ഒരു നീണ്ട യാത്രയാം ജീവിതത്തെ
കരുതലോടെപ്പൊഴും കണ്ടിടേണം
വഴികളങ്ങോളം സുഗമമാകാ
കുഴികളും കല്ലുകളൊക്കെയുണ്ടാം
അവികലമാര്‍ഗ്ഗം ഗ്രഹിച്ചു മാത്രം
ചുവടുകളോരോന്നും വച്ചുവെന്നാല്‍
കടമ്പകളൊക്കെക്കടന്നു നീങ്ങാം
തടസ്സങ്ങളില്ലാതെ സഞ്ചരിക്കാം
സരണികള്‍ മുന്നില്‍പ്പലതുകണ്ടാല്‍
ചരണങ്ങള്‍ ശ്രദ്ധിച്ചു വച്ചിടേണം
ശരിയായ മാര്‍ഗ്ഗം തിരഞ്ഞെടുത്താല്‍
ദുരിതങ്ങളെല്ലാമകന്നു പോകും
അതിനായ് മിഴികളും കാതുകളും
അതിയായ ശ്രദ്ധ പുലര്‍ത്തിടേണം
അകക്കണ്ണുകള്‍കൊണ്ടു ശ്രദ്ധയോടെ
അകലത്തേക്കെപ്പൊഴും നോക്കിടേണം
അവിടെയുണ്ടാവാം ചതിക്കുഴികള്‍
അവയില്‍ വീഴാതെ കടന്നുപോണം
അതിനുള്ള ശക്തി ലഭിച്ചിടാനായ്
അഖിലേശനെപ്പൊഴും കൂടെവേണം
ശരിയായ പാതയില്‍ സഞ്ചരിപ്പോര്‍
ധരയിലെ ജീവിതം ധന്യമാക്കും
ക്ഷിതി വിട്ടകന്നുവെന്നാകിലുമാ
പഥികനെ മാനുഷരോര്‍ത്തിരിക്കും