•  18 Sep 2025
  •  ദീപം 58
  •  നാളം 28
ലേഖനം

ഈ നിമിഷം - ഒരു ദിവ്യദാനം

   നാം നിരന്തരം നെഞ്ചോടു  ചേര്‍ക്കേണ്ട ഒരു സാംസ്‌കാരികചിന്ത ഇതാവണം: കടന്നുപോകുന്ന ഓരോ നിമിഷവും നാം ചിന്തിക്കണം, ഈ നിമിഷം എനിക്കു ദൈവം തന്നിരിക്കുന്ന ദിവ്യദാനമാണ്. നഷ്ടപ്പെടുത്താതെ 
   ആ നിമിഷത്തിന്റെ സൗഭാഗ്യം നാം ഉള്‍ക്കൊള്ളണം. അനുനിമിഷം നമ്മുടെ കണ്‍മുമ്പില്‍ മിന്നിമറയുന്ന മഹത്തായ കൊച്ചുകൊച്ചു കാര്യങ്ങള്‍ നാം കാണാതെ പോകരുത്. ഒരു ക്ലിപ്തസമയം കഴിയുമ്പോള്‍  എന്റെ ജീവിതത്തിലേക്ക് ആലിപ്പഴംപോലെ കുറെയേറെ സന്തോഷം  തനിയെ പെയ്തിറങ്ങും  എന്നാണോ നിങ്ങള്‍ ധരിച്ചുവച്ചിരിക്കുന്നത്? ആനന്ദം ഒരു ലക്ഷ്യസ്ഥാനമല്ല;  മറിച്ച്, അതൊരു  നിരന്തരമായ യാത്രയാണ്. കാഴ്ചപ്പാട് നാം മാറ്റണം; ചുറ്റുമുള്ള പോരായ്മകളില്‍നിന്ന് ദൃഷ്ടികേന്ദ്രം മാറ്റി  ഈ നിമിഷത്തിന്റെ  ആസ്വാദ്യമായ കാര്യങ്ങളിലേക്കു പോകണം. ഒരു നല്ല ഗാനത്തിന്റെ ഈണം കേട്ടാല്‍ അതു ശ്രദ്ധിക്കണം, ഒരു കുഞ്ഞിന്റെ കൊഞ്ചലുകള്‍ കാണുമ്പോള്‍ അതു നോക്കിനില്‍ക്കണം.  അങ്ങനെ ക്രിയാത്മകമായ വീക്ഷണം പരിപോഷിപ്പിച്ചെടുത്താല്‍  ജീവിതം  സന്തുഷ്ടമാകും.  
ജീവിതസപര്യയില്‍  വരുത്തേണ്ട മാറ്റങ്ങള്‍ 
നിരന്തരമായ ഒരു സുഖ സന്തുഷ്ട വികാരമല്ല  ഈ തത്ത്വ ജ്ഞാനത്തിലൂടെ  വന്നുചേരുക. ഓരോ ചെറിയ കാര്യങ്ങളിലും  ഒരു സംതൃപ്തി നമ്മള്‍ കണ്ടെത്തണം. രാവിലെ ഒന്നു മുറ്റത്തേക്കിറങ്ങിയാല്‍  ഒരുപക്ഷേ  പുല്‍ച്ചെടികളില്‍പോലും വിരിഞ്ഞുനില്‍ക്കുന്ന കൊച്ചുകൊച്ചുപൂക്കള്‍ കാണാം. പടിഞ്ഞാറുനിന്ന് ഒഴുകിവരുന്ന കാറ്റിന് ഒരു സൗരഭ്യം  ഉണ്ടാവും. രാവിലെ കുടിക്കുന്ന കാപ്പിക്ക്  ഒരു നറുമണം  കാണും. നമ്മുടെ  നാവിന്റെ അറ്റത്തെ  ടേസ്റ്റ് ബഡ്‌സ്  ഒന്ന് ഒരുക്കിനിര്‍ത്തി കാപ്പിപ്പാത്രം  കുറച്ചുസമയം കൈയില്‍ പിടിക്കാം. പിന്നെ മെല്ലെ നമ്മുടെ ആസ്വാദനത്തെ അതിന്റെ പാരമ്യത്തില്‍ എത്തിച്ചു  മെല്ലെ മെല്ലെ  കാപ്പി ഊതിക്കുടിക്കണം. അങ്ങനെ തുടങ്ങുന്ന ദിവസത്തിന് ആസ്വാദ്യമായ ഒരു ഭാവത്തിന്റെ ഒലികള്‍ സൃഷ്ടിക്കാനാകും. ഇതു വെറും ഒരു ഉദാഹരണം മാത്രം. മറ്റു പലേ വഴിക്കും നമുക്കു ദിവസത്തിന്റെ  പ്രാരംഭം  കുറിക്കാം.
റൂസ്‌വെല്‍റ്റിന്റെ  ഒരു വാക്യമുണ്ട്: ''ഇന്നലെ  എന്നത്  ചരിത്രം. നാളെ എന്നതു നമുക്ക് അജ്ഞാതമായ ഒരു നിഗൂഢ  രഹസ്യം. ഇന്ന് എന്നുള്ളത് നമ്മുടെ ദിവ്യദാനമാണ്.'' നൈമിഷികജീവിതത്തിന്റെ കാതലും സാരാംശവും ഈ വാക്കുകള്‍ ഉള്‍ക്കൊള്ളുന്നു.
ചില അനുഭവങ്ങള്‍ 
അനേകം വശ്യമായ ക്രിസ്തീയഗാനങ്ങളുടെ രചയിതാവ്  ഷാജി തുമ്പേച്ചിറയിലച്ചന്‍  തന്റെ ബാല്യകാലത്തെ ഒരനുഭവം പറയുന്നുണ്ട്. ഒരു ഈസ്റ്റര്‍ നാളില്‍  പാതിരാക്കുര്‍ബാന കഴിഞ്ഞു വൈകി ഉറങ്ങാന്‍ കിടന്നു.  വെളുപ്പിന് നാലുമണിയായപ്പോള്‍ 'ശൂ ശൂ'എന്നൊരു ശബ്ദം. പാമ്പിന്റെ ചീറ്റല്‍പോലെ. ചാടി യെഴുന്നേറ്റു നോക്കിയപ്പോള്‍ അടുക്കളയില്‍ അമ്മ പാലപ്പം ചുടുകയാണ്.  പാലപ്പത്തിന്റെ അരികു  കരിയുമ്പോള്‍ പുറപ്പെടുന്ന നറുമണം  അച്ചന്‍  മൂക്കിലേക്കു വലിച്ചുകയറ്റി. ഓടിച്ചെന്ന് ഒരപ്പം വാങ്ങി തിന്നപ്പോള്‍ തൃപ്തിയായി, സമാധാനമായി.
അതുപോലെ മലയാളിയുടെ പ്രിയഭക്ഷണമായ ബീഫ് ഫ്രൈ  ഉണ്ടാക്കുമ്പോള്‍  അടുക്കളയില്‍ നിന്നു പൊങ്ങുന്ന എരിപൊരിയന്‍ സുഗന്ധമുണ്ടല്ലോ, ഇതെല്ലാം നാസാരന്ധ്രങ്ങളിലൂടെ  കയറി നമ്മുടെ ടേസ്റ്റ് ബഡ്‌സിനെ  ഉത്തേജിപ്പിക്കുന്നു. 
ഗര്‍ബ  എന്നൊരു മനോഹരമായ നാടോടിനൃത്തത്തെക്കുറിച്ചു നിങ്ങളെല്ലാവരും കേട്ടിരിക്കും. നൃത്തത്തെ വേറിട്ടു നിര്‍ത്തുന്നത് അതിന്റെ ഊര്‍ജ്വസ്വലമായ ചുവടുകളാണ്.  കൈയിലെ കോലുകള്‍ താളത്തില്‍ പരസ്പരം അടിച്ചു വായുവില്‍ ഉയര്‍ന്നുചാടി ചടുലമായി ചെയ്യുന്ന നൃത്തം  ഹരം പിടിപ്പിക്കുന്നതാണ്. ചലനവേഗം ആദ്യമാദ്യം മെല്ലെയാണെങ്കില്‍ പിന്നീട് അതിന്റെ ഉച്ചകോടിയില്‍ എത്തും. മദ്ദളത്തിന്റെയും പെരുമ്പറയടിയുടെയും ഉയര്‍ന്നു പൊങ്ങുന്ന ശബ്ദം കൊണ്ട് അന്തരീക്ഷം ശബ്ദായമാനമാകും. ബീറ്റുകള്‍,താളങ്ങള്‍ ശക്തമായതും ഹൃദയസ്പന്ദനം കൂട്ടുന്നവയുമാണ്. അതിനു  ചേരുംവിധം  അനുരഞ്ജനപ്പെട്ടുകൊണ്ടാണു  നൃത്തച്ചുവടുകള്‍!
ഒരിക്കല്‍  അവരുടെ നൃത്തം കാണാന്‍ നമ്മുടെ നാട്ടിലെ ഒരു അമ്മച്ചി പോയി. നൃത്തച്ചുവടുകള്‍ ചൂടുപിടിച്ചപ്പോള്‍ കാലിന്റെ പെരുവിരലില്‍ ഒരു രോമാഞ്ചം ഉളവായി, ഹൃദയമിടിപ്പു വര്‍ധിക്കുവാന്‍ തുടങ്ങി. അതോടെ നമ്മുടെ അമ്മച്ചി കസേരയില്‍നിന്നു ചാടിയെഴുന്നേറ്റ് ഓടിച്ചെന്ന് അവരോടൊപ്പം നൃത്തച്ചുവടുകള്‍ വയ്ക്കാന്‍  തുടങ്ങി.
എന്തായിരുന്നിരിക്കണം അവരുടെ ചേതോവികാരം? ഇതാ ഇവിടെ തനിക്ക് ഒരിക്കലും  മിസ് ചെയ്യാന്‍ താത്പര്യമില്ലാത്ത  മഹാസംഭവം നടക്കുന്നു. ഈ നിമിഷം ഞാന്‍ ഇതിന്റെ ഭാഗമാകണം. ഇതാണ്, ഇപ്പോഴാണു ജീവിക്കേണ്ടത്. ഇത്തരം അനുഭവങ്ങള്‍ വരും, പോയിമറയും.  ഒരുപക്ഷേ, മറ്റൊരു വര്‍ഷം തനിക്ക് ഇവിടെ വരാനും ഈ നൃത്തത്തില്‍ പങ്കുചേരാനും  ആയേക്കാം. പക്ഷേ, അതുവരെ കാത്തിരിക്കുക ബുദ്ധിയല്ല. ഇതാണ്, ഇതാണ് ആ നിമിഷം.  എനിക്ക് ആനന്ദിക്കാനുള്ള ദിവ്യ നിമിഷം. ക്ഷണികമായ, അല്പായുസ്സുള്ള, പോയിമറയുന്ന ഈ നിമിഷത്തിന്റെ  ഉടമയാകണം ഞാന്‍!
മറ്റു നാടുകളെ അപേക്ഷിച്ച് നല്ല കാലാവസ്ഥയാണ് നമുക്കിവിടെ കേരളത്തില്‍  ആ നല്ല കാലാവസ്ഥയെ നാം ആസ്വദിക്കണം. നല്ല നിമിഷങ്ങള്‍ക്കായി  നമുക്കു പുറത്തേക്കിറങ്ങേണ്ടതുണ്ട്. ഉദാഹരണത്തിന്  പണ്ടൊക്കെ  മലമ്പുഴയ്ക്കു പോയാല്‍  'രാത്‌റാണി' പൂക്കളുടെ സുഗന്ധം വേണ്ടുവോളം ആവാഹിക്കാമായിരുന്നു. അതുപോലെ കോടമഞ്ഞിന്റെ സുഖം അനുഭവിക്കാന്‍  മൂന്നാറിലോ വാഗമണ്ണിലോ പോകണം. കടല്‍ത്തിരകളുടെ മര്‍മരം കേള്‍ക്കാന്‍ ഏതെങ്കിലും കടല്‍ത്തീരത്തേക്കു പോകണം. വനപ്രദേശങ്ങളിലൂടെ നടന്നാല്‍  പക്ഷികളുടെ കളകൂജനം കേള്‍ക്കാം. കുരങ്ങന്റെ ചിരി കാണാം. കാട്ടരുവികളുടെ ഗര്‍ജനം കേള്‍ക്കാം. അവിടത്തെ തണുത്തകാറ്റു ശരീരത്തെ തഴുകിപ്പോകുമ്പോള്‍ നമുക്ക് അതൊരു അതുല്യമായ സുഖം തരും. മരങ്ങള്‍ക്കും ഒരു സുഗന്ധം പകരാനാകും. കാട്ടു പൂക്കള്‍ക്കും ചിത്രശലഭങ്ങള്‍ക്കും ചീവീടുകള്‍ക്കും നമുക്ക് ആനന്ദം പകരാനായില്ലെങ്കില്‍ ആ നിമിഷങ്ങള്‍ നാം നഷ്ടമാക്കി എന്നാണര്‍ഥം.
ആസ്വാദനത്തിന്റെ തഴക്കം 
ആസ്വാദനത്തിന്റെ  ഒരു ശീലം നാം വളര്‍ത്തണം. എങ്ങനെ നാം ഈ ലോകത്തെ നോക്കി ക്കാണണം  എന്നതാണു പ്രധാനം. ഒരു വ്യക്തി എന്ന നിലയ്ക്കു നാം നമ്മുടെ മനസ്സിന്റെ വാതിലുകള്‍ തുറക്കുന്നുണ്ടോ അതോ  വെറും  റോബോട്ടുകളായി മാറിയോ  എന്നു നോക്കണം. നമ്മുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും  പ്രണയിനിയെയും  ഒക്കെ നാം ഈ  ഉദാത്തമായ ചിന്താശൈലിയിലേക്ക് ഉയര്‍ത്തുന്നുണ്ടോ? ഒരു തമാശ ആരെങ്കിലും പറഞ്ഞാല്‍  നാം ചിരിക്കുമോ? ആ തമാശ ആരെങ്കിലുമായി പങ്കുവയ്ക്കുമ്പോള്‍ അത് ഇരട്ടിക്കും.  ഇതേക്കുറിച്ചു പിന്നീട് ഒരിക്കല്‍ ആലോചിച്ചു ചിരിക്കാനായാല്‍ അതു വീണ്ടും ഇരട്ടിക്കും. കടന്നുപോകുന്ന ഓരോ നിമിഷവും  ആസ്വദിക്കുവാനുള്ള ഒരു കലയാണ് ജീവിതം. നിത്യജീവിതത്തിന്റെ സംഘര്‍ഷങ്ങള്‍ക്കിടയില്‍  നമുക്കു സംതൃപ്തി പലപ്പോഴും ലഭി
ക്കാതെ പോകുന്ന അനുഭവമുണ്ടാകാം. അതൊന്നും സാരമില്ല. ഇപ്പോള്‍ നമുക്കു ലഭിക്കുന്ന 
മോഹനനിമിഷങ്ങള്‍ നഷ്ടമാ
ക്കാതിരിക്കുന്നതാണ് ആ കല. ശരിയാണ്. ഇതെല്ലം മാഞ്ഞുമറിയുന്ന  അനുഭവങ്ങളാണ്. മൂടല്‍ മഞ്ഞും  സൂര്യഗ്രഹണവും മഴവില്ലും ഒന്നും നീണ്ടുനില്‍ക്കുകയില്ല. 
പടര്‍ന്നുപിടിക്കുന്ന  ആവേശം 
നാട്ടിലെ രീതികളും സംസ്
കാരവും  നമ്മുടെ വീക്ഷണത്തെ സാരമായി ബാധിക്കുന്ന കാര്യങ്ങളാണ്. ഉദാഹരണത്തിന്, ഗുജറാത്തികളെ   എടുക്കാം. ലോകത്ത് ഏതു വിനോദകേന്ദ്രങ്ങളില്‍  ചെന്നാലും ഒരു പറ്റം ഗുജറാത്തികളെ  കാണാം. അവര്‍ എപ്പോഴും കൂട്ടംകൂടി ലോകം ചുറ്റിനടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതാണ് അവരുടെ സംസ്‌കാരം.
ചില നാട്ടുകാര്‍ പൊതുവെ  വലിയ തത്ത്വജ്ഞാനികളാണ്, ഗൗരവക്കാരാണ്. കൊച്ചുകൊച്ചു സന്തോഷങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് ആവുകയില്ല. ഒരു പശുക്കിടാവിന്റെ  തുള്ളിച്ചാട്ടം  നോക്കിക്കാണാന്‍ ഒരു നിമിഷം  കിട്ടാതെപോകും. മറിച്ച്, കൂടുതല്‍ ഇടപെടുന്ന, തുറവുള്ള സ്വഭാവക്കാരെങ്കില്‍ നാം നമ്മുടെ സന്തോഷമുഹൂര്‍ത്തങ്ങള്‍ അവരുമായി പങ്കുവയ്ക്കും. ആ സന്തോഷത്തിന്റെ ആവേശം  അങ്ങനെ പടര്‍ന്നുപിടിക്കും. ഉദാഹരണത്തിന്, ഒരു  ഗാനമേള ആസ്വദിക്കാന്‍ കുറേപ്പേര്‍  ഒത്തു ചേരുന്നു. നല്ല നല്ല പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ പലരും ഒപ്പത്തിനു താളംപിടിക്കുന്നതു കാണാം. അതാണ് ഈ പകര്‍ച്ചയുടെ സ്വഭാവം. അതേക്കുറിച്ചു വീണ്ടും വിശകലനം ചെയ്യുമ്പോള്‍ ആ ആഹ്‌ളാദം  ഇരട്ടിക്കുന്നതു കാണാം.  നനഞ്ഞൊലിച്ചു  മഴയത്തുകൂടി നടക്കുമ്പോള്‍; കൂടെ നടക്കുന്നവരോടൊപ്പം നാം വിറകൊള്ളുമ്പോള്‍,  ആ തണുപ്പ് മനസ്സിലേക്ക്  ഊറുമ്പോള്‍ ഒരു  പ്രത്യേക അനുഭൂതിയാണ്  അതു നമുക്കു തരിക. അത്തരം അനുഭൂതികളുടെ, കൊച്ചുകൊച്ചുസൗഭാഗ്യങ്ങളുടെ ആകത്തുകയാണു ജീവിതം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)