്നു. സന്ദര്‍ശകരെ സ്വീകരിക്കുവാന്‍ ഇവാന്‍ ദി ടെറിബിളിന്റെ വേഷത്തില്‍ കവാടങ്ങളില്‍ ആളുകള്‍ കാത്തുനിന്ന് ആ ദിനത്തിന്റെ പ്രാധാന്യം ജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കുന്നു. ആഘോഷങ്ങളില്‍ രാത്രി പത്തുമണി വരെ സന്ദര്‍ശകര്‍ക്കായി മ്യൂസിയം തുറന്നിടും. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ഇവിടേക്ക് സന്ദര്‍ശകര്‍ ഒഴുകിയെത്തുന്നു.
സെന്റ് ബേസില്‍സ് ചര്‍ച്ച് ലോകപ്രശസ്തമായ ഒരു ടൂറിസ്റ്റുകേന്ദ്രമാണ്. റഷ്യയിലെ 16 യുനെസ്‌കോ സാംസ്‌കാരിക സൈറ്റുകളില്‍ ഒന്നാണിത്.