പള്ളിക്കൂടങ്ങളില്‍ പരീക്ഷണങ്ങളുടെ കാലമാണ്. മാറ്റങ്ങളുടെ കുത്തൊഴുക്കില്‍ ചില നല്ല കാലങ്ങള്‍ മായ്‌ച്ചെഴുതുകയാണോ? സമയമാറ്റവും അവധിമാറ്റവും മുന്‍ബെഞ്ചു-പിന്‍ബെഞ്ചുമാറ്റവുമൊക്കെ കടന്നുവരുമ്പോഴും ഈ മാറ്റങ്ങള്‍ സമൂഹത്തിനും ഭാവിതലമുറയ്ക്കും ഗുണപ്രദമാകുമോയെന്നതാണ് ഇവിടെ പ്രസക്തമായ കാര്യം.
കടന്നുപോയകാലങ്ങളില്‍ മുന്‍ബെഞ്ചും പിന്‍ബെഞ്ചുമൊക്കെ ആരെയാണ് പ്രതികൂലമായി ബാധിച്ചതെന്ന് ഇന്നിന്റെ വിദഗ്ധര്‍ക്കു പറയാനാകുമോ? ശാസ്ത്രസാങ്കേതികപുരോഗതികൊണ്ട് കാലമെത്ര മാറിയാലും മനുഷ്യരും മനുഷ്യത്വവും മാറാമോ? ഏതു സാഹചര്യത്തിലും നമുക്കു മുന്നിലും പിന്നിലും ആരെങ്കിലുമുണ്ട്; ആരും ആര്‍ക്കും പിന്നിലാകുന്നില്ല; അവരവര്‍ക്കുറപ്പിച്ച സ്ഥാനം അവരവര്‍ തിരിച്ചറിയുക എന്നതാണു പ്രധാനം.
സൈന്യത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഇതരഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലേ? നമ്മുടെ പൊലീസുദ്യോഗസ്ഥരും ഇതുപോലെ ചെയ്യുന്നില്ലേ? അവര്‍ മന്ത്രിമാരെ സല്യൂട്ട് ചെയ്യുന്നില്ലേ? അധ്യാപകരെ വിദ്യാര്‍ഥികള്‍ ബഹുമാനിക്കുകയും വന്ദിക്കുകയും ചെയ്യുന്നില്ലേ? മുതിര്‍ന്നവരെ നാമല്ലാം ബഹുമാനിക്കുന്നില്ലേ? ആത്മീയാചാര്യന്മാരെ നാം വണങ്ങുന്നില്ലേ? നമ്മേക്കാള്‍ വലിയവരും ചെറിയവരും കണ്ടേക്കാം. പക്ഷേ, അവരെല്ലാവരും ദൈവതിരുമുമ്പില്‍ മനുഷ്യരാണ്! പരസ്പരം മനുഷ്യത്വംകൊണ്ട് തോളോടുതോള്‍ ചേരേണ്ടവരുമാണ്. ഒന്നിച്ചായിരിക്കുമ്പോഴും നാം വ്യത്യസ്തരാണ്; വ്യത്യസ്തതതന്നെയാണ് ലോകത്തിന്റെ സൗന്ദര്യവും.
പഠനമുറിയിലെ സംവിധാനങ്ങളെ നാമെങ്ങനെ ദര്‍ശിക്കുന്നു? പഠനമുറികളില്‍ മുമ്പന്മാരും പിമ്പന്മാരുമില്ല; മറിച്ച്, സഹപാഠികള്‍മാത്രം! കാഴ്ചപ്പാടുപോലെയിരിക്കും കാഴ്ചകളോടുള്ള പ്രതികരണങ്ങളും. ദുര്‍ബലമായ മനസ്സ് സന്തോഷകാലത്തും സന്താപകാലത്തും മുങ്ങിപ്പോകുന്നു. എന്നാല്‍, ശക്തമായ മനസ്സ് പൂര്‍ണചന്ദ്രോദയത്തിലും ചന്ദ്രനുദിക്കാത്ത ദിനവും ഒരുപോലെ തിരയടിച്ചുയരുമെന്നാണ് മഹദ്വചനം പറഞ്ഞുവയ്ക്കുക.
ഇന്നു പഠനങ്ങള്‍ക്കു കുറവില്ല; പക്ഷേ, പക്വതയില്ലാത്ത മനസ്സിന്റെ ഉടമകളാകുന്നു പുതുതലമുറ. തൊട്ടാവാടിപോലെ ജീവിതത്തോടു പ്രതികരിക്കുന്നവരും അകാലത്തില്‍ ജീവിതമവസാനിപ്പിക്കുന്നവരും സമൂഹത്തില്‍ കൂടിവരുന്നു. യുക്തിയും ബുദ്ധിയും സ്വത്വബോധവും ആത്മവിശ്വാസവും ആത്മധൈര്യവും സമചിത്തതയോടെ സുബോധത്തില്‍ ഉറപ്പിച്ചെടുക്കാന്‍ കഴിയുന്ന പഠനമാണ് ഇന്നിന്റെ ആവശ്യം. വിശാലമനസ്സിന്റെ വിശുദ്ധവിചാരത്തിലേക്കു വിജ്ഞാനത്തെ തുറന്നുവയ്ക്കാനാകണം.
മടിയന്‍ മുന്നിലിരുന്നാലും സമര്‍ഥന്‍ പിന്നിലിരുന്നാലും പഠനമുറിയിലെ സൗഹൃദാന്തരീക്ഷം പ്രധാനമാണ്. അധമത്വമോ അധീശത്വമോ ഇളംമനസ്സുകളുടെ സാഹോദര്യത്തെ ഹനിക്കാന്‍ കാരണമാകരുത്. അധ്യാപകന്‍ ക്ലാസിലെ ബോര്‍ഡിലെഴുതുന്നതിനും പഠിപ്പിക്കുന്നതിനും ഒരു നേര്‍ക്കാഴ്ച സാധ്യമാക്കുന്നതുതന്നെയാണ് നിലവിലെ രീതികള്‍. പിന്നിലിരിക്കുന്നവര്‍ക്കു കാണാന്‍ പറ്റുന്നില്ല, കേള്‍ക്കാന്‍ പറ്റുന്നില്ലഎന്നൊക്കെ പറയുന്നത് വെറും വാദഗതികള്‍ മാത്രമാണ്. പഴയകാലപഠനമുറികള്‍ മണ്ടത്തരമായിരുന്നോ? പിന്നിലിരുന്നവരൊക്കെ പരാജിതരായോ? ഒരുപക്ഷേ, ഉയരക്കുറവും പൊക്കക്കൂടുതലുമൊക്കെപ്പറഞ്ഞ് വിദ്യാര്‍ഥികളെ മുന്‍ബെഞ്ചിലും പിന്‍ബെഞ്ചിലുമൊക്കെ ഇരുത്തിയിട്ടുണ്ടാകും. അതില്‍ തെറ്റുമില്ല; ഇന്നും അതില്‍ തെറ്റില്ല. പക്ഷേ, ഇതിലെല്ലാം ഉയര്‍ച്ചതാഴ്ചകളുടെ സങ്കീര്‍ണത തിരയേണ്ടതില്ല; 'ഒരു ക്ലാസ് മനസ്സ്' - അതാണാവശ്യം.
' 'ദൈവത്തിന്റെ ദൃഷ്ടിയില്‍ എന്തായിരിക്കുന്നുവോ അത്രയുമേ മനുഷ്യനുള്ളൂ; ഒട്ടും കൂടുകയുമില്ല കുറയുകയുമില്ല'' - അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് പറഞ്ഞുവച്ച ഈ വചനം എല്ലാവര്‍ക്കും ബാധകമാണ്. താലന്തുബന്ധിയാണ് മനുഷ്യന്റെ ജീവിതം; ശിലയില്‍ ഒളിപ്പിച്ചിരിക്കുന്ന ശില്പത്തെ കൊത്തിയെടുക്കലാണ് അധ്യാപകരുടെ ജോലി. ഇതിലേക്കുള്ള വഴികളാണ് അഥവാ ഉപകരണങ്ങളാണ് പാഠ്യപദ്ധതികളത്രയും! പരീക്ഷയിലെ ജയവും തോല്‍വിയുമല്ല പഠനത്തിനാധാരം; മറിച്ച്, ജീവിതം തോല്‍ക്കാതിരിക്കാനുള്ള പരിശീലനമാണ്.
മുമ്പേ പോകുന്ന വാഹനത്തെ മറികടന്നെത്തുമ്പോള്‍ അതിനുമുമ്പേയും വാഹനങ്ങളോടുന്നതുകാണാം. വാഹനങ്ങള്‍ പിന്നിലുമുണ്ടെന്നറിയണം. സമചിത്തതയും സമഭാവനയും ഉണ്ടാകണം; മറ്റുള്ളവരുടെ വിജയത്തില്‍ അഭിമാനിക്കാനും ആശംസ നേരാനും മക്കളെ പഠിപ്പിക്കണം. വേദിയും സദസ്സും അനിവാര്യമായ ജീവിതയാഥാര്‍ഥ്യംതന്നെയെന്നറിയണം. കൈയടിക്കാനും ആര്‍പ്പുവിളിക്കാനും മനസ്സിനു തുറവുണ്ടാകണം. പിന്‍ബെഞ്ച് അത്ര മോശം ബെഞ്ചല്ല; പഴഞ്ചനുമല്ല; നന്മയ്ക്കും സാഹോദര്യത്തിനും സൗഹൃദത്തിനും നിസ്വാര്‍ഥമായ സ്‌നേഹത്തിനും 'മുന്‍നിര-പിന്‍നിര' ഒന്നുമില്ലെന്നു മക്കളറിയണം.
മാര്‍ക്കിന്റെ വിജയമല്ല മനുഷ്യന്റെ ജീവിതവിജയമാണ് ചര്‍ച്ചയാകേണ്ടത്. പണ്ഡിതരും സമ്പന്നരും ഉദ്യോഗമികവുള്ളവരും ആത്മഹത്യ ചെയ്യുന്നത് 'മുന്‍ബെഞ്ചി'ന്റെ അവകാശികളല്ലാത്തതുകൊണ്ടാണല്ലോ! മനസ്സിനു ബലമില്ലാത്തവര്‍ക്ക് മുന്‍ബെഞ്ചായാലും പിന്‍ബെഞ്ചായാലും ഗുണമുണ്ടോ? പഠനമുറികളിലെ 'ബ്ലാക്ക് ബോര്‍ഡി'ല്‍ വിരിയുന്ന അക്ഷരങ്ങള്‍ക്ക് ഇരുളില്‍ പ്രകാശിക്കുന്ന വിദ്യയുടെ തിളക്കമുണ്ടായിരുന്നു; ഇന്നത്തെ വൈറ്റ് ബോര്‍ഡ് എന്താണ് അര്‍ഥമാക്കുന്നത്? സ്മാര്‍ട്ട് ക്ലാസ്‌റൂമിന്റെ സ്മാര്‍ട്‌നെസ് നമ്മുടെ പുതിയ തലമുറയുടെ ജീവിതത്തില്‍ ദര്‍ശിക്കാനാകുമോ? പ്രശ്‌നങ്ങളുടെ നാല്‍ക്കവലകളില്‍ 'റെഡ്‌സിഗ്നല്‍' കാണുമ്പോള്‍ ജീവിതയാത്ര ഉപേക്ഷിച്ചു മടങ്ങുന്ന തലമുറയുടെ മനസ്സിന്റെ 'മുന്‍ബെഞ്ച്-പിന്‍ബെഞ്ച്' വിചാരത്തിനാണ് ബോധനമാവശ്യമുള്ളത്.
തുല്യതയുടെ തുലാസിലല്ല; വ്യതിരിക്തതയുടെ വിശുദ്ധവിചാരത്തിലാണ് വ്യക്തി ഇടംകണ്ടെത്തേണ്ടത്. സഹായമാവശ്യപ്പെടുന്ന നല്ല കാര്യങ്ങള്‍ക്കുവേണ്ടി, തിന്മയെ എതിര്‍ക്കുന്നതിനുവേണ്ടി, അകലെക്കിടക്കുന്ന ഭാവിക്കുവേണ്ടി, സാധ്യമായ നന്മയ്ക്കുവേണ്ടി, ജീവിക്കണമെന്നാണ് മഹദ്വചനം. ഇതിനാകണം പഠനമുറികള്‍ ഒരുക്കേണ്ടതും മക്കള്‍ പഠിച്ചുവളരേണ്ടതും! സത്യം, ഹൃദയശുദ്ധി, നിസ്വാര്‍ഥത എന്നീ ഗുണങ്ങളുള്ള മനുഷ്യരെ മുന്‍ബെഞ്ചിനോ പിന്‍ബെഞ്ചിനോ എന്നല്ല ലോകത്തിലുള്ള യാതൊരു ശക്തിക്കും പരാജയപ്പെടുത്താനാകില്ലെന്നു തലമുറ തിരിച്ചറിയണം. 'മേടമേലിരുന്നാലും കാകന്‍ ഗരുഡനാകില്ലെ'ന്നു സിലബസുനിര്‍മാതാക്കള്‍ ഓര്‍ത്തിരിക്കുന്നതും നന്ന്.
ലേഖനം
പിന്‍ബഞ്ച് ഒരു മോശം ബഞ്ചല്ല
