•  18 Sep 2025
  •  ദീപം 58
  •  നാളം 28
ലേഖനം

ഇതു പൊലീസോ ഗുണ്ടകളോ?

   നട്ടെല്ലിലൂടെ ഇടിമിന്നല്‍ പായുന്നതു പോലൊരു ആധിയോടെയാണ് ഞാന്‍ ആ ദൃശ്യം അല്പനേരം നോക്കിയത്. യാതൊരു തെറ്റും ചെയ്യാത്ത പൂജാരിയായ ഒരു യുവാവിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കാക്കിയിട്ട കാട്ടാളന്മാര്‍ ചവിട്ടിക്കൂട്ടുന്ന ദൃശ്യം!  യാതൊരു തെറ്റും ചെയ്യാത്ത എന്നു പറഞ്ഞുകൂടാ, ''നിങ്ങളെന്തിനാ സാറമ്മാരേ ആ പിള്ളേരെ തെറി പറയുന്നത്'' എന്നു സുജിത് ചോദിച്ചത്, പൊലീസിന്റെ കണ്ണില്‍ ഗുരുതരമായ കുറ്റമാണ്. ''നീയാരാടാ അതു ചോദിക്കാന്‍'' എന്നായിരുന്നു പൊലീസിന്റെ പ്രതികരണം. 
ദിവസവും ഞെട്ടലോടെ കേള്‍ക്കുന്ന പൊലീസ്മര്‍ദനത്തിന്റെ അഥവാ പീഡനത്തിന്റെ വാര്‍ത്തകള്‍ വിളിച്ചുപറയുന്ന രണ്ടു കാര്യങ്ങളുണ്ട്: ഒന്ന്, പൊലീസിന്റെ യഥാര്‍ഥജോലി എന്താണെന്ന് ഇവിടത്തെ പൊലീസുകാര്‍ പഠിച്ചിട്ടില്ല, പഠിപ്പിക്കേണ്ടവര്‍ പഠിപ്പിച്ചിട്ടുമില്ല. രണ്ട്, നല്ലൊരു ശതമാനം പൊലീസുകാരും സര്‍ക്കാരിന്റെ ക്വട്ടേഷന്‍ഗുണ്ടകളാണ്. 
    എന്താണ് പൊലീസിന്റെ ഡ്യൂട്ടി? കേരള പൊലീസ് ആക്ട് പ്രകാരം, ക്രമസമാധാനം പാലിക്കുക, കുറ്റകൃത്യങ്ങള്‍ തടയുക, കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക, ജനങ്ങളുടെ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും അന്തസ്സിനും സംരക്ഷണം നല്‍കുക, പക്ഷഭേദമില്ലാതെ നിയമം നടപ്പാക്കുക എന്നിവയാണ് പൊലീസിന്റെ പ്രാഥമികജോലികള്‍. ട്രാഫിക്‌നിയന്ത്രണം, പ്രകൃതിക്ഷോഭം, അപകടം, ആഘോഷം, കലാപം തുടങ്ങിയ അടിയന്തരസന്ദര്‍ഭങ്ങളിലെ സേവനവും പൊലീസിന്റേതുതന്നെ. മൊത്തത്തില്‍ നോക്കിയാല്‍ ജനജീവിതം സമാധാനപൂര്‍ണമാക്കുക എന്ന മഹനീയസേവനത്തിനു നിയോഗിക്കപ്പെട്ടിരിക്കുന്നവരാണു പൊലീസുകാര്‍. ഇക്കാര്യങ്ങള്‍ അവരുടെ പരിശീലനകാലത്തു കൊടുത്തിട്ടില്ല എന്നും കൊലപാതകം, മര്‍ദനം, തെറിവിളി, കൈക്കൂലിവാങ്ങല്‍, കള്ളക്കേസുണ്ടാക്കല്‍, മന്ത്രിമാര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും പാദസേവ ചെയ്യല്‍ എന്നിവയ്ക്കാണു പരിശീലനം കൊടുക്കുന്നത് എന്നും ദിവസവുമുള്ള പൊലീസിന്റെ അഴിഞ്ഞാട്ടത്തിലും നരനായാട്ടിലും തെളവാര്‍ന്നു നില്ക്കുന്നു. പൊലീസിന്റെ കുപ്പായമിട്ടാല്‍ നാടകത്തിലും സിനിമയിലുമൊക്കെ കഥാപാത്രത്തിന്റെ സ്വഭാവത്തിനിണങ്ങുന്ന ഭാവങ്ങള്‍ കാണിക്കേണ്ടതുണ്ട്. പക്ഷേ, അതു തൊഴിലില്‍ കേറിക്കൂടുന്നതെങ്ങനെ? പുറമേ ധരിക്കുന്ന യൂണിഫോമിനൊപ്പം ഒരാളുടെ ചോരയിലേക്കു ചെകുത്താനും നരഭോജിയുമൊക്കെ പ്രവേശിക്കുമോ?  ഒരുമാതിരിപ്പെട്ട പൊലീസ്പ്രമാണിമാരൊക്കെ പൊലീസ്‌ട്രെയിനിങ്ങിന്റെ തലപ്പത്ത് ഇരുന്നിട്ടുള്ളവരാണ്. അവര്‍ കൊടുത്ത ട്രെയിനിങ്ങിന്റെ നിലവാരമാണ് ഇന്നു പൊലീസ്‌സേനയില്‍ കാണുന്നത്.  
   ഇന്ത്യന്‍ എയര്‍ഫോഴ്‌സിലും ഇന്ത്യന്‍ കസ്റ്റംസിലുമായി കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ 36 വര്‍ഷം ഞാന്‍ രാജ്യത്തിനായി യൂണിഫോം അണിഞ്ഞിട്ടുണ്ട്. അതേ, 'തുടരും' സിനിമയിലെ പ്രകാശ് വര്‍മയുടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോര്‍ജ് പറയുന്നതുപോലെ കൃത്യം 36 വര്‍ഷം. കള്ളക്കടത്തുകാരെ നേരിടേണ്ടിവന്നിട്ടുണ്ട്.  പക്ഷേ, ജോലിയുടെ ഭാഗമായി ഒരാളുടെയും ദേഹത്ത് എനിക്കു കൈവയ്‌ക്കേണ്ടിവന്നിട്ടില്ല. സാന്ദര്‍ഭികമായി പറയുകയല്ല, പൊലീസിനുപോലും ജോലിയുടെ ഭാഗമായി ആരെയെങ്കിലും മര്‍ദിക്കേണ്ടിവരില്ല എന്ന് എടുത്തുപറയാനാണ്. കൊലയാളിയെയും അക്രമിയെയുമൊക്കെ കീഴ്‌പ്പെടുത്താന്‍ നടത്തുന്ന ബലപ്രയോഗം മര്‍ദനമല്ല. കസ്റ്റഡിയിലെടുക്കാന്‍ വേണ്ടി വരുന്ന ബലപ്രയോഗം മര്‍ദനമെന്ന കുറ്റമാകുന്നില്ല. 
   രാജന്‍കേസ് ആണ് കേരളത്തില്‍ ഏറ്റവും കുപ്രസിദ്ധമായ കസ്റ്റഡി കൊലപാതകം. നക്‌സല്‍ വര്‍ഗീസിന്റെ കൊലയാണ് പൊലീസ് നടത്തിയ കിരാതമായ മറ്റൊരു കൊല. പിന്നെ ഈ അഞ്ചു നൂറ്റാണ്ടിനിടെ അമ്പതിലധികം പൊലീസ് കൊലകള്‍. ഇരകളെല്ലാം നിരപരാധികള്‍. പാര്‍ക്കില്‍ കൂട്ടുകാരനുമായി സല്ലപിച്ചുകൊണ്ടിരുന്ന ആക്രിക്കടജീവനക്കാരനായ ഉദയകുമാര്‍ എന്ന യുവാവിനെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെ ശ്രീകുമാര്‍, ജിതകുമാര്‍ എന്നീ പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയി. അയാളുടെ കീശയില്‍ കണ്ട 4000 രൂപ മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് കൊണ്ടുപോയത്. കൈകാലുകള്‍ ബന്ധിച്ചു ബെഞ്ചില്‍ മലര്‍ത്തിക്കിടത്തി കെട്ടിയിട്ട് വായില്‍ തുണി തിരുകി ഉലക്കയും ഇരുമ്പുപൈപ്പുംകൊണ്ട് ഉരുട്ടിയും ചവിട്ടിയും കൊലപ്പെടുത്തി. പിറ്റേന്ന് ശവം തിരിച്ചുകൊടുത്തു. തൂക്കിക്കൊല്ലാന്‍ വരെ വിധിച്ചെങ്കിലും ഈയിടെ കോടതി അവരെ വിട്ടയച്ചു. പിടിച്ചുകൊണ്ടുപോയതിനും പിറ്റേന്നു ശവമായി കൊണ്ടുവന്നതിനും തെളിവുണ്ട്. പക്ഷേ, പൊലീസ് കൊന്നതിനു തെളിവില്ലപോലും! ഇതുതന്നെയാണ് വരാപ്പുഴയില്‍ 28 വയസ്സുള്ള ശ്രീജിത്തിന്റെ കാര്യത്തിലും സംഭവിച്ചത്. വഴിയില്‍നിന്നു പൊക്കിക്കൊണ്ടു പോയിട്ട് കൊന്നുകളഞ്ഞു. ഏഴു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എട്ടു മാസം കഴിഞ്ഞ് അവരെയെല്ലാം തിരിച്ചെടുത്തു. എന്തൊരു നീതിനിര്‍വഹണമാണിത്! എന്തൊരു നാടാണിത്! 
   പത്തനംതിട്ടയില്‍ വനപാലകര്‍ വീട്ടില്‍ നിന്നിറക്കിക്കൊണ്ടുപോയ മത്തായിയെ അവര്‍ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞു. മകളുടെ കല്യാണം നടത്താന്‍ ഗള്‍ഫില്‍നിന്നുവന്ന മലപ്പുറത്തെ  തജ്ജുദ്ദീന്‍ എന്ന സാധുവിനെ മോഷണക്കുറ്റം ചുമത്തി 52 ദിവസം ജയിലിലിട്ടു. ആളു മാറി പിടിച്ചതാണ്. ജാമ്യം കിട്ടിയപ്പോള്‍ തജ്ജുദ്ദീന്‍തന്നെ നാടെല്ലാം കറങ്ങി യഥാര്‍ഥ മോഷ്ടാവിനെ കണ്ടുപിടിച്ച് പൊലീസിനു കൈമാറി. ലഹരിമരുന്നു കൈവശമുണ്ടെന്നാരോപിച്ച  കള്ളപ്പരാതിയില്‍ എക്‌സൈസുകാര്‍ ചാലക്കുടിയിലെ ഷീല സണ്ണിയെ 72 ദിവസം ജയിലിലിട്ടു. മൂന്നാറില്‍ കോളജധ്യാപകനെതിരേ പീഡനക്കേസ് എടുത്തു. ഏറ്റുമാനൂരില്‍ അഭയ് എന്നൊരു ചെറുപ്പക്കാരനെ എസ് എച്ച് ഒ അന്‍സാലും കൂട്ടരുംകൂടി മര്‍ദിച്ചതിനു കണക്കില്ല.
    തൊടുപുഴയില്‍ പേഴ്സി ജോസഫ് എന്ന ബാങ്കുമാനേജരെ നിശാന്തിനി എന്ന ഐ പി എസ് കാരി വെറുതെ തൂക്കിയെടുത്തു ക്രൂരമായി മര്‍ദിച്ചു. ഒടുവില്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരവും മാപ്പപേക്ഷയും കൊടുത്തു പൊലീസ് തലയൂരി! എന്തൊരു നാടാണിത്, എന്തൊരു നിയമമാണിത്! എന്തൊരു കെട്ട നീതിപാലകരാണ് ഇവിടെ വാഴുന്നത്! മന്ത്രിമാരുടെ നവകേരളസദസ്സ് വിനോദയാത്രയ്ക്കിടയില്‍ കരിങ്കൊടി കാണിച്ചവരെ പൊലീസ് തല്ലിച്ചതച്ചു. ചെരിപ്പ് എറിഞ്ഞവനെതിരേ വധശ്രമത്തിനു കേസെടുത്തു. നിരപരാധികളെ കസ്റ്റഡിയിലെടുത്തു മര്‍ദിച്ചുകൊലപ്പെടുത്തുന്ന പൊലീസുകാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും അന്തസ്സിനും സംരക്ഷണം നല്‍കേണ്ട പൊലീസ്തന്നെ കാട്ടുമൃഗങ്ങളുടെ പോലും നീതിബോധമില്ലാതെ നിരപരാധികളുടെ ജീവിതമിട്ടു പന്താടുന്ന നാട്ടിലാണ് നാം ജീവിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടെന്ന് ഇനിയാരും പറയരുത്. ജനമൈത്രി എന്നു പറയരുത്. ജനമര്‍ദനപൊലീസ് എന്നു പറയണം 
കുന്നംകുളത്തെ സുജിത്തിന്റെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ കുന്നംകുളം പോലീസിലെ കിരാതന്മാര്‍ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെങ്കിലും സുജിത് അതു നിരസിച്ചു. നീതിക്കുവേണ്ടി പോരാടി സി സി ടി വി ദൃശ്യങ്ങള്‍ വാങ്ങി ലോകത്തിനു കൊടുത്ത സുജിത് എന്ന യുവാവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല!

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)