തൃപ്പൂണിത്തറ എരൂരില്‍ നിന്നും പ്രിയസുഹൃത്തിനെ കണ്ട് മടങ്ങി. ഇനി വൈറ്റില എത്തണം. നടക്കാന്‍ തീരുമാനിച്ചു. നടത്തം ആരോഗ്യത്തിനു നല്ലതാണല്ലോ, സമയമുള്ളപ്പോള്‍...
വൈറ്റില ജങ്ഷനില്‍നിന്നു പാലക്കാട് ബസ്സുണ്ടാകും. സമയം 5.23 പി.എം. ഞാന്‍ നടക്കാനാരംഭിച്ചു.
നടക്കുന്നതിനിടയിലാണ് ആ കാഴ്ച കണ്ടത്. എതിരേ വന്നൊരു ബൈക്ക്‌യാത്രികനു കുറുകെ വട്ടംചാടിയൊരു പട്ടി. അയാളും ബൈക്കും മറിഞ്ഞുവീണു.
പട്ടി ഒന്നു കിടന്നുരുണ്ടു. പിന്നെ എങ്ങോട്ടോ ജീവനുംകൊണ്ടോടി. ഇതു കണ്ട ഞാന്‍ ഓടിച്ചെന്ന് അയാളെ എഴുന്നേല്പിക്കാന്‍ ശ്രമിച്ചു. കൂടെ സഹായത്തിനെത്തി വാഹനയാത്രികരും കാല്‍നടക്കാരും. എതിരേ വന്നൊരു ഓട്ടോയില്‍ അയാളെ കയറ്റിയിരുത്തി ഞാനും കയറി. പിന്നീട് അയാളെ താങ്ങിക്കൊണ്ടു കൂടിനിന്നവരോടു ചോദിച്ചു: ''ആരെങ്കിലും വരുമോ?''
തിരക്കിന്റെ കൂടുതലും കുറവും. തിരക്കുകള്‍ പറഞ്ഞ് ഓരോരുത്തരും പോയി.
അയാള്‍ തീര്‍ത്തും അവശനായിത്തീര്‍ന്നു.
''ചേട്ടാ നേരേ ഏതെങ്കിലും ഹോസ്പിറ്റലിലേക്ക്.''
ഞാന്‍ ഓട്ടോ ഓടിക്കുന്ന ചേട്ടനോടായി പറഞ്ഞു. ഓട്ടോ മുന്നോട്ടുനീങ്ങി.
വണ്ടി കുറച്ചു വഴി നീങ്ങിയപ്പോള്‍ നല്ല ഗതാഗതക്കുരുക്ക്.
വണ്ടി തിരിച്ചു. കുറച്ചു വളഞ്ഞ വഴിയാണ്. എങ്കിലും തിരക്കുണ്ടാകില്ല. ഓടിക്കുന്നതിനിടയില്‍ ഓട്ടോച്ചേട്ടന്‍ പറഞ്ഞു:
''ചേട്ടാ, എങ്ങനെ ഏതു വഴിയാണെങ്കിലും പെട്ടെന്നു ഹോസ്പിറ്റലില്‍ എത്തണം.''
എന്റെ ഷര്‍ട്ടിലെല്ലാം അയാളുടെ ദേഹത്തുനിന്നുളള രക്തം. അയാളുടെ കണ്ണുകള്‍ അടഞ്ഞു വന്നു. ഓട്ടോ ഹോസ്പിറ്റലിന്റെ മുന്നില്‍ കൊണ്ടുനിര്‍ത്തി. ബോധ രഹിതനായ അയാളെ ഞാനും ഹോസ്പിറ്റല്‍ അറ്റന്‍ഡേഴ്‌സും ചേര്‍ന്ന് താങ്ങിയെടുത്ത് സ്‌ട്രെച്ചറില്‍ കിടത്തി. സ്‌ട്രെച്ചര്‍ വേഗത്തില്‍ ഹോസ്പിറ്റല്‍ വരാന്തയിലൂടെ അത്യാഹിതവിഭാഗം എന്ന ബോര്‍ഡിനു പിറകിലുളള റൂമിനുളളിലേക്ക്.
ഞാന്‍ തിരികെനടന്ന് ഓട്ടോക്കരികിലെത്തി.
''ചേട്ടാ എത്രയായി ഓട്ടോചാര്‍ജ്?''
ഓട്ടോ ഓടിച്ചു ഹോസ്പിറ്റലിലെത്താന്‍ സഹായിച്ച ആ ചേട്ടന്‍ എന്നോടു പറഞ്ഞു: ''വേണ്ടടോ വേണ്ട. ഒരു ബൈക്കപകടത്തിലാ എന്റെ മോനും...''
അയാള്‍ മുഴുമിപ്പിച്ചില്ല.
ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് അയാള്‍ പറഞ്ഞു:
''ഞാനിതാ ഇവിടെ സ്റ്റാന്‍ഡിലുണ്ടാകും. നമ്മ എപ്പ വിളിച്ചോ അപ്പ വരും. താനെന്റെ നമ്പറ് വെച്ചോടോ.'' അയാള്‍ നമ്പര്‍ പറഞ്ഞു.
ഞാന്‍ ഫോണെടുത്തു ഡയല്‍ ചെയ്യുമ്പോഴേക്കും ഓട്ടോ നീങ്ങിത്തുടങ്ങി.
ഞാന്‍ തിരിഞ്ഞുനടന്നു, ഹോസ്പിറ്റല്‍ വരാന്തയിലൂടെ. ഒരു നേഴ്‌സ് എതിരേ വന്നു.
''എത്ര നേരായീ നിങ്ങളെ അന്വേഷിക്കുന്നു. ഒരു പേഷ്യന്റിനെ ഇവിടെക്കൊണ്ടുവന്നിട്ട് നിങ്ങളെങ്ങോട്ടു പോയി? ദാ... ഈ മരുന്നു വാങ്ങിയിട്ടു വരൂ.''
ഞാന്‍ മരുന്നു വാങ്ങിക്കൊടുത്ത് ഹോസ്പിറ്റല്‍ വരാന്തയില്‍ ഇരുന്നു.
ഒരു നേഴ്‌സ് വന്നു: ''അജയകുമാറിനെ കൊണ്ടുവന്ന ആളല്ലേ? നിങ്ങളെ ഡോക്ടര്‍ വിളിക്കുന്നു.''
്യൂഞാന്‍ ഡോക്ടര്‍ അനൂപ് നമ്പ്യാരുടെ മുന്നിലെത്തി.
ഡോക്ടര്‍ എന്നെ നോക്കി ചിരിച്ചു: ''അജയകുമാ
റിന് ഇപ്പോള്‍ കുഴപ്പമൊന്നൂ
ല്യ. പിന്നെ കാലൊന്നൊടിഞ്ഞു പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. പിന്നെ രണ്ടുമൂന്നു ദിവസം കഴിഞ്ഞേ പോകാന്‍ കഴിയുളളൂ.''
''ഡോക്ടര്‍ എനിക്ക്...'' ഞാന്‍ പറയാനൊരുങ്ങി.
''അയാളുടെ വീട്ടില്‍നിന്നും ആരെങ്കിലും വന്നിട്ടു പോയാല്‍ മതി.''
ഞാനെഴുന്നേറ്റു. വീല്‍ ചെയറില്‍ ഇരുത്തിക്കൊണ്ടുവരുന്ന അജയകുമാര്‍ എന്നെ നോക്കി കൈകള്‍ കൂപ്പാനൊരുങ്ങി, വേദനപുരണ്ട ചിരിയോടെ.
റൂം നമ്പര്‍ മുപ്പത്തിയൊന്നില്‍ അയാളെ ബെഡ്ഡിലിരുത്താന്‍ ഞാന്‍ സഹായിച്ചു.
സാവധാനം ബെഡ്ഡിലേക്കു കാല്‍നീട്ടി വച്ചു. സമയം 9.19 പി.എം. അയാളെന്തോ ചോദിക്കാനൊരുങ്ങി.
''എന്റെ ബൈക്കെവിടെ...?''
''അതടുത്തുള്ള വീടിനോടു ചേര്‍ത്തുവച്ചിട്ടുണ്ട്.''
അയാള്‍ ചോദിക്കാനൊരുങ്ങിയത് അതല്ല എന്നെനിക്കു മനസ്സിലായി.
''അല്ലാ... ചേട്ടന്റെ വീട്ടിലേക്കൊന്നു വിളിക്കണ്ടേ?''
അയാള്‍ ഒന്നും മിണ്ടിയില്ല. അയാളുടെ മൊബൈല്‍ ഫോണിന്റെ ഗ്ലാസ്സ് ചിന്നിയിരിക്കുന്നു.
''ചേട്ടാ ഫോണ്‍ തരൂ...'' അയാള്‍ നമ്പര്‍ ഡയല്‍ ചെയ്ത് എന്റെ നേരേ നീട്ടി.
''ചേട്ടന്‍തന്നെ പറഞ്ഞോ.''
''അതുവേണ്ട ഭായ് നിങ്ങളട്ട് പറ.''
ഞാന്‍ അയാളുടെ കൈയില്‍നിന്നു മൊബൈല്‍ വാങ്ങി. റിങ് ചെയ്യുന്നുണ്ട്. ചെവിയോടു ചേര്‍ത്തു:
''താനെന്തു മനുഷ്യനാടോ... ടീവിയിലെ ജമന്തീം ചമന്തീം എന്ന പ്രോഗ്രാം കഴിഞ്ഞിട്ടേ എന്നെ വിളിക്കാവൂന്നു പറഞ്ഞിട്ടില്ലേ? പത്തു മണി കഴിഞ്ഞിങ്ങിട്ടു വന്നാ മതി.''
''ഹലോ...'' ഞാന്‍ ശബ്ദമുയര്‍ത്തി. ''അജയകുമാറിന്റെ ഭാര്യയല്ലേ?''
''ആ അതെ... നിങ്ങളാരാണ്, ഇതെന്റെ ചേട്ടന്റെ നമ്പറാണല്ലോ?''
''ഹലോ... ഒരു നിമിഷം പറയുന്നതു മുഴുവന്‍ കേള്‍ക്കൂ...'' ഞാനെല്ലാം വിശദീകരിച്ചു.
''ഞാന്‍ ചേട്ടന്റെ കൈയില്‍ ഫോണ്‍ കൊടുക്കാം.''
അയാള്‍ ഫോണ്‍ വാങ്ങി ചെവിയോടു ചേര്‍ത്തു.
ഞാന്‍ അയാളെ നോക്കി പറഞ്ഞു: ''ഞാനെന്തെങ്കിലും കഴിക്കാന്‍ വാങ്ങിയിട്ടു വരാം.''
ഞാന്‍ പുറത്തേക്കിറങ്ങി. പിറ്റേന്നു രാവിലെ ഹോസ്പിറ്റല്‍ വരാന്തയിലൂടെ ഒരു സ്ത്രീ നടന്നു വരുന്നു. കൂടെ ഒരു പതിനഞ്ചു വയസ്സുകാരി മകളും. അവര്‍ റൂമിനു മുന്നിലെത്തി.
'ചേട്ടാ..എന്താണു പറ്റീത്? ചേട്ടാ... എന്താണെന്ന്. ചേട്ടന്റെ കാലെങ്ങനെയുണ്ടു ചേട്ടാ...''
അതുകേട്ട് അയാള്‍ ചിരിച്ചു: ''ചേട്ടന്റെ കാല് ജമന്തീം ചമന്തീം.''
പതിനഞ്ചുവയസ്സുകാരി മകള്‍ അമ്മയുടെ കൈയില്‍നിന്നു മൊബൈല്‍ വാങ്ങി. ''അമ്മാ... ഇനിയൊരു സെല്‍ഫിയെടുക്കാം.''
''ചേട്ടാ... നിങ്ങ ശരിക്ക് ഇരിക്ക്.''
''അമ്മാ... അച്ഛന്റെ പ്ലാസ്റ്ററിട്ട കാല്.''
ആ റൂമില്‍ റീല്‍സിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍.
അപകടമാഘോഷമാക്കുന്ന അവരെനോക്കി ഞാന്‍ യാത്ര പറഞ്ഞിറങ്ങി.
പോക്കറ്റില്‍നിന്നും സ്വിച്ച് ഓഫാക്കി വച്ച മൊബൈല്‍ ഫോണെടുത്ത് ഓണാക്കി.
പ്രിയപത്‌നിയുടെ നമ്പര്‍ ഡയല്‍ ചെയ്തു:
''എന്താ മാഷേ... ഞാനിവിടെ വിഷമിച്ചിരിക്ക്യാര്‍ന്നു എന്നല്ലേ പറയാനൊരുങ്ങിയത്. ഞാന്‍ പാലക്കാട്ടെത്തീട്ട് വിളിക്കാം.'' അവള്‍ ഫോണ്‍ കട്ടാക്കി.