•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

പാലായുടെ പത്മശ്രീ

തികഞ്ഞ ഭാഷാസ്‌നേഹിയും മലയാളത്തിലെ ബാലസാഹിത്യശാഖയുടെ 
പിതാവുമായ പത്മശ്രീ മാത്യു എം. കുഴിവേലിയെക്കുറിച്ച്

പാലായുടെ ആദ്ധ്യാത്മിക - രാഷ്ട്രീയ - കാര്‍ഷിക - വാണിജ്യപാരമ്പര്യങ്ങളെക്കാള്‍ ഒട്ടുംതന്നെ പിന്നിലല്ലല്ലോ ഈ പ്രദേശത്തിന്റെ സാഹിത്യ-സാംസ്‌കാരിക പൈതൃകവും. മലയാളസാഹിത്യത്തില്‍ വഞ്ചിപ്പാട്ടുണ്ടാക്കിയത് രാമപുരത്തു വാര്യരാണെങ്കില്‍ മലയാളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യഗ്രന്ഥം-വര്‍ത്തമാനപ്പുസ്തകം - രചിച്ചത് പാറേമ്മാക്കലച്ചനാണല്ലോ. അദ്ദേഹം സുറിയാനിസഭയുടെ ഗോവര്‍ണദോറുമായിരുന്നു.
പില്‍ക്കാലത്ത് മഹാകവി കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളയും മഹാകവി പാലാ നാരായണന്‍നായരും മഹാകവി പ്രവിത്താനം പി.എം. ദേവസ്യയും  ലളിതാംബിക അന്തര്‍ജനവും കവയിത്രി സിസ്റ്റര്‍ മേരി ബനീഞ്ഞായും മലയാളസാഹിത്യപന്തലിലെ മുന്‍നിരക്കാരായെങ്കില്‍ അവരെ തുടര്‍ന്നുവന്നവരും ഒട്ടും മോശക്കാരായിരുന്നില്ലല്ലോ. വെട്ടൂര്‍ രാമന്‍നായരും സക്കറിയയും ഏഴാച്ചേരി രാമചന്ദ്രനുമൊക്കെ പുതിയ കാലത്തിന്റെ സാഹിത്യ പ്രതിഭകളാണ്. എന്നാല്‍, ഇവര്‍ക്കെല്ലാമിടയില്‍ ഒരു കുത്തബ്മീനാര്‍പോലെ ഉയര്‍ന്നുനില്ക്കുന്ന സമാനതകളില്ലാത്ത ഒരു മഹാപണ്ഡിതനാണ് പത്മശ്രീ മാത്യു എം. കുഴിവേലി. ഭാഷാവിജ്ഞാനീയശാഖയോടായിരുന്നു കുഴിവേലിയുടെ പഥ്യം. അദ്ധ്യാപകനായിരുന്നു അദ്ദേഹം. ഭാഷാപഠനത്തിന്റെ മഹോപാദ്ധ്യായും. പാലാ സെന്റ് തോമസ് ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂളിന്റെ ആദ്യത്തെ പ്രധാനാദ്ധ്യാപകനും കുഴിവേലിസാറായിരുന്നു. മലയാളത്തിലെ പ്രഥമ ഭാഷാവിജ്ഞാനകോശം തയ്യാറാക്കിയതിന്റെ ക്രെഡിറ്റും കുഴിവേലിക്കുതന്നെ. 1973 ല്‍ രാഷ്ട്രം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.
1905 ഏപ്രില്‍ 20 നായിരുന്നു ജനനം. പാലാ ളാലം പഴയപള്ളിയുടെ സ്ഥാപകകുടുംബങ്ങളിലൊന്നാ യിരുന്നു കുഴിവേലില്‍. മത്തായി കുഴിവേലിലും മറിയവുമായിരുന്നു മാതാപിതാക്കള്‍. പാലാ സെന്റ് തോമസ് സ്‌കൂളിലും ചങ്ങനാശ്ശേരി എസ്.ബി. കോളജിലും പഠിച്ചശേഷം പാളയംകോട്ട സെന്റ് ജോസഫ്‌സ് കോളജില്‍നിന്ന് എല്‍.റ്റി. ബിരുദമെടുത്തു. തുടര്‍ന്ന് പാലാ സെന്റ് തോമസ് ഹൈസ്‌കൂളില്‍ അധ്യാപകനായി. പിന്നീട് അവിടെത്തന്നെ  സെന്റ് തോമസ് ട്രെയിനിംഗ് സ്‌കൂളിന്റെ ഹെഡ്മാസ്റ്ററുമായി. അക്കാലത്ത് പാലായില്‍നിന്ന് സ്‌കൂള്‍ മാസ്റ്റര്‍ എന്നപേരില്‍ ഒരു മാസികയും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള ആയിരുന്നു പ്രധാന സഹായി. നിലവാരമുള്ള  ഒരു പ്രസിദ്ധീകരണമായിരുന്നു  സ്‌കൂള്‍ മാസ്റ്റര്‍.
പില്‍ക്കാലത്ത് തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റി സ്ഥാപിതമായപ്പോള്‍ മാത്യു എം കുഴിവേലി അവിടെ പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലക്കാരനായി. പകരം ട്രെയിനിംഗ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പദവിയില്‍ വന്നത് പിന്നീട് പാലാ രൂപതയുടെ ആദ്യബിഷപ് ആയിത്തീര്‍ന്ന മാണിക്കുട്ടിയച്ചന്‍ എന്ന ഫാദര്‍ സെബാസ്റ്റ്യന്‍ വയലില്‍ ആയിരുന്നു. തിരുവനന്തപുരത്തു സര്‍വകലാശാലാപ്രസിദ്ധീകരണവകുപ്പില്‍  കുഴിവേലില്‍ സാറിന്റെ സഹായികളായി പില്‍ക്കാലത്തു വന്നത് മഹാകവി പാലാ നാരായണന്‍നായര്‍സാറും കവി ചെമ്മനം ചാക്കോയുമായിരുന്നു. മലയാളഭാഷയില്‍ ഒരു സര്‍വവിജ്ഞാനകോശം പ്രസിദ്ധീകരിക്കണമെന്നത് കുഴിവേലിസാറിന്റെ ജീവിതസ്വപ്നമായിരുന്നു.
മലയാളത്തിലെ ബാലസാഹിത്യശാഖയുടെ പിതാവും കുഴിവേലിസാറായിരുന്നുവെന്നു പറയാം. ബാലന്‍ പ്രസിദ്ധീകരണങ്ങള്‍ എന്ന ബാനറിലാണ് അദ്ദേഹം കുട്ടികള്‍ക്കായി പഞ്ചതന്ത്രകഥകളും ഈസോപ്പു കഥകളും യവനകഥകളും അറബിക്കഥകളുമൊക്കെ പ്രസിദ്ധീകരിച്ചത്. അക്കാലത്ത് അതു വളരെ സാഹസികമായ ഒരു സംരംഭംതന്നെ ആയിരുന്നു. ബാലനായിരുന്ന അദ്ദേഹത്തിന്റെ  മകന്‍ ബാലന്റെ  (പില്‍ക്കാലത്ത് ഡോ. ബാലന്‍ കുഴിവേലി) പേരാണ് മാത്യുസാര്‍ തന്റെ ബാലസാഹിത്യപ്രസിദ്ധീകരണ സംരംഭത്തിനു നല്‍കിയത്. അങ്കമാലി പാറയ്ക്കല്‍ അന്നമ്മ ആയിരുന്നു കുഴിവേലിസാറിന്റെ പത്‌നി. നാല് ആണ്‍കുട്ടികളും അഞ്ചു പെണ്‍കുട്ടികളുമായിരുന്നു മക്കള്‍.
കാഴ്ചയില്‍ അതിസുഭഗനായിരുന്നു മാത്യു എം. കുഴിവേലി. ചുവപ്പുകലര്‍ന്ന വെളുപ്പുനിറം. നല്ല പൊക്കം. എപ്പോഴും ശുദ്ധശുഭ്രവസ്ത്രധാരി. മുണ്ടും ജുബ്ബയും കഴുത്തു ചുറ്റി ഇടുന്ന കവണിയുമായിരുന്നു കുഴിവേലി മാത്യു സാറിന്റെ  ഡ്രസ് കോഡ്. വലിയ അഭിമാനിയായിരുന്നു. നീണ്ടുനിവര്‍ന്നു പ്രൗഢമായ നില്പും ആത്മവിശ്വാസത്തോടെയുള്ള നടപ്പും വാക്കും സംസാരവും.
ഭാഷയോടുള്ള ഭക്തിയും ആരാധനയുമായിരുന്നു കുഴിവേലി മാത്യുസാറിന്റെ ജീവവായു. സര്‍വ്വകലാശാലയില്‍ ജോലിയിലിരിക്കേ അധികാരികളോട് അനുവാദം ചോദിക്കാതെ സ്വന്തനിലയില്‍ ഭാഷാ വിജ്ഞാനകോശം പ്രസിദ്ധീകരിക്കുവാന്‍ തയ്യാറാ യതിന്റെ പേരില്‍ അദ്ദേഹത്തിനെതിരേ ശിക്ഷണനടപടിക്കുപോലും ശ്രമമുണ്ടായി. വിജ്ഞാനകോശത്തിന്റെ ആദ്യവാല്യം പ്രസിദ്ധീകരിക്കുന്നതിനുള്ള സാമ്പത്തികഭാരം അദ്ദേഹത്തിനു താങ്ങാവുന്നതിനുമപ്പുറമായിരുന്നു. ഒടുവില്‍ താന്‍തന്നെ ഡ്രൈവ് ചെയ്തു പൊന്നുപോലെ കൊണ്ടു നടന്നിരുന്ന ഇഷ്ടവാഹനമായിരുന്ന മോറീസ് മൈനര്‍ കാര്‍ വിറ്റിട്ടാണ് വിജ്ഞാനകോശത്തിന്റെ ആദ്യ വാല്യം അച്ചടിക്കുവാനുള്ള പണം കണ്ടെത്തിയതെന്നറിയുമ്പോഴാണ് മലയാളത്തിലെ ആദ്യ വിജ്ഞാനകോശപ്രസാധകന്റെ ഭാഷാസ്‌നേഹത്തിന്റെ ആഴമറിയുന്നത്. 1956 ല്‍ കവടിയാര്‍ കൊട്ടാരത്തില്‍ അമ്മ മഹാറാണിയുടെയും മകള്‍ കാര്‍ത്തികതിരുനാളിന്റെയും കേണല്‍ ഗോദവര്‍മ്മ രാജായുടെയും സാന്നിധ്യത്തില്‍ അന്ന് തിരു-കൊച്ചി രാജപ്രമുഖനായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവാണ് വിജ്ഞാനകോശത്തിന്റെ പ്രഥമവാല്യം ഔപചാരികമായി പ്രകാശിപ്പിച്ചത്. വാശിയില്‍ കുഴിവേലി മാത്യുസാറും  ഒരൊന്നാംതരം പാലാക്കാരന്‍തന്നെ ആയിരുന്നിരിക്കണം!
തിരുവനന്തപുരത്തായിരിക്കേ 'ട്രിവാന്‍ഡ്രം ലെറ്റേഴ്‌സ്' എന്ന പേരില്‍ ഒരു ഇംഗ്ലീഷ്മാസികയും 'കുഴിവേലി പത്രിക' എന്നൊരു മലയാളപ്രസിദ്ധീകരണവും മുടങ്ങാതെ നടത്തിപ്പോന്നിരുന്നു. മാത്യു എം. കുഴിവേലിയുടെ ഭാഷാവിജ്ഞാനകോശപ്രസിദ്ധീകരണപരിശ്രമങ്ങളെ  'ഭഗീരഥപ്രയത്‌നം' എന്നാണ് പ്രൊഫ. സുകുമാര്‍ അഴീക്കോട് പ്രകീര്‍ത്തിച്ചത്. അതിനെതിരേ സര്‍വകലാശാലാധികൃതര്‍ നടത്തിയ തടസ്സശ്രമങ്ങളെ അഴീക്കോടു കണക്കിനു പരിഹസിക്കുകയും ചെയ്തു. ഏഴു വാല്യങ്ങള്‍ കുഴിവേലിസാര്‍ പൂര്‍ത്തിയാക്കി. പതിനായിരത്തോളം പേജുകള്‍ അഴീക്കോടു പറഞ്ഞതുപോലെ ഒരു ഭഗീരഥപ്രയത്‌നംതന്നെ ആയിരുന്നു. സരസ്വതീദേവി പ്രസാദിച്ചിരിക്കാമെങ്കിലും ലക്ഷ്മി കനിഞ്ഞില്ല. തനിക്ക് ആ വകയില്‍ ഉണ്ടായ ഭീമമായ സാമ്പത്തികബാധ്യതകള്‍പോലും കുഴിവേലിസാറിനെ ലക്ഷ്യത്തില്‍നിന്നു പിന്തിരിപ്പിച്ചതുമില്ല. ഒരര്‍ത്ഥത്തില്‍പ്പറഞ്ഞാല്‍ അത് ഒരു ഒറ്റയാള്‍യജ്ഞമായിരുന്നു.
1972 ല്‍ അന്നത്തെ രാഷ്ട്രപതി വി.വി. ഗിരി തിരുവനന്തപുരത്തു വന്നു ഭാഷാവിജ്ഞാനകോശത്തിന്റെ ബാക്കി വാല്യങ്ങള്‍ ഔപചാരികമായി പ്രകാശിപ്പിച്ചു. ഗവര്‍ണര്‍ വി. വിശ്വനാഥന്‍ അധ്യക്ഷനായി. രണ്ടു പേരും കുഴിവേലിസാറിനുമേല്‍ പ്രശംസാവാക്കുകള്‍കൊണ്ടു ധാരകോരി. പിറ്റേവര്‍ഷം രാഷ്ട്രം മാത്യു എം. കുഴിവേലിയെ പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു. അപ്പോഴും വിജ്ഞാനകോശത്തിന്റെ എട്ടാം വാല്യത്തിന്റെ പണിപ്പുരയിലായിരുന്നു സാത്വികനായിരുന്ന ആ ഭാഷാഭക്തന്‍. 
നിര്‍ഭാഗ്യവശാല്‍ അവസാനവാല്യം പൂര്‍ത്തിയാക്കുംമുമ്പ് 1974 ഒക്ടോബര്‍ 27 ന് അദ്ദേഹം കാലത്തെ കടന്നുപോയി. പാലാ നഗരസഭ മുനിസിപ്പല്‍ ലൈബ്രറി പത്മശ്രീ മാത്യു എം. കുഴിവേലി സ്മാരക ലൈബ്രറി എന്നു നാമകരണംചെയ്താണ്  സ്വന്തം ജന്മനഗരത്തിന്റെ ആദരവ് പ്രകടമാക്കിയത്. മാത്യു എം. കുഴിവേലിസാറിന് അദ്ദേഹത്തിന്റെ കര്‍മ്മക്ഷേത്രമായ തിരുവനന്തപുരത്താണ് ഉചിതമായ ഒരു സ്മാരകം ഉയരേണ്ടത്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തും പിന്നീട് അധികാരത്തില്‍ വന്ന ഇപ്പോഴത്തെ എല്‍.ഡി.എഫ്. ഗവണ്മെന്റിന്റെ മുന്‍പിലും ഈ ലേഖകന്‍ അധ്യക്ഷനും പ്രശസ്ത സാഹിത്യകാരന്മാരായ മുന്‍ ചീഫ് സെക്രട്ടറി ശ്രീ സി.പി. നായരും ശ്രീ പെരുമ്പടവം ശ്രീധരനും ഡോ. ബാബു പോളും ഉപാധ്യക്ഷന്മാരും കുഴിവേലിസാറിന്റെ പുത്രന്‍ ഡോ. ബാലന്‍ കുഴിവേലി സെക്രട്ടറിയുമായ പത്മശ്രീ മാത്യു എം. കുഴിവേലി സ്മാരകനിര്‍മ്മാണസമിതി പലവട്ടം നിവേദനങ്ങള്‍ നല്‍കിയെങ്കിലും നിര്‍ഭാഗ്യമെന്നു പറയട്ടെ, രണ്ടു സര്‍ക്കാരുകളും അതില്‍ താത്പര്യമൊന്നുമെടുത്തില്ല. ഇനി അടുത്ത സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ അതുല്യനായിരുന്ന ഈ ഭാഷാപ്രതിഭയെ ആദരിക്കുവാന്‍ സന്മനസ്സു കാണിക്കു മോയെന്നു നമുക്കു കാത്തിരിക്കാം... പാലായുടെ അഭിമാനപുത്രനു സ്‌നേഹപ്രണാമം!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)