•  18 Sep 2025
  •  ദീപം 58
  •  നാളം 28
ലേഖനം

ഫലസമൃദ്ധമായ മുന്തിരിവള്ളികള്‍

    അയാള്‍ വിശുദ്ധഗ്രന്ഥം തുറന്നു വായിക്കാന്‍ തുടങ്ങി. ഈയിടെയായി അങ്ങനെയാണ്. നിഷ്ഠയോ ചിട്ടയോ ഒന്നുമില്ലിതിന്. പക്ഷേ, ഇതൊരു പതിവാണ് അയാള്‍ക്ക്. തന്നെ ആരെങ്കിലും കേള്‍ക്കുന്നുണ്ടോ? ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? അതൊന്നും അയാള്‍ കാര്യമാക്കുന്നില്ല.
വളരെ സ്ഫുടവും വ്യക്തവുമാണ് അയാളുടെ വായന. അതിനാല്‍ത്തന്നെ വായന കേള്‍ക്കാന്‍ അനേകര്‍ വരും. വല്യപ്പന്മാരും വല്യമ്മമാരും യുവതീയുവാക്കളും, അങ്ങനെ പലരും.
  വിശുദ്ധഗ്രന്ഥം തുറക്കുക; കാണുന്നിടത്തുനിന്നു വായന തുടങ്ങുക. അതാണയാളുടെ രീതി - അയാള്‍ വായന തുടങ്ങി.
ഉത്തമയായ ഭാര്യ!
ഉത്തമയായ ഭാര്യയെ കണ്ടുപിടിക്കാന്‍ ആര്‍ക്കുകഴിയും? അവള്‍ രത്‌നങ്ങളെക്കാള്‍ അമൂല്യയത്രേ. ഭര്‍ത്താവിന്റെ ഹൃദയം അവളില്‍ വിശ്വാസമര്‍പ്പിക്കുന്നു. അവന്റെ നേട്ടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു. അവള്‍ ആജീവനാന്തം ഭര്‍ത്താവിന് നന്മയല്ലാതെ ഉപദ്രവം ചെയ്യുന്നില്ല. പുലര്‍ച്ചയ്ക്കുമുമ്പേ അവള്‍ ഉണര്‍ന്ന് കുടുംബാംഗങ്ങള്‍ക്കുള്ള ഭക്ഷണമൊരുക്കുകയും പരിചാരികമാര്‍ക്കു ജോലികള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. അവള്‍ നല്ല നിലം നോക്കി വാങ്ങുന്നു. സ്വന്തം സമ്പത്തുകൊണ്ട് അവള്‍ സ്വന്തം മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുന്നു. രാത്രിയില്‍ അവളുടെ വിളക്ക് അണയുന്നില്ല. അവള്‍ കഴിവും അന്തസ്സും അണിയുന്നു. ഭാവിയെ നോക്കി പുഞ്ചിരിക്കുന്നു. അവള്‍ വായ് തുറന്നാല്‍ ജ്ഞാനമേ പുറത്തുവരൂ. അവളുടെ സന്താനങ്ങള്‍ അവളെ ഭാഗ്യവതി എന്നു വിളിക്കുന്നു. അവളുടെ ഭര്‍ത്താവും അങ്ങനെ ചെയ്യുന്നു. 
ഉത്തമയായ ഭാര്യയുള്ളവന്‍ ഭാഗ്യവാന്‍. അവന്റെ ആയുസ്സ് ഇരട്ടിക്കും. വിശ്വസ്തയായ ഭാര്യ ഭര്‍ത്താവിനെ സന്തോഷിപ്പിക്കുന്നു. അവന്‍ സമാധാനത്തോടെ ആയുസ്സു തികയ്ക്കും. ഉത്തമയായ ഭാര്യ മഹത്തായ അനുഗ്രഹമാണ്. ധനവാനോ ദരിദ്രനോ ആകട്ടെ, അവന്റെ ഹൃദയം സന്തുഷ്ടവും അവന്റെ മുഖം സദാ പ്രസന്നവുമായിരിക്കും. ഭാര്യയാണ് പുരുഷന്റെ ഏറ്റവും വലിയ സമ്പത്ത്. സ്ത്രീയുടെ സൗന്ദര്യം  പുരുഷനെ സന്തുഷ്ടനാക്കുന്നു. അവളുടെ സംഭാഷണം വിനയവും സൗമ്യതയും നിറഞ്ഞതാണെങ്കില്‍ അവളുടെ ഭര്‍ത്താവ് മറ്റുള്ളവരേക്കാള്‍ ഭാഗ്യവാനാണ്.
വായന പുരോഗമിക്കുകയാണ്. ശ്രോതാക്കളില്‍ ചെറുപ്പക്കാരനായ ഒരാള്‍ അടുത്തിരുന്ന വല്യമ്മയോടു പറഞ്ഞു: ഇതുപോലൊക്കെ ഉത്തമയും സുകൃതിനിയുമായ ഒരുവളെ വേണം എനിക്കു മിന്നുകെട്ടാന്‍. ഇതുകേട്ട് വല്യമ്മ ചെറുപ്പക്കാരനോടു പറഞ്ഞു: അതിനു സുകൃതം ചെയ്യണം മോനേ...
അതേ, വല്യമ്മയുടെ അതേ അഭിപ്രായംതന്നെയാണ് സുഭാഷിതകാരനും പറയുന്നത്. സുഭാഷിതകര്‍ത്താവ്  പറയുന്നു: ദൈവഭയത്തോടെ ജീവിക്കുന്നവനും സുകൃതജീവിതം നയിക്കുന്നവനും കര്‍ത്താവു നല്കുന്ന സമ്മാനം!
വീടും സമ്പത്തും പിതാക്കന്മാരില്‍നിന്നും അവകാശമായി കിട്ടുന്നു. വിവേകമതിയായ ഭാര്യയാകട്ടെ, കര്‍ത്താവിന്റെ ദാനമാണ്. ഈ വസ്തുത സങ്കീര്‍ത്തകനും അടിവരയിട്ടുറപ്പിക്കുന്നു. കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. നിന്റെ അധ്വാനഫലം നീ അനുഭവിക്കും. നീ സന്തുഷ്ടനായിരിക്കും. നിനക്കു നന്മ വരും. നിന്റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിവള്ളിപോലെയായിരിക്കും. നിന്റെ മക്കള്‍ മേശയ്ക്കുചുറ്റും ഒലിവുതൈപോലെയും. കര്‍ത്താവിന്റെ മക്കള്‍  ഇപ്രകാരം അനുഗൃഹീതരായിരിക്കും.
പ്രഭാഷകന്റെ വാക്കുകളും കേള്‍ക്കാം: എന്റെ ഹൃദയം മൂന്നു കാര്യങ്ങളില്‍ ആനന്ദം കൊള്ളുന്നു. അവ കര്‍ത്താവിന്റെയും മനുഷ്യന്റെയും ദൃഷ്ടിയില്‍ ആനന്ദമാണ്. സഹോദരന്മാര്‍ തമ്മിലുള്ള യോജിപ്പ്, അയല്‍ക്കാര്‍ തമ്മിലുള്ള സൗഹൃദം, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലയം.
അയാള്‍ വായന നിര്‍ത്തി. വിശുദ്ധഗ്രന്ഥം അടച്ചു. ആളുകള്‍ പിരിഞ്ഞുപോകുന്നതിനിടയില്‍ വല്യപ്പന്മാര്‍ യുവാക്കളെ ഉപദേശിച്ചു: കൊച്ചുമക്കളേ കേട്ടോ-സന്താനങ്ങളും താന്‍ നിര്‍മിച്ച നഗരവുമാണ് ഒരുവന്റെ പേരു നിലനിര്‍ത്തുന്നത്. നിഷ്‌കളങ്കയായ ഭാര്യ ഇവ രണ്ടിനേയുംകാള്‍ വിലമതിക്കപ്പെടുന്നു. 
അപ്പോള്‍ മറ്റൊരു വല്യപ്പന്റെ കമന്റ്: വേലിയില്ലാത്ത വസ്തു കൊള്ള ചെയ്യപ്പെടും. ഭാര്യയില്ലാത്തവന്‍ നെടുവീര്‍പ്പിട്ടുകൊണ്ട് അലഞ്ഞുനടക്കും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)