•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

ആത്മീയതയില്‍ അടിസ്ഥാനമുറപ്പിച്ച രാഷ്ട്രീയമാണ് അഭികാമ്യം

  • തോമസ് കുഴിഞ്ഞാലിൽ
  • 10 December , 2020

''ഒരു ജനപ്രതിനിധി ആരായിരിക്കണം'' എന്നതിനെ സംബന്ധിച്ച് ഡോ. ജോര്‍ജ് ഓണക്കൂര്‍ ഉള്‍പ്പെടെയുള്ള അഞ്ചു നിരീക്ഷകരുടെ അഭിപ്രായങ്ങള്‍ ദീപനാളം വാരികയില്‍ വായിക്കാനിടയായി.നാടിന്റെ വികസനം ലക്ഷ്യംവച്ചുകൊണ്ട് രാഷ്ട്രീയം പിന്‍ചെല്ലുന്നവരും ഭരണഘടനയെ മാനിക്കുന്നവരുമാകണം ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടേണ്ടതെന്നാണ് ഡോ. ജോര്‍ജ് ഓണക്കൂറിന്റെ അഭിപ്രായം. സേവനസന്നദ്ധതയും അര്‍പ്പണബോധവും നേതൃപാടവവുമുള്ള സംശുദ്ധരാഷ്ട്രീയക്കാരനായിരിക്കണം ഒരു നാടിന്റെ ജനപ്രതിനിധിയെന്ന് എഴുത്തുകാരനായ തേക്കിന്‍കാട് ജോസഫ് നിരീക്ഷിക്കുന്നു. സാമൂഹികപ്രതിബദ്ധതയും ദീര്‍ഘവീക്ഷണവുമുള്ള പൊതുപ്രവര്‍ത്തകനെയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് പ്രഫ. ആന്‍സി ജോര്‍ജ് കുറിച്ചപ്പോള്‍, തീവ്രവാദത്തെയും ഭീകരതയെയും അഴിമതിയെയും അതിജീവിക്കാനുള്ള ഉള്‍ക്കരുത്തുള്ളവരാകണം ജനങ്ങളെ നയിക്കേണ്ടതെന്ന് റവ. സി. തെരേസ് ആലഞ്ചേരി എഴുതി. വ്യക്തിതാത്പര്യങ്ങള്‍ക്കതീതമായി പൊതുസമൂഹത്തിന്റെ നന്മയും അടിസ്ഥാനസൗകര്യവികസനവും ലക്ഷ്യമാക്കി ലാഭേച്ഛയോ  വിഭാഗീയചിന്തകളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സേവനസന്നദ്ധരായ വ്യക്തികളെയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് റവ. ഡോ. ജയിംസ് മംഗലത്തും അഭിപ്രായപ്പെടുന്നു.

ധാര്‍മ്മികനിലപാടുകളും സ്വഭാവശുദ്ധിയും സമൂഹനന്മയിലുള്ള താത്പര്യവും അര്‍പ്പണബോധവും നിശ്ചയദാര്‍ഢ്യവും ഒരു ജനപ്രതിനിധിക്കുണ്ടായിരിക്കണമെന്ന് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിനുമുമ്പ് കെസിബിസി പുറത്തിറക്കിയ പ്രസ്താവനയില്‍ ആഹ്വാനം ചെയ്തത് ഓര്‍മ്മയില്‍വരുന്നു (ദീപനാളം 04-05-2016). വ്യക്തിസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഹനിക്കാത്തവരും രാജ്യത്തെ നിയമസംവിധാനങ്ങളെ ബഹുമാനിക്കുന്നവരും പരിസ്ഥിതിയെ സംരക്ഷിക്കുന്നവരും വ്യക്തികളെയും കുടുംബങ്ങളെയും ധാര്‍മ്മികതയിലും നന്മയിലും വളര്‍ത്തുന്നവരും സ്വജനപക്ഷപാതവും അഴിമതിയും പ്രോത്സാഹിപ്പിക്കാത്തവരുമാണ് തിരഞ്ഞെടുക്കപ്പെടേണ്ടതെന്ന് അന്നത്തെ പ്രസ്താവനയിലുണ്ട്. മദ്യത്തിന്റെ ഉത്പാദനവും വിതരണവും ഫലപ്രദമായി നിയന്ത്രിക്കുന്നവരാകണം ജനപ്രതിനിധികള്‍. മദ്യത്തിനുപകരം ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നതും, അതു കുട്ടികളിലേക്കു വ്യാപിക്കുന്നതും നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഇത്തരം സാമൂഹികതിന്മകള്‍ക്കെതിരേ പ്രതികരിക്കാന്‍ ഇച്ഛാശക്തിയുള്ള  വ്യക്തികളാണ് ജനപ്രതിനിധികളാകേണ്ടതെന്നും പ്രസ്താവന അടിവരയിട്ടു നിര്‍ദ്ദേശിക്കുന്നു.
ധനികരും ദരിദ്രരും ശക്തരും ബലഹീനരും വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും ഉള്‍പ്പെടെ സകലരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവനാണ് ഒരു യഥാര്‍ത്ഥ ജനപ്രതിനിധിയെന്നാണ് രാഷ്ട്രപിതാവായ ഗാന്ധിജിയുടെ കണ്ടെത്തല്‍. ജീവിതത്തിലെ ഓരോ കര്‍മ്മമണ്ഡലവും പരസ്പരം ബന്ധപ്പെട്ടുനില്ക്കുന്നതിനാല്‍ രാഷ്ട്രീയത്തെ ആധ്യാത്മികപ്രവര്‍ത്തനമായി തിരിച്ചറിഞ്ഞ് ആധ്യാത്മികത രാഷ്ട്രീയത്തിലും സാക്ഷാത്കരിക്കണമെന്ന നിലപാടാണ് മഹാത്മജി സ്വീകരിച്ചത്. അധികാരരാഷ്ട്രീയം ആപത്താണെന്നും അമിതരാഷ്ട്രീയം  ഗ്രാമങ്ങളെ തകര്‍ക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ മുന്നറിയിപ്പുകളും അവഗണിച്ചുകൂടാ. ആധ്യാത്മികതയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളാണ് രാഷ്ട്രപിതാവില്‍ നമുക്കു ദര്‍ശിക്കാനാകുക. മഹാത്മജിയുടെ ദാര്‍ശനികമായ അടിത്തറയില്‍ പണിയപ്പെട്ടതിനാലാണ് ഇന്ത്യന്‍ ജനാധിപത്യം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് നിലനില്ക്കുന്നതെന്നും തിരിച്ചറിയണം. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഹൃദിസ്ഥമാക്കുക:  ''നിങ്ങള്‍ അഭിമുഖീകരിച്ചിട്ടുള്ള ഏറ്റവും ദരിദ്രനും ദുര്‍ബലനുമായ മനുഷ്യന്റെ മുഖം ഓര്‍മ്മിച്ച് നിങ്ങളെടുക്കുന്ന നടപടികള്‍ അവന് എന്തു പ്രയോജനം ചെയ്യുമെന്നു ചിന്തിക്കുക. അത്, വിശക്കുന്നവനും ആത്മീയദാരിദ്ര്യം അനുഭവിക്കുന്നവനുമായ ഒരു വ്യക്തിക്ക് ഈശ്വരനിലേക്കുള്ള പാത തുറക്കുന്നതാകട്ടെ.''

ആകര്‍ഷകമായ ചുറ്റുവട്ടം

ദീപനാളം വാരികയില്‍ പുതുതായി ആരംഭംകുറിച്ച പംക്തി 'ചുറ്റുവട്ടം' ആകര്‍ഷകമെന്നു പറയുന്നതില്‍ സന്തോഷമുണ്ട്. വളരെയകലെയല്ലാതെ നമ്മുടെ ചുറ്റുവട്ടങ്ങളില്‍ അനേകം പ്രകൃതിരമണീയമായ വിനോദകേന്ദ്രങ്ങളുണ്ട്. പലരും ഇതേക്കുറിച്ച് അജ്ഞരാണ്. അത്തരം സ്ഥലങ്ങള്‍ കണ്ടെത്തി വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്ന കെ.ജി. രഞ്ജിത്തിനു നന്ദി.
ഡിസംബര്‍ 3 ലക്കത്തില്‍ ഗവിയെക്കുറിച്ച് എഴുതിക്കണ്ടു. ആ മനോഹരസ്ഥലത്തെക്കുറിച്ച് പൊതുജനം അറിയാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഗവിയില്‍ ചെന്ന പ്രതീതി സൃഷ്ടിക്കാന്‍ ലേഖനത്തിനു കഴിഞ്ഞു. മഹാമാരി സൃഷ്ടിച്ച പരിമിതികളുടെ നടുവില്‍ വട്ടംതിരിയുന്ന സാധാരണക്കാര്‍ക്ക് വിനോദകേന്ദ്രങ്ങള്‍ പഴയതുപോലെ പ്രാപ്യമല്ലെങ്കില്‍ക്കൂടി ഇത്തരം ലേഖനങ്ങള്‍ തരുന്ന വായനസുഖം വലിയ ആശ്വാസംതന്നെ.

ജോയി മാത്യു
മരങ്ങാട്ടുപിള്ളി

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)