•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

വീട്ടകങ്ങളിലെ വിഷമവൃത്തങ്ങള്‍

ഴിഞ്ഞ ഒന്‍പതു മാസമായി ലോകം മുഴുവന്‍ ഒരു പിരിമുറുക്കത്തിലൂടെ കടന്നുപോകുകയാണ്. കൊറോണ എന്ന മഹാമാരി 2019  ഡിസംബര്‍ 31  നാണ് ചൈനയില്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. അതിനുശേഷം ലോകത്തിന്റെ ഗതിതന്നെ മാറി. ലോക്ഡൗണ്‍ നാളുകളില്‍ വീട്ടില്‍ ശാന്തിയും സമാധാനവും രൂപപ്പെട്ടുവെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ ശരിയായിരുന്നു. എന്നാല്‍, മറുവശം ആരും കണ്ടില്ല. 
രോഗപ്രതിരോധത്തിനു മുന്‍ഗണന കൊടുക്കുമ്പോഴും ജനങ്ങളുടെ ജീവിതാവസ്ഥയുടെ  ശരിക്കുള്ള പഠനം നടത്തിയിരുന്നോ എന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്തായാലും കേരളത്തില്‍ 2020 മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 18 വരെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ ലഭിച്ച പരാതികളില്‍ കൂടുതലും ഗാര്‍ഹികപീഡനം സംബന്ധിച്ചായിരുന്നു. 188  പരാതികളാണ് 28 ദിവസംകൊണ്ടു ലഭിച്ചത്. ഇതില്‍ 102 എണ്ണം ശാരീരീകപീഡനത്തിനാണ്. കൂടാതെ, മാനസികപീഡനം, ലൈംഗികപീഡനം, സൈബര്‍ പീഡനം എന്നിങ്ങനെ പോകുന്നു വിവിധ പരാതികള്‍. ഗാര്‍ഹികപീഡനത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത് സാമ്പത്തികഞെരുക്കമാണ്. ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍മുതല്‍  ഇന്ത്യയില്‍ അറുപതു ശതമാനം പേര്‍ രണ്ടു നേരം മാ്രതമാണ് ഭക്ഷണം കഴിക്കുന്നത് എന്ന കാര്യം  നാം വിസ്മരിക്കരുത്. കുടുംബത്തിലെ സാമ്പത്തികഞെരുക്കമാണ്  ഇപ്പോള്‍ കുടുതലും യുവജനങ്ങളെ വഴിയോരക്കച്ചവടത്തിലേക്കു തിരിക്കാന്‍ കാരണം. ഈ നാളുകളില്‍ ഒരു സ്ഥലത്തും ജോലിക്ക് ആളുകളെ എടുക്കുന്നില്ല. ഉള്ളവരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. കൊറോണക്കാലം പല കമ്പനികള്‍ക്കും ജീവനക്കാരുടെ വേതനം വെട്ടിച്ചുരുക്കാന്‍ ലഭിച്ച അവസരമായിട്ടുണ്ട്. കമ്പനികള്‍ ലാഭത്തിലായിട്ടും വേതനം പുനഃസ്ഥാപിക്കാത്തവരുമുണ്ട്.  
ടിവി ഇല്ലാത്തതിന്റെ പേരില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയ നാളില്‍ത്തന്നെ ആത്മഹത്യ ചെയ്ത പെണ്‍കുട്ടി നമ്മുടെ കേരളത്തിലുണ്ട്. പ്രണയപരാജയം, രക്ഷിതാക്കളുടെ ശകാരം, അല്ലെങ്കില്‍ നിയന്ത്രണം, മൊബൈല്‍ - ഇന്റര്‍നെറ്റ് അമിതോപയോഗം, ലൈംഗികാതിക്രമം, കുടുംബവഴക്ക്, നിരാശ, ഒറ്റപ്പെടല്‍ ഇവയൊക്കെയാണ് ഈ ആത്മഹത്യകളുടെ കാരണങ്ങളായി കണ്ടെത്തിയിരിക്കുന്നത്.
കൊറോണ തുടങ്ങിയപ്പോള്‍ മുതല്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത് ഇടത്തരം കുടുംബങ്ങളാണ്. ഇങ്ങനെയുള്ള കുടുംബങ്ങൡ സ്്രതീകള്‍ വളെരയധികം പീഡിപ്പിക്കപ്പെടുന്നുണ്ട്.  പുരുഷന്മാരുടെ കൈയില്‍ പണമില്ല. വീട്ടില്‍ കൊണ്ടുവരുന്ന ഭക്ഷണസാധനങ്ങളുടെ അളവും വൈവിധ്യവും കുറയുന്നു. ഭക്ഷണം എന്നും ഒരുപോലെയാകുമ്പോള്‍  അവര്‍ അക്രമാസക്തരാകുന്നുവെന്നാണ് സ്ത്രീകളുടെ അഭിപ്രായം. പുരുഷന്മാര്‍ക്ക് അധികം പുറത്തുപോകാന്‍ പറ്റാത്തതും കൂട്ടുകാരുമായുള്ള തമാശകളും മറ്റ് ഉല്ലാസപരിപാടികളും ഇല്ലാത്തതും പിരിമുറുക്കങ്ങള്‍ക്കു കാരണമാകുന്നു.
ലോക്ഡൗണ്‍ കാലത്ത് മദ്യം കിട്ടാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്തവരെക്കുറിച്ചു നാം കേട്ടതാണ്. എന്നാല്‍, അതു കിട്ടാന്‍ നിവൃത്തിയില്ലാത്തപ്പോള്‍ അതിന് അടിമപ്പെട്ടവര്‍ വിറയല്‍, അക്രമസ്വഭാവം, അമിതമായ ആകാംക്ഷ, വിഷാദം, ആത്മഹത്യാപ്രവണത തുടങ്ങിയവ കാണിക്കും. ഇങ്ങനെയുള്ളവര്‍ ഡോക്ടറെ കാണുന്നതാണ് ഏറ്റവും നല്ല പരിഹാരം.
ഗവണ്‍മെന്റോ സമൂഹമോ ആശങ്കപ്പെട്ടയത്രയും പ്രശ്‌നങ്ങള്‍ മദ്യപാനാസക്തരില്‍നിന്ന് ഉണ്ടായില്ല എന്ന കാര്യം ഗൗരവമായി വിലയിരുത്തണം. മദ്യം ലഭിക്കാത്തതിന്റെ പേരില്‍ ഏതാനും ആത്മഹത്യകള്‍ ഉണ്ടായി എന്നതു സത്യംതന്നെ. പക്ഷേ, മദ്യത്തിന്റെ ഉപയോഗം ഇല്ലാതിരുന്നതിനാല്‍ ഉണ്ടായ നന്മകള്‍ - കുടുംബത്തിലും സമൂഹത്തിലും - വളരെ വലുതുതന്നെ. മൊത്തത്തില്‍ നോക്കുമ്പോള്‍ മദ്യം ഇഷ്ടാനുസരണം ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന അക്രമങ്ങളെക്കാള്‍ പരിമിതമാണ് അതിന്റെ അലഭ്യതമൂലമുണ്ടായ അക്രമസംഭവങ്ങള്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അക്രമങ്ങളെക്കുറിച്ചു പരാതിപ്പെട്ടവരില്‍ ആരും സമ്പന്നരോ തീരെ ദരിദ്രരോ അല്ല, ഇടത്തരം സാമ്പത്തികസ്ഥിതിയില്‍ ഉള്ളവരാണ്. ഒരു രീതിയില്‍ നോക്കുമ്പോള്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിഷമിക്കുന്നതും പിരിമുറുക്കത്തിലൂടെ കടന്നുപോകുന്നതും ഈ മധ്യവര്‍ഗ്ഗ കുടുംബസാഹചര്യത്തില്‍പ്പെട്ടവരാണ്. പുറമേ കുഴപ്പമൊന്നും ഇല്ലായെന്നുതോന്നുമെങ്കിലും വളരെയധികം സാമ്പത്തികബുദ്ധിമുട്ടിലും മാനസികപിരിമുറുക്കത്തിലും വിഷാദത്തിലും കഴിയുന്നവരുമാണ് ഇക്കൂട്ടര്‍.
ഏതു സാമ്പത്തികസ്ഥിതിയിലുള്ളവരാണെങ്കിലും തങ്ങളുടെ പിരിമുറുക്കങ്ങളില്‍ എന്തിനാണ് സ്ത്രീകളെ ഉപദ്രവിക്കാന്‍ തുനിയുന്നത് എന്നുചിന്തിക്കുമ്പോള്‍ മനസ്സിലാകുന്ന വസ്തുത, സ്ത്രീകളോട് ഒരു അടിമത്തസ്വഭാവം വച്ചുപുലര്‍ത്തുന്നതുകൊണ്ടും ആരെയും പേടിയില്ലാത്തതുകൊണ്ടും യഥാര്‍ത്ഥ സ്‌നേഹം പരസ്പരം ഇല്ലാത്തതിനാലുമാണെന്നാണ്. കാരണം, കേരളത്തിലെ പുരുഷന്മാര്‍ ആരും തീരെ അറിവുകുറഞ്ഞവരല്ല. എല്ലാം അറിയാമെങ്കിലും ഒന്നും അറിയാത്തവരെപ്പോലെ ചിലപ്പോഴൊക്കെ ചിലര്‍ ജീവിക്കുന്നു എന്നേയുള്ളൂ. എഫേ: 5/28 ല്‍ പറയുന്നു: ''ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്‌നേഹിക്കണം. ഭാര്യമാരെ സ്‌നേഹിക്കുന്നവന്‍ തന്നെത്തന്നെയാണ് സ്‌നേഹിക്കുന്നത്.'' ഇതിന്റെ അര്‍ത്ഥം സ്വയം അല്ലെങ്കില്‍ തന്നോടുതന്നെ സ്‌നേഹമില്ലാത്തവനാണ് ഭാര്യയെ സ്‌നേഹിക്കാന്‍ സാധിക്കാത്തത് എന്നാണ്. സ്വയം വെറുപ്പ് ഭാര്യയോടു തീര്‍ക്കുന്നത് വേദനാജനകമാണ്. ശാരീരികമായുള്ള പീഡനം അതിന്റെ ഇരട്ടിയായി മാനസികപീഡനത്തിനു വഴിതെളിക്കും. 
സാമ്പത്തികപീഡനങ്ങളില്‍ കൂടുതലും സ്ത്രീധനത്തുകബാക്കിയോ, ഭാര്യ പണിയെടുത്തുണ്ടാക്കിയ പണമോ, കൂടാതെ ഭാര്യവീട്ടില്‍നിന്ന് ഓരോ ആവശ്യങ്ങള്‍ പറഞ്ഞുള്ള പണമോ ചോദിച്ചതിന്റെ പേരിലാണ്.  അതുകൊണ്ടാണല്ലോ കൊല്ലത്ത് ഉത്രയെന്ന പെണ്‍കുട്ടി പാമ്പുകടിയേറ്റു മരിക്കേണ്ടിവന്നത്. ഇവിടെ സ്ത്രീകള്‍ ഒരുപാട് ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ട്. നാടുമുഴുവന്‍ ദാരിദ്ര്യത്തിലായിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം വീട്ടില്‍പോയി പണമാവശ്യപ്പെടാന്‍ അവര്‍ കൂട്ടാക്കിയെന്നുവരില്ല. അതുപോലെതന്നെ പകലന്തിയോളം തങ്ങള്‍ പണിയെടുത്തുണ്ടാക്കിയ പണം കൂട്ടുകാരുടെകൂടെ ചെലവിടാന്‍ ചോദിച്ചാല്‍ വിവരമുള്ള ഒരു സ്ത്രീയും നല്‍കിയെന്നുവരില്ല. എന്നാല്‍, ഭാര്യമാര്‍ വീട്ടാവശ്യങ്ങള്‍ക്കു മിക്കവാറും ഒരു വിട്ടുവീഴ്ചയ്ക്കു തയ്യാറാകും. ഇക്കാര്യത്തിലുണ്ടാകുന്ന തര്‍ക്കവിതര്‍ക്കങ്ങള്‍ പലപ്പോഴും ഗാര്‍ഹികപീഡനത്തിലേക്കു നയിക്കും. 
പുരുഷന്മാര്‍ തങ്ങളുടെ യഥാര്‍ത്ഥമായ അവസ്ഥ ഭാര്യയോടു പറയുകയും അവരെയുംകൂട്ടി പ്രശ്‌നപരിഹാരത്തിനായി ആലോചിക്കുകയും വേണം. അപ്പോള്‍ പരസ്പരം ബഹുമാനിച്ചുകൊണ്ട് സംസാരിക്കുകയും വിവിധങ്ങളായ ആശയങ്ങള്‍ ഉണ്ടാവുകയും ചെയ്യും. അല്ലാതെ, എപ്പോഴും ജീവിതപങ്കാളിയുടെമേല്‍ അനാവശ്യമായ ആധിപത്യമല്ല വേണ്ടത്. ഭര്‍ത്താവിന്റെ ദേഷ്യം ഭാര്യമാരില്‍ ഒരുപാട് പിരിമുറുക്കങ്ങളും അസ്വസ്ഥതകളും ശാരീരികാസുഖങ്ങളും ഉണ്ടാക്കുകയും അതുപോലെതന്നെ അവര്‍ക്ക് ലൈംഗികമായ ആകര്‍ഷണമോ ആഗ്രഹമോ ഇല്ലാതാവുകയും ചെയ്യും. സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള ലൈംഗികസഹകരണത്തിന്റെ കുറവും പുരുഷന്മാരുടെ ലൈംഗികസംതൃപ്തിയുടെ അഭാവവും കലഹത്തിനു കാരണമാവുകയും പിന്നീട് അത് ലൈംഗികപീഡനമായി ചിത്രീകരിക്കപ്പെടുകയും ചെയ്യും. അതിനാല്‍ ദാമ്പത്യജീവിതം സന്തുലിതമാക്കുവാന്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നിച്ചു പരിശ്രമിക്കണം. അല്ലെങ്കില്‍ ജീവിതത്തോണി മുങ്ങിപ്പോകുവാനുള്ള സാധ്യത ഏറെയാണ്.
ലോക്ഡൗണ്‍ ഘട്ടത്തില്‍ സ്ത്രീപീഡനം  അല്ലെങ്കില്‍ ഗാര്‍ഹികപീഡനം കൂടിയത് മദ്യപാനം കൊണ്ടുമാത്രമല്ല, തൊഴിലില്ലായ്മയും ജോലിയില്‍നിന്നുള്ള പിരിച്ചുവിടലും, ഉള്ള ജോലി തുടര്‍ന്നു ചെയ്യാന്‍ പറ്റാതെ വന്നതും അതുളവാക്കിയ പിരിമുറുക്കവും ഒക്കെക്കൊണ്ടാണ്. കുടുംബനാഥന്‍ ഭാര്യയോടും മക്കളോടുംകൂടി കൂടുതല്‍ സമയം ചെലവഴിക്കുന്നത് കുടുംബത്തിലെ ഐക്യത്തിനും     സമാധാനത്തിനും അനുപേക്ഷണീയമാണ്. ഈ ഒന്നിച്ചുള്ള സഹവാസം എല്ലാവര്‍ക്കും ആനന്ദദായകമാകണം. ആനന്ദത്തിനു പകരം ദുഃഖവും അശാന്തിയും സൃഷ്ടിക്കുന്ന ഒന്നായി ഇതു മാറിയാല്‍ അതുതന്നെ ഗാര്‍ഹികപീഡനത്തിലേക്കു നയിക്കും. 
കുട്ടികളുടെ ആത്മഹത്യയ്ക്കു ്രപധാന കാരണം കുടുംബത്തിലെ അവസ്ഥയാണ്. ഇക്കാലയളവില്‍ കുട്ടികള്‍ വളരെയേറെ ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ട്. വീടുകളില്‍ത്തന്നെ ഇരുന്നു പഠിക്കുകയും കളിക്കുകയും ഭക്ഷിക്കുകയും ചെയ്യേണ്ടിവന്നതില്‍ അവര്‍ക്ക് നിരാശയും സങ്കടവും ഉണ്ട്. ഈ വസ്തുത മനസ്സിലാക്കി മാതാപിതാക്കള്‍ അവരോട് അനുകമ്പയോടെ ഇടപെടണം. അവരുടെമേല്‍ നിയന്ത്രണങ്ങള്‍ വയ്ക്കുമ്പോള്‍ എന്തുകൊണ്ട് എന്നു വ്യക്തമാക്കുകയും അതുപോലെ തിരുത്തലുകള്‍ സ്വകാര്യമായി നല്‍കുകയും വേണം. ഇപ്പോള്‍ വീടുകളില്‍ മൊബൈലിനു വേണ്ടി കുട്ടികളും മാതാപിതാക്കളും ഒരുപോലെ മത്സരിക്കുന്ന സ്ഥിതിവിശേഷമുണ്ട്. അഞ്ചു വയസുമുതലുള്ള കുട്ടികളില്‍ ഇന്ത്യയില്‍ മൊബൈല്‍ ഉപയോഗം കൂടുതലാണ്. ഈ സാഹചര്യത്തില്‍ മാതാപിതാക്കള്‍ മൊബൈലിന്റെ ഉപയോഗം കുറച്ച് കുട്ടികള്‍ക്ക് മാതൃകയായാല്‍ ഓരോ കുടുംബവും സ്വര്‍ഗമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)