•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

കേരളത്തിന്റെ അപ്പസ്‌തോലന്‍

ര്‍ണോസ് പാതിരി എന്ന് മലയാളികള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ജോണ്‍ ഏണസ്റ്റ് ഹാന്‍ക്‌സ്‌ലേഡന്‍ 1681 ല്‍ ജര്‍മ്മനിയിലാണ് ജനിച്ചത്. 1699 ല്‍ പതിനെട്ടാം വയസ്സില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടനെ, നാടും വീടും ഉപേക്ഷിച്ച് പ്രേഷിതപ്രവര്‍ത്തനത്തിനായി അദ്ദേഹം കേരളത്തിലെത്തി. കവി, മിഷനറി, ബഹുഭാഷാപണ്ഡിതന്‍, ആദ്യ സംസ്‌കൃതവ്യാകരണകര്‍ത്താവ്, ഇന്ത്യാവിജ്ഞാനീയത്തിന്റെ പ്രാരംഭകന്‍ എന്നീ നിലകളിലെല്ലാം കേരളചരിത്രത്തിലും മലയാളികളുടെ മനസ്സിലും അദ്ദേഹം ഇന്നും ജീവിക്കുന്നു. 

മലയാളവും സംസ്‌കൃതവും ഒരുപോലെ ആഴത്തില്‍ പഠിച്ച് രണ്ടിലും അനേകം ഗ്രന്ഥങ്ങള്‍ രചിച്ചയാളാണ് അര്‍ണോസ് പാതിരി. സംസ്‌കൃതം പഠിച്ച യൂറോപ്യന്‍മാരില്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം.
കേരളയാത്ര
ജര്‍മ്മനിയിലെ ഓസ്‌നാബ്രൂക്കിലെ വളരെ പ്രശസ്തമായ കരോലീനും എന്ന സ്‌കൂളിലായിരുന്നു 1692 മുതല്‍ 1699 വരെ ജോണ്‍ ഏണസ്റ്റിന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. 1699 സെപ്റ്റംബറില്‍ പഠനം പൂര്‍ത്തിയാക്കി ജോണ്‍ ഏണസ്റ്റ് ഒക്‌ടോബറില്‍ത്തന്നെ, കോഴിക്കോട് കേന്ദ്രമാക്കിയുള്ള ഈശോസഭയുടെ മലബാര്‍ പ്രോവിന്‍സിലേക്ക് ഫാ. വില്യം വേബ്ബറോടൊപ്പം മിഷന്‍പ്രവര്‍ത്തനത്തിനായി യാത്രതിരിക്കുകയായിരുന്നു. 1700 ഡിസംബര്‍ 13 ന് ഗുജറാത്തിലെ സൂററ്റില്‍ കപ്പലിറങ്ങി, തുടര്‍ന്ന് റോഡുമാര്‍ഗമാണ് കേരളത്തിലെത്തിയത്. യൂറോപ്പിലെ ഏതു സര്‍വകലാശാലയിലും തുടര്‍പഠനത്തിന് അവസരമുണ്ടായിരുന്ന ആളാണ് അതു ത്യജിച്ച്, കേരളത്തില്‍ സഭാസേവനം ചെയ്യാന്‍ തീരുമാനിച്ചിറങ്ങുന്നത്.
കേരളത്തിന്റെ സ്വന്തമാകുന്നു
1701 മുതല്‍ 1707 വരെയുള്ള കാലത്ത് അമ്പഴക്കാട്ടെ ഈശോസഭാ സെമിനാരിയില്‍ വൈദികപഠനം നടത്തിയ സമയത്തുതന്നെ അദ്ദേഹം മലയാളഭാഷയും കേരളസംസ്‌കാരവും പഠിച്ചുതുടങ്ങി. കേരളമാഹാത്മ്യവും മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ ക്രൈസ്തവപാരമ്പര്യവും നന്നായി മനസ്സിലാക്കാന്‍, ഗ്രീക്കും ലത്തീനും നന്നായറിയാവുന്ന അദ്ദേഹം ഇന്ത്യയുടെ വേദഭാഷയായ സംസ്‌കൃതവുംകൂടി പഠിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി. സംസ്‌കൃതപഠനം എളുപ്പത്തില്‍ സാധ്യമാക്കുവാന്‍ അദ്ദേഹം അമ്പഴക്കാട്ടുനിന്നു സംസ്‌കൃതകേന്ദ്രമായ തൃശൂര്‍ അടുത്തുള്ള വേലൂരില്‍ താമസിച്ച് ഹിന്ദുപണ്ഡിതന്മാരില്‍നിന്നു നേരിട്ട് സംസ്‌കൃതം പഠിച്ചു. വാസുദേവകവിയുടെ 'യുധിഷ്ഠിരവിജയ'ത്തിന് ഒരു വ്യാഖ്യാനമാണ് അദ്ദേഹത്തിന്റെ സംസ്‌കൃതത്തിലെ ആദ്യകൃതി. 1717 ല്‍ പൂര്‍ത്തിയാക്കിയ 'സിദ്ധരൂപ'ത്തെ ആസ്പദമാക്കിയുള്ള 'സംസ്‌കൃതവ്യാകരണ'മാണ് അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന സംസ്‌കൃതകൃതി. പൗളീനോസ് പാതിരി 1790 ല്‍ റോമില്‍നിന്ന് ഏൃമാമശേരമ ഏൃമിറീിശരമ ടലൗ ടമാരെൃമറലാശരമ എന്ന പേരില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ഈ ഗ്രന്ഥം യൂറോപ്പില്‍ അറിയപ്പെട്ടത്. 'ഒരു മനുഷ്യബുദ്ധിക്ക് അതീതമായൊരു ഗ്രന്ഥമാണ് ഇത്' എന്നാണ് പൗളീനോസ് ഇതിനെ വിശേഷിപ്പിക്കുന്നത്. മലയാളം - പോര്‍ച്ചുഗീസ് വ്യാകരണം, സംസ്‌കൃത-പോര്‍ച്ചുഗീസ് വ്യാകരണം, മലയാള-സംസ്‌കൃതനിഘണ്ടു, മലയാള-പോര്‍ച്ചുഗീസ്-സംസ്‌കൃതനിഘണ്ടു എന്നിവയാണ് ഈ രംഗത്തെ അദ്ദേഹത്തിന്റെ മറ്റു കൃതികള്‍.
കേരളത്തിന്റെ അപ്പസ്‌തോലന്‍
മലയാളത്തിലുള്ള പാതിരിയുടെ പ്രധാനകൃതികളായ പുത്തന്‍പാന, ചതുരന്ത്യം, ഉമ്മായുടെ ദുഃഖം, വ്യാകുലപ്രബന്ധം, ജനോവപര്‍വം, ആത്മാനുതാപം, നിഷിദ്ധപാപം എന്നിവ ക്രൈസ്തവവിശ്വാസവും ഭക്തിയും പ്രകടിപ്പിക്കുന്നവയാണ്. ഇവയില്‍ 'പുത്തന്‍പാന'യാണ് അദ്ദേഹത്തെ കേരളസഭയില്‍ അനശ്വരനാക്കിത്തീര്‍ത്തത്. സൃഷ്ടിമുതല്‍ അപ്പസ്‌തോലന്മാരെ മിഷന്‍ പ്രവര്‍ത്തനത്തിനായി വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതുവരെയുള്ള ബൈബിളിലെ പ്രധാന സംഭവങ്ങളാണ് ഇതിലെ പ്രതിപാദ്യം. ആധുനികമലയാളത്തിന്റെ പിതാവെന്നറിയപ്പെടുന്ന എഴുത്തച്ഛന്റെ 'രാമായണം' ഹിന്ദുക്കള്‍ സന്ധ്യാസമയത്ത് കുടുംബങ്ങളില്‍ ഭക്തിപൂര്‍വ്വം പാരായണം ചെയ്യുന്നതു മനസ്സിലാക്കിയ പാതിരി നാടിന്റെ പരമ്പരാഗതശൈലിയെ ക്രൈസ്തവവത്കരിക്കുകയാണു ചെയ്തത്. അങ്ങനെ ഹൈന്ദവപാനയുടെ സ്ഥാനത്ത് ക്രിസ്തീയ 'പുത്തന്‍പാന' നിലവില്‍വന്നു. 1905 ലാണ് ആദ്യകത്തോലിക്കാ ബൈബിള്‍ മലയാളത്തില്‍ പ്രസിദ്ധീകൃതമായതെങ്കില്‍ അതിനും രണ്ടു നൂറ്റാണ്ടുമുമ്പേ അര്‍ണോസ് പാതിരി ബൈബിള്‍ മലയാളത്തിനു പരിചിതമാക്കി. സ്ഥല, പ്രാദേശിക, കാലാനുസൃതമായ ക്രൈസ്തവമതപ്രഘോഷണം എങ്ങനെ സാധ്യമാക്കാമെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു രണ്ടര നൂറ്റാണ്ടുമുമ്പ് അര്‍ണോസ് പാതിരി സമൂഹത്തിനു കാണിച്ചുകൊടുത്തു.
പഠനത്തിനും എഴുത്തിനുമിടയിലും അദ്ദേഹം തന്റെ അജപാലനദൗത്യം കൃത്യമായി നിര്‍വഹിച്ചു. ജോണ്‍ റിബേറോ മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായും അമ്പഴക്കാട്ട് സെമിനാരി അധ്യാപകനായും ചിലയിടങ്ങളില്‍ വികാരിയായും സേവനമനുഷ്ഠിച്ചു. വേലൂര്‍ ഫ്രാന്‍സീസ് സേവ്യര്‍ ഇടവക തുടങ്ങുന്നത് അദ്ദേഹമാണ്. 1732 മാര്‍ച്ച് 21 ന് തൃശൂരിലെ പഴുവില്‍വച്ച് അദ്ദേഹം മരിച്ചു. അര്‍ണോസ് പാതിരിയെ നന്നായി മനസ്സിലാക്കിയ കര്‍മ്മലീത്താക്കാരനായ പൗളിനോസ് പാതിരി 1799 ല്‍ തന്റെ ഒരു സഹസന്ന്യാസിനിക്ക് എഴുതി: ''മഹാനായ അര്‍ണോസ് പാതിരി അദ്ദേഹത്തിന്റെ കൃതികളിലൂടെ മലയാളിയുടെ മനസ്സിലും കേരളചരിത്രത്തിലും ജീവിക്കുന്നു. എനിക്ക് അദ്ദേഹത്തിനുവേണ്ടി പണിയാന്‍ കഴിയുന്ന സ്മാരകം അദ്ദേഹത്തെ എന്റെ ഗുരുവായി പ്രതിഷ്ഠിക്കുക എന്നതാണ്.'' 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)