അത്യുച്ചിയിലെത്തിയ ആത്മീയമുന്നേറ്റം
II
അന്തിമനാളുകള്‍
ഊര്‍ജസ്വലനും അരോഗദൃഢഗാത്രനുമായ പിയേര്‍ ജോര്‍ജിയോ കൂട്ടുകാരോടൊപ്പമുള്ള ചര്‍ച്ചകളും കളിതമാശകളും പതിവുപോലെ തുടര്‍ന്നെങ്കിലും അവന്‍ ക്ഷീണിതനാണെന്നു കൂട്ടുകാരില്‍ ചിലര്‍ മനസ്സിലാക്കി. പരീക്ഷയ്ക്കുവേണ്ടിയുള്ള പഠനത്തില്‍ മുഴുകുന്നതുകൊണ്ടായിരിക്കുമെന്നവര്‍ ഊഹിച്ചു. പിയേര്‍ ജോര്‍ജിയോയുടെ ശരീരം മെലിഞ്ഞുവരുന്നതായി സഹോദരിയുടെ ശ്രദ്ധയിലുംപെട്ടു. എന്നാലും ആരും ഇതൊന്നും ഗൗരവമായെടുത്തില്ല. വീട്ടില്‍ എല്ലാവരും മരണാസന്നയായ വല്യമ്മ (അമ്മയുടെ അമ്മ)യുടെ കാര്യത്തിലാണ് ശ്രദ്ധിച്ചിരുന്നത്. ഈ ക്ഷീണാവസ്ഥയിലും സമീപത്തുള്ള പള്ളിയില്‍ചെന്ന് വൈദികനെ കൊണ്ടുവന്ന് വല്യമ്മയ്ക്കു കുമ്പസാരവും കുര്‍ബാനയും കൊടുക്കാന്‍ പിയേര്‍ ജോര്‍ജിയോ ശ്രദ്ധവച്ചു. അടുത്ത ദിവസങ്ങള്‍ വല്യമ്മയുടെ മുറിയില്‍വരെ പോയിരുന്നത് വരാന്തയുടെ ഭിത്തിയില്‍ പിടിച്ചുപിടിച്ചാണ്. വല്യമ്മ 1925 ജൂലൈ ഒന്നാം തീയതി അന്തരിച്ചു. രണ്ടു ദിവസത്തിനുശേഷം വല്യമ്മയെ പൊള്ളോണെയിലുള്ള കുടുംബക്കല്ലറയില്‍ അടക്കുന്ന നേരത്ത് ടുറിനില്‍നിന്ന് പിയേര്‍ ജോര്‍ജിയോയുടെ രോഗാവസ്ഥ മൂര്‍ച്ഛിച്ചതായി അറിയിപ്പുകിട്ടി. അക്കാലത്ത് പ്രതിരോധകുത്തിവയ്പ് കണ്ടെത്തിയിട്ടില്ലായിരുന്ന പോളിയോരോഗമാണ് പിയേര്‍ ജോര്‍ജിയോയെ ബാധിച്ചിരുന്നത്. വിദഗ്ധഡോക്ടര്‍മാരൊക്കെ പരിശോധിക്കുകയും മരുന്നുകള്‍ നല്കുകയും ചെയ്തു.
പിയേര്‍ ജോര്‍ജിയോയുടെ സുഹൃത്തുക്കള്‍ ഒന്നുചേര്‍ന്ന് അവരുടെ പ്രിയസ്‌നേഹിതനുവേണ്ടി പ്രാര്‍ഥിച്ചിരുന്നു. ടുറിനിലെ കര്‍ദിനാള്‍ സന്ദര്‍ശിക്കാന്‍ വന്നെങ്കിലും പകരുന്ന രോഗമായിരുന്നതുകൊണ്ടാകാം സന്ദര്‍ശനം നിഷേധിക്കപ്പെട്ടു. അദ്ദേഹം വാഴ്ത്തപ്പെട്ട കൊഫോസായുടെ തിരുശ്ശേഷിപ്പു കൊടുത്തുവിട്ടു. അത് പിയേര്‍ ജോര്‍ജിയോയ്ക്കു വലിയ ആശ്വാസം നല്കിയെങ്കിലും ശാരീരികവേദന അസഹനീയമായിത്തുടര്‍ന്നു. മരിക്കുന്നതിനു തലേരാത്രി പിയേര്‍ ജോര്‍ജിയോയുടെ സ്‌നേഹിതനും ബന്ധുവുമായ മാരിയോ ഗമ്പേത്താ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സഹോദരി ലുച്ചിയാനായുടെ പേരില്‍ പിയേര്‍ ജോര്‍ജിയോ എടുത്ത ഒരു ഇന്‍ഷുറന്‍സ് പോളിസി അവളെ ഏല്പിച്ചു.വെള്ളിയാഴ്ച സന്ദര്‍ശിക്കേണ്ടിയിരുന്ന പാവപ്പെട്ടവരുടെ വീടുകളുടെ പേരുവിവരങ്ങള്‍ എഴുതി ഒരു സ്‌നേഹിതനെ ഏല്പിച്ചു. വളരെ ക്ലേശിച്ചാണ് പകുതി തളര്‍ന്ന കരങ്ങള്‍കൊണ്ട് ഈ കുറിപ്പ് എഴുതിയതെന്ന് സഹോദരി മനസ്സിലാക്കി. വെള്ളിയാഴ്ചതോറും ഒരു സ്‌നേഹിതനോടൊപ്പം ജപമാല ചൊല്ലിക്കൊണ്ട് പിയേര്‍ ജോര്‍ജിയോ ടുറിന്‍ നഗരത്തിന്റെ ഏറ്റവും പാവപ്പെട്ടവര്‍ വസിച്ചിരുന്ന ഭാഗങ്ങളിലെ വീടുകള്‍ കയറിയിറങ്ങിയിരുന്നു വെന്ന് അദ്ദേഹത്തിന്റെ മരണശേഷമേ അറിഞ്ഞുള്ളൂ. ഈ ഭവനസന്ദര്‍ശനങ്ങളില്‍ ശുശ്രൂഷിച്ച ഏതെങ്കിലും ശിശുവില്‍നിന്നായിരിക്കാം പിയേര്‍ ജോര്‍ജിയോയ്ക്ക് പോളിയോരോഗം പകര്‍ന്നതെന്നാണ് ഡോക്ടര്‍മാര്‍ അനുമാനിച്ചത്.
ജൂലൈ നാലാം തീയതി വൈകിട്ട് പിയേര്‍ ജോര്‍ജിയോയുടെ പാവനാത്മാവ് സ്വര്‍ഗത്തിലേക്കു പറന്നുയര്‍ന്നു. അന്നുതന്നെ ഫ്രസാത്തി ഭവനത്തിലെ വീട്ടുവേലക്കാരി എസ്തര്‍ പിഞ്ഞാത്ത അടുക്കളയിലെ കലണ്ടറില്‍ എഴുതി: ''ഇന്ന് ഏഴുമണിക്ക് ഈ ഭവനത്തിനു തീരാനഷ്ടം സംഭവിച്ചു. പാവം പിയേര്‍ ജോര്‍ജിയോ! അദ്ദേഹം ഒരു വിശുദ്ധനാണ്. ഈ വിശുദ്ധനെ തന്റെ പാര്‍ശ്വഭാഗത്തു വേണമെന്നു ദൈവം ആഗ്രഹിക്കുന്നു!''
സ്ഥലത്തെ പാര്‍ലമെന്റ് പ്രതിനിധിയായ മിസ്റ്റര്‍ ഫസാരി തന്റെ ഡയറിയില്‍ കുറിച്ചു: ''ഈ ലോകത്തിലേക്കുംവച്ച് ഏറ്റവും നല്ല മനുഷ്യന്‍ ഇന്ന് ഇഹലോകവാസം വെടിഞ്ഞു.''
മരണവാര്‍ത്തയറിഞ്ഞ് 'സ്താംപാ' ദിനപത്രത്തിന്റെ ഉടമയും മുന്‍ സെനറ്ററും അംബാസിഡറുമായ അല്‍ഫ്രേദോ ഫ്രസാത്തിയുടെ ഭവനത്തിലേക്ക് ഓടിയെത്തിയ ചേരിനിവാസികളും യാചകരും രോഗികളും കുഞ്ഞുങ്ങളുമടങ്ങിയ ജനക്കൂട്ടത്തെക്കണ്ട് പിയേര്‍ ജോര്‍ജിയോയുടെ മാതാപിതാക്കള്‍ സ്തബ്ധരായി. ഈ പാവങ്ങളെ വീട്ടിനുള്ളിലേക്കു കടത്തിവിടാന്‍ അമ്മ ആദ്യം സമ്മതിച്ചില്ല. പരേതന്റെ സഹോദരി ലുച്ചിയാനാ ഇടപെട്ടാണ് അമ്മയുടെ തീരുമാനം മാറ്റിയെടുത്തത്. ആ സമ്പന്നകുടുംബത്തിനു ചേരാത്ത ഒരാള്‍ക്കൂട്ടമായിട്ടാണ് പിയേര്‍ ജോര്‍ജിയോയുടെ മാതാവ് ഇവരെ കണ്ടത്. നിറഞ്ഞ കണ്ണുകളോടെ നിശ്ശബ്ദരായി മൃതദേഹം കണ്ട് ഒരു തിരുശ്ശേഷിപ്പിനെ സ്പര്‍ശിക്കുന്നതുപോലെ മൃതദേഹത്തില്‍ തൊട്ടുവണങ്ങിയാണ് അവര്‍ കടന്നുപോയത്. പുറത്തിറങ്ങി ജനം അവിടെത്തന്നെ നിന്നു. പിയേര്‍ ജോര്‍ജിയോയുടെ സ്‌നേഹിതരായ യുവാക്കള്‍ മൃതശരീരം പേടകത്തിലടച്ച് തോളിലേറ്റി കൊണ്ടുപോകുമ്പോള്‍ ഈ ജനക്കൂട്ടം വഴിയുടെ ഇരുവശങ്ങളിലുമായി മുട്ടുകുത്തി നില്ക്കുകയായിരുന്നു.
തന്റെ സഹോദരന്റെ ജീവിതം ഒരു ബലിയര്‍പ്പണമായിരുന്നുവെന്ന് സഹോദരിക്കറിയാമായിരുന്നു. ഒരു മിഷനറിവൈദികനാകാനുള്ള ആഗ്രഹം മാതാപിതാക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പിയേര്‍ ജോര്‍ജിയോ ബലികഴിച്ചു. അനാഥശാലയില്‍ വളര്‍ന്ന ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം അമ്മയ്ക്ക് ഇഷ്ടപ്പെടില്ലെന്നും, വിവാഹമോചനത്തിന്റെ വക്കത്ത് എത്തിനില്ക്കുന്ന മാതാപിതാക്കള്‍ വേര്‍പിരിയാന്‍തന്നെ തന്റെ വിവാഹം കാരണമായേക്കുമെന്നും അറിയാമായിരുന്നതുകൊണ്ട് ആ വലിയ ത്യാഗവും പിയേര്‍ ജോര്‍ജിയോ ദൈവഹിതമായിക്കണ്ടു. ഒരു കുടുംബം തകരുമെങ്കില്‍ ഞാനെന്തിന് ഒരു കുടുംബം ഉണ്ടാക്കണം? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഇറ്റാലിയന്‍ കാത്തലിക് സ്റ്റുഡന്റ്‌സ് അസോസിയേഷനില്‍ ഒരു സജീവപ്രവര്‍ത്തകനായിരുന്ന പിയേര്‍ ജോര്‍ജിയോ മുസോളിനിയുടെ ഫാസിസത്തെ നഖശിഖാന്തം എതിര്‍ത്തിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന ഗ്രൂപ്പിന്റെ മീറ്റിങ് നീണ്ടുപോയാല്‍ ചാപ്ലെയിന്‍ പിയേര്‍ ജോര്‍ജിയോയെ കൂട്ടിയാണ് പെണ്‍കുട്ടികളെ വീട്ടിലെത്തിച്ചിരുന്നത്. അവരിലൊരു പെണ്‍കുട്ടി എഴുതി: ''ഒരു സുഹൃത്തല്ല ഒരു മാലാഖയാണ് എനിക്ക് കൂട്ടുപോരുന്നത്, എന്നെനിക്കറിയാമായിരുന്നു.''
പിയേര്‍ ജോര്‍ജിയോയുടെ ശുദ്ധതയും എളിമയും ലാളിത്യവും ഏതാനും വൈദികര്‍ക്കും വളരെയടുത്ത സ്‌നേഹിതര്‍ക്കും മാത്രമേ അറിയാമായിരുന്നുള്ളൂ. മാതാപിതാക്കള്‍ പിയേര്‍ ജോര്‍ജിയോ കുറച്ചുകൂടി ആര്‍ഭാടജീവിതം നയിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ലോകമാനദണ്ഡമനുസരിച്ച് മകനൊരു പരാജയമാണെന്നവര്‍ കരുതിയിരുന്നു. എന്നാല്‍, പിയേര്‍ ജോര്‍ജിയോയെ അടുത്തറിയാവുന്ന ഒരു വൈദികന്‍ അവന്റെ മാതാപിതാക്കളോടു പറഞ്ഞു: ''ഒരുനാള്‍ നിങ്ങളുടെ മകനെക്കുറിച്ചു പള്ളികളിലെ പ്രസംഗപീഠങ്ങളില്‍നിന്ന് പുരോഹിതര്‍ പ്രസംഗിക്കും.'' എത്ര കൃത്യമായ പ്രവചനം!
നാമകരണനടപടികളുടെ ഭാഗമായി പിയേര്‍ ജോര്‍ജിയോയുടെ കല്ലറ 1981 ല്‍ തുറന്നപ്പോള്‍ യാതൊരു മാറ്റവും വരാത്ത മൃതദേഹമാണ് കണ്ടത്. അതു ടുറിന്‍ കത്തീദ്രലിലാണ് ഇപ്പോള്‍ അടക്കം ചെയ്തിരിക്കുന്നത്.
1990 മേയ് 20 ന് വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ റോമില്‍വച്ച് പിയേര്‍ ജോര്‍ജിയോ ഫ്രസാത്തിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 'അഷ്ടഭാഗ്യങ്ങളുടെ യുവാവ്' എന്ന വിശേഷണമാണ് വാഴ്ത്തപ്പെട്ടവന് പരിശുദ്ധപിതാവ് നല്കിയിരുന്നത്. അനുദിന വിശുദ്ധകുര്‍ബാനയുടെയും അനുദിനജപമാലയുടെയും പ്രേഷിതനായ പിയേര്‍ ജോര്‍ജിയോ ഫ്രസാത്തിയെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ ഭാഗ്യസ്മരണാര്‍ഹനായ ഫ്രാന്‍സിസ് പാപ്പാ ആഗ്രഹിച്ചിരുന്നതാണ്. ഇപ്പോള്‍ പരിശുദ്ധ പിതാവ് ലെയോ പതിന്നാലാമന്‍ പാപ്പായുടെ ആദ്യവിശുദ്ധപദപ്രഖ്യാപനമാണ് സെപ്റ്റംബര്‍ 7-ാം തീയതി ഞായറാഴ്ച നടന്നത്. 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജീവിച്ച കാര്‍ളോ അക്വിത്തിസും നമ്മുടെ യുവജനങ്ങള്‍ക്കു മാതൃകയാകട്ടെ.