ലോകസുന്ദരികളെയെന്നപോലെ ഭൂലോകവിഡ്ഢികളെയും വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുക്കാറുണ്ട്. പ്രത്യേകിച്ചും പാശ്ചാത്യനാടുകളില്‍. അതിനു കക്ഷികളുടെ അനുവാദം ഒന്നും ആവശ്യമില്ലല്ലോ.
2005 ലെ ഭൂലോകവിഡ്ഢി ആരായിരുന്നു? അതു കണ്ടുപിടിക്കാന്‍ ശ്രമം നടത്തിയത് ലോസ് ആഞ്ചലസ് (യു.എസ്.എ.) നിവാസികളായിരുന്നു. അവര്‍ക്ക് അത് ഒരു രസം! അവര്‍ അതിന് ഒത്തിരിയേറെ അന്വേഷണങ്ങളും പഠനങ്ങളും നടത്തിയത്രേ! വിഷയം ഉദ്ദേശ്യം ആയിരത്തിലധികം പേരുമായി വിഷയം ചര്‍ച്ച ചെയ്തു! അവരുടെ എല്ലാവരുടെയും ഐകകണ്‌ഠ്യേനയുള്ള അഭിപ്രായം എന്തുകൊണ്ടും ആ വര്‍ഷത്തെ ഒന്നാം സമ്മാനത്തിന് അര്‍ഹന്‍ വിശ്വപ്രസിദ്ധ പോപ്ഗായകനായ മൈക്കിള്‍ ജാക്‌സണ്‍ ആണെന്നായിരുന്നു.
പിന്നീടുള്ള വര്‍ഷങ്ങളിലും സംഘാടകര്‍ ആ അവാര്‍ഡ് അദ്ദേഹത്തിനുതന്നെയാണ് പ്രഖ്യാപിച്ചത്. അതറിഞ്ഞ ജാക്‌സന്റെ മനോഗതം എന്തായിരുന്നിരിക്കാം? ഏതായാലും, 2009 ല്‍ അദ്ദേഹം മരിച്ചു.
സംഘാടകരുടെ കാഴ്ചപ്പാടു പ്രകാരം ഈ 'അത്യപൂര്‍വ്വ' ബഹുമതിക്ക് ജാക്‌സണ്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും യോഗ്യത നേടാനുള്ള കാരണമെന്തായിരുന്നു? വിഷയം അതീവഗുരുതരമായ ഒന്നായിരുന്നു: കറയില്ലാത്ത കുറെയേറെ കുഞ്ഞുങ്ങളെ ജാക്‌സണ്‍ ദുരുപയോഗിച്ചു - പിന്നീടും.
വിഡ്ഢികള്‍ക്കായി ഒരു പ്രത്യേക ദിവസമുണ്ടോ? ലോകത്തിലെ സര്‍വ്വ വിഡ്ഢികളെയും ഒന്നിച്ച് ആദരിക്കുന്ന അവസരമാണ് സകല വിഡ്ഢികളുടെയും തിരുനാളായ ഏപ്രില്‍ ഒന്ന്! എങ്ങനെയാണ് അതിന്റെ ആരംഭം? മിക്കവാറും പാശ്ചാത്യനാടുകളില്‍നിന്നായിരിക്കണം.
അപരരെ ചിരിപ്പിച്ചും രസിപ്പിച്ചും കാര്യങ്ങളൊക്കെ ഇത്തരി ലാഘവമനോഭാവത്തോടെ എടുക്കുവാനും എടുപ്പിക്കുവാനുമുള്ള പരിശ്രമമാണ് അതിന്റെ പിന്നില്‍. പരിഹാസത്തിന്റെ വ്യംഗ്യഭംഗിയില്‍ ചിന്തിക്കുവാനുള്ള വകയും വേണ്ടുവോളമുണ്ടാകും.
'വിദൂഷകര്‍' എന്നു കേട്ടിട്ടില്ലേ? എന്താണ് അവര്‍ക്ക് വിഡ്ഢികളുടമായുള്ള വ്യത്യാസം?
ഇന്നത്തെപോലുള്ള വിനോദപരിപാടികളൊന്നുമില്ലാതിരുന്ന കാലത്ത് രാജാക്കന്മാര്‍ക്കൊക്കെ വിദൂഷകരുണ്ടായിരുന്നു. ഏതു വിധേനയും രസം പകരുകയായിരുന്നു അവരുടെ ദൗത്യം. കളിവാക്കുകള്‍ക്കിടയില്‍ കാര്യവും പൊതിഞ്ഞാണ് വിരുതരായ വിദൂഷകര്‍ അക്കാര്യം സാധിക്കുക. വിനോദത്തിനു വകയുണ്ടാകുവാന്‍ ഏതു കോമാളിവേഷം കെട്ടുവാനും വിഡ്ഢിത്തരം കാണിക്കുവാനും അവര്‍ക്കു മടിയില്ലായിരുന്നു. രസിക്കാതെവന്നാല്‍ രാജാവിന് വിദൂഷകരെ ഇഷ്ടംപോലെ പരിഹസിക്കാം, പൊതുവേദിയില്‍വച്ചും. പക്ഷേ, ഒരിക്കലും ശാസിക്കുവാനോ ശിക്ഷിക്കുവാനോ പാടില്ലായിരുന്നു.
ദില്ലി ചക്രവര്‍ത്തിമാരുടെ ഒരു വിദൂഷകന്‍ ഒരിക്കലും തിരുസന്നിധിയില്‍ കുമ്പിടാറില്ലായിരുന്നു. അവനെ ഒന്നു ചെറുതാക്കാന്‍വേണ്ടി ചക്രവര്‍ത്തി തന്റെ മുമ്പിലുണ്ടായിരുന്ന വാതിലിന്റെ മുകള്‍ഭാഗം മാത്രം അടച്ചിട്ട് വിദൂഷകനെ വിളിച്ചു. കുമ്പിടാതെ ഇത്തവണ അടുത്തുകടക്കാന്‍ അയാള്‍ക്കു പറ്റില്ലല്ലോ. അയാള്‍ക്കു കാര്യം മനസ്സിലായി. അയാള്‍ ചെയ്തതെന്തെന്നോ? കമിഴ്ന്നുകിടന്നു നാലുകാലില്‍ പുറകോട്ടു നീന്തി അകത്തു ചെന്നത്രേ!
വിദൂഷകര്‍ ചിലപ്പോള്‍ വിഡ്ഢിവേഷവും കെട്ടും. പക്ഷേ, അവര്‍ ഒരിക്കലും വിഡ്ഢികളല്ല.
എത്രയോ സ്റ്റേജുകളില്‍ ലക്ഷോപലക്ഷം ആളുകളെ മൈക്കിള്‍ ജാക്‌സണ്‍ ആവേശം കൊള്ളിച്ചിട്ടുണ്ട് - തന്നോടൊപ്പം നൃത്തം ചെയ്യിച്ചിട്ടുണ്ട്? അനന്തസാധ്യതകളും സിദ്ധികളുമുള്ള അനേകരുടെ ആ ആരാധനപാത്രം കോമാളിവേഷമണിഞ്ഞ് നിഷ്‌കളങ്കതയുടെ നിറകുടങ്ങളായ പിഞ്ചോമനകളെ വെറും മാംസദാഹത്തിന്റെ പേരില്‍ മാനഭംഗം ചെയ്തു! അങ്ങനെ അയാളുടെ മാനം അവമാനമായി, ഖ്യാതി അപഖ്യാതിയായി. വിഡ്ഢി എന്ന് അയാളെ വിളിക്കാത്തവരാണ് ഏറ്റവും വലിയ വിഡ്ഢികള്‍ എന്നാണ് സംഘാടകര്‍ പറഞ്ഞത്!
ഏറ്റവും രുചികരമായ ഭക്ഷ്യവിഭവമല്ലേ മാംസം? അത് അഴുകുമ്പോഴാണ് ഏറ്റവും കൂടുതല്‍ ദുര്‍ഗന്ധം ഉണ്ടാവുന്നത്! മനുഷ്യവ്യക്തിത്വത്തിന്റെ കാര്യവും അങ്ങനെതന്നെ.
നാമാരെന്നും നാം നില്‍ക്കുന്നതെവിടെയാണെന്നുമുള്ള ചിന്തയും പരിസരബോധവും നമുക്ക് എപ്പോഴും ഉണ്ടാവണം. കുടുംബനാഥന്‍ ബാലനെപ്പോലെയാകാം - പക്ഷേ, ബാലിശമായി പെരുമാറരുത്. അതുപോലെ നേതൃസ്ഥാനങ്ങളും അത്യുന്നതപദവികളും അലങ്കരിക്കുന്നവരില്‍നിന്നും ആനുപാതികമായ അന്തസ്സും ആഭിജാത്യവും സമൂഹം പ്രതീക്ഷിക്കുന്നുണ്ട്. നമ്മെ നാമാക്കിയ സമൂഹത്തോട് നമുക്കു കടമകളും കടപ്പാടുകളുമുണ്ടെന്ന വസ്തുതയും വിസ്മരിക്കുവാന്‍ പാടില്ല.
''പാടില്ല പാടില്ല നമ്മെ നമ്മള്‍
പാടേ മറന്നൊന്നും ചെയ്തുകൂടാ'' - രമണന്‍