•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

തിരുപ്പിറവിയുടെ പ്രകൃതിപാഠങ്ങള്‍

  • മാര്‍ ജേക്കബ് മുരിക്കന്‍
  • 24 December , 2020

ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന ആധുനികജീവിതസാഹചര്യങ്ങളെ മനുഷ്യഗന്ധിയാക്കുക എന്ന ഭഗീരഥപ്രയത്‌നം നമ്മില്‍നിന്നുണ്ടാവണം. ക്രിസ്മസ് നല്‍കുന്ന പ്രതീക്ഷയും ശാന്തിയും ഉറപ്പിക്കേണ്ടത് മനുഷ്യന്റെ കരങ്ങളിലൂടെത്തന്നെയാകണം. അതാണ് മനുഷ്യാവതാരം അര്‍ത്ഥമാക്കുന്നത്.

കൊറോണ വൈറസുകള്‍ സൃഷ്ടിച്ച യുദ്ധസമാനമായ സ്ഥിതിവിശേഷം 2020 നെ തികച്ചും വ്യത്യസ്തമാക്കിയിരിക്കുന്നു. ലക്ഷക്കണക്കിനു മനുഷ്യജീവന്‍ അപഹരിക്കുകയും കോടിക്കണക്കിനു മനുഷ്യരെ രോഗികളാക്കുകയും ചെയ്ത വൈറസ്ബാധ ശമനമില്ലാതെ ഇപ്പോഴും തുടരുന്നു. കൊറോണയോടൊപ്പം ജീവിക്കുക എന്ന പുതിയ സമവാക്യവും നാം ഇപ്പോള്‍ കേള്‍ക്കുന്നു. പ്രതിരോധവാക്‌സിനുകളെപ്പറ്റി കേള്‍ക്കുന്നെങ്കിലും ഇനിയും ഫലപ്രാപ്തിയെക്കുറിച്ച് ഉറപ്പിക്കാനാവില്ലെന്ന വിലയിരുത്തലാണ് മെഡിക്കല്‍വിദഗ്ധര്‍ നല്‍കുന്നത്. ചുരുക്കത്തില്‍, ആയുധമില്ലാതെ അടര്‍ക്കളത്തില്‍ നില്‍ക്കേണ്ടï സാഹചര്യത്തിനു മനുഷ്യന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇത്തരുണത്തില്‍ 2020 ലെ ക്രിസ്മസ് തീര്‍ച്ചയായും മനുഷ്യന് ഒരു വെളിപാടായിരിക്കണം.
കൊറോണ വൈറസ്ബാധ ഒരു അടയാളമാണ്. ലോകരക്ഷകനായ ഈശോമിശിഹായുടെ ജനനത്തില്‍ ആകാശത്തു കാണപ്പെട്ട നക്ഷത്രം ഒരു അടയാളമായിരുന്നു; ലോകരക്ഷകനായ ഈശോമിശിഹാ പിറന്നിരിക്കുന്നുവെന്നതിന്റെ അടയാളം. ആ ജനനത്തില്‍ മാലാഖമാര്‍ പാടി: ''അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം.'' 
ഉത്തരാധുനികതയുടെ ഈ യുഗത്തില്‍ അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം കല്പിക്കുന്നതില്‍ ഗൗരവതരമായ വീഴ്ച മനുഷ്യനുണ്ടായിരിക്കുന്നു. ദൈവത്തിനു നല്‍കേണ്ടï മഹത്ത്വം ഭൗതികമായ സമ്പത്തിനും സ്ഥാനനേട്ടങ്ങള്‍ക്കും സുഖഭോഗങ്ങള്‍ക്കുമായി വീതിച്ചുകൊടുത്തുകൊണ്ട് ഭൂമിയില്‍ ഉറപ്പാക്കേണ്ട സമാധാനം ബലികഴിച്ചിരിക്കുന്നു. സ്രഷ്ടാവിനെ തമസ്‌കരിക്കാനുള്ള സൃഷ്ടിയായ മനുഷ്യന്റെ അതിരുകടന്ന പ്രയാണത്തിനു തിരിച്ചടി സ്വയം ഉണ്ടാക്കിയെടുക്കുമെന്നാണ് ഈ സാഹചര്യം വ്യക്തമാക്കുന്നത്. ദൈവത്തിനു മഹത്ത്വം പ്രഘോഷിക്കേണ്ട മതങ്ങള്‍ നിലയും വിലയും മറക്കുകയും ആത്മീയജീവിതം ചൂഷണത്തിനും അന്ധ-അബദ്ധപ്രബോധനങ്ങള്‍ക്കും വേദിയാവുകയും ചെയ്തപ്പോള്‍ അവിടെയും സ്വയം വിലക്കുകള്‍ രൂപപ്പെട്ടു. ചുരുക്കത്തില്‍, ദൈവമഹത്ത്വം വിട്ട് മനുഷ്യന്‍ പ്രത്യക്ഷമായും പരോക്ഷമായും ഭൗതികതയുടെ മാറാപ്പും ധരിച്ച് സഞ്ചാരം തുടരുന്നതിന്റെ തിരുത്തലിനുള്ള താക്കീതും അവസരവുമാണു ലഭിച്ചിരിക്കുന്നത്.
പ്രകൃതിയാണ് മനുഷ്യനു ജീവിക്കാനായി ദൈവം കരുതലോടെ തന്ന അതിമനോഹരമായ സംവിധാനം. പ്രപഞ്ചത്തിനു ദൈവം കല്പിച്ചുതന്ന ആദിതാളവും അതില്‍ നിക്ഷേപിച്ചിരിക്കുന്ന ജീവന്റെയും ഊര്‍ജ്ജത്തിന്റെയും ക്രമവും അതിനിര്‍ണായകമാണ്. പ്രകൃതിയുടെ നിലനില്പിനാധാരമായ സര്‍വസൃഷ്ടിജാലങ്ങളും തമ്മിലുള്ള പാരസ്പര്യവും സന്തുലിതാവസ്ഥയും അട്ടിമറിക്കപ്പെട്ടാല്‍ ഭൂമിയില്‍ ജീവനുതന്നെ ഭീഷണി ഉയരും. ജീവന്റെ അടിസ്ഥാനഘടകങ്ങളായ ജലവും വായുവും മണ്ണും അതിവേഗം മലിനമായിക്കൊണ്ടിരിക്കുന്നത് രോഗാതുരമായ ഒരു സമൂഹസൃഷ്ടിക്കു വഴിതെളിക്കുന്നതാവും. പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ താളം മുറിഞ്ഞപ്പോഴാണ് അതിസൂക്ഷ്മജീവികളുടെ തലത്തില്‍ അതിന്റെ പരിണതഫലം ഉണ്ടായത്. അപകടകാരികളായ വൈറസുകളുടെ മേല്‍ക്കോയ്മയ്ക്കു കാരണമാകുന്ന ആഘാതങ്ങള്‍ പ്രകൃതിയില്‍ സംഭവിച്ചിരിക്കുന്നുവെന്നത് ഇനിയും മനുഷ്യനു ബോധ്യമായിട്ടുണ്ടോ എന്നതു സംശയമായി നില്‍ക്കുന്നു. വലിയ മലകള്‍ അപ്രത്യക്ഷമാകുന്നതും കാടുകള്‍ ഇല്ലാതാകുന്നതും ഖനനങ്ങള്‍ നിയന്ത്രണമില്ലാതാകുന്നതും കോര്‍പ്പറേറ്റ് വ്യവസായഭീമന്മാര്‍ക്ക് നദികളെ അവയുടെ ഉറവിടംമുതല്‍ മുറിച്ചുനല്‍കുന്നതും ജലസ്രോതസ്സുകള്‍ അടച്ച് അവയില്‍ മാലിന്യങ്ങള്‍ നിറയ്ക്കുന്നതും തുടങ്ങി കഠിനപാതകങ്ങളുടെ നീണ്ട പട്ടിക നമുക്കു നേരേ കൈചൂണ്ടുന്ന സ്ഥിതി നിലവിലിരിക്കുന്നു. പ്രകൃതിയെ അര്‍ഹിക്കുന്ന ആദരവോടെ മനുഷ്യന്‍ ബഹുമാനിക്കണമെന്ന തത്ത്വം വൈറസുകള്‍ നമുക്കു നല്‍കുന്നു.
ലോകരക്ഷകനായ ഈശോമിശിഹായുടെ തിരുപ്പിറവി അക്ഷരാര്‍ത്ഥത്തില്‍ ദൈവം ഈ സൃഷ്ടപ്രപഞ്ചത്തോടു പുലര്‍ത്തുന്ന കരുതലിന്റെ ആവിഷ്‌കാരംകൂടിയാണ്. തിരുപ്പിറവി മനഷ്യനു മാത്രമായുള്ള ഒരു രക്ഷയല്ല; പ്രത്യുത മനുഷ്യന്‍ ജീവിക്കേïആവാസവ്യവസ്ഥയായ പ്രകൃതിയുടെയുംകൂടി രക്ഷയെ ഉദ്‌ബോധിപ്പിക്കുന്നു. പുല്‍ക്കൂടിനെ ദൈവം ജനനത്തിനായി തിരഞ്ഞെടുത്തതുതന്നെ മനുഷ്യന്റെ ജീവിതവീക്ഷണത്തിനും ക്രമത്തിനും അനിവാര്യമായ മാറ്റം ആവശ്യമുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ്. ഉറവിടങ്ങളിലേക്കുള്ള മടക്കം മനുഷ്യന്‍ ആവിഷ്‌കരിച്ചേ പറ്റൂ. ആധുനിക സുഖസൗകര്യങ്ങളുടെ പേരില്‍ നാഗരികത സൃഷ്ടിക്കുന്ന മായാപ്രപഞ്ചത്തില്‍നിന്നു പ്രകൃതിയുടെ സ്വച്ഛതയിലേക്കുള്ള മടങ്ങിവരവ് ഇനിയും താമസിച്ചുകൂടെന്നാണ് പുല്‍ക്കൂട് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ഇന്നത്തെ മനുഷ്യന്റെ സുഖഭോഗങ്ങള്‍ നാളത്തെ മനുഷ്യന്റെ ചെലവിലാണെന്നത് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അല്ലെങ്കില്‍ ആ വസ്തുത മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറായിട്ടില്ലെന്നു വ്യക്തം.
ലോകരക്ഷകനായ, സര്‍വത്തിന്റെയും സ്രഷ്ടാവായ ദൈവപുത്രന്‍ ഭൗതികതയുടെ ആവരണമണിയാന്‍ കൂട്ടാക്കാതെ പ്രകൃതിയുടെ മടിത്തട്ടായ പുല്‍ക്കൂട്ടില്‍ ജനിക്കുന്നതിലൂടെ വെളിപ്പെടുന്ന പ്രപഞ്ചദര്‍ശനം ഇനിയും മനുഷ്യരാശി സ്വന്തമാക്കിയിട്ടില്ലെന്നത് ഈ ക്രിസ്മസ്ദിനത്തില്‍ നമ്മെ ചിന്തിപ്പിക്കാന്‍ കാരണമാകണം. ബാബേല്‍ഗോപുരങ്ങളുടെ പിറകേയുള്ള പ്രയാണത്തില്‍നിന്നു പുല്‍ക്കൂടിന്റെ ഔന്നിത്യമാകുന്ന മഹാമാനവികതയിലേക്കുള്ള അകലം കുറയ്ക്കാനുള്ള പദ്ധതികളാവണം മനുഷ്യന്‍ ആവിഷ്‌കരിക്കേണ്ടത്.
ദൈവപുത്രന്റെ ജനനം മനുഷ്യകുലത്തോടുള്ള ദൈവസ്‌നേഹത്തിന്റെ ഉദാത്തമായ ദര്‍ശനമായിരുന്നു. ദൈവത്തിന്റെ സ്‌നേഹമാണ് മനുഷ്യനായി അവതരിച്ചത്. അതായത്, ദൈവം സ്‌നേഹമാകുന്നുവെന്നത് വെളിപ്പെട്ടു. ദൈവത്തിന്റെ ഈ സ്‌നേഹദര്‍ശനത്തില്‍നിന്നു മനുഷ്യന്‍ ഇന്ന് ഏറെ ദൂരെയാണ്. സ്‌നേഹത്തിന്റെ നേര്‍രൂപങ്ങളാവേണ്ട മതങ്ങള്‍തന്നെ ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെപ്പോലെ പെരുമാറുന്നു. വിവാഹംപോലുള്ള പവിത്രസങ്കല്പങ്ങളെ കേവലം മതാത്മകമായ മേല്‌ക്കോയ്മയ്ക്കുള്ള ഉപകരണമാക്കുന്ന അപകടകരമായ സ്ഥിതിവിശേഷം നിലനില്‍ക്കുന്നു. ദുര്‍ബലരോടുള്ള ഒരു സമൂഹത്തിന്റെ സമീപനത്തില്‍നിന്ന് ഒരു ജനതയുടെ സംസ്‌കാരം നിര്‍ണ്ണയിക്കുവാനാകും. നാം ജീവിക്കുന്ന നാട്ടില്‍ത്തന്നെ ദുര്‍ബലജനവിഭാഗത്തില്‍നിന്നുള്ള ഒരു പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയും സ്വന്തം അച്ഛനമ്മമാര്‍ക്കും കൂടെപ്പിറന്നവര്‍ക്കുംപോലും ശവശരീരം കാണാനനുവദിക്കാതെ കത്തിക്കുകയും ചെയ്ത സംഭവം നമ്മുടെ സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ വികലമായ സൂചനയാണ്. പുരുഷനും സ്ത്രീയും സ്‌നേഹത്തിന്റെ ലയത്തില്‍ തൊട്ടുണര്‍ത്തേണ്ട ഓരോ പ്രഭാതവും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കണ്ണീര്‍കൊണ്ടു നനയുമ്പോള്‍ എവിടെയാണ് സ്‌നേഹം എന്ന് അലറിച്ചോദിക്കുന്നവരുണ്ടാകുന്നു. ഭൂമിയില്‍ ആര്‍ക്കും സ്വസ്ഥത ജനിപ്പിക്കാതെ, എല്ലാവര്‍ക്കും സമാധാനം ഉറപ്പിച്ച തിരുപ്പിറവിയില്‍ മനുഷ്യന്‍ അവന്റെ തന്മ വീണ്ടെടുക്കാനാവശ്യമായ തിരുത്തലുകള്‍ക്കു തയ്യാറാവണം.
എല്ലാ മനുഷ്യര്‍ക്കും ദൈവം ഉറപ്പാക്കുന്ന പ്രത്യാശയുടെ അടയാളമാണ് മനുഷ്യാവതാരം. പ്രത്യാശ കൈമോശം വരുന്ന സാഹചര്യങ്ങളുടെ പ്രളയമാണ് നാം കാണുന്നത്. സാമൂഹികമായും സാമ്പത്തികമായും വെല്ലുവിളി നേരിടുന്ന സമൂഹത്തില്‍ പ്രത്യാശ നഷ്ടപ്പെട്ടുവെന്നത് അപകടകരമാണ്. ഭൂമിയില്‍ അദ്ധ്വാനിച്ച് ലോകത്തിന്റെ വിശപ്പടക്കുന്ന കര്‍ഷകരുടെ രോദനം എത്രനാള്‍ മനുഷ്യനു വിസ്മരിക്കാനാവും? പാര്‍പ്പിടമില്ലാത്തവര്‍, കിടപ്പാടം നഷ്ടപ്പെട്ടവര്‍, അഭയാര്‍ത്ഥികള്‍, പരദേശികള്‍, അശരണര്‍, വയോധികര്‍, രോഗികള്‍ എന്നിവരെയെല്ലാം ചേര്‍ത്തുനിര്‍ത്തുന്ന സ്‌നേഹത്തിന്റെ മനോഹരമായ ദിനചര്യയിലേക്കു പ്രവേശിക്കുന്നതില്‍ ഇനിയും അമാന്തമരുതെന്ന് 2020 കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
പുല്‍ക്കൂടിന്റെ സ്വാഭാവികതയും ചാരുതയും ആര്‍ജവത്വവും തെളിച്ചവുമെല്ലാം ജീവിതത്തിന്റെ  ഭാഗമാക്കുവാന്‍ മനുഷ്യന്‍ കൂടുതലായി വിജയിക്കേണ്ടിയിക്കുന്നു. എങ്കില്‍ മാത്രമേ ഭൂമിയില്‍ സമാധാനവും ശാന്തിയും ഉറപ്പാക്കാനാവൂ. ഒരിക്കലും തൃപ്തി തരാത്ത ആര്‍ത്തിയുടെ സംസ്‌കാരം മനുഷ്യനെ അന്യവല്‍ക്കരിക്കും. മാത്രമല്ല അതു സമൂഹത്തെ വിഭജിക്കുകയും മുറിവേല്പിക്കുകയും ചെയ്യും. ഈശോയുടെ തിരുപ്പിറവി ഈ കാലഘട്ടത്തില്‍ വസ്തുതാപരമായ ഒരു പുനര്‍വായനയ്ക്കു നമ്മെ പ്രേരിപ്പിക്കുന്നു. ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന ആധുനികജീവിതസാഹചര്യങ്ങളെ മനുഷ്യഗന്ധിയാക്കുക എന്ന ഭഗീരഥപ്രയത്‌നം നമ്മില്‍നിന്നുണ്ടാവണം. ക്രിസ്മസ് നല്‍കുന്ന പ്രതീക്ഷയും ശാന്തിയും ഉറപ്പിക്കേണ്ടത് മനുഷ്യന്റെ കരങ്ങളിലൂടെത്തന്നെയാകണം. അതാണ് മനുഷ്യാവതാരം അര്‍ത്ഥമാക്കുന്നത്. സ്രഷ്ടാവായ ദൈവത്തിന്റെ ഹിതപ്രകാരമുള്ള ജീവിതചര്യയുടെ വീണ്ടെടുപ്പുവഴി പുല്‍ക്കൂട്ടിലെ ദൈവം നല്‍കുന്ന മാനവികതയിലേക്കു  നമുക്കു പ്രവേശിക്കാം. അതിനുള്ള ഒരു വാതിലാണ് കൊറോണ വൈറസ്ബാധ നമ്മുടെ മുന്‍പില്‍ തുറന്നിരിക്കുന്നത്.  അനുഗ്രഹദായകമായ ഒരു ക്രിസ്മസ് വരുംകാലങ്ങളില്‍ ഉറപ്പിക്കാനുള്ള പുതിയ ചുവടുകള്‍ക്ക് 2020 ലെ ക്രിസ്മസ് നിമിത്തമാകട്ടെ.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)