ലോകത്തോടു മുഴുവനുമുള്ള പരമപുച്ഛം മുഖത്തു പ്രതിഫലിപ്പിച്ചുകൊണ്ടാണ് അയാള്‍ ആ പ്രൗഢസദസ്സിലേക്കു കടന്നുവന്നത്.
കാവിമുണ്ടും നീണ്ട ജുബ്ബയും ബുള്‍ഗാന്‍ താടിയും ഒരു തോള്‍സഞ്ചിയുമായി അയാള്‍ കടന്നുവന്നപ്പോള്‍ ആരുമൊന്നു നോക്കിപ്പോകുമായിരുന്നു.
സദസ്സില്‍ പ്രൗഢമായ ചില പ്രഭാഷണങ്ങള്‍ നടന്നപ്പോള്‍, ''എന്തൊരു വിഡ്ഢിത്തം, എന്നെ ഇതൊന്നും കേള്‍ക്കാന്‍ കിട്ടില്ല'' എന്ന ഭാവത്തില്‍ അയാള്‍ ഹാളിനുപുറത്തു പോയിനിന്ന് ദിനേശ് ബീഡി പുകച്ചു.
വീണ്ടും ഇടയ്ക്കിടെ സദസ്സിലേക്കു കടന്നുവരും. പ്രഭാഷണങ്ങള്‍ കേട്ട് 'എന്തൊരു പമ്പരവിഡ്ഢിത്തം' എന്ന ഭാവത്തില്‍ ഇടയ്ക്കിടെ പൊട്ടിച്ചിരിക്കും.
അതൊരു ശല്യമായിത്തീര്‍ന്നപ്പോള്‍ അടുത്ത സീറ്റിലിരുന്ന ചെറുപ്പക്കാരന്‍ അമര്‍ഷത്തോടെ പിറുപിറുത്തു: 'ശ്യോ, എന്തൊരു ശല്യമാണിത്.'
മറുപടിയും പെട്ടെന്നുതന്നെ വന്നു:
''ഞാനൊരു ബുദ്ധിജീവിയാണിഷ്ടാ.''