ട്വന്റി 20 എന്ന (അ) രാഷ്ട്രീയ അടയാളം
നാട്ടിന്‍പുറങ്ങളിലെ പഴയ ചായക്കടകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവയില്‍ ചിലതിന്റെയെങ്കിലും അകംഭിത്തിയില്‍ ഇപ്പോഴും ആ എഴുത്തു മാഞ്ഞിട്ടില്ല.
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ പ്രാദേശികവിഷയങ്ങള്‍ക്കൊപ്പം ഇടത്, വലത് രാഷ്ട്രീയം പറഞ്ഞപ്പോള്‍, ജയപരാജയങ്ങള്‍ ഘോഷിച്ചപ്പോള്‍, അതിനിടയില്‍ എറണാകുളം ജില്ലയിലെ നാലു പഞ്ചായത്തുകള്‍ പറയാതെ പറഞ്ഞതും മറ്റൊന്നായിരുന്നില്ല;
ഇവിടെ രാഷ്ട്രീയം പറയരുത്.
അതേ, പരമ്പരാഗത ഇടത്, വലത് രാഷ്ട്രീയത്തിനപ്പുറത്തുള്ള പ്രാദേശിക സംഘടിതമുന്നേറ്റത്തിന്റെ വര്‍ത്തമാനമാണ് കിഴക്കമ്പലം ട്വന്റി 20 എന്ന കൂട്ടായ്മ കേരളത്തിന്റെ പൊതുബോധത്തില്‍ കുറിച്ചുവയ്ക്കുന്നത്.
2015 ലെ തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലം ഗ്രാമപഞ്ചായത്തു തിരഞ്ഞെടുപ്പില്‍ മത്സരിച്ച് 19 ല്‍ 17 സീറ്റും നേടി ഭരണം പിടിച്ചെടുത്താണ് ട്വന്റി 20 എന്ന കൂട്ടായ്മ കരുത്തറിയിച്ചത്. മികച്ച ഭരണത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി അഞ്ചു വര്‍ഷത്തിനു ശേഷം വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍, കിഴക്കമ്പലം പഞ്ചായത്ത് നിലനിര്‍ത്തിയതിനൊപ്പം സമീപത്തെ നാലു പഞ്ചായത്തുകളിലും അധികാരം പിടിച്ചെടുത്തുവെന്നതാണ് കേരളരാഷ്ടീയത്തില്‍ ട്വന്റി 20 എന്ന പ്രസ്ഥാനത്തിന്റെ തേരോട്ടം ശ്രദ്ധേയമാക്കുന്നത്. കിഴക്കമ്പലത്തിനു പുറമേ, ഐക്കരനാടും മഴുവന്നൂരും കുന്നത്തുനാടും ഇനി ട്വന്റി 20 യുടെ ഭരിക്കും. ഈ മേഖലയില്‍ ഇടത്, വലതു മുന്നണികള്‍ക്കു കനത്ത ആഘാതമാണ് ട്വന്റി 20 സമ്മാനിച്ചത്.
78 സ്ഥാനാര്‍ഥികള്‍ 65 ലും വിജയം
അഞ്ചു ഗ്രാമപ്പഞ്ചായത്തുകളിലായി 78 സീറ്റുകളില്‍ മത്സരിച്ച ട്വന്റി 20 സ്ഥാനാര്‍ഥികള്‍ 65 സീറ്റുകളിലും ജയിച്ചു. ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ച രണ്ടു സ്ഥാനാര്‍ഥികളും വിജയിച്ചു സംഘടന ചരിത്രമെഴുതി. കോലഞ്ചേരി, വെങ്ങോല ഡിവിഷനുകളില്‍ വിജയിച്ചാണു ജില്ലാ പഞ്ചായത്തിലും ട്വന്റി 20 അക്കൗണ്ട് തുറന്നത്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് ട്വന്റി 20 യുടെ 14 സ്ഥാനാര്‍ഥികളില്‍ ഒമ്പതു പേര്‍ വിജയം കണ്ടു. വടവുകോട് ബ്ലോക്കിലേക്ക് അഞ്ചു പേരെയും വാഴക്കുളം ബ്ലോക്കിലേക്ക് നാലു പേരെയും ട്വന്റി 20 ക്കു വിജയിപ്പിക്കാനായി.
ഐക്കരനാട് പഞ്ചായത്തില്‍ എല്ലാ സീറ്റിലും വിജയിച്ചാണ് ട്വന്റി 20 മുന്നണികളെ ഞെട്ടിച്ചത്. എല്‍ഡിഎഫ് ഭരണമുണ്ടായിരുന്ന ഐക്കരനാട് പഞ്ചായത്തില്‍ 14 സീറ്റുകളും തൂത്തുവാരിയാണു ട്വന്റി 20 കരുത്തറിയിച്ചത്. 8 എല്‍ഡിഎഫ് 6 യുഡിഎഫ് എന്നതായിരുന്നു കഴിഞ്ഞ തവണത്തെ കക്ഷിനില. ഇക്കുറി ഇരുമുന്നണികള്‍ക്കും ഒരു സീറ്റിലും ഇവിടെ വിജയിക്കാനായില്ല.
കിഴക്കമ്പലത്ത് ആകെയുള്ള 19 സീറ്റുകളില്‍ 18 ഉം ട്വന്റി 20 നേടി നില മെച്ചപ്പെടുത്തിയാണു തുടര്‍ഭരണം നേടിയത്. ഒരു സീറ്റ് യുഡിഎഫിനാണ്. കഴിഞ്ഞ തവണ 15 ആയിരുന്നു ട്വന്റി 20 യുടെ സീറ്റുകള്‍. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്നു പൊതുസ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച കുമ്മനോട് വാര്‍ഡിലും ട്വന്റി 20 യാണു വിജയിച്ചത്.
മഴുവന്നൂരില്‍ ആകെ 19 സീറ്റില്‍ 14 ഉം ട്വന്റി 20 നേടി. എല്‍ഡിഎഫ് നാലിലും യുഡിഎഫ് ഒരിടത്തും വിജയിച്ചു. 12 യുഡിഎഫ്, 7 എല്‍ഡിഎഫ് എന്നതായിരുന്നു മഴുവന്നൂരില്‍ 2015 ലെ കക്ഷിനില.
കുന്നത്തുനാട് 18 സീറ്റുകളില്‍ 11 ലും ട്വന്റി 20 വിജയിച്ചു. ഇവിടെ 16 സീറ്റുകളിലാണ് ട്വന്റി 20 മത്സരിച്ചത്. ആറിടത്ത് യുഡിഎഫും ഒരു സീറ്റില്‍ എല്‍ഡിഎഫും ജയിച്ചു. യുഡിഎഫ് 15, എല്‍ഡിഎഫ് 3 എന്നതായിരുന്നു 2015 ലെ കക്ഷിനില.
വെങ്ങോല ഗ്രാമപഞ്ചായത്തില്‍ മത്സരിച്ച പത്തു സീറ്റുകളില്‍ എട്ടിലും ട്വന്റി 20 വിജയിച്ചു മുഖ്യ പ്രതിപക്ഷമായി.
2012 ല്‍ തുടക്കം
കിഴക്കമ്പലത്ത് 1968 ല്‍ തുടക്കമിട്ട കിറ്റെക്സ് കമ്പനിയുടെ കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ ഭാഗമായി 2012 ലാണു ട്വന്റി 20 യുടെ തുടക്കം. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനയാണിത്. കിറ്റെക്സ് ഗ്രൂപ്പ് ഉടമ സാബു ജേക്കബാണ് ട്വന്റി 20 യുടെ പ്രസിഡന്റും ചീഫ് കോ ഓര്‍ഡിനേറ്ററും.
കിഴക്കമ്പലത്തു നടന്നത്
സ്വയംപര്യാപ്തമായ കിഴക്കമ്പലം എന്ന ദര്‍ശനമാണു ട്വന്റി 20 മുന്നോട്ടുവച്ചത്. റോഡുകളുടെ വികസനത്തില്‍ കിഴക്കമ്പലം മാതൃകയായി. 14 പ്രധാന റോഡുകളുടെയും 44 ഗ്രാമീണ റോഡുകളുടെയും ടാറിംഗ് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കാനകളുടെ നിര്‍മാണം, റോഡിന്റെ വശങ്ങളില്‍ ടൈല്‍ വിരിക്കല്‍, പാലം പുതുക്കിപ്പണിയല്‍, വൈദ്യുതിപോസ്റ്റുകളുടെ പുനഃക്രമീകരണം എന്നിവയും അടിസ്ഥാനസൗകര്യ വികസനത്തില്‍ നിര്‍വഹിച്ചു.
ലക്ഷം വീട് കോളനികളെ ഗോഡ്സ് വില്ലകളായി പുനരുദ്ധരിച്ചത് കിഴക്കമ്പലം പഞ്ചായത്തിലാണ്. നാലു വാര്‍ഡുകളിലായി 72 ഗോഡ്സ് വില്ലകള്‍ നിര്‍മിച്ചു. 750 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ഓരോ വില്ലകളും. ഒപ്പം വീട് നിര്‍മാണം, വീട് പുനരുദ്ധാരണം, വൈദ്യുതീകരണം, ശൗചാലയ നിര്‍മാണം, ഭൂരഹിതര്‍ക്കു ഭൂമി എന്നീ പദ്ധതികളും ശ്രദ്ധേയമായി. പഞ്ചായത്തുനിവാസികള്‍ക്ക് 50 മുതല്‍ 80 വരെ ശതമാനം വിലക്കുറവില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് ജനങ്ങള്‍ക്കു നേട്ടമായി. സമസ്ത മേഖലകളിലും പ്രഫഷണലിസത്തിന്റെ മികവ് പ്രകടമാണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
തങ്ങള്‍ അധികാരത്തിലെത്തുമ്പോള്‍, 39 ലക്ഷം രൂപ കടബാധ്യതയിലായിരുന്ന കിഴക്കമ്പലം പഞ്ചായത്തിന്റെ പേരില്‍, അഞ്ചു വര്‍ഷം കൊണ്ടു 13.57 കോടി രൂപ സ്ഥിരനിക്ഷേപം ബാങ്കിലിട്ടാണു തങ്ങള്‍ ഭരണം പൂര്‍ത്തിയാക്കിയതെന്ന് ട്വന്റി 20 നേതാക്കള്‍ അവകാശപ്പെടുന്നു. അഴിമതിയില്ലാതെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന നേതൃത്വം ഉണ്ടെങ്കില്‍, ഏതു പഞ്ചായത്തിനും ഇത്തരം നേട്ടം കൈവരിക്കാനാകുമെന്നും അവര്‍ പറയുന്നു.
രാഷ്ട്രീയം, അരാഷ്ട്രീയം
ട്വന്റി 20 എന്നതു പ്രാദേശികവും താത്കാലികവുമായ പ്രതിഭാസമാണെന്നാണ് ഇടത്, വലത് മുന്നണികളുടെയും ബിജെപിയുടെയും നേതൃത്വങ്ങളുടെ വിലയിരുത്തല്‍. ഇത് അരാഷ്ട്രീയമായ കൂട്ടായ്മയാണെന്നും കോര്‍പറേറ്റ് താത്പര്യങ്ങളാണ് ഇതിനു പിന്നിലെന്നും അവര്‍ ആരോപിക്കുന്നുണ്ട്.
എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ: 'അരിയും പലവ്യഞ്ജനങ്ങളും സൗജന്യമായോ വില കുറച്ചോ തരൂ. ചുരുങ്ങിയ ചെലവില്‍ ചികിത്സയും വിദ്യാഭ്യാസവും അര്‍ഹര്‍ക്ക് അവശപെന്‍ഷനും നല്‍കൂ. രാഷ്ട്രീയം എട്ടുമണി ചര്‍ച്ചകളിലെ വേറേ പണിയൊന്നുമില്ലാത്ത പരിഷകള്‍ക്കു വിട്ടുകൊടുത്തേക്കൂ-ഇതാണ് ട്വന്റി 20 മാതൃകയുടെ അരാഷ്ട്രീയത.' (തിങ്ക് - റീഡേഴ്സ് ആന്‍ഡ് തിങ്കേഴ്സ്)
ട്വന്റി 20 അരാഷ്ട്രീയമാണെന്നു വാദിക്കുന്നവരോടു സാബു ജേക്കബിന്റെ മറുപടി ഇങ്ങനെ: ''രാഷ്ട്രീയം ഞങ്ങള്‍ക്കു കച്ചവടമല്ല, സേവനമാണ്. ഭരണം ഞങ്ങള്‍ക്കു വരുമാനമാര്‍ഗമല്ല, അതു ജനങ്ങള്‍ക്കുവേണ്ടിയാണ്.''
രാഷ്ട്രീയ, അരാഷ്ട്രീയവാദങ്ങള്‍ക്കും അതിനെച്ചൊല്ലിയുള്ള വാഗ്വാദങ്ങള്‍ക്കുമെല്ലാമിടയില്‍ ജനാധിപത്യസംവിധാനത്തിലെ ഏറ്റവും ഉന്നതമായ തിരഞ്ഞെടുപ്പുപ്രക്രിയയിലൂടെ ജനപിന്തുണ നേടിത്തന്നെയാണ് ട്വന്റി 20 എന്ന കൂട്ടായ്മ നാലു തദ്ദേശസ്ഥാപനങ്ങളുടെ അധികാരത്തിന്റെ അമരത്തേക്കെത്തിയതെന്നു പറയാതെ വയ്യ. അങ്ങനെ വോട്ടു ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ച ഘടകമെന്ത് എന്നത് മറ്റു രാഷ്ട്രീയകക്ഷികളും പൊതുസമൂഹവും ആഴത്തില്‍ വിശകലനം ചെയ്യുന്നത് ഉചിതമാകും. തദ്ദേശതിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന്റെ തിളക്കത്തില്‍ അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനവും ട്വന്റി 20 നടത്തിക്കഴിഞ്ഞു.
മുഖ്യധാര രാഷ്ട്രീയകക്ഷികളുടെ വഴികളോടും ശൈലികളോടും പ്രാദേശികമായെങ്കിലും ഉണ്ടായിട്ടുള്ള വിരക്തിയും വിയോജിപ്പുമാണോ ട്വന്റി 20 യുടെ ആവര്‍ത്തിച്ചുള്ള വിജയത്തിലൂടെ വ്യക്തമാകുന്നത്? അതോ ഒരു പ്രദേശമാകെ അരാഷ്ട്രീയ, കോര്‍പറേറ്റ് ശക്തിയുടെ കീഴില്‍ അണിനിരക്കുന്നതിന്റെ അനന്തരഫലമാണോ ഇത്?
ഏതായാലും, കിഴക്കമ്പലത്തെയും സമീപ പഞ്ചായത്തുകളിലെയും മാത്രമല്ല, കേരളത്തിലാകെയും രാഷ്ട്രീയ, പൊതുപ്രവര്‍ത്തനരംഗത്തുള്ളവര്‍ക്കു കുത്തിയിരുന്നു പഠിക്കാനും തിരുത്താനും ട്വന്റി 20 ചിലതെല്ലാം അടയാളപ്പെടുത്തുന്നുണ്ടെന്നത് തീര്‍ച്ച.