•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

പ്രകാശവതിയായ സുഗതറ്റീച്ചര്‍

സുഗതകുമാരി എന്നത് ഒരു വെറും പേരായിരുന്നില്ലല്ലോ. അവരുടെ കാഴ്ചയും വാക്കും കവിതയും പ്രവൃത്തിയും സമരവും പ്രതിഷേധവും പ്രക്ഷോഭണവും വിലാപവും വേദനയും കണ്ണുനീരുമെല്ലാം മനുഷ്യരെയും പ്രകൃതിയെയും മലകളെയും നദികളെയും അനാഥരെയും നിരാലംബരെയും അവഗണിക്കപ്പെടുന്നവരെയും അപമാനിക്കപ്പെടുന്നവരെയും പീഡിപ്പിക്കപ്പെടുന്നവരെയും ചൊല്ലിയായിരുന്നു. അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കുംപോലും അവര്‍ അമ്മയായിരുന്നു. അവരുടെ കവിതകള്‍ വായിച്ചവരും പ്രസംഗങ്ങള്‍ കേട്ടവരും അവരെ ആദരവോടെ റ്റീച്ചര്‍ എന്നു വിളിച്ചു. പതിറ്റാണ്ടുകളോളം അവര്‍ തിരുവനന്തപുരത്തെ ബാലഭവന്റെ ഡയറക്ടറായിരുന്നു. പിന്നീടവര്‍ സ്വന്തപരിശ്രമത്തില്‍ അനാഥരും നിരാലംബരുമായ പെണ്‍കുട്ടികള്‍ക്കായി ''അഭയ'' എന്ന സ്ഥാപനം പടുത്തുയര്‍ത്തി. ആ വകയില്‍ സുഗതകുമാരിറ്റീച്ചര്‍ കേട്ട ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കണക്കുണ്ടായിരുന്നില്ല. പക്ഷേ, ഒന്നും അവരെ തളര്‍ത്തിയില്ല. ഒന്നിലും റ്റീച്ചര്‍ ഒട്ടും പതറിയതുമില്ല. അവര്‍ സ്വന്തം മനഃസാക്ഷിയെ മാത്രം മാനദണ്ഡമാക്കിക്കൊണ്ടു താന്‍ നടന്ന വഴിയേ തന്നെ മുന്നോട്ടുപോവുകയായിരുന്നു.
 ലളിത - പത്മിനി - രാഗിണിമാരെ ട്രാവന്‍കൂര്‍ സിസ്റ്റേഴ്‌സ് എന്നായിരുന്നല്ലോ പറഞ്ഞിരുന്നത്. അവര്‍ മൂവരും നൃത്ത-ചലച്ചിത്രരംഗത്തായിരുന്നു പേരെടുത്തിരുന്നത്. പിന്നീട് അക്കാമ്മ ചെറിയാനും റോസമ്മ പുന്നൂസും അവരുടെ ഇളയസഹോദരി പെണ്ണമ്മയും സ്വാതന്ത്ര്യസമരകാലത്ത് സ്റ്റേറ്റ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ തിരുവിതാംകൂര്‍ സഹോദരികള്‍ എന്നു പേരെടുത്തു. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഹൃദയകുമാരിയും സുഗതകുമാരിയും സുജാതയും തിരുവനന്തപുരത്തു വിദ്യാഭ്യാസ-സാംസ്‌കാരികരംഗത്തു ട്രിവാന്‍ഡ്രം സിസ്റ്റേഴ്‌സ് ആയത്. അവര്‍ പ്രശസ്ത സ്വാതന്ത്ര്യസമരപ്രക്ഷോഭകനും ദേശീയവാദിയും ഗാന്ധിയനും കവിയുമായിരുന്ന സ്വാമി ബോധേശ്വരന്റെ മക്കളെന്ന നിലയിലാണ് ആദ്യമൊക്കെ ജനശ്രദ്ധയില്‍പ്പെട്ടത്. പില്ക്കാലത്ത് പ്രഫ. ഹൃദയകുമാരി യൂണിവേഴ്‌സിറ്റി കോളജില്‍ ഇംഗ്ലീഷ് അധ്യാപികയായി. തിരുവനന്തപുരം വിമന്‍സ് കോളജിന്റെ പ്രിന്‍സിപ്പലുമായി. 
പ്രശസ്തയായ വിദ്യാഭ്യാസപ്രവര്‍ത്തികയും പ്രഭാഷികയുമായിരുന്നു ഹൃദയകുമാരിറ്റീച്ചര്‍. ഇളയ സഹോദരി പ്രഫ. സുജാതയും ഗവണ്മെന്റ് കോളജധ്യാപികയായി. മലയാളത്തില്‍ ഒന്നാംതരം എഴുത്തുകാരിയും. പക്ഷേ, സ്‌കൂളിലോ കോളജിലോ പഠിപ്പിക്കാതെ റ്റീച്ചറായ ആളായിരുന്നു സുഗതകുമാരി. കേരളീയസമൂഹത്തെയും ജനങ്ങളെയും അവര്‍ പഠിപ്പിച്ചതുപോലെ മറ്റാരും പഠിപ്പിച്ചിട്ടില്ല എന്നതാണ് സത്യം.
കവിതയും പ്രഭാഷണങ്ങളും പ്രക്ഷോഭണങ്ങളും സത്യാഗ്രഹസമരങ്ങളും ലേഖനങ്ങളും മാധ്യമങ്ങളിലെ മുഖാമുഖങ്ങളുമൊക്കെയായി സുഗതറ്റീച്ചര്‍ കേരളത്തിന്റെ പൊതുജീവിതത്തില്‍ നിത്യസാന്നിധ്യമായി. റ്റീച്ചറുടെ കവിതകള്‍ വായനക്കാരെ പലപ്പോഴും കരയിച്ചു. പ്രസംഗങ്ങള്‍ കേള്‍വിക്കാരെ ചിന്തിപ്പിച്ചു. ലേഖനങ്ങള്‍ ജനങ്ങളെ പ്രചോദിപ്പിച്ചു. എല്ലാ അര്‍ത്ഥത്തിലും സുഗതകുമാരി കേരളത്തിനു മുഴുവനും റ്റീച്ചറായി. പരിസ്ഥിതിയുടെ സംരക്ഷികയായി. പ്രകൃതിയുടെയും ഭൂമിയുടെയും ആരാധികയായി. നമ്മുടെ നദികളുടെ മലിനീകരണത്തിനെതിരേയും നാട്ടിലെമ്പാടും മുന്നണിഭേദമില്ലാതെ സര്‍ക്കാര്‍ പിന്തുണയോടെ ഉയര്‍ന്നുവന്ന ക്വാറികള്‍ക്കെതിരേയും അവര്‍ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തി. വനനശീകരണത്തിനെതിരേ ശക്തമായി ശബ്ദമുയര്‍ത്തി. നാടുമുഴുവനും ശത്രുക്കളായപ്പോഴും ബോധേശ്വരന്റെ മകള്‍ നിര്‍ഭയയായി നിന്നു. അതായിരുന്നു സുഗതകുമാരി റ്റീച്ചര്‍.
റ്റീച്ചറോടു വ്യക്തിപരമായി ആഴപ്പെട്ട സൗഹൃദമുണ്ടാവുന്നത് നവഭാരതവേദി എന്ന പേരില്‍ അഴിമതിക്കെതിരേ ഒരു പ്രതികരണപ്രസ്ഥാനത്തിനു രൂപം കൊടുത്ത കാലംമുതലാണ്. 1981 ലെ സ്വാതന്ത്ര്യദിനത്തിലായിരുന്നു സംഘടനയുടെ ആരംഭം. കോട്ടയം എം.ടി. സെമിനാരി ഹാളില്‍ ചേര്‍ന്ന ഗാന്ധിഭക്തരുടെ ഒരു പ്രസ്ഥാനമായിരുന്നു അത്. ഡോ. സുകുമാര്‍ അഴീക്കോടായിരുന്നു പ്രസിഡന്റ്. ഡി.സി. കിഴക്കെമുറി വര്‍ക്കിംഗ് പ്രസിഡന്റ്.  ആര്‍.എം. മനയ്ക്കലാത്തും സുഗതകുമാരിയും കെ.ഇ. മാമ്മനും വൈസ് പ്രസിഡന്റുമാര്‍. ജനറല്‍ സെക്രട്ടറിയായി ഞാനും ട്രഷററായി ഫാദര്‍ ജോര്‍ജ് വെള്ളാപ്പള്ളിയും സെക്രട്ടറിയായി ഡോ. ജോസ് പാറക്കടവിലും. അന്ന് സുഗതകുമാരിറ്റീച്ചര്‍ നവഭാരതവേദി സമ്മേളനങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു. ആ സൗഹൃദം എന്നും നിലനിന്നു. 
പില്ക്കാലത്തൊരിക്കല്‍ സംസ്ഥാന വനിതാകമ്മീഷനധ്യക്ഷയെന്ന നിലയില്‍ അവരും റോസമ്മ പുന്നൂസും കൂടി പാലായില്‍ വന്നപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ താമസിച്ചതുമോര്‍ക്കുന്നു. അന്നു ഞങ്ങളുടെ അമ്മയുള്ള കാലമായിരുന്നു. രാത്രി വൈകുംവരെ അവര്‍ രാഷ്ട്രീയനേതൃത്വത്തില്‍ സംഭവിച്ച നിലവാരത്തകര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മുഴുകി. റ്റീച്ചറന്ന് അടുക്കളയില്‍ കയറി അത്താഴം വച്ചതും കോളജുവിദ്യാര്‍ത്ഥിനികളായിരുന്ന എന്റെ മക്കള്‍ സീനയെയും സ്മിതയെയും മയമുള്ള ചപ്പാത്തിയുണ്ടാക്കാന്‍ പഠിപ്പിച്ചതും ഇന്നും മധുരമായ ഓര്‍മതന്നെ. 
പിന്നീടൊരിക്കല്‍ ടീച്ചര്‍ വന്നത് 2006 ല്‍ എന്റെ പിതാവ് ആര്‍.വി. തോമസിന്റെ പേരിലുള്ള സംശുദ്ധവും മാതൃകായോഗ്യവുമായ പൊതുപ്രവര്‍ത്തനത്തിനുള്ള ആര്‍.വി. പുരസ്‌കാരം സ്വീകരിക്കുന്നതിനായിരുന്നു. ഏ. കെ. ആന്റണിയായിരുന്നു പുരസ്‌കാരസമര്‍പ്പണം നടത്തേണ്ടിയിരുന്നത്. അവസാനനിമിഷമാണ് എ.കെ.ക്ക് ഡല്‍ഹിയില്‍ത്തന്നെ നില്‍ക്കേണ്ടിവന്നത്. റ്റീച്ചറോട് ഞങ്ങള്‍ കാര്യം ധരിപ്പിച്ചപ്പോള്‍ ഏ. കെ. ആന്റണിയല്ലാതെ മറ്റൊരു രാഷ്ട്രീയനേതാവില്‍നിന്നും താന്‍ പുരസ്‌കാരം സ്വീകരിക്കുകയില്ലെന്നു നിലപാടു പറഞ്ഞു. ആരാണു ചടങ്ങിന്റെ അധ്യക്ഷനെന്നാരാഞ്ഞു. പാലാ ബിഷപ്പാണെന്നു പറഞ്ഞപ്പോള്‍ തിരുമേനി അവാര്‍ഡ്  തന്നോട്ടെയെന്നായി. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍നിന്നു റ്റീച്ചര്‍ പുരസ്‌കാരം സാദരം സ്വീകരിക്കുകയും ചെയ്തു. റ്റീച്ചറുടെ നിലപാട് ബിഷപ്പിനും വലിയ ബഹുമതിയായി. അന്ത്യകാലം വരെ ആദര്‍ശവതിയായി ജീവിച്ച ഒരു സോഷ്യല്‍ ആക്ടിവിസ്റ്റായിരുന്നു സുഗതറ്റീച്ചര്‍.
എന്നും ഗാന്ധിഭക്തയായിരുന്നു അവര്‍. കറതീര്‍ന്ന ദേശീയവാദിയും. റ്റീച്ചറുടെ കവിതകള്‍ മാത്രം മതി അതിനു തെളിവ്. 'അമ്പലമണികള്‍' എന്ന കവിത റ്റീച്ചറുടെ ഹൃദയസ്പന്ദനമാണെന്നു വിശ്വസിക്കുവാനാണ് എനിക്കിഷ്ടം. 1981 ലെ സ്വാതന്ത്ര്യദിനത്തിലെഴുതിയ കവിതയാണ് അതില്‍ ഏറ്റവും ഹൃദ്യം. സുഗതകുമാരി റ്റീച്ചറിന്റെ ധന്യസ്മരണയ്ക്കു മുന്നില്‍ സ്‌നേഹാദരപുരസ്സരം ഹൃദയപ്രണാമം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)