•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

ഒരു പകല്‍യാത്രയുടെ വിനോദത്തിന് പാലാക്കരി ഫിഷ് ഫാം

 ഓളപ്പരപ്പിനെ തഴുകിയെത്തുന്ന കുളിര്‍ക്കാറ്റേറ്റ് വേമ്പനാട്ടു കായലിലൂടെ ഒരു ബോട്ടുയാത്ര. പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിച്ച് പുല്‍ത്തകിടിയിലൂടെയുള്ള നടത്തം. തലയുയര്‍ത്തിനില്‍ക്കുന്ന തെങ്ങിന്‍തോപ്പുകള്‍ക്കുതാഴെ തണലില്‍ അല്പം വിശ്രമം. ഇടനേരങ്ങളില്‍ ദാഹമകറ്റാന്‍ ഇളനീര്. നേരംപോക്കിന് തണല്‍മരങ്ങള്‍ക്കു താഴെ ഇരുന്നുള്ള ചൂണ്ടയിടീല്‍. കുറഞ്ഞ ചെലവില്‍ ഇത്തരത്തില്‍ മറക്കാനാവാത്ത ഒരു വിനോദയാത്ര സമ്മാനിക്കുകയാണ് വൈക്കം പാലാക്കരി ഫിഷ് ഫാം. ഒരിക്കല്‍ പോയാല്‍ വീണ്ടും അങ്ങോട്ട് ഓടിയടുക്കാന്‍ ആരുടെയും മനസ് കൊതിക്കുന്ന പ്രകൃതിഭംഗി. ഇങ്ങനെ മനം കൊതിപ്പിക്കുന്ന ദൃശ്യഭംഗിയൊരുക്കി സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്ന പാലാക്കരി ഫിഷ് ഫാമിന്റെ വിശേഷങ്ങളിലൂടെയാവാം ഇന്നത്തെ ചുറ്റുവട്ടത്തിന്റെ യാത്ര.
ഒരുദിവസത്തെ ഉല്ലാസയാത്ര
തിരക്കിട്ട ജീവിതത്തിനിടയില്‍ കുടുംബവുമൊത്ത് ഉല്ലാസയാത്ര പോകണമെങ്കില്‍ കുറഞ്ഞത് രണ്ടു മൂന്നു ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് പലരുടെയും വാദം. അതുകൊണ്ടുതന്നെ സമയക്കുറവുകാരണം പറഞ്ഞ് പലരും ഇത്തരം യാത്രകള്‍ നീട്ടിവയ്ക്കുകയാണ്. എന്നാല്‍, ഒരു ദിവസംകൊണ്ട് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിനോദങ്ങളാണ് ചുരുങ്ങിയ ചെലവില്‍ പാലാക്കരി ഫാമില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരെയാണ് പ്രവേശനസമയം. 120 ഏക്കര്‍ വിസ്തൃതിയുള്ള ഫാമിലൂടെയുള്ള യാത്ര കാഴ്ചകളുടെ വിസ്മയ ലോകമാണ് സഞ്ചാരികള്‍ക്കു നല്‍കുന്നത്. ബോട്ടിംഗിന് പെഡല്‍ ബോട്ട്, തുഴച്ചില്‍ ബോട്ട് എന്നിങ്ങനെ സഞ്ചാരികള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ചൂണ്ടയിടാനുള്ള സൗകര്യങ്ങളുമുണ്ട്. പിടിക്കുന്ന മീന്‍ വലുതാണെങ്കില്‍ വിലയ്ക്കു വാങ്ങി വീട്ടില്‍ കൊണ്ടുപോകുകയോ കറിവയ്ക്കുകയോ ചെയ്യാം. ഒപ്പം മീന്‍വളര്‍ത്തലിന്റെ വിവിധ വശങ്ങളും മനസ്സിലാക്കാം.
പാലാക്കരി ഫിഷ് ഫാം
കേരള ടൂറിസം മാപ്പിലും

കേരള ടൂറിസം മാപ്പിലും പാലാക്കരി ഫിഷ് ഫാം ഇടം നേടിയിട്ടുണ്ട്. മത്സ്യഫെഡിനു കീഴിലുള്ള ചെമ്പ് ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുന്നിലാണ് പാലാക്കരി ഫിഷ് ഫാം സ്ഥിതിചെയ്യുന്നത്. ചെലവു കുറഞ്ഞ രീതിയില്‍ വിനോദവും വിജ്ഞാനവുമൊരുക്കുന്ന വിനോദ സഞ്ചാരകേന്ദ്രമെന്നനിലയിലാണ് പാലാക്കരി വ്യത്യസ്തമാകുന്നത്. അക്വാടൂറിസവും മത്സ്യക്കൃഷിയും സംയോജിപ്പിച്ചാണ് ഇവിടെ ഫിഷ് ഫാം ഒരുക്കിയിരിക്കുന്നത്. 30 വര്‍ഷമായി ഇവിടെ മീന്‍വളര്‍ത്തല്‍ തുടങ്ങിയിട്ട്. ആറുവര്‍ഷംമുമ്പാണ് ടൂറിസം പദ്ധതി തുടങ്ങിയത്. കൊവിഡ് വ്യാപനത്തിനുമുമ്പ്  ഒരു മാസം  ഏകദേശം മൂവായിരത്തിലേറെ ഏറെ സഞ്ചാരികള്‍ ഇവിടെ എത്തിയിരുന്നുവെന്നാണ് കണക്ക്. പദ്ധതിയുടെ വികസനസാധ്യതകള്‍ കണ്ട് ടൂറിസം വകുപ്പിന്റെ സാമ്പത്തികസഹായത്തോടെ കൂടുതല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കേരള തീരദേശവികസനകോര്‍പ്പറേഷനാണ് നിര്‍മ്മാണച്ചുമതല. സന്ദര്‍ശകസ്വീകരണകേന്ദ്രം, വിശദീകരണകേന്ദ്രം, വ്യൂ ഡസ്‌ക്, ശൗചാലയങ്ങള്‍, കോട്ടേജുകള്‍, നടപ്പാത എന്നിവയുള്‍പ്പെടെ മികച്ച സൗകര്യങ്ങളാണ് സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.
തനി കോട്ടയം മീന്‍കറി
മീന്‍കറിക്ക് പേരുകേട്ട ജില്ലയാണ് കോട്ടയം. കുടംപുളിയിട്ടു വച്ച മീന്‍കറിയാണ് കോട്ടയത്തെ സ്‌പെഷല്‍. അത് നമ്മള്‍ത്തന്നെ പിടിച്ച മീന്‍ കൂടിയാണെങ്കിലോ, ടേസ്റ്റ് കൂടും. വിഭവസമൃദ്ധമായൊരു സദ്യയോടൊപ്പം തനി നാടന്‍ മീന്‍കറിയൊരുക്കിയാണ് പാലാക്കരി ഫിഷ് ഫാം സന്ദര്‍ശകരുടെ മനംകവരുന്നത്.  ഫാമില്‍നിന്നു പിടിച്ച കരീമിന്‍, കൊഞ്ച്, ഞണ്ട് മുതലായവ ആവശ്യാനുസരണം പൊരിച്ചും കൊടുക്കും.
മിതമായ പാക്കേജ്
കൈയിലൊതുങ്ങുന്ന പാക്കേജാണ് പാലാക്കരി ഫിഷ് ഫാമിന്റെ പ്രത്യേകത. വെല്‍ക്കം ഡ്രിങ്ക്, ഉച്ചയ്ക്ക് തനി നാടന്‍ മീന്‍കറി കൂട്ടി ഊണ്, കായലോരത്തിന്റ ഭംഗി ആവോളം ആസ്വദിച്ച് തിരികെയിറങ്ങുമ്പോള്‍ താങ്ക്സ്‌കാര്‍ഡിനൊപ്പം ഐസ്‌ക്രീം ഇവയെല്ലാം അടങ്ങുന്നതാണ് പാക്കേജ്. എന്നാല്‍, കൊവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ പാക്കേജിന് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. അഞ്ചു പേരടങ്ങുന്ന ചെറു സംഘങ്ങളായിട്ടാണ് പ്രവേശം. രാവിലെ ഒമ്പതു മുതല്‍ രണ്ടുമണിവരെയും, രണ്ടുമണിമുതല്‍ വൈകിട്ട് അഞ്ചുമണിവരെയും എന്നിങ്ങനെയാണ് പുതിയ സമയക്രമം. രാവിലെയുള്ള പ്രവേശനത്തിന് 350 രൂപയും, ഉച്ചകഴിഞ്ഞുള്ള പ്രവേശത്തിന് 250 രൂപയുമാണ് ഈടാക്കുന്നത്. 
ഫാമിലേക്കുള്ള വഴി
കോട്ടയം - എറണാകുളം റൂട്ടില്‍ കാട്ടികുന്ന് ബസ് സ്‌റ്റോപ്പില്‍ ഇറങ്ങി 50 മീറ്റര്‍ നടന്നാല്‍ ഫാമിലെത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 04829273314, 9497031280.

തരംഗിണി  സ്പഷ്യല്‍ പാക്കേജ് 

 ഫാമിന്റെ മനോഹാരിത ആകര്‍ഷിക്കാന്‍ പാലാക്കരി ഫിഷ് ഫാം ഒരുക്കിയിരിക്കുന്ന പുതിയ പാക്കേജാണ് തരംഗിണി.
 രാവിലെ 9.30 മുതല്‍ 3 വരെ നീളുന്നതാണ് പാക്കേജ്.
 ശിക്കാരി ബോട്ടില്‍ കായലിലൂടെ ഒന്നര മണിക്കൂര്‍ നീളുന്ന സവാരി. കായലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട്  ബോട്ടിനുള്ളില്‍ തന്നെ രാവിലെത്തെ ഭക്ഷണം.
 തുടര്‍ന്ന് കെട്ടുവള്ള മ്യൂസിയം, മത്സ്യക്കുട് കൃഷി,  തുടങ്ങിയവയെല്ലാം കണ്ട് തിരികെയെത്തുമ്പോള്‍ ഉച്ചയ്ക്കുള്ള ഊണു റെഡിയായിരിക്കും. ഉച്ചകഴിഞ്ഞ് കൈതൊഴവഞ്ചിയില്‍ സവാരി നടത്താം. ചൂണ്ടയിടാന്‍ താത്പര്യമുള്ളവര്‍ക്ക്   അതിനുള്ള സൗകര്യവുമുണ്ട്. വൈകുന്നേരം ചായയും ചെറു കടിയും. നാലു പേരടങ്ങുന്ന സംഘത്തിന് 2000 രൂപയാണ് ഫീസ്. അതില്‍ കൂടുതലാളുണ്ടെങ്കില്‍ ആളൊന്നിന് 500 രൂപ എന്നതാണ് തരംഗിണി പാക്കേജ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)